ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആര് നേടും; ഹിറ്റ്മാന്റെ ടീമില്‍ ക്ലിക്കാവേണ്ടത് 5 കാര്യങ്ങള്‍
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ ആരംഭിക്കുകയാണ്. ഇന്ത്യ ടീം തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് കളിക്കുന്നത്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയായിരുന്നു ഫൈനലില്‍. എന്നാല്‍ അന്ന് ന്യൂസിലന്‍ഡിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഇത്തവണ വീണ്ടും ഫൈനലില്‍ എത്തുമ്പോള്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യക്ക് എതിരാളി. എന്നാല്‍ വിചാരിച്ചത് പോലെയല്ല ഇന്ത്യന്‍ ടീമിലെ സാഹചര്യം. പരിക്കേറ്റ് നിരവധി പേര്‍ പുറത്താണ്.
ആരൊക്കെ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിലുപരി വിദേശ പിച്ചിലാണ് കളി. ഇന്ത്യക്ക് പ്രതികൂലമായി നിരവധി കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത്ത് തന്നെ പ്രശ്‌നക്കാരന്‍
രോഹിത് ശര്‍മ തന്നെയാണ് പ്രധാന പ്രശ്‌നക്കാരന്‍. ക്യാപ്റ്റനായി മുന്നിലുണ്ടെങ്കിലും ബാറ്റിംഗിന്റെ കാര്യത്തില്‍ രോഹിത് വളരെ മോശമാണ്. ഐപിഎല്ലില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന രോഹിത്തിനെയാണ് കണ്ടത്.
ടെസ്റ്റ് ക്രിക്കറ്റ് അടുത്തൊന്നും വമ്പനൊരു ഇന്നിംഗ്‌സ് രോഹിത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴാണ് രോഹിത് അവസാന സെഞ്ച്വറി നേടിയത്. സ്ഥിരതയില്ലായ്മ മറ്റൊരു പ്രശ്‌നമാണ്. ദീര്‍ഘകാലമായി രോഹിത് സ്ഥിരതയോടെ ബാറ്റ് ചെയ്തിട്ട്. അത് ഇന്ത്യക്ക് ഓപ്പണിംഗില്‍ തന്നെ വെല്ലുവിളിയാണ്.
ഋഷഭ് പന്ത് ടീമില്‍ ഇല്ല
വിക്കറ്റ് കീപ്പിംഗാണ് അടുത്ത പ്രശ്‌നം. ഇന്ത്യക്ക് മികച്ചൊരു ഓപ്ഷന്‍ ഇക്കാര്യത്തില്‍ ഇല്ല. ഋഷഭ് പന്തിന് പരിക്കേറ്റത്തോടെ കുറച്ച് കാലത്തേക്ക് അദ്ദേഹം ടീമിന് പുറത്താണ്. പകരം കെഎസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഓപ്ഷനായി ഉള്ളത്.
ഇവര്‍ രണ്ടുപേരും സ്ഥിരതയില്ലാത്തവരാണ്. അതിലുപരി വിദേശ പിച്ചുകളില്‍ കളിക്കാന്‍ പാകപ്പെട്ടിട്ടില്ല. പന്ത് ടെസ്റ്റ് എതിരാളികള്‍ പേടിക്കുന്ന ബാറ്റ്‌സ്മാനാണ്. ഓസ്‌ട്രേലിയയിലും, ഇംഗ്ലണ്ടിലും മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ താരം കളിച്ചിട്ടുണ്ട്. പന്തില്ലാതെ ഇന്ത്യയുടെ മധ്യനിര ദുര്‍ബലമാണ്.
ബുംറയില്ലാതെ എന്ത് ബൗളിംഗ്
ഇന്ത്യയെ എല്ലാം ടീമും ഏറ്റവുമധികം പേടിക്കുന്നത് ജസ്പ്രീത് ബുംറയുള്ളത് കൊണ്ടാണ്. എന്നാല്‍ ബുംറ ടീമില്‍ ഇല്ല. പരിക്കേറ്റ താരം ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതേയുള്ളൂ. നിര്‍ണായക ബ്രേക് ത്രൂവിന് ബുംറയല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇന്ത്യക്കില്ല.
ഇംഗ്ലണ്ടിലും, ഓസ്‌ട്രേലിയയിലും മികവ് തെളിയിച്ചതാണ് ബുംറ. അതേസമയം ബുംറയില്ലാതെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ കൂടുതല്‍ മികവ് പുലര്‍ത്തേണ്ടി വരും. അത് വലിയ വെല്ലുവിളിയാണ്.
കിംഗ് ക്ലിക്കാവുമോ?
വിരാട് കോലിയുടെ കാര്യത്തിലും സംശയങ്ങളുണ്ട്. ഐപിഎല്ലിലെ അവസാനത്തെ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയെങ്കിലും, കോലി തന്റെ മികച്ച ഫോമില്‍ തിരിച്ചെത്തിയിട്ടില്ല. ഇംഗ്ലണ്ടിലെ പിച്ചുകള്‍ പേസിനെ നന്നായി പിന്തുണയ്ക്കുന്നതാണ്.
സ്വിംഗ് ബോളുകള്‍, പ്രത്യേകിച്ച് പുറത്തേക്ക് സ്വിംഗ് ചെയ്യുന്ന പന്തുകള്‍ കോലിയുടെ ദൗര്‍ബല്യമാണ്. മിച്ചല്‍ സ്റ്റാര്‍ക്കും, പാറ്റ് കമ്മിന്‍സും ഇത് മുതലെടുക്കാനാണ് സാധ്യത. വിരാട് കളിച്ചില്ലെങ്കില്‍ കിരീടമെന്ന ഇന്ത്യയുടെ സ്വപ്‌നം പിന്നെയും തകരും.
കണക്കുകള്‍ ഇങ്ങനെ
ഇന്ത്യ ഫൈനല്‍ നടക്കുന്ന ഓവലില്‍ 14 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ജയിച്ചത് ആകെ രണ്ടെണ്ണമാണ്. മൂന്നെണ്ണം തോറ്റു. ഏഴെണ്ണം സമനിലയായി. 2021ല്‍ ഇന്ത്യ ഇവിടെ അവസാനമായി കളിച്ചപ്പോള്‍ 157 റണ്‍സിന് വിജയിച്ചു എന്ന നേട്ടമുണ്ട്.
ഓസ്‌ട്രേലിയ 34 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. അതില്‍ എഴെണ്ണം വിജയിച്ചു. 17 എണ്ണം തോറ്റു. 14 എണ്ണം സമനിലയായി. അവസാനം കളിച്ചപ്പോള്‍ ഇംഗ്ലണ്ടിനോട് 137 റണ്‍സിനാണ് ഓസ്‌ട്രേലിയ തോറ്റത്. രണ്ടുകൂട്ടര്‍ക്കും ഇവിടെ ആധിപത്യമില്ല. പക്ഷേ ഇന്ത്യയുടെ മധ്യനിര അടക്കം ദുര്‍ബലമാണ്. അത് ഇന്ത്യയെ പിന്നിലാക്കുന്ന കാര്യമാണ്.












Click it and Unblock the Notifications