ജീവിത നിലവാരത്തിൽ ഒന്നാമത് ! വീട്ടു വാടക കൊടുക്കാനില്ലാത്തതിനാൽ നാടുവിട്ട് ജനങ്ങൾ
പടിഞ്ഞാറൻ യൂറോപ്പിലെ 2,586 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള രാജ്യമാണ് ലക്സംബർഗ്ഗ്. വലിപ്പത്തിൽ ചെറുതാണെങ്കിലും സമ്പന്നതയിലും ജീവിത നിലവാരത്തിലും ഒന്നാമതാണ് ഇവിടം. യുറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്ന്. പക്ഷെ സമീപകാലത്തായി ലക്സംബർഗിൽ നിന്ന് ആളുകൾ അയൽ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വന്തമായി വീട് വാങ്ങുന്നതിനും വാടകയ്ക്കെടുക്കുന്നതിനുമുള്ള അധിക ചെലവാണ് ആളുകളെ രാജ്യം വിടാൻ നിർബന്ധിതരാക്കുന്നത്.
വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2023ലെ പഠന പ്രകാരം ജീവിത നിലവാര റാങ്കിംഗിൽ ഒന്നാമതാണ് ലക്സംബർഗ്. എങ്കിലും ഇവിടെ താമസ സൗകര്യം ലഭിക്കാൻ ലക്ഷങ്ങൾ ചെലവാക്കേണ്ടിവരും. രണ്ട് മുറികളുള്ള ഒരു അപ്പാർട്ട്മെൻറ് വാടകയ്ക്ക് എടുക്കുന്നതിന് കുറഞ്ഞത് 2,000 യൂറോ അതായത് 1.25 ലക്ഷത്തോളം ചെലവ് വരും. അയൽ രാജ്യങ്ങളായ ജർമ്മനി, ബെൽജിയം, ഫ്രാൻസ് ഇവയോട് താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ അധികമാണ്.

യൂറോപ്യൻ യൂണിയൻറെ സ്ഥിതി വിവരക്കണക്ക് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, 2022 ൽ ലക്സംബർഗിലെ ഒരു തൊഴിലാളിയുടെ പ്രതിവർഷ വരുമാനം ശരാശരി 47,000 യൂറോ (41 ലക്ഷം രൂപ) ആയിരുന്നു. ഈ സമയത്ത് തലസ്ഥാനമായ ലക്സംബർ സിറ്റിയിൽ പുതിയ ഫ്ലാറ്റുകൾക്ക് ഒരു ചതുരശ്ര അടിക്ക് 13,000 യൂറോയും (11 ലക്ഷം) പഴയവയ്ക്ക് 10,700 യൂറോയും (9 ലക്ഷം) ചെലവായിരുന്നു. ഒരു വീട് സ്വന്തമാക്കണമെങ്കിൽ ശരാശരി ഇന്ത്യൻ തുക 13 കോടി രൂപയ്ക്കും മേലെ ചെലവാകും. കൂടാതെ 2022 ജൂണിനും 2023 ജൂണിനുമിടയിൽ വാടക 6.7 ശതമാനം വർദ്ധിക്കുകയും ചെയ്തു. പണപ്പെരുപ്പ നിരക്കായ 3.4 ശതമാനത്തേക്കാൾ ഉയർന്നായിരുന്നു വാടകയുടെ വർധന.
ഒക്ടോബർ 8ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പ്രതിസന്ധികളും ചർച്ചയാകുന്നത്. സാമൂഹിക ഭവനങ്ങൾക്ക് കൂടുതൽ പണം നിക്ഷേപം, ഭവന നിർമ്മാണത്തിനായി ഒരു സൂപ്പർ മിനിസ്ട്രി, ഒഴിഞ്ഞ വസ്തുവകകൾക്ക് കൂടുതൽ നികുതി എന്നിങ്ങനെ വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പാർട്ടികളെല്ലാം രംഗത്തു വരുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കുക അത്ര ഏളുപ്പമാകില്ലെന്നാണ് സൂചന. കാരണം 0.5 ശതമാനത്തിൻറെ കൈയിലാണ് ഭൂമിയുടെ ഭൂരിഭാഗവും.
മികച്ച വരുമാന സാധ്യതയുള്ളതിനാൽ ഈ രാജ്യം വിദേശ തൊഴിലാളികളെ ആകർഷിക്കുന്ന ഒന്നാണ്. ആളുകളെത്തുന്നതിനാൽ സ്ഥലത്തിൻറെയും വീടുകളുടെയും വില കുതിച്ച് ഉയരാൻ കാരണമാകുന്നു. വില ഇനിയും കൂടുമെന്നതിനാൽ ഭൂമി വിട്ട് നൽകാൻ ഉടമകൾ തയ്യാറാകുന്നില്ല. ലക്സംബർഗിൽ താമസിക്കുന്ന പകുതിയും രാജ്യത്തെ പൗരന്മാരല്ല. മാത്രമല്ല, വീടുകളുടെ ഉടമസ്ഥാവകാശത്തിലും വലിയ അന്തരമുണ്ട്. സ്വദേശികൾക്ക് 80 ശതമാനവും വിദേശികൾക്ക് 50 ശതമാനവുമാണ് വീടുകളുടെ ഉടമസ്ഥാവകാശം .സ്വദേശികൾക്ക് സർക്കാർ ജോലിയുണ്ടെങ്കിലും വിദേശ തൊഴിലാളികളുടെ കുത്തൊഴുക്ക് അവരെയും പ്രശ്നത്തിലാക്കുന്നതായി ചേംബർ ഓഫ് എംപ്ലോയീസ് റിപ്പോർട്ടുകൾ പറയുന്നു.












Click it and Unblock the Notifications