ഗോള്‍ഡന്‍ ബോയ്, ഇങ്ങനെയൊരു ബൗളര്‍ ഇന്ത്യക്ക് വേറെയില്ല, കണക്കുകള്‍ പറയും ഷമിയാണ് ലോകകപ്പിലെ കിംഗ്
മുംബൈ: ലോകകപ്പില്‍ ഇങ്ങനെയൊരു ബൗളര്‍ ഉണ്ടായിട്ടുണ്ടാവില്ല. പറഞ്ഞ് വരുന്നത് ജസ്പ്രീത് ബുംറയെ കുറിച്ചല്ല. മുഹമ്മദ് ഷമിയെന്ന മാന്ത്രിക ബൗളറെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇത്രയും മികവോടെ ലോകകപ്പില്‍ പന്തെറിയുന്ന മറ്റൊരു ഇന്ത്യന്‍ ബൗളറില്ലെന്ന് തന്നെ പറയാം. ഈ ലോകകപ്പില്‍ മാത്രം 23 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഒരു ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍ നേടുന്ന ഏറ്റവും കൂടുതല്‍ വിക്കറ്റ് നേട്ടമാണിത്.
ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഷമി വീഴ്ത്തിയത് ഏഴ് വിക്കറ്റുകളാണ്. ഷമിയാണ് കിവീസിനെ സമ്മര്‍ദത്തിലാക്കി തോല്‍വിയിലേക്ക് നയിച്ചത്. ആറ് റണ്‍സിന് താഴെ മാത്രമാണ് ഇത്രയും വലിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ഷമിയുടെ ഇക്കോണമി. തുടക്കത്തില്‍ വളരെ ജാഗ്രതയോടെയായിരുന്നു കിവീസ് കളി ആരംഭിച്ചത്. അതുകൊണ്ട് വേഗത്തില്‍ ഇന്ത്യക്ക് വിക്കറ്റ് ലഭിച്ചിരുന്നില്ല. എന്നാല്‍ മുഹമ്മദ് ഷമി വന്നതോടെ തുടരെ രണ്ട് വിക്കറ്റുകളാണ് വീണത്.ഇതാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

പിന്നീട് വില്യംസണ്‍-ഡാരില്‍ മിച്ചല്‍ കൂട്ടുകെട്ടിനെ പൊളിക്കാനും രോഹിത് നിയോഗിച്ചത് ഷമിയെയായിരുന്നു. തിരിച്ചുവന്ന സ്‌പെല്ലിലെ ആദ്യ ഓവറില്‍ തന്നെ വില്യംസണെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ച് ഷമി വീണ്ടും ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. പിന്നീട് കിവീസിനെ നിലയുറപ്പിക്കാന്‍ ഷമി രഅനുവദിച്ചതേയില്ല. ഷമി ഏകദിന കരിയറിലെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലുള്ള റെക്കോര്‍ഡും ഇതോടെ ഷമി തകര്‍ത്തു.
ഒരിന്ത്യന്‍ താരം ഏകദിന ക്രിക്കറ്റില്‍ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. 57 റണ്‍സിനാണ് ഷമി ഏഴ് വിക്കറ്റ് വീണത്. 2014ല്‍ മിര്‍പൂരില്‍ വെച്ച്‌നടന്ന മത്സരത്തില്‍ നാല് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബിന്നിയുടെ പ്രകടനമായിരുന്നു ഇത്രയും കാലം മുന്നിലുണ്ടായിരുന്നത്. മൂന്നാം സ്ഥാനത്ത് പന്ത്രണ്ട് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെയാണ്.
19 റണ്‍സിന് ആറ് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറ നാലാം സ്ഥാനത്തും, 21 റണ്‍സിന് ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് അഞ്ചാം സ്ഥാനത്തുമാണ്. അത് മാത്രമല്ല ലോകകപ്പ് ചരിത്രത്തില്‍ 50 വിക്കറ്റെടുക്കുന്ന അതിവേഗ ബൗളറായും ഷമി മാറിയിരിക്കുകയാണ്. ഷമി വെറും 17 മത്സരങ്ങളില്‍ നിന്നാണ് 50 വിക്കറ്റുകള്‍ നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 19 മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റ് നേടിയ റെക്കോര്‍ഡാണ് ഷമി തകര്‍ത്തത്.
ഐസിസി ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ടില്‍ ഏഴ് വിക്കറ്റെടുക്കുന്ന ആദ്യ ബൗളറായും ഷമി മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ 23 വിക്കറ്റാണ് ഇതുവരെ നേടിയത്. ഇതും രെക്കോര്‍ഡാണ്. ഒരു ലോകകപ്പില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍ വിക്കറ്റുകളാണിത്. നിലവില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് ഷമി. ആദം സാമ്പയുടെ റെക്കോര്‍ഡ് തകര്‍ത്താണ് ഷമി മുന്നിലെത്തിയത്. മത്സരത്തില്‍ വിരാട് കോലിയുടെയും ശ്രേയസിന്റെയും സെഞ്ച്വറികളുടെ മികവ് 397 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.












Click it and Unblock the Notifications