ഇന്ത്യയെ പൂട്ടാന്‍ അറിയാം, വാംഖഡെ സ്റ്റേഡിയത്തെ നിശബ്ദമാക്കും: മുന്നറിയിപ്പുമായി സാന്റ്‌നര്‍
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരെ സെമി കളിക്കാനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മിച്ചല്‍ സാന്റ്‌നര്‍. ഇന്ത്യന്‍ ടീമിന്റെ ആരാധകരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിശബ്ദമാക്കുന്ന പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് സാന്റ്‌നറുടെ മുന്നറിയിപ്പ്. നാളെയാണ് ഇന്ത്യ ഇവിടെ കിവീസിനെതിരെ സെമി കളിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായി ഇന്ത്യ സെമി ഫൈനലിന് അപ്പുറം കടന്നിട്ടില്ല.
പത്ത് കൊല്ലത്തിലേറെയായി ഐസിസി ട്രോഫികളും ഇന്ത്യ സ്വന്തമാക്കിയിട്ടില്ല. 2015ല്‍ ഓസ്‌ട്രേലിയയോടും 2019ല്‍ ന്യൂസിലന്‍ഡിനോടുമാണ് ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തായത്. ഈ രണ്ട് ടീമുകളും ഇത്തവണ സെമിയില്‍ കളിക്കുന്നുമുണ്ട്. അതേസമയം സെമിയില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യക്കാണ് സമ്മര്‍ദം കൂടുതല്‍. ലോകകപ്പ് നാട്ടിലാണ് നടക്കുന്നത്. അതില്‍ കപ്പടിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും.

ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി ഒന്‍പത് മത്സരങ്ങള്‍ വിജയിച്ചതിന്റെ നേട്ടമാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ കിവീസ് അവസാനം വരെ പൊരുതിയ ശേഷമാണ് സെമിയില്‍ പ്രവേശിച്ചത്. നേരത്തെ ധര്‍മശാലയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കായിരുന്നു. മത്സരത്തില്‍ 95 റണ്‍സുമായി വിരാട് കോലി മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. എന്നാല്‍ പിച്ച് കൃത്യമായി പഠിച്ച ശേഷം ഇത്തവണ ഇന്ത്യയെ പൂട്ടുമെന്നാണ് സാന്റ്‌നര്‍ പറയുന്നത്. ഇന്ത്യക്കുള്ള മുന്നറിയിപ്പാണിത്.
സ്റ്റേഡിയത്തില്‍ പൂര്‍ണമായും നിശബ്ദത ഉണ്ടാവണമെന്നാണ് ഞങ്ങള്‍ആഗ്രഹിക്കുന്നത്. കാരണം ഇന്ത്യന്‍ ടീമിന് അതൊരു ആവേശമാണ്. ന്യൂസിലന്‍ഡ് ടീം കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ തീര്‍ച്ചയായും സ്റ്റേഡിയം നിശബ്ദമാകും. അതാണ് ടീം ചെയ്യാന്‍ പോകുന്നത്. തീര്‍ച്ചയായും പിച്ച് എങ്ങനെയാണെന്ന് മനസ്സിലാക്കുകയാണ് ഇതില്‍ പ്രധാനം. എന്താണ് നടക്കുന്നതെന്ന് നോക്കും. ഇന്ത്യയുടെ ആദ്യ ആറ് പേരോ ഏഴ് പേരോ എത്ര ഗംഭീര കളിക്കാരാണെന്ന് ഞങ്ങള്‍ക്കറിയാം.
ആരെയും അവര്‍ക്ക് തകര്‍ക്കാനാവും. അവരെ തടയുക എന്നതിന് ഒരു മാര്‍ഗമേയുള്ളൂ. വിക്കറ്റുകള്‍ വേഗം എടുക്കുക. മത്സരത്തില്‍ അതിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും സാന്റ്‌നര്‍ പറഞ്ഞു. ന്യൂസിലന്‍ഡ് ടീം കളിച്ച് തുടങ്ങിയപ്പോള്‍ മികച്ച തുടക്കമായിരുന്നു ലഭിച്ചത്. അവിശ്വസനീയം എന്ന് തന്നെ പറയാം. 2019ലെ സെമിയും അതുപോലെ അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച തുടക്കം ഇന്ത്യക്കെതിരെ ഞങ്ങള്‍ക്ക് ലഭിച്ചു.
എംഎസ് ധോണി ലോക്കി ഫെര്‍ഗൂസനെ സിക്‌സറടിക്കുമ്പോള്‍ തീര്‍ച്ചയായും ടീം മത്സരത്തില്‍ വിജയസാധ്യതയുമായി നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ ആരാധകര്‍ ആ മത്സരം ജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ആ ത്രോയില്‍ ധോണി പുറത്തായതോടെ ഇന്ത്യന്‍ ആരാധകര്‍ നിശബ്ദരായി. മത്സരം അങ്ങനെയാണ് വിജയിച്ചതെന്നും സാന്റ്നര്‍ പറഞ്ഞു.












Click it and Unblock the Notifications