ഇങ്ങനെയൊക്കെ ചെയ്യാമോ? വാംഖഡെയില്‍ ശ്രീലങ്കയെ കുഴിച്ചുമൂടി ഷമിയും ടീംസും, ഇന്ത്യക്ക് 302 റണ്‍സ് ജയം
മുംബൈ: ലോകകപ്പിലെ ഇന്നത്തെ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. 302 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വെറും 55 റണ്‍സിനാണ് 19.4 ഓവറില്‍ അവര്‍ കൂടാരം കയറിയത്. വാംഖഡെയില്‍ അക്ഷരാര്‍ത്ഥത്തില്‍ കൂട്ടക്കൊലയാണ് നടന്നതെന്ന് പറയാം. 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക കംപ്ലീറ്റ് എയറിലായിരുന്നുവെന്ന് വേണം പറയാം.
സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് എത്തുന്നതിന് മുമ്പേ നാല് വിക്കറ്റുകളാണ് കൂടാരം കയറിയത്. ജസ്പ്രീത് ബുംറ തുടക്കമിട്ടു എന്ന് പറയാം. നിസ്സങ്കയെ ബുംറ എല്‍ബിഡബ്ല്യു ആക്കിയതിന് പിന്നാലെയായിരുന്നു ശ്രീലങ്കയുടെ തകര്‍ച്ച. ഏഷ്യാ കപ്പിന്റെ തുടര്‍ച്ചയായിരുന്നു ഇന്ന് കണ്ടത്. കരുണരത്‌ന(0) നിസ്സങ്ക(0) കുശാല്‍ മെന്‍ഡിസ്(1) സദീര സമരവിക്രമ(0) ചരിത് അസലങ്ക(1) ആഞ്ചലോ മാത്യൂസ്(12) ദുഷാന്‍ ഹേമന്ത്(0) എന്നിവരെല്ലാം ഒന്നും ചെയ്യാനാവാതെ മടങ്ങുകയായിരുന്നു.

14 റണ്‍സെടുത്ത രജിതയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഷമി മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജിന് മൂന്നും, ബുംറ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. മുഹമ്മദ് സിറാജ് വന്നാല്‍ അതോടെ ലങ്കന്‍ ടീം തകരും എന്നതിന് ഒരിക്കല്‍ കൂടി അടിവരയിടുന്നതായിരുന്നു ഈ മത്സരത്തിലെ അവരുടെ പ്രകടനം.
നേരത്തെ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ(4) പുറത്തായെങ്കിലും ശുഭ്മാന്‍ ഗില്‍(92) വിരാട് കോലി(88) എന്നിവരുടെ മികച്ച കൂട്ടുകെട്ടില്‍ ഇന്ത്യ മുന്നേറുകയായിരുന്നു. ശ്രദ്ധയോടെ തുടങ്ങിയ ഈ കൂട്ടുകെട്ട് പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു. 92 പന്തില്‍ പതിനൊന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്. 94 പന്ത് നേരിട്ട കോലി പതിനൊന്ന് ബൗണ്ടറി അടിച്ചു. ഇരുവരും ചേര്‍ന്ന് 189 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍(82) കൂടി തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സ്വ്ന്തമാക്കുകയായിരുന്നു.
അതേസമയം മത്സരത്തില്‍ വിരാട് കോലിയുടെ സെഞ്ച്വറി കാണാന്‍ എത്തിയവര്‍ നിരാശപ്പെടുകയായിരുന്നു. സച്ചിന്റെ 49 സെഞ്ച്വറികള്‍ എന്ന നേട്ടത്തിനൊപ്പം എത്തുമായിരുന്നു കോലി. എന്നാല്‍ തീര്‍ത്തും അശ്രദ്ധമായ ഷോട്ടില്‍ താരം പുറത്താവുകയായിരുന്നു. എന്നാല്‍ ഗില്ലും, കോലിയും പുറത്താവുമ്പോള്‍ ഇന്ത്യ 32ാം ഓവറില്‍ 196 റണ്‍സിലെത്തിയിരുന്നു. പിന്നീട് ശ്രേയസ് അയ്യര്‍ അടിച്ച് തകര്‍ക്കുന്നതാണ് കണ്ടത്.
ശ്രീലങ്കന്‍ ബൗളര്‍മാരെ ആക്രമിച്ച് കളിക്കുകയായിരുന്നു അയ്യര്‍. 56 പന്തില്‍ ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറുകളാണ് താരം പുറത്തായത്. കെഎല്‍ രാഹുല്‍(21) സൂര്യകുമാര്‍ യാദവ്(12) എന്നിവര്‍ നിരാശപ്പെടുത്തു. രവീന്ദ്ര ജഡേജ 24 പന്തില്‍ 35 റണ്‍സടിച്ച് മത്സരത്തില്‍ നിര്‍ണായക പ്രകടനം നടത്തി. ശ്രീലങ്കന്‍ ബൗളര്‍മാരില്‍ മധുഷങ്ക അഞ്ച് വിക്കറ്റെടുത്തു. ചമീരയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.












Click it and Unblock the Notifications