113 ടെസ്റ്റ് കളിച്ച് കോലി സ്വന്തമാക്കിയ റെക്കോഡിനൊപ്പമെത്തി ജയ്‌സ്വാള്‍, അതും വെറും 8 ടെസ്റ്റില്‍!
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ യശ്വസി ജയ്‌സ്വാള്‍ വിരാട് കോലിയുടെ നേട്ടത്തിനൊപ്പം. നിലവില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം എന്ന നേട്ടത്തില്‍ ആണ് ഇതിഹാസതാരം വിരാട് കോലിക്കൊപ്പം ജയ്‌സ്വാള്‍ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്.
58 ടെസ്റ്റുകളില്‍ നിന്ന് 80 സിക്‌സാണ് രോഹിത് ശര്‍മ്മ നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് രവീന്ദ്ര ജഡേജയാണ്. 71 ടെസ്റ്റില്‍ നിന്ന് 64 സിക്‌സാണ് ജഡേജയുടെ സമ്പാദ്യം. 33 ടെസ്റ്റില്‍ നിന്ന് 55 സിക്‌സ് നേടിയിട്ടുള്ള റിഷഭ് പന്ത് മൂന്നാമതും 85 ടെസ്റ്റില്‍ നിന്ന് 35 സിക്‌സ് നേടിയിട്ടുള്ള അജിങ്ക്യ രഹാനെ നാലാമതും ആണ്. മയാങ്ക് അഗര്‍വാള്‍ ആണ് അഞ്ചാമത്. 21 ടെസ്റ്റില്‍ നിന്ന് 28 സിക്‌സാണ് അഗര്‍വാളിന്റെ സമ്പാദ്യം.

ആറാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോലിയെ മറികടന്നാണ് യശ്വസി ജയ്‌സ്വാള്‍ ചരിത്രം കുറിച്ചിരിക്കുന്നത്. വിരാട് കോലിക്ക് 113 ടെസ്റ്റില്‍ നിന്ന് 26 സിക്‌സാണ് ഉള്ളത്. എന്നാല്‍ വെറും എട്ട് ടെസ്റ്റില്‍ നിന്നാണ് യശ്വസി ജയ്‌സ്വാള്‍ ഇത്രയും സിക്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ലിസ്റ്റിലെ കളിക്കാരില്‍ 100 ലേറെ ടെസ്റ്റ് കളിച്ച ഏകതാരവും വിരാട് കോലിയാണ്. അതിനാല്‍ തന്നെ ജയ്‌സ്വാളിന്റെ നേട്ടത്തിന് ഇരട്ടി മധുരമാണ്.
എട്ടാം സ്ഥാനത്തുള്ളത് 64 ടെസ്റ്റില്‍ നിന്ന് 25 സിക്‌സ് നേടിയ മുഹമ്മദ് ഷമിയും ഒമ്പതാം സ്ഥാനത്ത് 50 ടെസ്റ്റില്‍ നിന്ന് 24 സിക്‌സ് നേടിയ കെ എല്‍ രാഹുലും ആണ്. ആര്‍ അശ്വിന്‍ 99 ടെസ്റ്റില്‍ നിന്ന് 21 സിക്‌സുമായി പത്താം സ്ഥാനത്താണ്. 2023 ല്‍ ആണ് യശ്വസി ജയ്‌സ്വാള്‍ ടെസ്റ്റില്‍ അരങ്ങേറുന്നത്. ഇതിനോടകം രണ്ട് ഇരട്ട സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഈ 22 കാരന്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന നിലവിലെ പരമ്പരയില്‍ ജയ്സ്വാള്‍ നാല് മത്സരങ്ങളിലെ ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 103 ശരാശരിയിലും 78-ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലും രണ്ട് ഇരട്ട സെഞ്ചുറികളും രണ്ട് അര്‍ദ്ധസെഞ്ചുറികളും സഹിതം 618 റണ്‍സ് നേടിയിട്ടുണ്ട്. 214* ആണ് അദ്ദേഹത്തിന്റെ മികച്ച സ്‌കോര്‍. 2024 ല്‍ മാത്രം 23 സിക്‌സാണ് യശ്വസി ജയ്‌സ്വാള്‍ ടെസ്റ്റില്‍ നേടിയിരിക്കുന്നത്.












Click it and Unblock the Notifications