''യൂണിഫോം സിവില്‍ കോഡില്‍ കോണ്‍ഗ്രസിനൊരു നിലപാടുണ്ടോ..? ഉണ്ടെങ്കില്‍ അതാദ്യം പറയട്ടെ'': വികെ സനോജ്

ഏകീകൃത സിവില്‍ കോഡ് വേഗത്തില്‍ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. ഏകീകൃത സിവില്‍ കോഡിനെതിരെ രാജ്യത്ത് തന്നെ ആദ്യം പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തത് കേരളത്തിലെ സിപിഎമ്മാണ്. ഏകീകൃത സിവില്‍ കോഡിനെതിരെ സെമിനാര്‍ സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് ഒഴികെയുള്ള സമാനമനസ്‌കരെ ഇതിലേക്ക് ക്ഷണിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ട്.

മുസ്ലീം ലീഗ് ഈ നീക്കത്തെ ആദ്യം സ്വാഗതം ചെയ്‌തെങ്കിലും പിന്നീട് നിലപാട് മാറ്റി. അതിനിടെ മുസ്ലീം സംഘടനകളും കോണ്‍ഗ്രസും ഇപ്പോള്‍ തെരുവിലിറങ്ങി പ്രതിഷേധം സംഘടിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലുമെത്തി. ഈ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡിനെ കുറിച്ചും അത് സംബന്ധിച്ച നിലപാടിനെക്കുറിച്ചും വിശദീകരിക്കുകയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലൂടെ...

vk sanoj

ഏകീകൃത സിവില്‍ കോഡ് വേഗത്തില്‍ നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് പിന്നില്‍ എന്തായിരിക്കും കാരണം?

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ബിജെപിയും ആര്‍എസ്എസും ഈ ചര്‍ച്ച മുന്നോട്ടുവെക്കുന്നത്. ബിജെപി മുന്നോട്ട് വെക്കുന്ന തീവ്ര ഹിന്ദുത്വ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും എന്നുള്ളതാണ്. അതിന്റെ ഉദ്ദേശ്യം എന്താണ് എന്ന് മനസിലാക്കാന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഒന്നും ആവശ്യമില്ല. ബിജെപി അയോധ്യ വിഷയത്തെ മുന്‍നിര്‍ത്തി അജണ്ട മുന്നോട്ടുവെച്ചിരുന്നു.

അത് പിന്നീട് എങ്ങനെയാണ് നടപ്പാക്കി കൊണ്ടുവന്നത് എന്ന് നമുക്കറിയാം. കശ്മീരിന്റെ പദവി സംബന്ധിച്ചും അവര്‍ ഒരു അജണ്ട സൃഷ്ടിച്ചു, അതും അവര്‍ അത്തരത്തില്‍ നടപ്പാക്കി. അടുത്തത് ഏകീകൃത സിവില്‍ കോഡ് മുന്നോട്ടുവെക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ ഒരു അജണ്ട മുന്നോട്ടുവെക്കുന്നതിന്റെ രാഷ്ട്രീയം കൂടുതല്‍ അന്വേഷണമൊന്നുമില്ലാതെ തന്നെ എല്ലാ വിഭാഗം മതനിരപേക്ഷ കക്ഷികള്‍ക്കും മനസിലാകേണ്ടതാണ്. പക്ഷെ മനസിലാകാത്ത പോലെയാണ് കോണ്‍ഗ്രസിന്റേയും ലീഗിലെ ഒരു വിഭാഗത്തിന്റേയും നിലപാട്.

കോണ്‍ഗ്രസും മുസ്ലീം ലീഗും സ്വീകരിച്ച നിലപാടിനെ എങ്ങനെയാണ് കാണുന്നത്?

ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും അജണ്ട എന്താണ് എന്ന് വ്യക്തമാണ്. പക്ഷെ മുസ്ലീം ലീഗ് യോഗം ചേര്‍ന്നിട്ട് പരസ്യപ്രതിഷേധം വേണ്ടതില്ല എന്നൊക്കെ പറഞ്ഞത് അവര്‍ വിശാലമായി കാര്യങ്ങളെ കാണുന്നില്ല എന്നതിന്റെ സൂചനയാണ്. കേരളത്തിന്റെ ഒരു അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നതായിരിക്കും നല്ലത് എന്ന ഇടുങ്ങിയ രാഷ്ട്രീയ നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസാണെങ്കില്‍ ദേശീയതലത്തില്‍ ഒരു അഭിപ്രായം ശക്തമായി ഈ വിഷയത്തിനകത്ത് പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധി പറഞ്ഞില്ല. അവരുടെ വക്താക്കള്‍ ഔദ്യോഗികമായി പറഞ്ഞില്ല. കോണ്‍ഗ്രസിലെ നേതാക്കള്‍ ചില അഭിപ്രായങ്ങള്‍ ട്വിറ്ററില്‍ കുറിച്ചു എന്നല്ലാതെ കോണ്‍ഗ്രസിന്റേതായ ഒരു ഉറപ്പുള്ള അഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ല. കേരളത്തില്‍ തീരുമാനിക്കട്ടെ, വിവിധ സംസ്ഥാനങ്ങളില്‍ തീരുമാനിക്കട്ടെയെന്നൊക്കെ പറഞ്ഞ് ഒരു ഒഴുക്കന്‍ മട്ടിലുള്ള നിലപാടാണ് സ്വീകരിക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ മന്ത്രി വിക്രമാദിത്യ സിംഗ് ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് കൊണ്ട് പ്രസ്താവനയിറക്കുന്ന നിലയുണ്ടായി. വിവിധയിടങ്ങളില്‍ പല കോണ്‍ഗ്രസ് നേതാക്കന്മാര്‍ പല നിലപാട് സ്വീകരിക്കുകയാണ്. ഇത് സംബന്ധിച്ച് കൃത്യമായൊരു അഭിപ്രായം കോണ്‍ഗ്രസ് പറയുന്നുമില്ല. ഇങ്ങനെ ഒരു സാഹചര്യത്തില്‍ സിപിഎം എടുത്ത നിലപാട് വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി മാറി.

തെരുവിലിറങ്ങിയുള്ള പ്രതിഷേധം വേണ്ട എന്നാണ് ലീഗ് പങ്കെടുത്ത മുസ്ലീം സംഘടനകളുടെ യോഗത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനം. ഡിവൈഎഫ്‌ഐ ഇതിനെ എങ്ങനെയാണ് കാണുന്നത്?

മുസ്ലീം ലീഗിലെ തന്നെ വലിയ വിഭാഗം ആളുകള്‍ സിപിഎം സ്വീകരിച്ച നിലപാട് ശരിയാണ്, സിപിഎം പ്രഖ്യാപിച്ച സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നിലയുണ്ടായി. ശരിയായി രാഷ്ട്രീയ നിലപാടാണ് എന്ന് ചൂണ്ടിക്കാട്ടി. പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ തെരുവിലിറങ്ങിയിട്ട് സമരം ചെയ്യേണ്ടതില്ല എന്ന് പറയുന്നതിന്റെ സാംഗത്യം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. കാരണം ഇന്ത്യന്‍ രാഷ്ട്രീയത്തെ ശരിയായി വിലയിരുത്തുന്ന ഏത് രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും ലീഗിന്റെ ഈ നിലപാടിനോട് യോജിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

vk sanoj

രാഷ്ട്രീയത്തിന്റെ കള്ളിയില്‍പ്പെടുത്തണം എന്നില്ല. അല്ലാതെ തന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ അതിശക്തമായി മതനിരപേക്ഷകക്ഷികള്‍ ശക്തിപ്പെടുന്ന സന്ദര്‍ഭമാണിത്. പ്രത്യേകിച്ച് ഒറ്റ ഭാഷ ഒറ്റ മതം ഒറ്റ സംസ്‌കാരം എന്നൊക്കെയുള്ള വളരെ ഏകശിലാത്മകമായിട്ടുള്ള അജണ്ട അടിച്ചേല്‍പ്പിക്കുന്ന ഒരു ഘട്ടമാണ്. അവിടെ തെരുവിലിറങ്ങിയുള്ള സമരമല്ലാതെ മറ്റ് പോംവഴികളൊന്നുമില്ല. ആ സമരത്തെ നിഷേധിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്.

ഏകീകൃത സിവില്‍ കോഡ് ഹിന്ദു-മുസ്ലിം പോരാട്ടമാക്കി മാറ്റുന്നു എന്നാണ് സിപിഎമ്മിനെതിരെ കെസി വേണുഗോപാല്‍ ഉന്നയിച്ച ആരോപണം. എന്താണ് മറുപടി?

കോണ്‍ഗ്രസ് സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തി എന്നല്ലാതെ അതിന് അടിസ്ഥാനമായി എന്തെങ്കിലും കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടോ. ഒരു കാര്യവും അവര്‍ വിശദീകരിച്ചതായിട്ട് അറിവില്ല. സിപിഎം വളരെ കൃത്യമായ നിലപാട് ഉയര്‍ത്തിപിടിക്കുന്നു. കാരണം ഏകീകൃത സിവില്‍ കോഡ് ഈ നിലയില്‍ ബിജെപി മുന്നോട്ടുവെക്കുന്നതിന്റെ രാഷ്ട്രീയം ആര്‍ക്കും മനസിലാക്കാന്‍ പറ്റുന്നതാണ്.

അങ്ങനെ ഒരു വിഷയം വരുമ്പോള്‍ അതിശക്തമായ നിലപാട് ആദ്യഘട്ടത്തില്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്കായി. ആ നിലപാടിനോട് ലീഗില്‍ ഒരു വിഭാഗം ആളുകള്‍, പൊതുവില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളുകള്‍, മതനിരപേക്ഷവാദികള്‍ എല്ലാവരും യോജിച്ചു. പക്ഷെ കോണ്‍ഗ്രസിന് വളരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നില്ല. അവര്‍ക്ക് രാജ്യത്തിന്റെ മൊത്തം അവസ്ഥയില്‍ തീവ്രഹിന്ദുത്വത്തിനെതിരായിട്ട് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കാന്‍ മാത്രമെ സാധിക്കുന്നുള്ളൂ.

അവര്‍ക്ക് ഒരു മതനിരപേക്ഷ ലൈന്‍ ഉയര്‍ത്തിപിടിക്കാന്‍ കഴിയുന്നില്ല എന്ന പരിമിതി ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് അനുകൂലസാഹചര്യമുണ്ടായിട്ടും ഒരുഘട്ടത്തിനപ്പുറം മുന്നേറാന്‍ സാധിക്കാത്തത്. മൃദുഹിന്ദുത്വം അല്ല ഉയര്‍ത്തി പിടിക്കേണ്ടത് ശക്തമായ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട മതനിരപേക്ഷ കാഴ്ചപ്പാടും തന്നെയാണ്. അത്തരം കാര്യങ്ങള്‍ തുറന്നുകാട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ സിപിഎമ്മിനെതിരായിട്ട് എന്തെങ്കിലും കാരണങ്ങള്‍ ഉന്നയിക്കുകയാണ്. അതിനെ അത്തരത്തില്‍ മാത്രമെ ഞങ്ങള്‍ കാണുന്നൂള്ളൂ. ആളുകള്‍ അതൊന്നും കണക്കിലെടുക്കാന്‍ പോകുന്നില്ല.

ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ഇഎംഎസ് മുന്‍പ് നടത്തിയ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ടല്ലോ?

ഇഎംഎസ് വളരെ കൃത്യമായിട്ട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. 1985 ജൂലൈ 12 ന് ദേശാഭിമാനി പത്രത്തിനകത്ത് നിങ്ങള്‍ ഈ പറഞ്ഞ പ്രകാരമുള്ള അക്കാലത്തെ ലീഗിലേയും കോണ്‍ഗ്രസിലേയും നേതാക്കന്‍മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. അന്ന് ഇഎംഎസ് പറഞ്ഞത് ഇങ്ങനെയാണ്. 'മുസ്ലീം ജനതയില്‍ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രശ്‌നമാണ് പൊതുസിവില്‍ നിയമം എന്ന് ഞങ്ങള്‍ മനസിലാക്കുന്നു.

മുസ്ലീം സമുദായത്തിലെ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുന്നത് വരെ അത് നടപ്പില്‍വരുത്തുന്നത് ബുദ്ധിപൂര്‍വമായിരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനോട് ഞങ്ങള്‍ക്ക് യോജിപ്പാണുള്ളത്. ഇത് സംബന്ധിച്ച നിയമനിര്‍മാണം ഉടന്‍ നടത്തണം എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടു എന്ന് നിങ്ങളുടെ (ലീഗിന്റേയും കോണ്‍ഗ്രസിന്റേയും) നേതാക്കളും അവരുടെ സഹായത്തോടെ അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുന്ന ആളുകളും പറയുന്നത് പച്ചക്കള്ളമാണ്'.

ems

അന്ന് തന്നെ ഇഎംഎസ് അത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്തിട്ട്. ഇങ്ങനെയുള്ള ചരിത്രപരമായ കാര്യങ്ങള്‍ കാണാതെ കോണ്‍ഗ്രസുകാര്‍ പലതും പ്രചരിപ്പിക്കുകയാണ്. അതിനെ രാഷ്ട്രീയപരമായിട്ട് തന്നെ നേരിടുക എന്നല്ലാതെ മറ്റ് വഴികളൊന്നുമില്ല. ഇന്നത്തെ കാലത്ത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും കൃത്യമായി രേഖകള്‍ പബ്ലിക് ഡൊമൈനില്‍ കിട്ടുന്നുണ്ട്. അത് ആ നിലക്ക് തന്നെ ആളുകള്‍ മനസിലാക്കും.

ഡിവൈഎഫ്‌ഐ ഈ വിഷയത്തെ എങ്ങനെയാണ് സമീപിക്കാന്‍ പോകുന്നത്? പ്രതിഷേധങ്ങള്‍ എങ്ങനെയായിരിക്കും?

ഡിവൈഎഫ്‌ഐ ഇപ്പോള്‍ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടില്ല. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ കമ്മിറ്റി ഈ വിഷയത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ട്. അടുത്ത അഖിലേന്ത്യാ കമ്മിറ്റി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യും. ഈ വിഷയം ഉയര്‍ന്ന് വന്ന ഘട്ടത്തില്‍ തന്നെ കേരളത്തില്‍ സിപിഎമ്മാണ് ഇതുമായി ബന്ധപ്പെട്ട അഭിപ്രായം പറയുകയും പ്രതിഷേധങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തത്.

മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടുകളോട് ഡിവൈഎഫ്‌ഐയും അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കും. രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്ന നീക്കത്തിനെതിരായിട്ട് ശക്തമായ നിലയില്‍ തന്നെ വരും ദിവസങ്ങളില്‍ ഡിവൈഎഫ്‌ഐ ആശയപ്രചരണം സംഘടിപ്പിക്കും. അതിന്റെ രൂപവും ഘടനയും പിന്നീട് തീരുമാനിച്ച് പറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+