ശ്രേയസ് ടീമിനായി കളിച്ചു, വിരാട് സെഞ്ച്വറിക്കും, ലോകകപ്പാണ് വലുതെന്ന് മറന്നുവെന്ന് ഇംഗ്ലണ്ട് ഇതിഹാസം
ന്യൂഡല്‍ഹി: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ ടീമില്‍ നിന്ന് രണ്ട് വ്യത്യസ്ത തരത്തിലുള്ള പ്രകടനമുണ്ടായെന്ന് ഇംഗ്ലീഷ് ഇതിഹാസം നാസര്‍ ഹുസൈന്‍. ഒരാള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചപ്പോള്‍ മറ്റേ താരം സ്വന്തം വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ് കളിച്ചതെന്നും ഹുസൈന്‍ കുറ്റപ്പെടുത്തി. ശ്രേയസ് അയ്യരുടെ പ്രകടനത്തെയാണ് നാസര്‍ ഹുസൈന്‍ വാനോളം പുകഴ്ത്തിയത്.
ശ്രേയസ് മത്സരത്തില്‍ ഒരു സമയത്തും സ്വന്തം നേട്ടത്തിനായി ബാറ്റ് ചെയ്തില്ല. പകരം അദ്ദേഹം ടീമിന് വേണ്ടിയാണ് ബാറ്റ് ചെയ്തത്. ടീമില്‍ നിന്ന് ശ്രേയസിനെ ഒഴിവാക്കണമെന്ന് ഒരുപാട് പേര്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ശ്രേയ്യസ് സ്വന്തം നേട്ടങ്ങള്‍ക്ക് ശ്രമിച്ചില്ലെന്നും ഹുസൈന്‍ വ്യക്തമാക്കി. സൂര്യകുമാര്‍ ഇംഗ്ലണ്ടിനെതിരെ 49 റണ്‍സടിച്ചപ്പോള്‍ ചിലര്‍ ശ്രേയസിനെ ടീമിന് പുറത്തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത്തരമൊരു ഘട്ടത്തില്‍ നിരവധി താരങ്ങള്‍ സ്വന്തം നേട്ടങ്ങള്‍ക്ക് കളിക്കാറുണ്ട്.

40 റണ്‍സ് അത്രയും തന്നെ പന്തുകള്‍ നേരിട്ട് സ്വന്തമാക്കി, സ്വന്തം നില സേഫ് ആക്കാന്‍ ശ്രമിക്കുന്ന താരങ്ങളുണ്ട്. എന്നാല്‍ ശ്രേയസ് അതില്‍ വരില്ല. കളിയില്‍ ശ്രേയസ് ആയിരുന്നു ഫിനിഷറെന്നും ഹുസൈന്‍ പറയുന്നു. ശ്രേയസിന്റെ ബാറ്റിംഗ് നോക്കൂ, അദ്ദേഹം എല്ലാ ഭാഗത്തേക്കും പന്ത് അടിച്ചുപറത്തുകയായിരുന്നു. അതാണ് ടീമിന് വേണ്ടി നടത്തുന്ന സ്‌കോറിംഗ്. ഒരു ബൗളറെ ആക്രമിച്ച് കളിക്കുമ്പോള്‍ മികച്ച പൊസിഷനിലായിരുന്നു ശ്രേയസ്. ആക്രമിച്ച് കളിക്കാനുള്ള മനോനിലയിലായിരുന്നു ശ്രേയസ് കളിച്ചതെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.
അതേസമയം വിരാട് കോലിയുടെ കാര്യത്തില്‍ തനിക്ക് അങ്ങനെ ഒരു അഭിപ്രായമില്ലെന്ന് ഹുസൈന്‍ പറയുന്നു. കോലിക്ക് ലോകകപ്പ് നേടുകയെന്ന ലക്ഷ്യം തെറ്റിപ്പോകുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോക്കസ് നഷ്ടപ്പെടുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറിയെന്ന നേട്ടത്തിലേക്കാണ് എത്താന്‍ വിരാട് എപ്പോഴും ബാറ്റ് ചെയ്യുന്നത്. അത് വിരാടിന്റെ മൊത്തം ഗെയിം പ്ലാനിനെ ബാധിക്കുന്നുണ്ട്.
വിരാട് ആ നേട്ടം സ്വന്തമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ആ നേട്ടത്തിലേക്ക് കോലി എത്തുന്നതിനായി ചെയ്യുന്ന കാര്യങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് നേടുക എന്ന പ്രധാന ലക്ഷ്യത്തെയാണ് ബാധിക്കുകയെന്നും ഹുസൈന്‍ ആരോപിച്ചു. ലോകകപ്പ് നേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം തുറന്നടിച്ചു.
എന്തൊക്കെ പറഞ്ഞാലും ടീം ലോകകപ്പ് നേടുന്നതിലും വലുതായി ഒന്നുമില്ല. വിരാട് തീര്‍ച്ചയായും 49 സെഞ്ച്വറി നേടും. 50ാം സെഞ്ച്വറി നേടും. ഉറപ്പായും നൂറ് അന്താരാഷ്ട്ര സെഞ്ച്വറി തന്നെ കോലി നേടും. അത്രയും മികവുറ്റ കളിക്കാരനാണ് കോലി. എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. വിരാട് 49ാം സെഞ്ച്വറി നേടുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നത് നല്ലതല്ല.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കരിയറില്‍ ഏറ്റവും സമ്മര്‍ദം അനുഭവിച്ചത് നൂറാം സെഞ്ച്വറി നേടുമ്പോഴാണ്. കോലി എല്ലാ വിമര്‍ശനങ്ങളെയും മറികടക്കുമെന്നാണ് പ്രതീക്ഷ. ലോകകപ്പ് നേടുന്നതിലായിരിക്കണം അദ്ദേഹത്തിന്റെ ശ്രദ്ധ. സച്ചിന്‍ ചെയ്തത് പോലെ ഇത്തരം സമ്മര്‍ദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ കോലി ശ്രമിക്കണമെന്നും ഹുസൈന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications