എന്തുകൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റനായില്ല? യുവരാജ് സിംഗിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു
വിരമിച്ചിട്ട് നാളേറെയായിട്ടും ഏറെ ആരാധകരുള്ള താരമാണ് യുവരാജ് സിംഗ്. മധ്യനിരയിലെ വിശ്വസ്തനായിരുന്ന യുവരാജിന്റെ ബാറ്റിംഗ് മികവില്‍ എത്രയോ കിരീടങ്ങള്‍ ഇന്ത്യ ഏകദിനത്തില്‍ സ്വന്തമാക്കിയിരുന്നു. 2007 ലെ പ്രഥമ ടി20 ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്‌സ് പായിച്ച് കൊണ്ട് യുവി എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. 2011 ല്‍ ഇന്ത്യയെ ലോകചാമ്പ്യന്‍മാരാക്കുന്നതിലും യുവരാജ് നിര്‍ണായക പങ്ക് വഹിച്ചു.
മികച്ച ഓള്‍റൗണ്ട് പ്രകടനത്തോടെ ആ ലോകകപ്പില്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയത് യുവരാജ് ആയിരുന്നു. 17 വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യയ്ക്കായി നിരവധി തവണ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച താരമാണ് യുവരാജ് സിംഗ്. 304 ഏകദിനത്തില്‍ നിന്ന് യുവരാജ് 8701 റണ്‍സും 111 വിക്കറ്റും നേടിയിട്ടുണ്ട്. 2017 ല്‍ ആയിരുന്നു യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞത്.

ഇപ്പോഴിതാ സീനിയറായിരുന്നിട്ടും തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യുവരാജ് സിംഗ്. സഞ്ജയ് മഞ്ജരേക്കറുമായുള്ള സംഭാഷണത്തില്‍ ആണ് തന്റെ ക്യാപ്റ്റന്‍സി ഓഫറിന് തിരശ്ശീലയ്ക്ക് പിന്നില്‍ എന്താണ് നടന്നതെന്നും തനിക്ക് പകരം എം എസ് ധോണിക്ക് ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത് എന്തുകൊണ്ടാണെന്നും വെളിപ്പെടുത്തിയത്.
ഗ്രെഗ് ചാപ്പല്‍-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രശ്‌നം തന്റെ ക്യാപ്റ്റന്‍സി സാധ്യതകളെ തടസപ്പെടുത്തി എന്നാണ് യുവരാജ് സിംഗ് അവകാശപ്പെടുന്നത്. തന്റെ സഹതാരത്തിന് വേണ്ടി നിലകൊണ്ടതിന്റെ വിലയാണ് താന്‍ നല്‍കിയത് എന്നും യുവി വെളിപ്പെടുത്തുന്നു. ഇത് ചില ബി സി സി ഐ ഉദ്യോഗസ്ഥര്‍ കാര്യമായി എടുത്തില്ല എന്നും എന്നിരുന്നാലും ഈ നിലപാട് സ്വീകരിക്കുന്നതില്‍ തനിക്ക് ഖേദമില്ലെന്നും യുവി വ്യക്തമാക്കി.
അതേ സാഹചര്യം ഇന്ന് ഉണ്ടായാലും താന്‍ അത് തന്നെ ആവര്‍ത്തിക്കുമെന്നും യുവരാജ് അവകാശപ്പെട്ടു. താങ്കള്‍ക്ക് ക്യാപ്റ്റന്‍സി മോഹമുണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു യുവരാജിന്റെ മറുപടി. ''ഞാന്‍ ക്യാപ്റ്റന്‍ ആകേണ്ടതായിരുന്നു. എന്നാല്‍ ഗ്രെഗ് ചാപ്പല്‍ പ്രശ്‌നം സംഭവിച്ചപ്പോള്‍ ഒന്നുകില്‍ ചാപ്പല്‍ അല്ലെങ്കില്‍ സച്ചിന്‍ എന്ന നിലയില്‍ ആയിരുന്നു കാര്യങ്ങള്‍,' യുവി പറഞ്ഞു.
ആ സമയത്ത് തന്റെ സഹതാരത്തെ പിന്തുണച്ച ഒരേയൊരു കളിക്കാരന്‍ താനായിരിക്കാം എന്നും ബിസിസിഐയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ല എന്നും യുവി പറഞ്ഞു. തന്നെയല്ലാതെ ആരെയെങ്കിലും അവര്‍ ക്യാപ്റ്റനാക്കണമെന്ന് പറഞ്ഞിരുന്നു എന്നും യുവി കൂട്ടിച്ചേര്‍ത്തു. ഇതാണ് താന്‍ കേട്ടത് എന്നും എത്രത്തോളം ശരിയാണെന്ന് തനിക്ക് ഉറപ്പില്ല എന്നും യുവരാജ് സിംഗ് പറഞ്ഞു.
ഞാന്‍ പെട്ടെന്ന് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടു. സെവാഗ് ടീമില്‍ ഉണ്ടായിരുന്നില്ല. എവിടേയും ഇല്ലാതിരുന്ന മഹി (മഹേന്ദ്ര സിംഗ് ധോണി) 2007 ലോകകപ്പിന്റെ ക്യാപ്റ്റനായി. തീരുമാനം എനിക്ക് എതിരായി. എന്നാല്‍ എനിക്ക് ഖേദമില്ല. ഇന്ന് അതേ കാര്യം സംഭവിക്കുകയാണെങ്കില്‍ ഞാന്‍ വീണ്ടും എന്റെ സഹതാരത്തെ പിന്തുണയ്ക്കും എന്നായിരുന്നു യുവരാജ് സിംഗ് പറഞ്ഞത്.












Click it and Unblock the Notifications