Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയുടെ ഐടി സ്വപ്നങ്ങള്‍ വിരിയുമ്പോള്‍...3

10. ഐടി രംഗത്തെ വളര്‍ച്ചയെ സ്വാഗതംചെയ്യാന്‍ കേരളത്തിലെ ജനങ്ങളും സമൂഹവും ഒരുങ്ങിക്കഴിഞ്ഞുവെന്ന് തോന്നുന്നുണ്ടോ?

കേരളത്തിന്റെ ജനങ്ങള്‍ ഇപ്പോള്‍ ഏറെ മാറിയിട്ടുണ്ട്. ഇപ്പോഴും പുറമെയുള്ള കമ്പനികള്‍ക്ക് ഇവിടുത്തെ ലോഡിംഗ് അണ്‍ലോഡിംഗ് മേഖലയെക്കുറിച്ച് ഭയാശങ്കകള്‍ ഉണ്ട്. പക്ഷെ സര്‍ക്കാര്‍ ഈ മേഖലയില്‍ ഏറെസ്വാഗതാര്‍ഹമായ മാറ്റങ്ങള്‍ കൊണ്ടുവന്നുകഴിഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ തൊഴിലാളികള്‍ പോലും ഒരു തൊഴില്‍ പണിമുടക്കിനെക്കുറിച്ച് ചിന്തിയ്ക്കുന്നില്ല. കേരളത്തിന്റെ എല്ലാമേഖലയിലും ഈ ഉണര്‍വുണ്ട്. സമരം ചെയ്യലല്ല, ആത്മാര്‍ത്ഥമായി ജോലിയെടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ, സംസ്ഥാനത്തിന്റെ, രാജ്യത്തിന്റെ പുരോഗതിയ്ക്ക് അതാണ് വേണ്ടതെന്നുള്ള ചിന്താഗതി തൊഴിലാളികളുടെ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. ഐടിയ്ക്ക് മാത്രമല്ല, പൊതുവെ വ്യവസായവല്ക്കരണത്തിന് അനുകൂലമായ ചിന്താഗതിയുണ്ടായിട്ടുണ്ട്.

കേരളത്തില്‍ എല്ലാവര്‍ക്കും ബിസിനസ്സ് കാഴ്ചപ്പാട് വന്നിട്ടുള്ള സമയമാണിത്. രാഷ്ട്രീയമായ ചിന്താഗതിയില്‍ മാറ്റം വന്നിട്ടുണ്ട്. രാവിലെ പത്രംവായിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്തുചെയ്യാന്‍ പോകുന്നു എന്ന് ഉറ്റുനോക്കിയിരുന്ന സാധാരണക്കാരും സമൂഹവുമല്ല ഇപ്പോഴുള്ളത്. കേരളത്തില്‍ വ്യവസായം എങ്ങിനെ വളരുന്നു എന്നൊക്കെ ചിന്തിയ്ക്കുന്ന ജനങ്ങളാണ് ഇപ്പോഴുള്ളത്. ഐടി-ഐടിഇഎസ് മേഖലകളിലുള്ള കുതിച്ചുചാട്ടത്തെ സ്വീകരിയ്ക്കാന്‍ കൊച്ചി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പുതിയ റോഡുകളും കെട്ടിടങ്ങളും ഉയരുകയാണ്. വികസിതപ്രദേശങ്ങളില്‍ വലിയ പാര്‍പ്പിട പദ്ധതികള്‍ വരുന്നു. ഭൂമിയിലുള്ള നിക്ഷേപം ഇവിടെ കൂടിവരുന്നത് കൊച്ചിയുടെ വളര്‍ച്ചയ്ക്കുള്ള സൂചനയാണ്.

11. ഐടി രംഗത്ത് കേരളം വൈകിയാണ് ചുവടുവച്ചതെന്ന പരാതിയോട് എങ്ങിനെ പ്രതികരിയ്ക്കുന്നു?

കേരളം വൈകി ചുവടുവച്ചു തുടങ്ങി എന്ന അഭിപ്രായം എനിയ്ക്കില്ല. 1989-90 കാലഘട്ടത്തിലാണ് കേരളത്തിന്റെ ടെക്നോപാര്‍ക്ക് തുടങ്ങിയത് എന്ന കാര്യം ആര്‍ക്കും നിഷേധിയ്ക്കാനാവില്ല. അന്ന് ഹൈദരാബാദില്‍ എന്താണ് ഉള്ളത്? ഹൈദരാബാദില്‍ ഐടിയുമായി ബന്ധപ്പെട്ട് ഒരു അനക്കവും ഉണ്ടായിരുന്നില്ല.

12. വൈകി രംഗത്തെത്തിയെങ്കിലും ഹൈദരാബാദ് ഇപ്പോള്‍ ഐടിയില്‍ കുതിച്ചുചാടിയല്ലോ?മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് ഇന്ത്യയില്‍ വന്ന രണ്ടുതവണയും ഹൈദരാബാദ് സന്ദര്‍ശിച്ചല്ലോ?

വ്യാവസായികമായി പുരോഗതി തീരെ ഇല്ലാതിരുന്ന കേരളത്തില്‍ ഐടിയ്ക്ക് എത്ര പ്രാധാന്യം നല്കിയാലും ഒരു പരിധിവിട്ട് വളരാന്‍ കഴിയില്ല. ഹൈദരാബാദില്‍ ധാരാളം വ്യവസായങ്ങള്‍ ഉള്ളതുകൊണ്ടും ചന്ദ്രബാബു നായിഡുവിനെപ്പോലുള്ള ഒരാളുടെ ദീര്‍ഘവീക്ഷണം കൊണ്ടും ഐടി വളര്‍ന്നു എന്നേയുള്ളൂ. ഇപ്പോള്‍ കേരളത്തിന്റെ സര്‍ക്കാരും മന്ത്രിമാരും ഐടിയുടെ വളര്‍ച്ചയ്ക്ക് ഏറെ മുന്‍തൂക്കമാണ് നല്കുന്നത്.

മറ്റ് വ്യവസായങ്ങളുടെ താങ്ങില്ലാതെ ഐടി മാത്രം വളര്‍ന്ന് വരില്ല. ഇപ്പോള്‍ ഒരു വെര്‍ട്ടിക്കല്‍ ഗ്രോത്തിന് നമുക്ക് അസുലഭമായ ഒരവസരം വന്നിരിക്കുകയാണ്. സമയത്തിലുള്ള മുന്‍തൂക്കവും കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ബാന്‍ഡ്വിഡ്ത് വാഗ്ദാനം ചെയ്യാനുള്ള സൗകര്യമുള്ളതിനാലും ബിപിഒ മേഖലയില്‍ കേരളത്തിന് കുതിച്ചുചാടാന്‍ കഴിയും. മറ്റ് വ്യവസായങ്ങളുടെ പിന്‍ബലമില്ലെങ്കിലും ബിപിഒ മേഖല കേരളത്തില്‍ വളരും. കാരണം ഈ മേഖലയില്‍ നമ്മള്‍ നല്കുന്ന സേവനം ഉപയോഗപ്പെടുത്തുന്നത് വിദേശത്തുള്ള രാജ്യങ്ങളിലാണ്. അതായത് ഇപ്പോള്‍ അമേരിക്കയിലുള്ള ഒരു എയര്‍ലൈനര്‍ വൈകുന്നേരം 5.30ന് അവരുടെ സര്‍വീസ് പൂട്ടുന്ന സമയത്ത് ഒരു ഫോണ്‍ ചെയ്താല്‍ ഇന്ത്യയില്‍ നിന്നാണ് അതിന് മറുപടി പറയുന്നത്. അതായത് മറ്റ് വ്യവസായങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ സ്വതന്ത്രമായി വികസിക്കാവുന്ന ഒരു ഐടി മേഖലയാണ് ബിപിഒയിലൂടെ വളര്‍ന്നുവരുന്നത്.

13. കേരളത്തില്‍ ഐടി മേഖലയില്‍ ശമ്പളം കുറവാണെന്ന് അഭിപ്രായമുണ്ടല്ലോ?

കേരളത്തില്‍ ഐടി മേഖലയില്‍ ശമ്പളം കുറവാണ് എന്ന പരാതിയ്ക്ക് അടിസ്ഥാനമില്ല. കാരണം ഒരു കമ്പനി ഒരു തൊഴിലാളിയ്ക്ക് പ്രതിഫലം നിശ്ചയിക്കുന്നത് ആ മേഖലയിലെ ചെലവുമായി ബന്ധപ്പെടുത്തിയാണ്. ബാംഗ്ലൂരുമായി താരതമ്യം ചെയ്താല്‍ വീട്ടുവാടക, ജീവിതച്ചെലവ് എന്നിവ കൊച്ചിയില്‍ കുറവാണ്. ബാംഗ്ലൂരില്‍ 50,000 രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍ കൊച്ചിയില്‍ 35,000 രൂപ ശമ്പളത്തിന് സമ്മതിയ്ക്കും. കാരണം ഈ രണ്ടു കൂട്ടര്‍ക്കും ചെലവിന് ശേഷം സമ്പാദിയ്ക്കാവുന്ന തുക ഏതാണ്ട് ഏറെക്കുറെ തുല്ല്യമാണ്.

14. കേരളത്തില്‍ ഇപ്പോള്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 55 ഓളം കമ്പനികള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇത്രയും കാലം കേരളത്തില്‍ പ്രവര്‍ത്തിച്ച അവര്‍ക്ക് കേരളത്തോടുള്ള പ്രതികരണം എന്താണ്?

ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പരിശീലന കേന്ദ്രം ഇവിടെ വച്ചിട്ടുള്ളത് തന്നെ കേരളത്തിന്റെ മനോഹരവും സമാധാനപരവുമായ കാമ്പസ് അന്തരീക്ഷം കാരണമാണ്. ടിസിഎസ് കശ്മീരിലും യുപിയിലും ഒരു തൊഴിലാളിയെ തിരഞ്ഞെടുത്താല്‍ അവര്‍ക്കുള്ള പരിശീലനം നല്കുന്നത് കേരളത്തിലെ ട്രെയിനിംഗ് കേന്ദ്രത്തിലാണ്. ട്രെയിനിംഗിന് പറ്റിയ വളരെ സമാധാനപരമായ കാമ്പസ് അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളതെന്ന് ടിസിഎസ് പറയുന്നു. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിയ്ക്കുന്ന യുഎസില്‍ നിന്നുള്ള ടൂണ്‍സ് അനിമേഷന്റെ ഉടമ ബില്‍ ഡെന്നിസിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്: ഇത്രയും നല്ല ഒരു അന്തരീക്ഷമുള്ള, ഇത്രയും ക്രിയേറ്റീവ് ആയ ടാലന്റ്സ് ഉള്ള കേരളം പോലുള്ള സ്ഥലം കുറവാണ്.

കേരളം ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന സംസ്ഥാനമായതിനാല്‍ ഭൂമിശാസ്ത്രപരമായി ഒരു പാട് പോരായ്മകളുണ്ട്. ഇപ്പോള്‍ ബാംഗ്ലൂരില്‍ വരുന്ന ഒരു വ്യവസായിക്ക് വിമാനത്തില്‍ വന്ന് ലാന്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ ഒരേ സമയം പല കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയും. ഹാര്‍ഡ് വെയറിന്റെ കാര്യമായാലും മറ്റെന്ത് കാര്യമായാലും ചെയ്യാന്‍ വ്യവസായങ്ങളുടെ ഒരു ശൃംഖലതന്നെയുണ്ട്. ദില്ലിയിലാണെങ്കില്‍ ഭരണസിരാകേന്ദ്രമായതിനാല്‍ പല കാര്യങ്ങളിലും അനുമതി ലഭിയ്ക്കാന്‍ വ്യവസായികള്‍ക്ക് എളുപ്പമുണ്ട്. ഒരു പക്ഷെ കാള്‍ സെന്ററുകള്‍ ഏറ്റവുമധികം ദില്ലിയിലായതിന്റെ കാര്യവും ഇതായിരിക്കാം. ഇപ്പോള്‍ കൊച്ചിയ്ക്കും ഇക്കാര്യത്തില്‍ ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. വിമാനത്താവളം, തുറമുഖം എന്നിവയെല്ലാം തൊട്ടടുത്ത്. നിലവാരമുള്ളആശുപത്രി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയും കൊച്ചിയിലുണ്ട്. ഷോപ്പിംഗിനായാലും കൊച്ചി മോശമല്ല. സ്റാര്‍ ഹോട്ടലുകളും കൊച്ചിയ്ക്കുണ്ട്. ഇതെല്ലാം മൂലം അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊച്ചിയ്ക്ക് വന്‍കുതിച്ചുചാട്ടമുണ്ടാകും.

3

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+