കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭ്രപാളിയ്ക്കുപിന്നിലെ കൊച്ചു പ്രതിഭ: കിഷന്‍ ശ്രീകാന്ത്

  • By Staff
Google Oneindia Malayalam News

കിഷന്‍ ശ്രീകാന്ത് എന്ന പത്തുവയസ്സുകാരനെ കാണുമ്പോള്‍ അസാധാരണത്വമൊന്നും തോന്നില്ല. ഏതൊരു സാധാരണ കുട്ടിയെയും പോലെ ചോക്ലേറ്റുകളെയും സിനിമകളെയും ഇഷ്ടപ്പെടുന്നു അവനും. എന്നാല്‍ കിഷന്‍ ഇന്ന് ഏറെ പ്രശസ്തനാണ്. ഒന്‍പതാമത്തെ വയസ്സില്‍ ഒരു ചലച്ചിത്രം സംവിധാനം ചെയ്ത് ഗിന്നസ് റക്കോര്‍ഡിട്ട കുട്ടിയെന്നാണ് ചലച്ചിത്രലോകത്ത് കിഷന്റെ പേര്. കെയര്‍ ഓഫ് ഫൂട്ട്പാത്ത് എന്നപേരില്‍ തെരുവുകുട്ടികളെക്കുറിച്ചുള്ള സിനിമയാണ് കിഷന്‍ സംവിധാനം ചെയ്തത്. അതും ബോളിവുഡിലെ മുതിര്‍ന്ന താരമായ ജാക്കി ഷ്റോഫിനെയും താരയെയും ഒക്കെ അണിനിരത്തി. കിഷന്റെ ലോകത്തേയ്ക്ക് അല്പനേരം.

കിഷന്‍: ഒരു സംവിധായകന്‍

കെയര്‍ ഓഫ് ഫൂട്പാത്തിന്റെ പിറവി എങ്ങനെയായിരുന്നു?

ഒരു ദിവസം ഞാന്‍ അച്ഛനോടൊപ്പം കാറില്‍ സഞ്ചരിയ്ക്കുമ്പോള്‍ കുറച്ച് ആണ്‍കുട്ടികള്‍ ദിനപ്പത്രങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കാനായി കാറിനടുത്തെത്തി. അവരെന്തുകൊണ്ടാണ് എന്നെപ്പോലെ സ്കൂളില്‍ പോകാത്തതെന്ന് എനിയ്ക്ക് സംശയം തോന്നുകയും അച്ഛനോട് ചോദിയ്ക്കുകയും ചെയ്തു. അപ്പോഴാണ് അവരില്‍ മിക്കവരും അനാഥരോ അല്ലെങ്കില്‍ തീരെ ദരിദ്രരോ ആയിരിക്കുമെന്ന് അച്ഛന്‍ പറഞ്ഞത്. ഈ സംഭവമാണ് ഈ ചിത്രത്തിന് പിന്നിലെ ഒറ്റവരിക്കഥയ്ക്ക് ആധാരം. ഈ സംഭവം നടക്കുമ്പോള്‍ എനിയ്ക്ക് ഏഴുവയസ്സാണ്. ഇന്ത്യയെപ്പോലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും തെരുവുകുട്ടികളുണ്ട്. അവര്‍ക്കുവേണ്ടിയുള്ളതാണ് എന്റെ ചിത്രം. ഇത് ഈ കാലത്തിന്റെ ആവശ്യം കൂടിയാണ്.

ചലച്ചിത്ര സംവിധാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ടോ?

അത്തരത്തിലൊന്നുമില്ല. കെയര്‍ ഓഫ് ഫൂട്പാത്ത് ചെയ്യുന്നതിന് മുമ്പ് 24 സിനിമകളുടെ ചിത്രീകരണ വേളകള്‍ പരിചയപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിലൊന്നും എനിയ്ക്ക് ഷോട്ടുകളുണ്ടായിരുന്നില്ല. എപ്പോഴും ഞാന്‍ ക്യാമറാമാനോടൊപ്പമോ സംവിധായകനൊപ്പമോ ആയിരുന്നു. അവര്‍ ഉപയോഗിയ്ക്കുന്ന ലെന്‍സുകളെപ്പറ്റിയും ഫ്രെയ്മുകളെ പറ്റിയുമൊക്കെയാണ് ഞാന്‍ ചോദിച്ചുകൊണ്ടിരുന്നത്. അങ്ങനെ അഭിനയം കൂടാതെ ചലച്ചിത്രം ഉണ്ടാക്കുന്നതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. പിന്നീട് ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഹോളിവുഡ് ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്ര സംവിധാനത്തെക്കുറിച്ചുള്ള ചില പുസ്തകങ്ങളും സിഡികളും കിട്ടി. അതും ഏറെ സഹായകമായി.

ജാക്കി ഷ്റോഫിനെയും താരയെയും പോലുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം ജോലിചെയ്യാന്‍ ഭയം തോന്നിയില്ലേ? എങ്ങനെയായിരുന്നു ആ അനുഭവം?

സെറ്റിലായിരിക്കുമ്പോള്‍ ഞാന്‍ തീര്‍ത്തും ആത്മവിശ്വാസമുള്ള ഒരു സംവിധായകനാണ്. എനിയ്ക്ക് എന്റെ ജോലിയെപ്പറ്റി അറിയാം. അതുകൊണ്ട് തന്നെ ഒരിക്കലും പേടി തോന്നിയില്ല. ജാക്കിയെയും താരയെയും പോലുള്ള മുതിര്‍ന്ന താരങ്ങള്‍ എന്നോട് വളരെ നന്നായി സഹകരിച്ചു. ഒരു സംവിധായനെന്ന നിലയില്‍ എന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അതെന്നെ സഹായിച്ചു. എല്ലാവരും എന്നെ ഒരു സാധാരണ സംവിധായകന്‍ എന്നനിലയ്ക്ക് തന്നെയാണ് കണ്ടതും പരിഗണിച്ചതും.

എത്രദിവസത്തെ ചിത്രീകരണം കൊണ്ടാണ് കെയര്‍ ഓഫ് ഫൂട് പാത്ത് പൂര്‍ത്തിയാക്കിയത്?

അഞ്ചാറുമാസത്തിനുള്ളില്‍ മൊത്തം 55 ദിവസമെടുത്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

മുംബൈയിലെ ചിത്രീകരണാനുഭവം എങ്ങനെയായിരുന്നു?

അത് ശരിയ്ക്കും വ്യത്യസ്തമായിരുന്നു. ജാക്കി അങ്കിളിനെ അവിടെവെച്ചാണ് ആദ്യമായി നേരില്‍ കാണുന്നത്. ഉച്ചതിരിഞ്ഞപ്പോഴേയ്ക്കും സ്ഥലം മാധ്യമ പ്രതിനിധികളെക്കൊണ്ട് നിറഞ്ഞു. ശരിയ്ക്കും പറഞ്ഞാല്‍ തിരക്കു കൊണ്ട് ഷൂട്ടിംഗ് തന്നെ കുറച്ചുസമയത്തേയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നു. അവര്‍ക്കൊക്കെ അഭിമുഖങ്ങള്‍ കൊടുത്തു... ശരിയ്ക്കും മറക്കാനാകാത്ത ഒരനുഭവം!

അടുത്തകാലത്ത് പുതിയ ചിത്രങ്ങളേതെങ്കിലും സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടോ?

പറ്റുകയാണെങ്കില്‍ വേനലവധിക്കാലത്ത് ഒരു ചിത്രം ചെയ്യണമെന്നുണ്ട്. കഥ പിന്നീടേ തീരുമാനിയ്ക്കൂ.

അതും ബാലവേലയ്ക്കെതിരായ വിഷയം വല്ലതുമായിരിക്കുമോ?

അല്ല, അത് കന്നഡത്തിലുള്ള ഒരു കച്ചവട സിനിമയായിരിക്കും.

കെയര്‍ ഓഫ് ഫൂട്ട് പാത്ത് പ്രദര്‍ശിപ്പിച്ച ശേഷമുള്ള പ്രതികരണം എങ്ങനെയായിരുന്നു? അത് തെരുവു കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്തോ?

ചിത്രം 95 ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ചു. അതിന് ശേഷം ഒരു ടെന്റ് സ്കൂളില്‍ പഠിയ്ക്കുന്ന ഒരു കൂട്ടം തെരുവു കുട്ടികളെ ഞാന്‍ കണ്ടുമുട്ടി. ഇനി യാചിക്കില്ലെന്നും കഠിനമായി അധ്വാനിച്ച് പഠിയ്ക്കുമെന്നും അവരെനിയ്ക്ക് വാക്ക് തന്നിട്ടുണ്ട്. പടം കണ്ടതിന് ശേഷം തങ്ങളുടെ കുട്ടികള്‍ പഠനത്തെ ഗൗരവത്തോടെ സ്വീകരിയ്ക്കാന്‍ തുടങ്ങിയെന്ന് ഒട്ടേറെ മാതാപതാക്കള്‍ അറിയിച്ചിട്ടുണ്ട്. നിരവധി സംഘടനകള്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. കാണുന്ന ഓരോ കുട്ടിയിലും ഈ സിനിമ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

സിനിമ സംവിധാനം ചെയ്യാന്‍ എത്ര പണം ചെലവായി?

ഒരു ലക്ഷത്തിലേറെ രൂപ ചെലവായിട്ടുണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്.

സ്വന്തം ചിത്രങ്ങളിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കാന്‍ ആഗ്രഹിയ്ക്കുന്നത്?

സിനിമയിലൂടെ നല്‍കാന്‍ കഴിയാത്ത സന്ദേശങ്ങളില്ല. ചെയ്യുന്ന ജോലിയ്ക്കുവേണ്ടി മനസ്സിനെ തയ്യാറാക്കുകയെന്നതാണ് പ്രധാനം. അങ്ങനെ ചെയ്താല്‍ സാധിക്കാത്തതായി ഒന്നുമില്ല.

ചിത്രം സംവിധാനം ചെയ്യുന്നതില്‍ മാതാപിതാക്കളും അധ്യാപകരും കൂട്ടുകാരുമൊക്കെ സഹായിക്കുകയുണ്ടായോ?

മാതാപിതാക്കള്‍ എപ്പോഴും എന്തിനും എന്നോടൊപ്പമുണ്ട്. ചീത്രീകരണവേളയില്‍ എന്റെ ക്ഷീണം മാറ്റാനൊക്കെയായി മുന്‍കയ്യെടുത്തത് എന്റെ അമ്മയാണ്. എല്ലാ പിന്തുണയുമായി അച്ഛന്‍ എപ്പോഴും കൂടെത്തന്നെയുണ്ട്. എന്റെ എല്ലാ സംശയങ്ങളും മാറ്റിത്തരുന്നത് അച്ഛനാണ്. എന്റെ സ്കൂളാണെങ്കില്‍ കുട്ടികളില്‍ എന്തെങ്കിലും കഴിവുകള്‍ കണ്ടെത്തിയാല്‍ അതിന് വേണ്ടവിധത്തില്‍ പ്രോത്സാഹനം നല്‍കും. അധ്യാപകരും വളരെ സഹായിക്കും. സ്കൂളിലെ പ്രധാനാധ്യാപികയായ വിജയ മാഡം എല്ലാതരത്തിലും എന്റെ പ്രവര്‍ത്തനങ്ങല്‍ക്ക് പിന്തുണ നല്‍കാറുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X