സെല്‍ഫിഷ് പ്ലേയ്ക്ക് വീണ്ടും ശ്രമം, സിംഗിള്‍ എടുത്തില്ല, കോലിക്ക് ഇത്തവണ പിഴച്ചു, നടന്നത് ഇങ്ങനെ
ധര്‍മശാല: വിരാട് കോലിയുടെ ഗംഭീരമായ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. എന്നാല്‍ കോലിയുടെ ഇന്നിംഗ്‌സില്‍ ഇത്തവണയും കെഎല്‍ രാഹുലിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന് പറയാം. വളരെ മികവോടെയാണ് ആദ്യ 80 റണ്‍സ് കോലിയെടുത്തത്. രാഹുല്‍ പുറത്തായതോടെ കോലിയുടെ ഇന്നിംഗ്‌സിന്റെ വേഗവും കുറഞ്ഞിരുന്നു.
എന്നാല്‍ 85 റണ്‍സെടുത്തതോടെ കോലി സെഞ്ച്വറിയടിക്കാനുള്ള അവസരം മുന്നില്‍ കാണുകയായിരുന്നു. ആ സമയത്ത് സ്വന്തം നേട്ടത്തിനായി താരം കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തു. വേഗത്തില്‍ സ്‌കോര്‍ ചെയ്യാനായി സിക്‌സറും ബൗണ്ടറിയുമെല്ലാം താരം അടിച്ചു. പക്ഷേ ഇത്തവണ ആ ശ്രമം പാളിപ്പോയി.

ജയിക്കാന്‍ കൃത്യം അഞ്ച് റണ്‍സുള്ളപ്പോഴാണ് കോലി പുറത്തായത്. ആ സമയത്ത് ഒരു ബൗണ്ടറിയും സിംഗിളുമെടുത്തിരുന്നെങ്കില്‍ കോലിക്ക് സെഞ്ച്വറിയടിക്കാന്‍ അവസരമുണ്ടായിരുന്നു. ഇവിടെയാണ് കോലിയിലെ സ്വാര്‍ത്ഥനായ കളിക്കാരന്‍ വീണ്ടും ഉണര്‍ന്നത്. കോലിക്ക് 49ാം സെഞ്ച്വറിയില്‍ എത്താനുള്ള അവസരമായിരുന്നു ഇത്. കാരണം 49ാം സെഞ്ച്വറിയടിച്ചാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം എത്താന്‍ സാധിക്കുമെന്ന് കോലിക്ക് അറിയാം.
പക്ഷേ ടീമിനേക്കാള്‍ മുന്നില്‍ കോലി തന്റെ നേട്ടത്തെ കണ്ടുവെന്ന് ഇവിടെ മനസ്സിലാക്കാം. സിംഗിള്‍ എടുക്കാന്‍ അവസരമുണ്ടായിട്ടും, രവീന്ദ്ര ജഡേജയെയാണ് ഇത്തവണ കോലി നോണ്‍ സ്‌ട്രൈക്കില്‍ നിര്‍ത്തിയത്. പക്ഷേ ഇവിടെ നെറ്റ് റണ്‍റേറ്റിനെ ബാധിക്കുന്ന തരത്തിലേക്ക് അത് നീണ്ടില്ല. സിക്‌സര്‍ അടിച്ച് വിജയിപ്പിക്കാനുള്ള കോലിയുടെ ശ്രമം ഇത്തവണ വിജയിച്ചില്ല. താരം പുറത്താവുകയായിരുന്നു. അതേസമയം പുറത്തായപ്പോള്‍ തന്നെ കോലിയുടെ രോഷപ്രകടനവും ഉണ്ടായിരുന്നു.
അതില്‍ നിന്ന് തന്നെ ടീമിന്റെ ആ സമയത്തെ ജയത്തേക്കാള്‍ തന്റെ നേട്ടം കോലി ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാണ്. കോലി പുറത്തായില്ലെങ്കിലും ഇനിയും പന്തുകള്‍ പാഴാക്കാന്‍ ഉള്ള സാധ്യതയുണ്ടായിരുന്നു. പക്ഷേ ഇന്നിംഗ്‌സിന്റെ നല്ലൊരു ഭാഗവും കോലി മികച്ച രീതിയിലാണ് കളിച്ചത്. അതുപോലെ സൂര്യകുമാറിന്റെ റണ്ണൗട്ടിലും കോലിക്ക് പങ്കുണ്ട്.
തീര്‍ച്ചയായും ഓടിയെടുക്കാവുന്ന റണ്‍സായിരുന്നു അത്. നോണ്‍ സ്‌ട്രൈക്കിലുള്ള കോലി പക്ഷേ ഓടിയ ശേഷമാണ് പിന്നോട്ട് വന്നത്. ഇതോടെ പാതിയില്‍ അധികം ദൂരം പിന്നിട്ട സൂര്യകുമാറിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. വിക്കറ്റ് ദാനം ചെയ്യുക മാത്രമേ സാധിക്കുമായിരുന്നുള്ളൂ. വിക്കറ്റിനിടയിലെ ഓട്ടത്തിന് പേരുകേട്ട കോലി എന്തുകൊണ്ട് അവിടെ ഓടിയില്ല എന്നതും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സൂര്യകുമാറിന്റെ മുഖത്ത് കടുത്ത നിരാശയും രോഷവും ആ സമയം പ്രകടമായിരുന്നു.
ബംഗ്ലാദേശിനെതിരായ കോലിയുടെ പ്രകടനത്തെ നേരത്തെ ചേതേശ്വര്‍ പൂജാര വിമര്‍ശിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. കോലി കാണിച്ചത് സ്വാര്‍ത്ഥയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 90 റണ്‍സ് പിന്നിട്ടപ്പോള്‍ എന്തിനാണ് ഇന്നിംഗ്‌സ് പതിയെ ആക്കിയത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷേ അതിന് ടീമിന്റെ താല്‍പര്യങ്ങളായിരുന്നു നോക്കേണ്ടിയിരുന്നത്. മത്സരം വേഗത്തില്‍ ജയിപ്പിക്കാനായിരുന്നു നോക്കേണ്ടിയിരുന്നത്. കാരണം നെറ്റ് റണ്‍റേറ്റ് വളരെ പ്രധാനപ്പെട്ടതാണ്. ടീമിനാണ് എല്ലാവരും മുന്‍ഗണന നല്‍കേണ്ടത്. ടീമിന് വേണ്ടി ത്യാഗം ചെയ്യുന്നതില്‍ തെറ്റില്ലെന്നും പൂജാര പറഞ്ഞു.
ഇത്രയൊക്കെയാണെങ്കില്‍ കോലിക്ക് നേട്ടങ്ങളുമുണ്ട്. റണ്‍സ് പട്ടികയില്‍ കോലിയാണ് ഇപ്പോള്‍ ഒന്നാമന്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 354 റണ്‍സാണ് കോലി നേടിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. 118 ആണ് ശരാശരി. രണ്ടാം സ്ഥാനത്ത് 311 റണ്‍സുമായി രോഹിത് ശര്‍മയാണ്.












Click it and Unblock the Notifications