കോലിയോ വില്യംസണോ ഒന്നുമല്ല, രോഹിത്തിനെ പോലെ ഒരുത്തന്‍ വേറെയില്ല; പുകഴ്ത്തി വസീം അക്രം
ന്യൂഡല്‍ഹി: ലോകക്രിക്കറ്റിലെ ഏറ്റവും ഗംഭീര ബാറ്റ്‌സ്മാന്‍മാന്‍ ആരാണ്. എല്ലാവരും ഒരേസ്വരത്തില്‍ പറയും വിരാട് കോലിയാണെന്ന്. എന്നാല്‍ വിരാടിന് ഇത്ര സ്വതന്ത്രമായി കളിക്കാന്‍ സാധിക്കുന്നതിന് വഴിയൊരുക്കുന്നത് മറ്റാരുമല്ല രോഹിത് ശര്‍മയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ മികച്ച തുടക്കം നല്‍കിയാണ് ടീമിനെ സഹായിക്കാറുള്ളത്. ഇതിലൂടെയാണ് പിന്നീട് വരുന്ന വിരാട് കോലി അടക്കമുള്ള ബാറ്റ്‌സ്മാന്മാര്‍ക്ക് നല്ല രീതിയില്‍ കളിക്കാന്‍ സാധിക്കുന്നത്.
രോഹിത്ത് ആക്രമിച്ച് കളിക്കുന്നതിലൂടെ എതിരാളികള്‍ സമ്മര്‍ദത്തിലാവുകയും ചെയ്യും. ഇപ്പോഴിതാ രോഹിത്തിനെ പുകഴ്ത്തിയിരിക്കുകയാണ് ഇതിഹാസ പാകിസ്താന്‍ ക്രിക്കറ്റര്‍ വസീം അക്രം. പാകിസ്താനിലെ സ്‌പോര്‍ട്‌സ് ചാനല്‍ എ സ്‌പോര്‍ട്‌സില്‍നടന്ന ചര്‍ച്ചയില്‍ പാനലിസ്റ്റുകളായി എത്തിയതായിരുന്നു വസീം അക്രം. ഷോയിബ് മാലിക്, മിസ്ബ ഉള്‍ഹക്ക് എന്നീ മുന്‍ താരങ്ങളും അവിടെയുണ്ടായിരുന്നു. ന്യൂസിലന്‍ഡിനെ ബുധനാഴ്ച്ച സെമിയില്‍ നേരിടുന്ന ഇന്ത്യന്‍ ടീമിനെ ഇവര്‍ അഭിനന്ദിക്കുകയും ചെയ്തു.

നെതര്‍ലന്റ്‌സിനെതിരെ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യ കാഴ്ച്ച വെച്ചത്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ആദ്യ പത്തോവറില്‍ തന്നെ 91 റണ്‍സാണ് അടിച്ചത്. അപ്പോള്‍ തന്നെ മത്സരം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞിരുന്നുവെന്നും അക്രം പറഞ്ഞു. ഇന്ത്യ കളിക്കുന്ന രീതി അങ്ങനെയുള്ളതാണ്. രോഹിത് ശര്‍മയെ നോക്കൂ. ഇന്ന് ലോകക്രിക്കറ്റില്‍ അങ്ങനെയൊരു താരമുണ്ടോ എന്ന് എനിക്ക് തോന്നുന്നില്ലെന്നും അക്രം പറഞ്ഞു.
നമ്മള്‍ എപ്പോഴും വിരാട് കോലി, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, ബാബര്‍ അസം എന്നിവരെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. ഇവരില്‍ ആരാണ് ബെസ്റ്റ് എന്നായിരിക്കും എപ്പോഴും ചര്‍ച്ച. എന്നാല്‍ രോഹിത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. ബാറ്റിംഗ് എളുപ്പമാണെന്ന് നമുക്ക് രോഹിത്തിന്റെ പ്രകടനം കാണുമ്പോള്‍ തോന്നിപ്പോകും. ഏത് സാഹചര്യത്തിലായാലും, ഏത് ലോകോത്തര ബൗളിംഗ് നിരയാണെങ്കിലും, അത്രയും എളുപ്പത്തില്‍ ഷോട്ടുകള്‍ കളിക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുന്നുണ്ടെന്നും അക്രം പറഞ്ഞു.
എതിരാളികളിലെ അഞ്ച് മികച്ച ബൗളര്‍മാരുടെ ഓവറുകളിലും രോഹിത് നന്നായി സ്‌കോര്‍ ചെയ്യുന്നുണ്ടെന്ന് ഷോയിബ് മാലിക് ചൂണ്ടിക്കാണിച്ചു. വസീം അക്രം നേരത്തെ പറഞ്ഞ ബാറ്റ്‌സ്മാന്‍ അഞ്ച് ബൗളര്‍മാരെയും ഒരുമിച്ച് അടിക്കുന്നവരല്ല. രണ്ടോ മൂന്നോ ബൗളര്‍മാര്‍ക്കെതിരെ അവര്‍ സ്‌കോര്‍ ചെയ്യും. പിന്നീട് പാര്‍ട്ട് ടൈം ബൗളര്‍മാരെയാണ് ഇവര്‍ കളിക്കുന്നതെന്നും ഷോയിബ് മാലിക് പറഞ്ഞു.
കളിയുടെ മൊത്തം ആവേശം തന്നെ രോഹിത് മാറ്റി കളിക്കും. ക്രീസിലെത്തിയ ഉടനെ എല്ലാ ബൗളര്‍മാരെയും ആക്രമിച്ച് കളിക്കുകയാണ് രോഹിത് ചെയ്യുന്നത്. എതിര്‍ നിരയിലെ ബൗളര്‍മാര്‍ ശരിക്കും ആ ആക്രമണത്തില്‍ പതറിപ്പോകുമെന്നും വസീം ആക്രം വ്യക്തമാക്കി. ആദ്യ പന്ത് മുതല്‍ രോഹിത്തും ഗില്ലും ചേര്‍ന്ന് റണ്‍സ് അടിക്കാനുള്ള ദൗത്യത്തിലാണ്. ക്രീസില്‍ നിന്ന് ചാടിയിറങ്ങിയാണ് പേസ് ബൗളര്‍മാരെ അവര്‍ നേരിടുന്നത്.
അവരെ തടയുക ദുഷ്‌കരമാണ്. ആറോവറാകുമ്പോഴേക്കും 50 റണ്‍സെത്തി. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട ഷോട്ടുകളാണെന്നും മിസ്ബ ഉള്‍ഹക്ക് പറഞ്ഞു. രോഹിത് കളിക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന് നേരെ പന്ത് പതിയെയാണ് വരുന്നതെന്ന് തോന്നും. അത്രയ്ക്കും അനായാസമായിട്ടാണ് ഷോട്ട് കളിക്കുന്നത്. ഇന്‍സമാം ഉള്‍ഹക്കിനെയാണ് രോഹിത് അനുസ്മരിപ്പിക്കുന്നതെന്നും വസീം അക്രം പറഞ്ഞു.












Click it and Unblock the Notifications