ക്വാറന്‍റീന്‍ വേണ്ട: അബുദാബി ഗ്രീന്‍ ലിസ്റ്റ് വീണ്ടും പുതുക്കി; ഇന്ത്യ ഇത്തവണയും ഇല്ല: പട്ടിക ഇങ്ങനെ
അബുദാബി: ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി. 72 രാജ്യങ്ങളുടെ പട്ടികയാണ് പുതുക്കിയിരിക്കുന്നത്.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ പട്ടികയിൽ ഇല്ല. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും അബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, 10 ദിവസമാണ് മറ്റ് രാജ്യക്കാര്‍ക്ക് ക്വാറന്റീന്‍ ഉളളത്.
അല്‍ബേനിയ, അള്‍ജീരിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബഹ്റൈന്‍, ബെലാറുസ്, ബെല്‍ജിയം, ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന, ബ്രസീല്‍, ബള്‍ഗേറിയ, ബര്‍മ, കംബോഡിയ, കാനഡ, ചൈന, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി,

ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഇന്തോനേഷ്യ, ഇസ്രയേല്‍, ഇറാന്‍, ഇറാഖ്, ഇറ്റലി, ജപ്പാന്‍, കസാഖിസ്ഥാന്‍, കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലാവോസ്, ലാത്വിയ, ലക്‌സംബര്‍ഗ്, മാല്‍ദീവ്‌സ്, മലേഷ്യ, നെതര്‍ലന്‍ഡ്, മൊറോക്കോ, നോര്‍വെ, ഒമാന്‍, പാപ്വ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ്, പോളണ്ട്, പോര്‍ച്ചുഗല്‍, അയര്‍ലാന്‍ഡ്, റൊമാനിയ, സൗദി അറേബ്യ, സെര്‍ബിയ, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, സിറിയ, സീഷെല്‍സ്, തായ്‌വാന്‍, താജികിസ്ഥാന്‍, തായ്‌ലന്റ്, തുനീഷ്യ, തുര്‍ക്കി, യെമന്‍, തുര്‍ക്‌മെനിസ്ഥാന്‍, ഉക്രൈന്‍, യുഎസ്എ, ഉസ്ബസ്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

അതേസമയം, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ ഇളവുകളുള്ളവര്‍ക്കും പി സി ആര്‍ പരിശോധന നിര്‍ബന്ധമില്ല. യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകണം. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ അബുദാബിയിൽ എത്തി ആറാം ദിവസം പിസിആര്‍ പരിശോധന നടത്തണം. എന്നാൽ, വാക്‌സിനെടുക്കാത്തവർ ആണെങ്കിൽ ആറാം ദിവസും ഒന്‍പതാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തണം.

മറ്റ് രാജ്യക്കാര്‍ അബുദാബിയിലെത്തി നാല്, എട്ട് ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തണം. യാത്രക്കാര്‍ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ ഐസിഎ യുഎഇ സ്മാര്‍ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ അറൈവല്‍ ഫോമില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയോ വേണം. വാക്‌സിന്‍ എടുത്തവരും ഇളവുകളുള്ളവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഐസിഎ സ്മാര്‍ട് ആപ്പില്‍ അപ്ലോഡ് ചെയ്യണം. സന്ദര്‍ശകര്‍ അല്‍ഹൊസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിസിആര്‍ പരിശോധനാ ഫലം ആപ്പില്‍ ലഭിച്ചാല്‍ ഏഴ് ദിവസത്തേക്ക് ഗ്രീന്‍പാസ് ലഭിക്കും. അബുദാബിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ് നിര്‍ബന്ധമാണ്.

അതേസമയം, യുഎഇയില്‍ ഇന്ന് 882 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,294 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,98,902 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,72,210 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,13,926 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,292 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 55,992 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.












Click it and Unblock the Notifications