ഓസീസ് അല്ല, ഇന്ത്യ എല്ലാം തികഞ്ഞ ടീം, ആര് വന്നാലും വീഴില്ല, കാരണങ്ങള്‍ നിരത്തി പോണ്ടിംഗ്
ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോഴേ ഇന്ത്യ ടൂര്‍ണമെന്റില്‍ ഏറ്റവും ഭയപ്പെടുന്ന ടീമായി മാറി കഴിഞ്ഞു. ഇന്ത്യ ലോകകപ്പ് നേടുമെന്ന പ്രവചനങ്ങള്‍ വരെ പലരും നടത്തി കഴിഞ്ഞു. പക്ഷേ ഇന്ത്യക്കിനിയും ഏഴ് മത്സരങ്ങള്‍ ബാക്കിയുണ്ട്. അതുകൊണ്ട് പൂര്‍ണമായും ഇന്ത്യ വിജയിക്കുന്ന സാഹചര്യമില്ല. നിലവില്‍ ഇന്ത്യയും ന്യൂസിലന്‍ഡും മാത്രമാണ് ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍ക്കാത്ത ടീം.
ചെറു മീനുകള്‍ കരുത്ത് കാണിക്കുന്നതിനാല്‍ എന്ത് നടക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. എന്നാല്‍ ഇന്ത്യയെ ഇപ്പോള്‍ ആര്‍ക്കും പരാജയപ്പെടുത്താനാവില്ലെന്ന് പറയുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിംഗ്. അതിന് കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. ഇന്ത്യയുടെ ഗംഭീര പ്രകടനത്തിന് കൈയ്യടിക്കുകയാണ് പോണ്ടിംഗ്. ഇത്തവണ എല്ലാം കൊണ്ടും ഇന്ത്യ കപ്പടിക്കാനുള്ള സാധ്യതയുണ്ടെന്ന് പറയുകയാണ് പോണ്ടിംഗ്. ഐസിസിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് പോണ്ടിംഗ് ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നത്.

ഈ ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് ഞാന്‍ പറഞ്ഞിരുന്നു. ഇന്ത്യയെ പരാജയപ്പെടുത്തുക എളുപ്പമാവില്ലെന്ന്. അവരാണ് അതിശക്തരായ ടീം. അത്രയ്ക്കും ടാലന്റുള്ള ടീമാണ് ഇന്ത്യ. എല്ലാ മേഖലയിലും സര്‍വ ശക്തമാണ് ടീം. പേസ് ബൗളിംഗ്, സ്പിന്‍, ടോപ് ഓര്‍ഡര്‍, മിഡില്‍ ഓര്‍ഡര്‍ ബാറ്റിംഗ് എന്നിവയെല്ലാം അതിശക്തമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല.ഇന്ത്യ സമ്മര്‍ഘട്ടങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് താന്‍ ഇപ്പോള്‍ നോക്കുന്നതെന്നും പോണ്ടിംഗ് പറയുന്നു.
രോഹിത് ശര്‍മയെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. അദ്ദേഹമാണ് ഇന്ത്യയെ നയിക്കാന്‍ എന്തുകൊണ്ടും മികവുറ്റ താരം. രോഹിത്തിന്റെ നേതൃമികവ് വിരാട് കോലിയെ സ്വന്തം ബാറ്റിംഗില്‍ ഫോക്കസ് ചെയ്യാന്‍ സഹായിക്കും. ആരാധകരെ കേള്‍ക്കാനും, അവരോടൊപ്പം ആഘോഷിക്കാനും താല്‍പര്യപ്പെടുന്ന താരമാണ് വിരാട് കോലി. അദ്ദേഹത്തിന്റെ പ്രകടനം അവര്‍ക്ക് വേണ്ടിയാണ്. അങ്ങനെയൊരാള്‍ക്ക് ക്യാപ്റ്റന്‍സി കുറച്ച് ബുദ്ധിമുട്ടേറിയതാവും. രോഹിത് മിതഭാഷിയാണ്. അതുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഗംഭീര കളിക്കാരനാണ് അദ്ദേഹം. ഇന്ത്യയെ നയിക്കുന്നതില്‍ രോഹിത്തിന് മികവുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു.
രോഹിത് ഇപ്പോള്‍ വരെ റിലാക്‌സ് മൂഡിലാണ്. കാരണം അദ്ദേഹം കളിക്കുന്നത് പോലും വളരെ ഈസിയായിട്ടാണ്. അധികം ബഹളങ്ങളൊന്നും ഉണ്ടാക്കാത്ത ബാറ്റ്‌സ്മാനാണ് രോഹിത്. ഇത് കളത്തിലലും, അതുപോലെ ഫീല്‍ഡിന് പുറത്തും അങ്ങനെയാണ്. അതുകൊണ്ട് രോഹിത്തിന് എളുപ്പത്തില്‍ ടീമിന്റെ കാര്യം നോക്കാന്‍ പറ്റും. എന്നാല്‍ ആരാധകര്‍ക്കിടയില്‍ ജീവിക്കുന്ന വിരാട് കോലിയെ പോലൊരു താരത്തിന് ഈ ക്വാളിറ്റി ക്യാപ്റ്റന്‍സിയില്‍ ലഭിക്കണമെന്നില്ല. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. ഒരു മോശം മത്സരം വന്നാല്‍ സമ്മര്‍ദം വര്‍ധിക്കും. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ അവരെ വീഴ്ത്തുക കഠിനമാണ്. അതിന് പുറമേ അവര്‍ സര്‍വ സന്നാഹവുമായിട്ടാണ് ഇറങ്ങിയിരിക്കുന്നതെന്നും പോണ്ടിംഗ് വ്യക്തമാക്കി.












Click it and Unblock the Notifications