ശബരിമലയിൽ സിപിഎമ്മിന് ആശക്കുഴപ്പമില്ല: എം വിജയകുമാർ 'വൺ ഇന്ത്യ'യോട്
ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ആശയക്കുഴപ്പമില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം വിജയകുമാർ.തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രിക തള്ളിയതിൽ ദുരൂഹതയുണ്ട്. സംഭവം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ആരോപണത്തിൽ പ്രതിപക്ഷനേതാവിൻ്റെ പ്രതികരണം ശരിയല്ല. രമേശ് ചെന്നിത്തലയൊന്നും ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ല. കെ സുരേന്ദ്രൻ്റെ ആരോപണം വിഡ്ഢികളല്ലാതെ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. 'വൺ ഇന്ത്യ മലയാള'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു വിജയകുമാറിൻ്റെ പ്രതികരണം.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

ശബരിമലയിൽ സിപിഎമ്മിന് വ്യക്തതയില്ലേ?
ശബരിമല യുവതി പ്രവേശനം ദീർഘനാളായി നിലനിൽക്കുന്ന വിഷയമാണ്. താൻ 2006ൽ നിയമമന്ത്രിയായിരിക്കെ തനിക്ക് മുന്നിലെത്തിയ വിഷയമായിരുന്നു ശബരിമല. സത്യവാങ്ങ്മൂലം തയ്യാറാക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു.അന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലം തയ്യാറാക്കിയത് തൻ്റെ നേതൃത്വത്തിലാണ്.വളരെയധികം സൂക്ഷ്മതയോടെ ഇത് കൈകാര്യം ചെയ്യണമെന്ന് ആ സത്യവാങ്മൂലത്തിൽ അന്ന് എഴുതിയതാണ്. മതപണ്ഡിതരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കണമെന്നായിരുന്നു എഴുതി നൽകിയിരുന്നത്. നിലവിൽ ഇക്കാര്യം പ്രസക്തമാണ്.ശബരിമല വിഷയത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ല.എന്നാൽ, തിരഞ്ഞെടുപ്പ് സമയമായതിനാലാണ് ശബരിമല വിഷയം വീണ്ടും ഉയർന്നു വന്നത്. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയുള്ള ജനവിധി ഉണ്ടാകില്ല.

എൻഎസ്എസിന് വിമർശനങ്ങളുണ്ടോ?
എൻഎസ്എസിന് കൃത്യമായ വിമർശനങ്ങളുണ്ട്.രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വിമർശനങ്ങൾ ഉണ്ടാകുമ്പോഴാണ് ചർച്ചചെയ്യപ്പെടുന്നത്. സുപ്രീം കോടതിയിൽ തന്നെ നിലനിൽക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് വിഷയമായതുകൊണ്ട് തന്നെയാണ്. കോടതി വിധി വന്നാൽ പോലും എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുമായി കൂടിയാലോചിച്ച് ശേഷം മാത്രമേ തീരുമാനമെടുക്കൂ.അതാണ് സി പി എം നിലപാട്.

കള്ളവോട്ട് ആരോപണം?
തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക തയ്യാറാക്കുന്നതിൽ വന്നിട്ടുള്ള പിഴവുകളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. വോട്ടർപട്ടിക ഓൺലൈനിലൂടെ തയ്യാറാക്കുമ്പോൾ സംഭവിക്കുന്ന പാകപ്പിഴകളും വലുതാണ്.പ്രതിപക്ഷനേതാവൊന്നും ഈ രൂപത്തിൽ പ്രതികരിക്കാൻ പാടില്ല.''ഉദുമ മണ്ഡലത്തിൽ നടന്ന ക്രമക്കേടിലെ സംഭവം രാഷ്ട്രീയമായി കോൺഗ്രസിനു തന്നെ തിരിച്ചടിയായില്ലേ''. ഇതാണ് ഉണ്ടായത്.

സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവം?
ഗുരുവായൂരിലും തലശ്ശേരിയിലും സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവം ബിജെപിക്ക് തിരിച്ചടിയാണ്. അവസാന ദിവസം അവസാനനിമിഷമാണ് സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക നൽകിയത്. സംഭവം സംശയാസ്പദമാണ്. ഇതിൽ ദുരൂഹത നിലനിൽക്കുന്നു. കോൺഗ്രസിന് വോട്ട് മറിക്കാനാണെന്ന തരത്തിൽ പ്രചാരണം വന്നുകഴിഞ്ഞു. ഇതാണ് ഒടുവിൽ വിവാദമായത്.

കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടോ?
എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്ന് ആവർത്തിച്ച് റിപ്പോർട്ടുകൾ വരുന്നു. സ്വകാര്യ വാർത്താ ചാനലുകൾ നടത്തുന്ന പ്രീ പോൾ സർവ്വേയിൽ എൽഡിഎഫിനാണ് മുൻതൂക്കമുള്ളത്. ഇത് യാഥാർത്ഥ്യമാണെന്ന് വന്നുകഴിഞ്ഞാൽ, ഇതിനെ മറികടക്കാൻ രാഷ്ട്രീയമായി പല തന്ത്രങ്ങളും ഉപയോഗിക്കുന്നു.യുഡിഎഫും ബിജെപിയും പലതരം തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. തുടർ ഭരണത്തെ ബിജെപിയും കോൺഗ്രസും ഭയക്കുന്നു. ഇക്കൂട്ടർ തമ്മിൽ കൃത്യമായ അന്തർധാരയുണ്ട്.

കോൺഗ്രസ് നേമത്ത് വോട്ടു മറിച്ചോ?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ വോട്ടുകൾ കൂട്ടത്തോടെ ബിജെപിക്ക് നൽകുകയാണുണ്ടായത്. നാല്പതിനായിരത്തിൽപരം വോട്ടുകളുള്ള കോൺഗ്രസിന് ലഭിച്ചത് വെറും 13,000ത്തോളം വോട്ടുകളാണ്.ഗുരുതരമായ ആരോപണമാണ് അവിടെ സ്ഥാനാർത്ഥിയായി മത്സരിച്ച വി സുരേന്ദ്രൻപിള്ള അടുത്തിടെ ഉന്നയിച്ചത്. വോട്ടെടുപ്പിന് 2 ദിവസം മുമ്പ് കോൺഗ്രസ് വോട്ടുകൾ കൂട്ടത്തോടെ മറിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അതിൽ വ്യക്തമായി നേതാക്കളുടെ പട്ടിക അടക്കം സൂചിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും റിപ്പോർട്ടുണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.

കോൺഗ്രസിൽ നേതാക്കൾക്ക് വിശ്വാസമില്ലേ?
എലത്തൂരിലും ഇരിക്കൂറിലും വലിയ തോതിലുള്ള സംഭവവികാസങ്ങളാണ് കോൺഗ്രസ്സിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായത്. നിരവധി പേരാണ് കോൺഗ്രസിൽ നിന്ന് രാജി വെച്ചത്. പി സി ചാക്കോ പി എം സുരേഷ് ബാബു റോസക്കുട്ടി ടീച്ചർ അങ്ങനെ പോകുന്നു ആ നീണ്ടനിര. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിനെ ഇത് വ്യക്തമായി ബാധിക്കും.

കെ സുരേന്ദ്രൻ്റെ പ്രസ്താവന ?
ഇത് സുരേന്ദ്രന് തന്നെ തിരിച്ചടിയായ പ്രസ്താവനയാണ്. 35 സീറ്റുകളിൽ വിജയിച്ചാൽ എങ്ങനെ അധികാരത്തിൽ എത്താൻ കഴിയും. വിഡ്ഢികളല്ലാതെ ആരെങ്കിലും ഇത് വിശ്വസിക്കുമോ? എന്തിൻ്റെ ധാരണയിൽ ആകും അദ്ദേഹമത് പറഞ്ഞിട്ടുണ്ടാവുകയെന്ന് രാഷ്ട്രീയം വിശകലനം ചെയ്യുന്നവർക്ക് നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്.

സിപിഎം ബിജെപി ഡീൽ?
ബാലശങ്കറിൻ്റെത് വ്യക്തിപരമായ പ്രശ്നമാണ്. അദ്ദേഹത്തിന് സ്ഥാനാർഥിത്വം ലഭിക്കാതെ വന്നപ്പോൾ ഉന്നയിച്ചതാണ് ഗുരുതര സ്വഭാവമുള്ള ആരോപണങ്ങൾ. സിപിഎം- ബിജെപി ഡീൽ എന്നുള്ളത് അടിസ്ഥാനരഹിതം.

ജോസിൻ്റെ വരവ് ഗുണം ചെയ്യുമോ?
മധ്യതിരുവിതാംകൂറിലെ നിർണായക വോട്ടുകളിലടക്കം വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. ജോസ് കെ മാണിയുടെ വരവ് തീർച്ചയായും ഗുണം ചെയ്യും. ജോസിൻ്റെ വരവോടെ എൽഡിഎഫ് ശക്തിപ്പെട്ടു. യുഡിഎഫ് ദുർബലമായി. കോൺഗ്രസ് പിടിച്ചുനിൽക്കുന്നത് മുസ്ലിം ലീഗിൻ്റെ സഹായത്തോടെ. ലീഗിൻ്റെ പിന്തുണയില്ലെങ്കിൽ കോൺഗ്രസ് വളരെയേറെ ക്ഷയിക്കപ്പെടും.

സീറ്റ് വിഭജനം എത്രമാത്രം ആത്മാർത്ഥമായി പൂർത്തിയാക്കി?
സിപിഎമ്മിൽ ഘടകക്ഷികൾക്ക് ഉൾപ്പെടെ പരമാവധി നല്ല രീതിയിൽ സീറ്റ് വിഭജിച്ചു നൽകാൻ കഴിഞ്ഞു. നിലവിലെ മുന്നണി സംവിധാനത്തിൽ നിന്നുകൊണ്ട് അലോസരമില്ലാതെ തന്നെ സീറ്റുവിഭജനം പൂർത്തിയാക്കാൻ കഴിഞ്ഞു.ഇടതുമുന്നണി നൂറിൽ കവിഞ്ഞ് സീറ്റുകൾ നിലനിർത്തി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications