ശ്രേയസ്സ് അയ്യര്‍ക്ക് ആ പ്രശ്‌നം, ടീമില്‍ നിന്ന് പുറത്തേക്ക്? പകരക്കാരായി ഈ താരങ്ങള്‍ റെഡി
ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാവാന്‍ സാധ്യത. തുടര്‍ച്ചയായ പരാജയങ്ങള്‍ ശ്രേയസിനെ മാറ്റിനിര്‍ത്താന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യകുമാര്‍ യാദവ് കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയതും ടീമിന്റെ പരിഗണനയിലുണ്ട്. ഹര്‍ദിക് പാണ്ഡ്യ തിരിച്ചുവരുന്നതോടെ ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തേണ്ട അവസ്ഥയിലാണ് ടീം മാനേജ്‌മെന്റ്. നാളെയാണ് ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരം.
ശ്രേയസ്സിന് ഇത് അവസാന മത്സരമായിരിക്കും. ഇതില്‍ വമ്പനൊരു ഇന്നിംഗ്‌സ് താരം കളിച്ചില്ലെങ്കില്‍ ഉറപ്പായും പുറത്തുപോകും. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരും കഴിഞ്ഞ ദിവസം കഠിന പരിശീലനത്തിലായിരുന്നു. ലങ്കയ്‌ക്കെതിരെ തന്നെ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യാം. ശ്രേയസ്സിലായിരുന്നു ചൊവ്വാഴ്ച്ചത്തെ പരിശീലന സെഷനിലെ ശ്രദ്ധ മുഴുവന്‍. അയ്യര്‍ ഇതുവരെ ആറ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പറയത്തക്ക പ്രകടനമൊന്നും താരത്തില്‍ നിന്ന് ഉണ്ടായിട്ടില്ല.

ടൂര്‍ണമെന്റിലേക്ക് മികച്ച ഫോമിലെത്തിയ ശ്രേയസ് അതിന്റെ നിഴല്‍ മാത്രമാവുകയായിരുന്നു. പ്രധാന കാരണം ശ്രേയസ്സിന്റെ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമാണ്. ഷോര്‍ട്ട് ബോള്‍ കളിക്കുമ്പോള്‍ വേഗത്തില്‍ പുറത്താവുന്ന അയ്യരുടെ ദൗര്‍ബല്യം എതിരാളികള്‍ നന്നായി മുതലെടുക്കുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരെ ശ്രേയസ് പുറത്തായതും ഷോര്‍ട്ട് ബോളിലായിരുന്നു. അതുകൊണ്ട് പരിശീലനത്തില്‍ ഉടനീളം ഷോര്‍ട്ട് ബോള്‍ കളിക്കുന്നതിനാണ് ശ്രേയസ് സമയം കണ്ടെത്തിയത്.
ശ്രേയസ്സിന്റെ ഷോര്‍ട്ട് ബോള്‍ കണക്കുകള്‍ ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയില്‍ നടന്ന ഏകദിന മത്സരങ്ങളില്‍ ഇതുവരെ എട്ട് തവണ പുള്‍ ഷോട്ടിന് ശ്രമിച്ച് ശ്രേയസ് പുറത്തായത്. വിദേശ പിച്ചുകളില്‍ ഇത് ആറ് തവണയാണ്. ഇതെല്ലാം ഏകദിന ക്രിക്കറ്റിലെ കണക്കുകളാണ്. റണ്‍സിന്റെ കണക്കിലും ശ്രേയസിന്റെ പ്രകടനം ദയനീയമാണ്. 0, 25*, 53*, 19, 33, 4 എന്നിങ്ങനെയാണ് ആറ് ഇന്നിംഗ്‌സിലെ ശ്രേയസിന്റെ സ്‌കോര്‍.
ത്രോഡൗണ്‍ സ്‌പെഷലിസ്റ്റുകളായ നുവാന്‍ സേനവിരത്‌നെ, ഡി രാഘവേന്ദ്ര എന്നിവരാണ് അയ്യര്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞ് കൊടുത്തത്. ഷോര്‍ട്ട പിച്ച് പന്തുകള്‍ നെഞ്ചിന്റെയോ, തലയുടെയോ ഉയരത്തില്‍ വരുന്നത് എങ്ങനെ നേരിടാമെന്നായിരുന്നു നെറ്റ്‌സില്‍ ശ്രേയസ് പരിശീലിച്ചത്.
ബൗളിംഗ് കോച്ച് പരസ് മഹാബ്രെ ഇത് അവസാന സെഷനാണെന്ന് പറഞ്ഞിട്ടും, അയ്യര്‍ വീണ്ടും വന്ന് പരിശീലിച്ചിരുന്നു. കോച്ച് രാഹുല്‍ ദ്രാവിഡും ഇത്തവണ ശ്രേയസ്സിന് നിര്‍ദേശങ്ങള്‍ നല്‍കി. ശ്രേയസ്സിന്റെ പ്രധാന പ്രശ്‌നം അമിതമായ അഗ്രസീവ്‌നെസ്സാണ്. ഇത്തരത്തില്‍ ഷോട്ടിന് ശ്രമിക്കുമ്പോഴാണ് ശ്രേയസ് പുറത്താവുന്നത്.
ഇംഗ്ലണ്ടിനും, കിവീസിനുമെതിരെ പുറത്തായത് ഈ രീതിയിലായിരുന്നു. 53 ഏകദിനങ്ങളില്‍ നിന്ന് 1935 റണ്‍സ് ശ്രേയസ്സിന്റെ പേരിലുണ്ട്. സ്‌ട്രൈക്ക് റേറ്റ് 90ന് മുകളിലുണ്ട്. ഇത്തരമൊരു താരമാണ് ഷോര്‍ട്ട് പിച്ച് പന്തുകളെ ഭയക്കുന്നത്. നെറ്റ്‌സില്‍ എല്ലാ തരം പന്തുകളെയും ശ്രേയസ് മികച്ച രീതിയിലാണ് നേരിട്ടത്. ഇനി ലങ്കയെ നേരിടുമ്പോള്‍ ആ മികവ് ഉണ്ടാവുമോ എന്ന് കണ്ടറിയാം.












Click it and Unblock the Notifications