ഇംഗ്ലണ്ടിനെതിരെ തകര്‍ത്തടിച്ച് ഹിറ്റ്മാന്‍, 18000 റണ്‍സ് പിന്നിട്ടു, ഗംഭീറിന്റെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കരിയറില്‍ നിര്‍ണായക നേട്ടത്തിലെത്തി രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്രില്‍ 18000 റണ്‍സ് മറികടന്നിരിക്കുകയാണ് രോഹിത്. കരിയറിലെ 477ാമത് ഇന്നിംഗ്‌സിലാണ് ഈ നേട്ടം രോഹിത് മറികടന്നത്. ഇന്ത്യന്‍ താരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് രോഹിത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിരാട് കോലി എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. ഇംഗ്ലണ്ടിന്റെ ലെഗ് സ്പിന്നര്‍ ആദില്‍ റഷീദിനെ സ്ലോഗ് സ്വീപ്പ് ചെയ്ത ബൗണ്ടറി പായിച്ചാണ് ഈ നേട്ടം രോഹിത് സ്വന്തമാക്കിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 21ാം ഓവറിലായിരുന്നു രോഹിത്തിന്റെ ഷോട്ട് പിറന്നത്. ഇന്ത്യ 12 ഓവറില്‍ മൂന്നിന് നാല്‍പ്പത് എന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് രോഹിത്തും കെഎല്‍ രാഹുലും ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്.

അതേസമയം രോഹിത്തിന്റെ പതിനെട്ടായിരം റണ്‍സില്‍ 3677 റണ്‍സ് ടെസ്റ്റില്‍ നിന്നാണ്. 3853 റണ്‍സ് ടി20യില്‍ നിന്നും രോഹിത് നേടിയിട്ടുണ്ട്. 10470 റണ്‍സ് രോഹിത് ഏകദിനത്തില്‍ നേടിയത്. 45 സെഞ്ച്വറികളും, 98 അര്‍ധ സെഞ്ച്വറികളും രോഹിത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. സ്‌കോര്‍ 33ല്‍ നില്‍ക്കെ രോഹിത്ത് എല്‍ബിഡബ്ല്യുവില്‍ രോഹിത് പുറത്തായിരുന്നു. എന്നാല്‍ റിവ്യൂവില്‍ പന്ത് ലെഗ് സ്റ്റമ്പിന് പുറത്തേക്കാണ് പോകുന്നതെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം 2023ല്‍ ഏകദിനത്തില്‍ ആയിരം റണ്‍സ് നേടുന്ന മൂന്നാമത്തെ ക്രിക്കറ്ററായും രോഹിത് മാറി. ശുഭ്മാന്‍ ഗില്ലും, ശ്രീലങ്കയുടെ പഥുന്‍ നിസ്സങ്കയുമാണ് ഈ നേട്ടം ഈ വര്‍ഷം കൈവരിച്ച താരങ്ങള്‍. ആയിരം റണ്‍സ് ഒരു വര്‍ഷം രോഹിത് നേടുന്നത് അഞ്ചാമത്തെ തവണയാണ്. അതേസമയം രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തി ഗൗതം ഗംഭീറും രംഗത്തെത്തി. സ്വാര്‍ത്ഥത ഒട്ടുമില്ലാത്ത കളിക്കാരനാണ് രോഹിത് ശര്‍മയെന്ന് ഗംഭീര്‍ പറഞ്ഞു.
റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ പോകുന്ന താരമല്ല രോഹിത്ത് എന്നും ഗംഭീര്‍ അവകാശപ്പെട്ടു. ക്യാപ്റ്റന്‍സിയായാലും സ്വാര്‍ത്ഥ രോഹിത്തില്‍ ഒട്ടുമില്ലെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. രോഹിത് വിചാരിച്ചിരുന്നെങ്കില്‍ 40 മുതല്‍ 45 സെഞ്ച്വറികള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടാവുമായിരുന്നു. എന്നാല്‍ രോഹിത് ഒരിക്കലും സെഞ്ച്വറികള്‍ക്ക് പിന്നാലെ പോയിട്ടില്ല. ഒട്ടും സ്വാര്‍ത്ഥതയില്ലാത്ത കളിക്കാരനാണ് അദ്ദേഹമെന്നും ഗംഭീര്‍ പറഞ്ഞു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പരിപാടിക്കിടെയായിരുന്നു ഗംഭീറിന്റെ പരാമര്‍ശം. അതേസമയം വിരാട് കോലിയെ ലക്ഷ്യമിട്ടുള്ളതാണ് ഈ പരാമര്‍ശമെന്ന് നിരധി പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോലി സച്ചിന്റെ 49ാം സെഞ്ച്വറിയെന്ന റെക്കോര്‍ഡ് മറികടക്കുന്നതിന്റെ അരികിലാണ്. കോലിയുമായി ഗംഭീറിനുള്ള പ്രശ്‌നങ്ങളും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.












Click it and Unblock the Notifications