കെസി വേണുഗോപാല്‍ മികച്ച വിജയം നേടുമെന്ന് എഎ ഷുക്കൂര്‍; ശോഭയ്ക്ക് വോട്ട് കുറയും
ആലപ്പുഴ: രാജ്യത്ത് കോണ്‍ഗ്രസിന്റെ നയിക്കുന്ന നേതാക്കളില്‍ പ്രധാനിയാണ് കെസി വേണുഗോപാല്‍. ആലപ്പുഴയുടെ മനസറിയുന്ന അദ്ദേഹം മാറിനിന്ന 2019ല്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നിയ വേണുഗോപാല്‍ പിന്നീട് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശക്തരെ കളത്തിലിറക്കണമെന്നായിരുന്നു കോണ്‍ഗ്രസ് തീരുമാനം.
അതാണ് കെസി വേണുഗോപാലിന് ആലപ്പുഴയിലേക്ക് വീണ്ടും വഴിയൊരുക്കിയത്. വേണുഗോപാലിന്റെ വരവ് യുഡിഎഫ് ക്യാപില്‍ ഉണ്ടാക്കിയ ആവേശം ചെറുതല്ല. ഭിന്നതകള്‍ മാറ്റിവച്ച് പോരാട്ടം കടുപ്പിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസിന്റെ പ്രചാരണ രംഗത്തെ മുന്നണി പോരാളിയാണ് മുന്‍ എംഎല്‍എ എഎ ഷുക്കൂര്‍. യുഡിഎഫിന്റെ പ്രതീക്ഷ അദ്ദേഹം വണ്‍ഇന്ത്യ മലയാളവുമായി പങ്കുവയ്ക്കുകയാണിവിടെ. ഇത്തവണ ചരിത്രവിജയം നേടുമെന്ന് ഷുക്കൂര്‍ പറയുന്നു...

(കടപ്പാട്- കെസി വേണുഗോപാല്‍ ഫേസ്ബുക്ക് പേജ്)
ഇനി ജനങ്ങളെ ഇളക്കി മറിച്ചുള്ള പ്രചാരണം
കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം നിലവിലുണ്ട്. കാലികമായ രാഷ്ട്രീയം വിവിധ രൂപത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു. ഇനി ജനങ്ങളെ ഇളക്കിമറിച്ചുള്ള പ്രചാരണം നടക്കും. ഇന്നലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രി സീതക്കയും ആലപ്പുഴ മണ്ഡലത്തിലുണ്ടായിരുന്നു...
അരൂരില്‍ നിന്ന് കരുനാഗപ്പള്ളി വരെയുള്ള മേഖലയില്‍ സീതക്കയും കായംകുളത്ത് നിന്ന് കരുനാഗപള്ളി വരെ രേവന്ത് റെഡ്ഡിയും പ്രചാരണം നടത്തി. ഡികെ ശിവകുമാറും മണ്ഡലത്തിലെത്തി. വലിയ ജനക്കൂട്ടമാണ് എല്ലായിടത്തും. കെസി വേണുഗോപാല്‍ കഴിഞ്ഞ തവണ മാറി നില്‍ക്കാന്‍ പാടില്ലായിരുന്നു എന്ന അഭിപ്രായമാണ് വോട്ടര്‍മാര്‍ക്കുള്ളത്. അദ്ദേഹം നേരത്തെ കൊണ്ടുവന്ന പദ്ധതികള്‍ നാടിന് ഗുണം ചെയ്തിട്ടുണ്ട്.

(കടപ്പാട്- കെസി വേണുഗോപാല്‍ ഫേസ്ബുക്ക് പേജ്)
അഭിപ്രായ സര്‍വെ ഫലങ്ങള്‍ക്ക് അപ്പുറത്ത്...
അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ യുഡിഎഫിന് അനുകൂലമാണ്. എന്നാല്‍ അതിനേക്കാള്‍ ഉയര്‍ന്ന വോട്ടാകും യഥാര്‍ഥ ഫലം വരുമ്പോള്‍ കെസി വേണുഗോപാലിന് ലഭിക്കുക. കാരണം, സര്‍ക്കാരിനെതിരെ അത്രയും ശക്തമായ വികാരം നിലവിലുണ്ട്. ചെങ്കൊടി പിടിക്കുന്നവര്‍ പോലും മാറി ചിന്തിക്കുന്നു. 2019ല്‍ ചില്ലറ പിശക് തങ്ങള്‍ക്ക് സംഭവിച്ചു. ഇത്തവണ എല്ലാം പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇടതുപക്ഷത്തിന് ശക്തമായ പ്രഹരമേല്‍പ്പിക്കും.
ശോഭ സുരേന്ദ്രന്‍ തിളങ്ങില്ല
ബിജെപിക്ക് ഇത്തവണ വോട്ട് കുറയാനാണ് സാധ്യത. 2019ല്‍ ബിജെപിക്ക് ലഭിച്ച വോട്ട് പോലും ശോഭ സുരേന്ദ്രന് കിട്ടില്ല. താഴോട്ട് പോകും. വോട്ടെണ്ണി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. കഴിഞ്ഞ തവണത്തെ ബിജെപി സ്ഥാനാര്‍ഥി ഗാന്ധിയന്‍ വഴിയിലൂടെ, കോണ്‍ഗ്രസിലൂടെ വന്ന വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുകാരുടെ വോട്ട് പോലും മാറിപ്പോയിട്ടുണ്ട്. ഇത്തവണ അതൊന്നും സംഭവിക്കില്ല. മോദിക്കെതിരായ ജനവിരുദ്ധ മനസ് ശോഭയ്ക്ക് എതിരായി മാറും.
വെള്ളാപ്പള്ളിക്ക് മറുപടിയില്ല
വെള്ളാപ്പള്ളി നടേശന്‍ എന്തും പറയട്ടേ, അദ്ദേഹത്തിന് മറുപടി കൊടുക്കുന്നില്ല. വെള്ളാപ്പള്ളിക്ക് രക്ഷപ്പെടണം, നിലനില്‍ക്കണം എന്ന് മാത്രമാണ് ചിന്ത. നിയമപരമായ പ്രശ്‌നങ്ങളുണ്ടാകരുത്. അതിന് രണ്ടിടത്തും അദ്ദേഹത്തിന്റെ കാലുണ്ട്. ഇടതുപക്ഷത്തിന് ആലപ്പുഴയിലെ ചില ഭാഗങ്ങള്‍ മികച്ച വോട്ടുണ്ട്. പക്ഷേ, സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാത്ത രണ്ട് സര്‍ക്കാരുകളാണ് ഭരിക്കുന്നത്.
കെസിയുടെ രാജ്യസഭാ സീറ്റ്
കെസി വേണുഗോപാലിന്റെ രാജ്യസഭാ സീറ്റ് ബിജെപിക്ക് കിട്ടുമെന്ന പ്രചാരണം ശരിയല്ല. രാജ്യസഭാ സീറ്റ് മാറിയും മറിഞ്ഞുമിരിക്കും. നിര്‍മല സീതാരാമന്‍ ഒഴിഞ്ഞ സീറ്റ് കോണ്‍ഗ്രസിന് കിട്ടിയില്ലേ. തെലങ്കാനയില്‍ ബിജെപിയുടെ സീറ്റുകള്‍ നഷ്ടപ്പെടുന്നു. കോണ്‍ഗ്രസിന് സീറ്റുകള്‍ കൂടുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യസഭാ സീറ്റ് വിഷയമല്ല. ലോക്‌സഭയിലെ അംഗബലമാണ് പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും തീരുമാനിക്കുന്നത് എന്നും ഷുക്കൂര്‍ പറഞ്ഞു.












Click it and Unblock the Notifications