കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ 'അച്ഛേ ദിന്‍' ആണ് 'എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും'... ബല്‍റാം തുറന്നടിയ്ക്കുന്നു

Google Oneindia Malayalam News

2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കിയിരുന്ന മണ്ഡലമായിരുന്നു തൃത്താല. പുതുക്കക്കാരനായ വിടി ബല്‍റാം, ഇരുത്തം വന്ന മമ്മിക്കുട്ടിയെ തറപറ്റിച്ച് തൃത്താല മണ്ഡലത്തെ സിപിഎമ്മില്‍ നിന്ന് പിടിച്ചടക്കിയ മത്സരമായിരുന്നു അത്. ഭരണം ആര്‍ക്കെന്ന സംശയത്തില്‍ കേരളം ആകാംക്ഷാഭരിതമായി കാത്തിരുന്നപ്പോള്‍ തൃത്താല നിശ്ചയിച്ചത് യുഡിഎഫിന് എന്നായിരുന്നു. ഏറ്റവും ഒടുവില്‍ ഫലമറിഞ്ഞ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു തൃത്താല.

ഞങ്ങള്‍ വന്നാല്‍ എല്ലാം ശരിയാകും എന്നായിരുന്നു അന്ന് ബിജെപി പറഞ്ഞിരുന്നത്.

എന്തായാലും അഞ്ച് വര്‍ഷം കൊണ്ട് കേരളം തന്നെ ശ്രദ്ധിച്ച യുവ എംഎല്‍എമാരില്‍ പ്രമുഖനായി മാറിയിരിയ്ക്കുന്നു ബല്‍റാം. ബല്‍റാമിന്‍റെ നിലപാടുകള്‍ക്കായി സോഷ്യല്‍ മീഡിയ കാതോര്‍ത്തിരിയ്ക്കുന്ന സ്ഥിതിയായി. പക്ഷേ കോണ്‍ഗ്രസിനുള്ളിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിയ്ക്കുന്ന കാര്യത്തില്‍ ബല്‍റാമിന് ഇരട്ടത്താപ്പാണെന്ന് കടുത്ത വിമര്‍ശനവും ഇക്കാലയളവില്‍ ഉയര്‍ന്നു.

VT Balram

ഒരേ സമയം ബിജെപിയ്ക്കെതിരെയും സിപിഎമ്മിനെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ആണ് ബല്‍റാം ഉന്നയിക്കുന്നത്. 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും'എന്ന എല്‍ഡിഎഫിന്‍റെ പ്രചാരണ മുദ്രാവാക്യം 'അച്ഛേ ദിന്‍ ആനേ വാലാ ഹേ'എന്ന ബിജെപി മുദ്രാവാക്യത്തിന്‍റെ കോപ്പിയടിയാണെന്നാണ് ബല്‍റാമിന്‍റെ ആക്ഷേപം.

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ബല്‍റാമിന് അത്ര എളുപ്പമാകുമോ? തൃത്താല ബല്‍റാമിനെ തുണയ്ക്കുമോ? കാത്തിരുന്നത് കാണുക തന്നെ വേണം. എന്തായാലും ബല്‍റാം ശുഭ പ്രതീക്ഷയിലാണ്. വണ്‍ഇന്ത്യയുടെ പ്രതിനിധി വിടി ബല്‍റാമുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍....

? ഇത്തവണത്തെ വിജയ പ്രതീക്ഷ എങ്ങനെ

വിജിയ്ക്കാനാകും എന്ന് തന്നെയാണ് പ്രതീക്ഷ. സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി വരികയാണ്

? സാഹചര്യങ്ങള്‍ എങ്ങനെയാണ് അനുകൂലമാകുന്നത്?

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിന് കുറച്ച് കൂടി അനുകൂലമായ സാഹചര്യമാണ് വന്നിട്ടുള്ളത്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ പല സ്ഥലങ്ങലിലും ദുര്‍ബലരാണെന്ന് ഒരു അഭിപ്രായം വന്നിട്ടുണ്ട്. മലപ്പുറം ജില്ല പോലുള്ള സ്ഥലങ്ങളില്‍ സിപിഎമ്മിന് മത്സരിപ്പിയ്ക്കാന്‍ പോലും ആളെ കിട്ടാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

VT Balram 2

കോണ്‍ഗ്രസ്സിലാണെങ്കില്‍ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം കിട്ടിയിട്ടുള്ള ഒരു തിരഞ്ഞെടുപ്പാണിത്. ഇതെല്ലം പോസിറ്റീവ് ആയിരിക്കും. പൊതുവിലുള്ള ഒരു നെഗറ്റിവിറ്റി മാറി, ഒരു ഫീല്‍ ഗുഡ് ഫാക്ടറിലേയ്ക്ക് കാര്യങ്ങള്‍ മാറി വന്നുകൊണ്ടിരിയ്ക്കുകയാണ്.

? പൊതുവില്‍ ഒരു നെഗറ്റിവിറ്റി ഉണ്ടായിരുന്നു എന്ന് വിശ്വിസിയ്ക്കുന്നുണ്ടോ?

ഉണ്ട്. കാരണം, പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിന് വലിയ തിരിച്ചടി നേരിട്ടു. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്.

? മെത്രാന്‍ കായല്‍ വിഷയവും ഹോപ്‌സ് എസ്റ്റേറ്റ് വിഷയവും ഒക്കെ തിരിച്ചടിയാവില്ലേ?

ആ പ്രശ്‌നങ്ങളെ കുറിച്ചുള്ള സൂചനകള്‍ കിട്ടിയപ്പോള്‍ തന്നെ സര്‍ക്കാര്‍ അത് കറക്ട് ചെയ്തു. കോണ്‍ഗ്രസിന് അകത്ത് നിന്ന് തന്നെയാണ് അത് തിരുത്തണം എന്ന സമീപനം വന്നത്. ഒരു ദുരഭിമാനവും കൂടാതെ സര്‍ക്കാര്‍ അത് അംഗീകരിയ്ക്കുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇത്തരം ഭൂമി വിവാദങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ അത് തിരുത്താന്‍ തയ്യാറായിരുന്നില്ല.

VT Balram 3

? എന്തുകൊണ്ടാണ് അവസാന നിമിഷം ഇത്രയധികം വിവാദ തീരുമാനങ്ങള്‍ വന്നത്. അത് സംശയം ജനിപ്പിയ്ക്കുന്ന ഒന്നല്ലേ

ലോങ് പെന്‍ഡിങ് ആയിട്ടുള്ള ഫയലുകളിലെല്ലാം തീരുമാനമെടുക്കുക എന്നൊരു സമീപനം എടുത്തിട്ടുണ്ടാകും. ധൃതി പിടിച്ച് തീരുമാനമെടുത്തപ്പോള്‍ ചെയ്തപ്പോള്‍ സംഭവിച്ച പിഴവുകളാകാം.

? അതൊരു എക്‌സ്‌ക്യൂസ് ആണോ?

അതൊരിയ്ക്കലും ഒരു എക്‌സ്‌ക്യൂസ് അല്ല. അതുകൊണ്ടാണല്ലോ നമ്മളടക്കം അത് തിരുത്തണം എന്ന് ആവശ്യപ്പെട്ടത്. അക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു ദുരഭിമാനമോ കടുംപിടിത്തമോ ഇല്ല എന്നാണല്ലോ തീരുമാനം തിരുത്തിയതിലൂടെ തെളിഞ്ഞത്.

VT Balram 4

? തൃത്താല മണ്ഡലത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് ചെയ്ത കാര്യങ്ങളില്‍ തൃപ്തനാണോ?

തൃത്താലയിലെ അഞ്ച് വര്‍ഷം എന്ന് പറയുമ്പോള്‍ 20 വര്‍ഷത്തെ ബാക്ക് ലോഗിന് ശേഷമുള്ള കാലയളവാണ്. കാലങ്ങളായി ആഗ്രഹിച്ച് നടക്കാതെ പോയ പല കാര്യങ്ങളും പൂര്‍ത്തീകരിയ്ക്കാന്‍ സാധിച്ചു. അതോടൊപ്പം പുതിയ പല ആശയങ്ങളും മുന്നോട്ട് കൊണ്ടുവരാനും പലതും ചെയ്ത് തീര്‍ക്കാനും സാധിച്ചിട്ടുണ്ട്.

തൃത്താല മണ്ഡലത്തില്‍ ഒരു കോളേജ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. സര്‍ക്കാര്‍ തലത്തില്‍ 22 കോളേജുകളാണ് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത്. മറ്റ് പലയിടത്തും ഒന്നും നടന്നിട്ടില്ല. പെര്‍മനന്റ് കാമ്പസ് നിര്‍മാണം തുടങ്ങിയത് തൃത്താലയില്‍ മാത്രമാണ്. അഞ്ച് കോടി രൂപ അനുവദിച്ചു.

?കോളേജുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ വിവാദം

അത് സര്‍ക്കാര്‍ കോളേജ് സംബന്ധിച്ചല്ല. എന്‍എസ്എസിന് എയ്ഡഡ് കോളേജിന് വേണ്ടി സ്ഥലം ഉണ്ടായിരുന്നു. ആ സ്ഥലത്ത് എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ എയ്ഡഡ് കോളേജ് തുടങ്ങാന്‍ വേണ്ടി തന്നെ ആയിരുന്നു തുടക്കത്തില്‍ ശ്രമിച്ചത്. എന്നാല്‍ അപ്പോഴത് നടന്നില്ല. പക്ഷേ സര്‍ക്കാര്‍ കോളേജുകള്‍ അനുവദിച്ചപ്പോള്‍ തൃത്താലയ്ക്ക് ലഭിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ എന്‍എസ്എസിനും കോളേജ് അനുവദിച്ചിട്ടുണ്ട്.

VT Balram 5

? യാഥാര്‍ത്ഥ്യമാക്കിയ സ്വപ്നം

പട്ടാമ്പി തലൂക്ക് എന്നത് വര്‍ഷങ്ങളായിട്ടുള്ള ഒരു ആവശ്യമായിരുന്നു. ഇഎംഎസ് വിചാരിച്ചിട്ട് പോലും നടക്കാതെ പോയ കാര്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിട്ടുള്ളത്. പട്ടാമ്പിയിലും തൃത്താലയിലും കേരളത്തിലും യുഡിഎഫ് ആയതുകൊണ്ടാണ് അത് നടന്നത്. പട്ടാന്പി എംഎല്‍എ സിപി മുഹമ്മദിനൊപ്പം ചേര്‍ന്നാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ 10 വര്‍ഷമായി സിപി അതിന് ശ്രമിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു.

? മറ്റ് പ്രധാന പദ്ധതികള്‍?

കൂറ്റനാട് തുടങ്ങിയ കൗശല്‍ കേന്ദ്ര ആണ് അതില്‍ പ്രധാനം. സ്‌കില്‍ ഡെവലപ്പ്‌മെന്റുമായി ബന്ധപ്പെട്ടതാണിത്. കേരളത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ മാത്രമാണ് ഇതുള്ളത്. സാധാരണ മറ്റ് സ്ഥലങ്ങള്‍ക്ക് മാത്രം കിട്ടാന്‍ ഇടയുള്ള ഒരു പദ്ധതിയാണ് തൃത്താലയില്‍ തുടങ്ങിയത്. ഒന്നര കോടി രൂപയുടെ പദ്ധതിയാണിത്. ഇതിന്‍റെ തുടര്‍ച്ചയെന്നോണം 14 കോടി രൂപയുടെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും തൃത്താല മണ്ഡലത്തില്‍ വരുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍. സംസ്ഥാനത്ത് ആകെ 15 കേന്ദ്രങ്ങളിലാണ് ഇത് വരുന്നത്. ചാത്തന്നൂരില്‍ അതിന്റെ നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞു.

? ജില്ലയിലെ മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്ന് പിടിച്ചെടുക്കുന്നതാണോ ഇതൊക്കെ?

പാലക്കാട് എംഎല്‍എ ഷാഫി പറന്പിലുമായി ആരോഗ്യകരമായ മത്സരമാണ്. പാലക്കാടിന് യോജിച്ചത് പാലക്കാടിനും തൃത്താലയ്ക്ക് യോജിച്ചത് തൃത്താലയ്ക്കും എന്നതാണ് അതിലെ മാനദണ്ഡം. ടൗണിന്റെ വികസന സാധ്യതയും ഗ്രാമത്തിന്റെ വികസന സാധ്യതയും വ്യത്യസ്തമാണ്. എന്നാലും പദ്ധതികള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ ആരോഗ്യകരമായ മത്സരം ഉണ്ട്.

? ബിജെപിയേയും ആര്‍എസ്എസ്സിനേയും ഏറ്റവും രൂക്ഷമായി വിമര്‍ശിയ്ക്കുന്ന വ്യക്തിയാണ് വിടി ബല്‍റാം. ഇത്തവണ ബിജെപി തൃത്താലയില്‍ ഏതെങ്കിലും തരത്തില്‍ വിഘാതം സൃഷ്ടിയ്ക്കുമോ?

എല്ലാ തിരഞ്ഞെടുപ്പുകളിലും സാഹചര്യങ്ങള്‍ മാറും എന്നാണ് ഞാന്‍ വിലയിരുത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും സിപിഎമ്മിനും വോട്ടുകള്‍ കുറഞ്ഞു. കോണ്‍ഗ്രസ്സിനാണ് വോട്ടുകള്‍ കൂടുതല്‍ കിട്ടിയത്. അപ്പോഴും പഞ്ചായത്തുകളിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും സിപിഎമ്മിനാണ് കൂടുതല്‍ വോട്ടുണ്ടായിരുന്നത്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പായപ്പോള്‍ സാഹചര്യങ്ങള്‍ മാറിയ കാഴ്ചയാണ് കണ്ടത്.

? കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തില്‍ ബിജെപിയുടെ വോട്ടുകളാണ് വലിയ തോതില്‍ കൂടിയത്. പതിനായിരത്തോളം വോട്ടുകള്‍ കൂടി. യുഡിഎഫിന്റെ വോട്ട് പതിനായിരത്തോളം ചോരുകയും ചെയ്തു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വ്യാപകമായി കൂടുതല്‍ വോട്ട് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും യുഡിഎഫിന് വോട്ട് കുറഞ്ഞിട്ടുമുണ്ട്. ബിജെപിയുടേത് ഒരു വണ്‍ ടൈം ഫിനോമിനണ്‍ ആയിട്ടാണ് വിലയിരുത്തുന്നത്. രാജ്യവ്യാപകമായ ഒരു പ്രതിഭാസം ആയിരുന്നു അത്. എന്നാല്‍ ബിജെപിയുടെ വളര്‍ച്ചയെ തടഞ്ഞു നിര്‍ത്താനുള്ള ഫോഴ്‌സ് കോണ്‍ഗ്രസ് തന്നെയാണ്.

കഴിഞ്ഞ തവണ തൃത്താലയില്‍ ഒരു വാര്‍ഡ് മെമ്പര്‍ മാത്രമായിരുന്നു ബിജെപിയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് രണ്ട് ആയി. സിപിഎമ്മിന്റെ രണ്ട് കുത്തക വാര്‍ഡുകളാണ് ഇത്തവണ ബിജെപി പിടിച്ചെടുത്തത്. ബിജെപിയുടെ വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചടക്കുകയും ചെയ്തു.

എന്തായാലും ബിജെപി വലിയ രീതിയിലുള്ള മുന്നേറ്റം കാഴ്ചവയ്ക്കും എന്ന് പ്രതീക്ഷിയ്ക്കുന്നില്ല. ബിജെപി എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിക്കഴിഞ്ഞിരിയ്ക്കുന്നു. ഇനി കാര്യമായിട്ടൊന്നും അവര്‍ക്ക് മുന്നോട്ട് വയ്ക്കാനില്ലെന്നും ജനങ്ങള്‍ക്ക് മനസ്സിലായി

ഞങ്ങള്‍ വന്നാല്‍ എല്ലാം ശരിയാകും എന്നായിരുന്നു(അച്ഛേ ദിന്‍ ആനേ വാലേ ഹെ) അന്ന് ബിജെപി പറഞ്ഞിരുന്നത്. ഇപ്പോള്‍ അതേ മുദ്രാവാക്യം തന്നെയാണ് എല്‍ഡിഎഫ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ബിജെപിയുടെ മുദ്രാവാക്യം മലയാളത്തിലേയ്ക്ക കോപ്പി അടിയ്ക്കുകയാണ് എല്‍ഡിഎഫ് ചെയ്തിട്ടുള്ളത്. അന്ന് അവര്‍ ഹിന്ദിയില്‍ പറഞ്ഞു, ഇപ്പോള്‍ ഇവര്‍ മലയാളത്തില്‍ പറയുന്നു. ഇത്തരം കപട മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം ജനം തിരിച്ചറിയും.

VT Balram6

? ഇത്തവണത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൂടുതല്‍ വോട്ടുകള്‍ പിടിയ്ക്കാന്‍ സാധ്യതയില്ലേ? കോളേജ് അധ്യാപികയായ വിടി രമയാണ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിനകത്ത് നിന്നുള്ള വ്യക്തി തന്നെയാണ് അവര്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് ജനങ്ങള്‍ക്ക് വിസ്മരിയ്ക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് എപ്പോഴും സമീപിയ്ക്കാവുന്ന ഒരു എംഎല്‍എ, മണ്ഡലത്തില്‍ എപ്പോഴും ഉള്ള എംഎല്‍എ - ഇതെല്ലാം ആളുകള്‍ക്ക് അറിയാവുന്നതാണ്. അപ്പോള്‍ ഒരു ചെയ്ഞ്ച് എന്ന കാര്യത്തില്‍ വലിയ പ്രസക്തിയില്ല. ലെറ്റ് ഹിം കണ്ടിന്യൂ എന്നായിരിയ്ക്കും ഒരു പക്ഷേ ജനങ്ങള്‍ ചിന്തിയ്ക്കുക.

? പലപ്പോഴും രാഷ്ട്രീയമല്ലേ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിയ്ക്കുക

അങ്ങനെ പറയാന്‍ കഴിയില്ല. ആളുകള്‍ ഇന്റലിജന്റ് ആയി വോട്ട് ചെയ്യും.

? ബിഡിജെഎസിന്റെ സ്വാധീനം

ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ അവരുടെ സ്വാധീനം സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ കഴിയൂ. എസ്എന്‍ഡിപിയുടെ സ്വാധീനം ഒരിയ്ക്കലും ബിഡിജെഎസിന് പ്രതീക്ഷിയ്ക്കാന്‍ പറ്റില്ല. സംഘടന എന്ന അര്‍ത്ഥത്തില്‍ എസ്എന്‍ഡിപിയെ വിലകുറച്ച് കാണാന്‍ കഴിയില്ല. എസ്എന്‍ഡിപിയിലെ ചില ആളുകള്‍ അവരുടെ സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി ആര്‍എസ്എസ്സുമായി ചേര്‍ന്ന് രൂപീകരിച്ച് ബിഡിജെഎസ് വേറെയാണ്.

English summary
Kerala Assembly Election 2016: Interview with Thrithala Congress candidate VT Balram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X