സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു: സ്ഥിരീകരിച്ച് ഭാര്യ
ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. അദ്ദേഹത്തിന് 49 വയസ്സായിരുന്നു. അര്‍ബുദത്തോടുള്ള പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഭാര്യ നദീന്‍ സ്ട്രീക്കാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ആഴ്ച്ചകള്‍ക്ക് മുമ്പ് അദ്ദേഹം മരിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത് നാടകീയ നിമിഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് മുന്‍ ടീമംഗമായ ഹെന്റി ഒലോങ്ക അദ്ദേഹത്തിന്റെ മരണവാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പങ്കുവെച്ചതിന് അദ്ദേഹം ക്ഷമചോദിച്ചിരുന്നു. ഇത്തവണ പക്ഷേ സ്ട്രീക്കിന്റെ ഭാര്യ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. അങ്ങേയറ്റം വൈകാരികമായ ഒരു കുറിപ്പിലാണ് സ്ട്രീക്കിന്റെ വിയോഗത്തെ കുറിച്ച് ഇവര്‍ സ്ഥിരീകരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചത്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ കുടുംബത്തിനും, പ്രിയപ്പെട്ടവര്‍ക്കുമൊപ്പമായിരുന്നുവെന്ന് നദീന്‍ കുറിച്ചു. മെയ് മാസത്തിലാണ് ഹീത്ത് സ്ട്രീക്ക് അര്‍ബുദത്തിന് ചികിത്സയിലാണെന്ന് സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിലെ വിദഗ്ധരായ ഓങ്കോളജിസ്റ്റുകളായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. അതേസമയം ഒലോങ്ക എക്‌സിലൂടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സിംബാബ്‌വെക്കായി 65 ടെസ്റ്റുകളും, 189 ഏകദിനങ്ങളും സ്ട്രീക്ക് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1990 റണ്‍സും, ഏകദിനത്തില്‍ 2943 റണ്‍സും താരം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 216 വിക്കറ്റുകളും, ഏകദിനത്തില്‍ 239 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ രണ്ട് ഫോര്‍മാറ്റിലും എടുത്ത ഓള്‍റൗണ്ടറാണ് അദ്ദേഹം.സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവര്‍ണ യുഗത്തിലാണ് സ്ട്രീക്ക് കളിച്ചിരുന്നത്.
1993നും 2005നും ഇടയിലായിരുന്നു ആ കരിയര്‍. ലോകത്ത് തന്നെ സ്ട്രീക്കിനോളം മികച്ച ഓള്‍റൗണ്ടര്‍മാര്‍ ആ സമയം വിരളമായിരുന്നു. സിംബാബ്‌വെയെ 2000നും 2004നും ഇടയില്‍ നയിച്ചിരുന്നത് സ്ട്രീക്കായിരുന്നു. 68 ഏകദിനങ്ങളില്‍ ടീം ക്യാപ്റ്റനായിരുന്നു അദ്ദേഹം. 18 മത്സരങ്ങളില്‍ ടീമിന് ജയം നേടി കൊടുക്കാനുമായി.
21 ടെസ്റ്റുകളില്‍ ടീമിനെ നയിച്ച സ്ട്രീക്ക് 4 വിജയങ്ങളും നേടി കൊടുത്തു. ടെസ്റ്റിലും ഏകദിനത്തിലും 100 വിക്കറ്റ് നേടുന്ന ആദ്യ സിംബാബ്‌വെ ക്രിക്കറ്ററായിരുന്നു സ്ട്രീക്ക്. ടെസ്റ്റില്‍ നൂറ് വിക്കറ്റുകളും ആയിരം റണ്‍സും നേടുന്ന ഏക സിംബാബ്‌വെ താരവും സ്ട്രീക്കായിരുന്നു.
വിരമിച്ചതിന് ശേഷം നിരവധി അന്താരാഷ്ട്ര ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. സിംബാബ്‌വെ, ബംഗ്ലാദേശ് ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായും അദ്ദേഹം സഹകരിച്ചിരുന്നു. 2021ല്‍ ഐസിസി അദ്ദേഹം എട്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.












Click it and Unblock the Notifications