• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ന്യൂനപക്ഷത്തിന്‍റെ വോട്ട് ഇടത് പെട്ടിയില്‍ വീഴില്ല... ഹമീദ് മാഷിന്‍റെ ഉറപ്പാണ്: അഭിമുഖം

  • By നിതിൻ പി

തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ സ്ഥാനാര്‍ഥികളെല്ലാം തെല്ല് ഭയത്തോടു കൂടെ പ്രചരണത്തിനിറങ്ങുമ്പോള്‍ തികച്ചും ശാന്തമാണ് വള്ളിക്കുന്നിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി അബ്ദുള്‍ ഹമീദ് മാഷിന്റെ മനസ്സ്. വള്ളിക്കുന്ന് യുഡിഎഫിന് ഒരിക്കലും ഇളക്കം തട്ടാത്ത മണ്ഡലമാണ് എന്ന ഉറപ്പു തന്നെയാണ് ഇതിനു കാരണം. കെഎന്‍എ ഖാദറിന്റെ പിന്‍ഗാമിയായി മത്സരത്തിനിറങ്ങുകയാണ് പി അബ്ദുള്‍ ഹമീദ്. കെഎന്‍എ ഖാദര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനവും മുസ്ലീം ലീഗില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയും ഇത്തവണയും മുസ്ലീം ലീഗ് പ്രതിനിധിയെ നിയമസഭയിലെത്തിക്കുമെന്ന ഉറപ്പിലാണ് അദ്ദേഹം.

ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം ലീഗ് കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ മലപ്പുറം മുസ്ലീംലീഗ് ജില്ലാ ജനറല്‍സെക്രട്ടറിയായിരുന്നു പി അബ്ദുള്‍ ഹമീദ്. ഇത്തവണ ശക്തമായ മത്സരം പോലും മണ്ഡലത്തിലെന്ന് അദ്ദേഹം പറയുന്നു.ആരെയും മത്സരിക്കാന്‍ കിട്ടാത്തതു കൊണ്ടാണ് എല്‍ഡിഎഫ് ഐഎന്‍എല്ലിന് സീറ്റ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വണ്‍ഇന്ത്യ പ്രതിനിധി അബ്ദുള്‍ ഹമീദുമായി നടത്തിയ അഭിമുഖം....

ഇത്തവണ തുടര്‍ ഭരണം ഉണ്ടാകുമോ? മണ്ഡലത്തിലെ വിജയപ്രതീക്ഷ എങ്ങനെയാണ്?

ഇത്തവണ തുടര്‍ ഭരണമുണ്ടാകും. യുഡിഎഫ് ജയിക്കും, യുഡിഎഫ് ഭരിക്കും. ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് ഇത്തവണ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ഏറ്റവുമധികം വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് വള്ളിക്കുന്ന്.

തുടര്‍ച്ചയായ അഴിമതിയാരോപണങ്ങള്‍ ഭരണത്തുടര്‍ച്ചയ്ക്ക് തടസ്സമാകുമോ?

സര്‍ക്കാര്‍ അധികാരത്തിലെത്തിയ അന്നു മുതല്‍ തുടങ്ങിയതാണ് ഈ വിവാദങ്ങള്‍. എന്നാല്‍ ഒരു സര്‍ക്കാര്‍ വിരുദ്ധ സമീപനം ജനങ്ങളുടെ ഭാഗത്തു നിന്നുമില്ല. സര്‍ക്കാരിന്റെ വികസന നയങ്ങള്‍, സമാധാനപൂര്‍വമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാര്‍ നിലപാടുകള്‍ ജനങ്ങള്‍ക്കറിയാം. മാത്രമല്ല മതസൗഹാര്‍ദപരമായ അന്തരീക്ഷം നശിപ്പിക്കാനുള്ള പ്രചരണങ്ങള്‍ക്കും തടയിടാന്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധിക്കൂ. നന്‍മ ആഗ്രഹിക്കുന്ന മുഴുവന്‍ പേരും ഐക്യ ജനാധിപത്യ മുന്നണിയുടെ കൂടെ നില്‍ക്കും.

ഒട്ടേറെ മന്ത്രിമാര്‍ ആരോപണ വിധേയരായെങ്കിലും ലീഗിന്റെ മന്ത്രിമാര്‍ക്കെതിരെ പ്രധാന ആരോപണങ്ങള്‍ ഇല്ലാത്തത് വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കുമോ?

തീര്‍ച്ചയായും. ഐക്യ ജനാധിപത്യ മുന്നണിക്ക് തന്നെ അത് കരുത്തേകും. മുസ്ലീം ലീഗിന് അതിന്റേതായ അച്ചടക്കവും ചട്ടക്കൂടുമുണ്ട്, നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പെരുമാറ്റച്ചട്ടമുണ്ട്. സംസ്ഥാന പ്രസിഡന്‍റിന്റേയും മറ്റ് പാര്‍ട്ടി നേതാക്കളുടേയും കര്‍ശന മേല്‍നോട്ടമുണ്ട്. അതുകൊണ്ട് തന്നെ മുസ്ലീം ലീഗിനെതിരെ ആരോപണങ്ങള്‍ ഉണ്ടാകാറില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയത്തെ എങ്ങനെ വിലയിരുത്തുന്നു?

സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് സംസ്ഥാനത്തെ കൊണ്ടു വരുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എഴുന്നൂറില്‍പ്പരം ബാറുകള്‍ പൂട്ടുക എന്നത് വിപ്ലവകരമായ തീരുമാനമായിരുന്നു. ഒരുപാട് ബീവറേജസ് ഔട്‌ലെറ്റുകള്‍ പൂട്ടി. പടി പടിയായിട്ടാണ് മദ്യ നിരോധനം നടപ്പിലാക്കാന്‍ സാധിക്കുക.

ലീഗിന്റെ കോട്ടയായ മലപ്പുറത്ത് പല മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ പോരാട്ടം നടക്കുന്നുണ്ട്. ലീഗിന്റെ അപ്രമാദിത്തത്തിന് ഇളക്കം തട്ടുമോ?

ഒരിക്കലുമില്ല. ഇത്തവണ 16 നിയോജക മണ്ഡലങ്ങളും യുഡിഎഫ് കൈപ്പിടിയിലൊതുക്കം. പൊന്നാനിയും തവനൂരും തിരിച്ചു പിടിക്കുകയും ചെയ്യും.

കെഎന്‍എ ഖാദറിന്റെ പിന്‍ഗാമിയായിട്ടാണ് താങ്കള്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

നിയോജക മണ്ഡലത്തില്‍ നല്ല രീതിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു. കെഎന്‍എ ഖാദറിന് ജനങ്ങളോട് പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. പലതും നിര്‍മാണ ഘട്ടത്തിലാണ്. എല്ലാ വികസനപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുക എന്നത് ആരാലും സാധ്യമല്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു തുടര്‍ച്ചയുണ്ടാകും, പരിഹരിക്കാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും.

വള്ളിക്കുന്ന് നിയോജക മണ്ഡലത്തെപ്പറ്റിയുള്ള താങ്കളുടെ വികസന കാഴ്ചപ്പാട് എന്താണ്?

ഒരുപാട് രീതിയില്‍ വികസനക്കുതിപ്പിന് പറ്റിയ മണ്ഡലമാണ് വള്ളിക്കുന്ന്. കരിപ്പൂര്‍ എയര്‍പോര്‍ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കിന്‍ഫ്ര, ഐഒസി, പക്ഷി സങ്കേതം തുടങ്ങി വികസന സാധ്യതയുള്ള നിയോജക മണ്ഡലമാണ് വള്ളിക്കുന്ന്. ആ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ സ്വീകരിക്കും.

താങ്കള്‍ എംഎല്‍എ ആവുകയാണെങ്കില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്?

തീരദേശ മേഖലയില്‍ പ്രശ്‌ന പരിഹാരമാകാത്ത ഒരുപാട് പ്രശ്‌നങ്ങളുണ്ട്. മത്സ്യത്തൊഴിലാളികളും പാവങ്ങളും അധിവസിക്കുന്ന പ്രദേശത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ വേണ്ടത്ര എത്താറില്ല. ഇത്തരം അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണന. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കും, അതിനായി ഇരുമ്പോത്തിങ്ങലില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കുടിവെള്ള പ്രശ്‌നത്തിന് വിരാമമിടാന്‍ സാധിക്കും. ഫയര്‍‌സ്റ്റേഷന്‍, സര്‍ക്കാര്‍ കോളേജ് തുടങ്ങി മറ്റനവധി പദ്ധതികളുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തെപ്പറ്റിയുള്ള ആശങ്കകള്‍ക്ക് ഇതു വരെ പരിഹാരമായിട്ടില്ല. താങ്കള്‍ ഈ പ്രശ്‌നങ്ങളെ എങ്ങനെ കാണുന്നു?

റണ്‍വേ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിക്കാണ്ടിരിക്കുകയാണ്. വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും ഏവിയേഷന്‍ ഡിപാര്‍ട്‌മെന്റിന്റെയും സഹകരണമാണ് വേണ്ടത് അത് നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നടത്തുന്നുണ്ട്. കേരള സര്‍ക്കാരും ഇതില്‍ അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഐഎന്‍എല്ലിനെയിറക്കി ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കുന്നതിനുള്ള ഇടതുപക്ഷത്തിന്റെ ശ്രമത്തെ എങ്ങനെ കാണുന്നു?

മലപ്പുറം ജില്ലയില്‍ ഒരുപാട് തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ഇവരുടെ ശക്തിയും സ്വാധീനവും എത്രത്തോളമുണ്ടെന്ന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. വള്ളിക്കുന്ന് മണ്ഡലത്തില്‍ മത്സരിക്കാന്‍ ആരും തയ്യാറല്ല. താനൂരും തിരൂരുമൊക്കെയുള്ളതു പോലെ സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്യാന്‍ ഇടതുപക്ഷം ശ്രമിച്ചതാണ്. പക്ഷെ ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് അവര്‍ക്കറിയാം. യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ് വള്ളിക്കുന്ന്. ആരെയും കിട്ടാത്തതു കൊണ്ടാണ് ഐഎന്‍എല്ലിന് നല്‍കിയത്. അത് ഒരു ചലനവും സൃഷ്ടിക്കില്ല.

ബിജെപിയുടെ വളര്‍ച്ചയെ താങ്കള്‍ നോക്കിക്കാണുന്നു. ഇത്തവണ നിയമസഭയില്‍ ബിജെപി പ്രതിനിധികള്‍ ഉണ്ടാവുമോ?

കേരളത്തിന്റെ പാരമ്പര്യം വെച്ച് ബിജെപിക്ക് ഒരിക്കലും ഇവിടെ അക്കൗണ്ട് തുറക്കാന്‍ സാധ്യമല്ല. മതേതരപരമായി സാഹോദര്യത്തോടെ കഴിയുന്ന സമൂഹമാണ് നമ്മുടേത്. അതിന് ഇളക്കം തട്ടുന്ന ഒന്നും സമൂഹം ആഗ്രഹിക്കുന്നില്ല. ബിജെപിയുടെ അക്കൗണ്ട് തുറക്കുക എന്ന മോഹത്തിന് പല തീവ്രവാദ സംഘടനകളെയും അവര്‍ കൂട്ടു പിടിച്ചിട്ടുണ്ട്. അത് ആത്യന്തികമായി അവര്‍ക്ക് തന്നെ ദോഷം ചെയ്യും.

തീവ്രവാദ നിലപാടുകള്‍ക്കെതിരെയുള്ള എല്‍ഡിഎഫിന്റെ ശ്രമങ്ങളെ എങ്ങനെ കാണുന്നു?

എല്‍ഡിഎഫ് ഒരുപാട് സ്ഥലങ്ങളില്‍ ഇത്തരം നിലപാടുകളെ അനുകൂലിക്കുന്ന നടപടികളാണ് സ്വീകരിച്ചത്. ലീഗിനെ തകര്‍ക്കാന്‍ ഇവരെല്ലാവരും ഒറ്റക്കെട്ടാണ്. എസ്ഡിപിഐ എന്നോ സോളിഡാരിറ്റിയെന്നോ പിഡിപിയെന്നോ വ്യത്യാസമില്ലാതെ അതിന് എല്ലാവരും ഒറ്റക്കെട്ടാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ടാണ് സിപിഎം നേതൃത്വത്തില്‍ നടന്നത്. ആശയങ്ങള്‍ പ്രസംഗത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. തിരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ജയിക്കുക എന്നത് മാത്രമാണ് അവരുടെ ലകഷ്യം.

എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടുന്നുണ്ടോ?

ഒരു തരത്തിലുള്ള പ്രതിസന്ധിയും നേരിടുന്നില്ല. വളരെയധികം വിജയപ്രതീക്ഷയിലാണ്.

English summary
Assembly Election 2016: Minorities' vote will not be segregated in Vallikkunnu, as LDF putting INL candidate, says P Abdul Hameed. Interview with P Abdul Hameed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more