ഓസീസിന് വേണ്ടത് 7 വിക്കറ്റ്, ഇന്ത്യക്ക് 280 റണ്‍സ്: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ത്രില്ലറില്‍!!
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആവേശാന്ത്യത്തിലേക്ക്. അവസാന ദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 280 റണ്‍സാണ് വേണ്ടത്. അതുപോലെ ഓസ്‌ട്രേലിയക്ക് 7 വിക്കറ്റുകള്‍ വീഴ്ത്തിയാലും വിജയിക്കാന്‍ സാധിക്കും. 444 റണ്‍സ് വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നില്‍ വെച്ചത്. നാലാം ദിനം മൂന്നിന് 164 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്.
രണ്ടാം ഇന്നിംഗ്‌സില്‍ എട്ടിന് 270 എന്ന നിലയില്‍ ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ നിരാശ തീര്‍ക്കുന്ന പ്രകടനമായിരുന്നു ഇതുവരെ ഇന്ത്യയില്‍ നിന്നുണ്ടായത്. ശുഭ്മാന്‍ ഗില്‍(18) രോഹിത് ശര്‍മ(43) എന്നിവര്‍ ചേര്‍ന്ന് മെച്ചപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആറ് റണ്‍സിനടുത്ത് വെച്ചാണ് ഇന്ത്യ ആ സമയം സ്‌കോര്‍ ചെയ്തിരുന്നത്.

സ്‌കോര്‍ 41ല്‍ നില്‍ക്കെയാണ് ഗില്‍ പുറത്താവുന്നത്. 19 പന്തില്‍ 18 റണ്‍സടിച്ച ഗില്‍ രണ്ട് ബൗണ്ടറിയടിച്ചിരുന്നു. കാമറൂണ്‍ ഗ്രീനിന്റെ ഗംഭീര ക്യാച്ചിലായിരുന്നു താരം പുറത്തായത്. എന്നാല്‍ വിവാദ പുറത്താകലായിരുന്നു ഇത്. ഗ്രീനിന്റെ കൈ നിലത്ത് തട്ടിയിരുന്നു എന്ന് റീപ്ലേകളില്‍ കാണാമായിരുന്നു. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു.
നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. പിന്നീട് രോഹിത്തും, ചേതേശ്വര്‍ പൂജാര(27) ചേര്‍ന്നായിരുന്നു ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. 52 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്.
60 പന്തില്‍ 43 റണ്‍സടിച്ച രോഹിത് വമ്പന്‍ സ്‌കോര്‍ നേടുമെന്ന് കരുതിയിരിക്കെയാണ് പുറത്തായത്. നാഥന്‍ ലയോണിന്റെ കുത്തി തിരിയുന്ന പന്തുകള്‍ രോഹിത്തിനെ തുടക്കത്തില്‍ തന്നെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ ക്ഷമയോടെ കളിക്കുന്നതിന് പകരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു താരം.
ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. രോഹിത്ത് പുറത്തായതിന് പിന്നാലെ പൂജാരയും മടങ്ങി. മികച്ച തുടക്കം കിട്ടിയിട്ടും, അനാവശ്യ ഷോട്ടിന് ശ്രമിച്ചായിരുന്നു താരത്തിന്റെ മടക്കം. അഞ്ച് ബൗണ്ടറി അടിച്ചിരുന്നു താരം. പിന്നീടാണ് ഇന്ത്യകാത്തിരുന്ന കൂട്ടുകെട്ട് പിറന്നത്.
മൂന്നിന് 93 എന്ന നിലയില്‍ നിന്നായിരുന്നു ഇന്ത്യയുടെ പൊരുതല്‍. വിരാട് കോലി(44) അജിന്‍ക്യ രഹാനെ(20) എന്നിവര്‍ ചേര്‍ന്ന കൂട്ടുകെട്ട് 71 റണ്‍സ് ഇതുവരെ ചേര്‍ത്തിട്ടുണ്ട്. കോലി ഏഴ് ബൗണ്ടറിയടിച്ചു. 2003ല്‍ സച്ചിന്‍ സിഡ്‌നി ടെസ്റ്റില്‍ നേടിയ ഇരട്ട സെഞ്ച്വറിയുമായി സമാനതകള്‍ കോലിയുടെ ഇന്നിംഗ്‌സിനുമുണ്ട്. ഓഫ് സൈഡ് ഷോട്ടുകള്‍ ഒഴിവാക്കിയ കോലി, ലെഗ് സൈഡ്, സ്‌ട്രെയിറ്റ് ഷോട്ടുകള്‍ക്കാണ് ശ്രമിച്ചത്. ഈ തന്ത്രം വിജയിക്കുകയും ചെയ്തു.
ഓസീസിനായി പാറ്റ് കമ്മിന്‍സ്, ബോളണ്ട്, ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. മൂന്നാം ദിനം നാലിന് 123 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസീസിന് അലക്‌സ് കാരിയുടെ ഇന്നിംഗ്‌സാണ് കരുത്തേകിയത്. തുടക്കത്തില്‍ മെല്ലെ തുടങ്ങിയ കാമറൂണ്‍ ഗ്രീന്‍(25) ജഡേജയുടെ തന്ത്രപരമായ ബൗളിംഗില്‍ ബൗള്‍ഡാവുകയായിരുന്നു.
കാരിയും മിച്ചല്‍ സ്റ്റാര്‍ക്ക്(41) എന്നിവര്‍ ചേര്‍ന്നാണ് വാലറ്റത്ത് വേഗത്തില് സ്‌കോര്‍ ചെയ്തത്. 66 റണ്‍സുമായി കാരി പുറത്താവാതെ നിന്നു. എട്ട് ബൗണ്ടറിയടിച്ചിരുന്നു താരം. സ്റ്റാര്‍ക്ക് ഏഴ് ബൗണ്ടറിയുമടിച്ചു. ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. സിറാജിനാണ് ശേഷിച്ച വിക്കറ്റ്.












Click it and Unblock the Notifications