• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞിനെതിരെ മത്സരിക്കുന്ന 'കുഞ്ഞ്' സ്ഥാനാര്‍ഥിക്ക് എന്താണ് പറയാനുള്ളത് ?

  • By desk

കണ്ടാല്‍ മുണ്ടുടുത്ത മെല്ലിച്ചൊരു കോളേജ് പയ്യന്‍. മീശ പോലും മുളച്ചു വരുന്നേയുള്ളുവെന്ന് തോന്നും. പക്ഷെ മൈക്കിന്റെ മുമ്പിലെത്തിയാല്‍, ഗാംഭീര്യം പൊഴിക്കുന്ന ശബ്ദത്തില്‍ തന്റെ വോട്ടര്‍മാരോട് ഈ വിദ്യാര്‍ഥി നേതാവിന് എന്താകും പറയാനുണ്ടാകുക!

പുതുപ്പള്ളിയില്‍ വിദ്യാര്‍ഥി നേതാവ് ജെയ്ക് സി തോമസിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പഴയകാല കെഎസ് യു സംസ്ഥാന പ്രസിഡന്റിനെതിരെ ഇപ്പോഴത്തെ എസ്എഫ്ഐ സംസ്ഥാന പ്രസിന്റിന്റെ പോരാട്ടം. മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന നിലയില്‍ തന്നെ മലയാളക്കരയിലെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് പുതുപ്പള്ളി. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന ജെയ്ക്കും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

കന്നിയങ്കത്തിന് ഉമ്മന്‍ചാണ്ടിയെന്ന 'കുഞ്ഞൂഞ്ഞി'നോട് മത്സരിക്കാനിറങ്ങുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ 'കുഞ്ഞ്' സ്ഥാനാര്‍ഥിയാണ് ജെയ്ക്. ചില ചോദ്യങ്ങള്‍ക്ക് ഈ യുവനേതാവിന്റെ മറുപടി എങ്ങനെയെന്ന് നോക്കാം.

എന്തിനാണ് മത്സരിക്കുന്നത്?

സംശിയിക്കണ്ട ജയിക്കാന്‍ തന്നെ.

ചാവേറാകുക എന്നൊരു പ്രയോഗം പൊതുവെ പുതുപ്പള്ളിയില്‍ മത്സരിക്കാനെത്തുന്ന എതിര്‍ സ്ഥാനാര്‍ഥികള്‍ പതിവായി നേരിടുന്നുണ്ടോ?

ചാവേറാകാനെത്തിയതാണെന്ന ഭീതിയില്ല. അഴിമതിക്കെതിരെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ കഴിയുന്നത് അംഗീകാരമാണ്. എസ്എഫ്ഐയിലൂടെയാണ് വളര്‍ന്നത്. അതുകൊണ്ട് ഏത് നേതാവിന്റെ മുഖത്തുനോക്കിയും സത്യം വിളിച്ചു പറയാന്‍ ഭയമില്ല. അതിന് പ്രാപ്തനാക്കിയത് എസ്എഫ്ഐയാണ്. തിരഞ്ഞെടുപ്പിലും ആരേയും ഭയപ്പെടുന്നില്ല.

തുടര്‍ച്ചയായി പത്തു വര്‍ഷം ജയിച്ച, ഇത്രയും മുതിര്‍ന്ന നേതാവിനെ എങ്ങനെ നേരിടും?

കഴിഞ്ഞ പത്തു തവണ മത്സരിച്ചപ്പോഴും പുതുപ്പള്ളിക്കാര്‍ കണ്ടതോ അറിഞ്ഞതോ ആയ ഉമ്മന്‍ചാണ്ടിയല്ല ഇപ്പോഴുള്ളത്. ചരിത്രത്തിലൊന്നും ഇല്ലാത്ത വിധം അഴിമതി ആരോപണങ്ങളുടെ കൂരമ്പുകളേറ്റ് ഉമ്മന്‍ചാണ്ടിയുടെ മുഖം വികൃതമാണ്. സുതാര്യത വാക്കില്‍ മാത്രമാണ്. 140 മണ്ഡലങ്ങളിലും ചര്‍ച്ചയാകുന്ന അഴിമതിയാരോപണങ്ങളുടെ താക്കോല്‍ സ്ഥാനത്തു നില്‍ക്കുന്നയാളുടെ മണ്ഡലത്തില്‍ ഇതെല്ലാം ചര്‍ച്ച ചെയ്യപ്പെടും. അഴിമതിക്കെതിരെയുള്ള പ്രതികരണമാകും ഈ തിരഞ്ഞെടുപ്പ്. ഉമ്മന്‍ചാണ്ടക്കെതിരായി വീഴുന്ന ഓരോ വോട്ടും അഴിമതിക്കും അനീതിക്കും എതിരെയുള്ള പ്രതിഷേധമാകും.

പുതുപ്പള്ളിയിലെ പ്രധാന ജനകീയ പ്രശ്‌നം എന്താണ്?

വികസനമെത്തിനോക്കാത്ത മണ്ഡലമാണ് പുതുപ്പള്ളി മണ്ഡലമെന്ന് പര്യടനത്തിനിടയില്‍ വ്യക്തമായി. ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ള ക്ഷാമമാണ്. ഇതിന് വലിയ വ്യാപ്തിയുണ്ടെന്ന് ബോധ്യപ്പെട്ടു. പല സ്ഥലങ്ങളിലും ജലവിതരണം കാര്യക്ഷമമല്ല. ഉണ്ടെങ്കില്‍ തന്നെ വെള്ളം വല്ലപ്പോഴുമാണ് കിട്ടുന്നത്. മിക്കാവാറും ആളുകള്‍ ദൂരെ ദിക്കില്‍ നിന്നും വെള്ളം ശേഖരിച്ച് കൊണ്ടു വരുന്നു. പല വീടുകളിലും സ്ത്രീകള്‍ക്ക് വെള്ളം ശേഖരിക്കേണ്ടി വരുന്നതു മൂലം ജോലിക്കു പോലും പോകാന്‍ പറ്റാത്ത അവസ്ഥ കണ്ടു. ജയിച്ചു വന്നാല്‍ ഇതിന് പരിഹാരം കാണണമെന്നാണ് ആഗ്രഹം.

മണ്ഡലത്തിലെ ആരോഗ്യമേഖല?

ആരോഗ്യമേഖല താറുമാറായ നിലയിലാണ്. പാമ്പാടി ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെന്ന പ്രഖ്യാപനം നടത്തിയതല്ലാതെ അടിസ്ഥാന വികസനമൊന്നുമായില്ല. കെകെ റോഡിനോട് ചേര്‍ന്നുള്ള ആശുപത്രി എന്ന നിലയില്‍ അപകടത്തില്‍ പെടുന്നവരെയടക്കം അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കേണ്ടയിടത്ത് ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല.

മറ്റ് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? പരിഹാര നിര്‍ദ്ദേശങ്ങള്‍ ഉണ്ടോ?

കാര്‍ഷിക മേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. നെല്‍കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം അവഗണനയുടെ മുന്‍നിരയിലാണ്. പുതുപ്പള്ളിയെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ റബ്ബര്‍ കൃഷിയുടെ കാര്യമാണ് ഏറെ കഷ്ടം. റബ്ബര്‍ ബോര്‍ഡ് കേന്ദ്ര ഓഫീസ് വരെയുള്ള പുതുപ്പള്ളിയില്‍ പോലും റബ്ബര്‍ വിലയിടിവ് കാലത്ത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ചെറുകിട റബ്ബര്‍ കര്‍ഷകരും ടാപ്പിങ് തൊഴിലാളികളും തൊഴിലുപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് ചേക്കേറി. അവരുടെ പിടിച്ചുനില്‍പ്പിന് വേണ്ട നടപടി ഉണ്ടാകണം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആവശ്യമായ കദളിവാഴക്കുലകള്‍ നാട്ടില്‍ തന്നെ കൃഷി ചെയ്തുണ്ടാക്കാന്‍ രൂപം കൊണ്ട സംരംഭം പോലെ റബ്ബര്‍ അധിഷ്ഠത സംരംഭങ്ങള്‍ ഉണ്ടാകണം. അതിന് സൊസൈറ്റികള്‍ രൂപവത്കരിച്ച് ചെറു സംരംഭങ്ങള്‍ക്ക് തുടക്കമിടാനാണ് ഉദ്ദ്യേശിക്കുന്നത്.

പൊതു വേദികളില്‍ ഈ യുവപോരാളി തന്റെ വോട്ടര്‍മാരെ ബോധവത്കരിക്കുന്നത് ഇങ്ങനെ

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എട്ട് എക്‌സിറ്റ് പോളുകളും സംശയങ്ങള്‍ക്ക് ഇടയില്ലാത്തവണ്ണം വിളിച്ചു പറയുന്നത് എല്‍ഡിഎഫ് വിജയിക്കുമെന്നാണ്. വരാന്‍ പോകുന്നത് ഇടതുപക്ഷത്തിന്റെ വസന്തകാലം. ഐക്യകേരളം രൂപം കൊണ്ടതിന് ശേഷം ഇന്നു വരെയുള്ള സര്‍ക്കാരുകളില്‍ ഇത്രയധികം അഴിമതിയെ നാട്ടുനടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ വേറെയില്ല. സോളാറും ബാറും ഭൂമി തട്ടിപ്പും തുടങ്ങി അണമുറിയാത്ത അഴിമതി പരമ്പര. അവസാനത്തെ ക്യാബിനറ്റ് വരെ തുടര്‍ന്നു ഈ അഴിമതിയുടെ ഒഴുക്ക്. സാധാരണ അവസാന ക്യാബിനറ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് പതിവ്. എന്നാല്‍ യുഡിഎഫ് സന്തോഷ് മാധവന് ഭൂമി പതിച്ചു നല്‍കുകയാണുണ്ടായത്. വിജയ് മല്യമാര്‍ക്കും സന്തോഷ് മാധവന്മാര്‍ക്കും വേണ്ടി നിലകൊണ്ട സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാകും. പുതുപ്പള്ളിക്കാര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി ജെയ്ക് പൊതുപ്രസംഗം അവസാനിപ്പിക്കുന്നു.

English summary
Assembly Election 2016: What Jaik P Thomas want to speak to the People, the youngest candidate who contest against Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X