കിംഗ് ഓഫ് കൊത്തയില്‍ നെഗറ്റീവ് റോളിലേക്ക് വിളിച്ചിട്ടും പോകാന്‍ കഴിഞ്ഞില്ല; മനസ് തുറന്ന് നവാസ് വള്ളിക്കുന്ന്
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് നവാസ് വള്ളിക്കുന്ന്. തനതായ സംഭാഷണശൈലി കൊണ്ട് ഓരോ സിനിമകളിലും നവാസ് പ്രേക്ഷകനെ രസിപ്പിച്ച് കൊണ്ടിരിക്കുന്നു. ചെറുപ്പം തൊട്ടെ കലാരംഗത്തുണ്ടെങ്കിലും മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് ആണ് നവാസിലെ കലാകാരനെ പ്രേക്ഷകരിലെക്കടുപ്പിച്ചത്. വൈകാതെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്.
സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നവാസ് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുപിടി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി. ഈ ഓണക്കാലത്ത് തന്റെ സിനിമാ വിശേഷങ്ങളും ഓണവിശേഷങ്ങളും പങ്ക് വെക്കുകയാണ് നവാസ് വള്ളിക്കുന്ന് വണ്‍ഇന്ത്യ മലയാളത്തോട്...

സിനിമാ നടന് എന്ന നിലയില്‍ നവാസ് വള്ളിക്കുന്ന് അറിയപ്പെടാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷമായി. എങ്ങനെയാണ് പിന്നിട്ട കാലത്തെ കുറിച്ച് ഓര്‍ക്കുന്നത്?
ഒരുപാട് സന്തോഷമുണ്ട്. ആദ്യ സിനിമയില്‍ തന്നെ നല്ല വേഷം അവതരിപ്പിച്ചു. അവിടിന്നിങ്ങോട്ട് ലഭിച്ചതും മികച്ച കഥാപാത്രങ്ങളാണ്. ഒരു നടനെന്ന നിലയില്‍ ആറ് വര്‍ഷം പ്രഗല്ഭരായ ഒരുപാട് പേര്‍ക്കൊപ്പം നിലനിന്ന് പോകാന്‍ സാധിക്കുന്നു എന്നത് വലിയ ഭാഗ്യമാണ്.
മലയാളികള്‍ ഓണം ആഘോഷിക്കുന്ന വേളയിലാണ് നമ്മള് സംസാരിക്കുന്നത്. താങ്കളുടെ ഓണം ഓര്‍മകള്‍ എന്തൊക്കെയാണ്?
കുട്ടിക്കാലം തൊട്ട് ഓണത്തിന് നല്ല ഓര്‍മകള്‍ മാത്രമാണ് ഉള്ളത്. കോഴിക്കോട്ടെ വള്ളിക്കുന്നാണ് എന്റെ സ്വദേശം. പലരും കരുതിയിരിക്കുന്നത് ഞാന്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് എന്നാണ്. മലപ്പുറത്ത് നിന്നൊരുപാട് പേര് വിളിക്കാറുണ്ട്. ഞാന്‍ ചുരുക്കി പറഞ്ഞാല്‍ അവിടത്തെ നാട്ടുകാരനായി മാറിയിട്ടുണ്ട്. ഓണത്തിന് എന്റെ നാട്ടില്‍ വലിയ ആഘോഷമാണ് ഉണ്ടാകുക. ഞാനുള്ള ക്ലബൊക്കെ വലിയ ആഘോഷം സംഘടിപ്പിക്കും.
എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. ഓണത്തിന് അവരുടെയൊക്കെ വീട്ടില്‍ പോകും ഭക്ഷണം കഴിക്കും. ആഘോഷമൊക്കെ അവരുടെ കൂടെയാകും. നാട്ടിലെ ക്ലബ് ഓണത്തിന് വലിയ പരിപാടികള്‍ സംഘടിപ്പിക്കും. അതിലൊക്കെ പങ്കെടുക്കും. മിക്കവാറും പരിപാടികളില്‍ ചിലപ്പോള്‍ ആങ്കറിംഗും കുസൃതി ചോദ്യങ്ങള്‍ ചോദിക്കലുമൊക്കെ ഞാനായിരിക്കും.
സിനിമയില്‍ എത്തിയതിന് ശേഷം ഓണാഘോഷമൊക്കെ അവസാനിച്ചോ?
അങ്ങനെയില്ല. എങ്കിലും പലപ്പോഴും പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാറില്ല. സിനിമയില്‍ എത്തിയതിന് ശേഷം എനിക്ക് നേരിട്ട് അറിയാത്ത ആളുകള്‍ വരെ ഓണത്തിന് ക്ഷണിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്. പലരും വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്.

സിനിമയിലുള്ള സുഹൃത്തുക്കളൊക്കെ വിളിക്കാറുണ്ട്. പക്ഷെ എല്ലായിടത്തേക്കും നമുക്ക് എത്തിപ്പെടാന്‍ പറ്റില്ലല്ലോ. ഷൂട്ടിംഗ് ഇല്ലെങ്കില്‍ സാധിക്കുന്നിടത്തൊക്കെ പോകാന്‍ ശ്രമിക്കാറുണ്ട്. ഓണം അവരുടെ കൂടെ ആഘോഷിക്കും.
ഓണം എപ്പോഴെങ്കിലും ലൊക്കേഷനില്‍ ആഘോഷിച്ചിട്ടുണ്ടോ?
മിക്കപ്പോഴും അത്തരം ദിവസങ്ങളില്‍ ഷൂട്ടിംഗ് അവധി തന്നെയായിരിക്കും. എങ്കിലും വീട്ടില്‍ നിന്ന് ഏറെ അകലയൊണ് ഷൂട്ടിംഗ് എങ്കില്‍ വീട്ടിലേക്ക് പോകാറില്ല. അപ്പോള്‍ സെറ്റില്‍ തന്നെ ആഘോഷിക്കും. കഴിഞ്ഞ വര്‍ഷത്തെ ഓണം വനിത എന്ന പടത്തിന്റെ സെറ്റിലായിരുന്നു. അന്ന് ലൊക്കേഷനില്‍ തന്നെ ഭക്ഷണമൊക്കെ ഒരുക്കി ആഘോഷിച്ചു.
കലാരംഗത്തേക്കുള്ള വരവ് എങ്ങനെയായിരുന്നു?
അഞ്ചാം ക്ലാസ് മുതല്‍ മിമിക്രി ചെയ്യുന്ന ആളായിരുന്നു ഞാന്‍. സമ്മാനങ്ങളൊന്നും കിട്ടിയിട്ടില്ലെങ്കിലും അന്ന് മുതല്‍ തന്നെ കലാപ്രവര്‍ത്തനത്തില്‍ വലിയ താല്പര്യമുണ്ടായിരുന്നു.
സുഡാനി ഫ്രം നൈജീരിയയിലേക്ക് എത്തുന്നത് എങ്ങനെയാണ്? സക്കരിയ ബെല്‍റ്റിലുള്ള ആളാണ് എന്ന് സംസാരമുണ്ടല്ലോ?
മഴവില്‍ മനോരമയിലെ സ്കിറ്റ് കണ്ടാണ് സക്കരിയ എന്നെ വിളിക്കുന്നത്. സക്കരിയയുമായി അതിന് മുന്‍പ് ബന്ധമൊന്നുമില്ല. എല്ലാവരും പറയാറുണ്ട് നിങ്ങള്‍ ആ ഒരു ബെല്‍റ്റില്‍ ഉള്ള ആളല്ലേ എന്ന്, അങ്ങനെയല്ല. പക്ഷെ അവര്‍ നമ്മളോട് ഒരുപാട് കാലം പരിചയമുള്ളത് പോലെയാണ് പെരുമാറിയത്. അത് കാരണം നമുക്കും അത് ഒരുപാട് ഗുണം ചെയ്തു. അതുകൊണ്ട് നല്ല രീതിയില്‍ നമുക്ക് ആ പടം ചെയ്യാനും സാധിച്ചു. ആ സൗഹൃദം ഇപ്പോഴും തുടരുന്നു.

സുഡാനിയിലെ കഥാപാത്രത്തിന് കോഴിക്കോടന്‍ ശൈലി വേണമായിരുന്നു. എന്നാല്‍ പിന്നീടുള്ള സിനിമകളിലും താങ്കള്‍ക്ക് ആ ശൈലി കടന്ന് വരുന്നുണ്ടോ? ഭാഷ അത്തരത്തില്‍ ഒരു തടസം സൃഷ്ടിക്കുന്നുണ്ടോ?
സംസാരിക്കുമ്പോള്‍ എനിക്ക് നന്നായി കോഴിക്കോടന്‍ ശൈലി കയറി വരും. അപ്പോള്‍ സംവിധായകരോട് ചോദിക്കാറുണ്ട് ഇതിങ്ങനെയാണോ എന്ന്. അതില്‍ മാറ്റാനുള്ളത് അവര്‍ പറഞ്ഞ് തരും. കേരള ക്രൈം ഫയല്സിലൊക്കെ ആ തരത്തില്‍ മാറ്റം വരുത്തിയാണ് സംസാരിച്ചിട്ടുള്ളത്. ഒരുപക്ഷെ എന്റെ ശബ്ദത്തിന്റെ ടോണ്‍ കാരണം ആ മാറ്റം വേണ്ട വിധം പ്രതിഫലിക്കുന്നില്ലായിരിക്കാം. തനി കോഴിക്കോടന്‍ ശൈലി വരാതെ കേരള ക്രൈം ഫയല്‍സില്‍ സംവിധായകനും ഞാനും ശ്രമിച്ചിട്ടുണ്ട്.
സ്കിറ്റില്‍ നിന്ന് സിനിമ, വെബ്സീരീസ് എന്നതിലേക്കൊക്കെ വരുന്നു. പെര്‍ഫോമന്‍സ് ചെയ്യുന്ന രീതിയില്‍ ഇവ തമ്മിലൊക്കെ എന്തെങ്കിലും വ്യത്യാസമുണ്ടോ?
സ്കിറ്റും സിനിമയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സിനിമ, വെബ്സീരീസ് എന്നൊരു വ്യത്യാസം തോന്നിയിട്ടില്ല. അഭിനയിക്കുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴും എല്ലാം സിനിമ എന്ന തരത്തില്‍ തന്നെയാണ് അത് ചിത്രീകരിച്ചിട്ടുള്ളത്.
ജയിലറില്‍ ശ്രദ്ധേയമായ വേഷം ചെയ്തല്ലോ. ഓണക്കാലത്ത് ജയിലറും തിയേറ്ററിലുണ്ട്. മുന്‍പ് മറ്റ് താരങ്ങള്‍ അഭിനയിച്ച ഓണം റിലീസ് സിനിമകള്‍ കാണാന്‍ പോയിട്ടുള്ള ആളായിരിക്കും. ഇപ്പോള്‍ സ്വന്തം സിനിമകളാണ് ഓണക്കാലത്ത് തിയേറ്ററില്‍ ഓടുന്നത്. എന്ത് തോന്നുന്നു?
അത് ഭയങ്കര സന്തോഷം തന്നെയാണ്. അക്കാര്യം ഞാനും ചിന്തിക്കാറുണ്ട്. അതൊരു വലിയ നേട്ടമായി തന്നെയാണ് കാണുന്നത്. ജയിലറിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. അതോടൊപ്പം ഒരുപാട് വലിയ പടങ്ങള്‍ ഓണത്തിന് റിലീസുണ്ട്. അതൊക്കെ കാണാന്‍ പോകണം.

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള കഴിവുണ്ടോ എന്ന് അറിയില്ലായിരുന്നു എന്ന് താങ്കള്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ആ ആത്മവിശ്വാസക്കുറവ് ഇപ്പോഴുമുണ്ടോ?
അതിനൊരു കാരണമുണ്ട്. ഞാന്‍ കണ്ടിട്ടുള്ള പല ഹാസ്യതാരങ്ങളും ഇപ്പോഴും ചാനലില്‍ സ്കിറ്റ് അവതരിപ്പിക്കുന്നുണ്ട്. അവരൊക്കെ എന്തുകൊണ്ട് സിനിമയിലേക്ക് വരുന്നില്ല എന്നുള്ള സംശയമുണ്ടായിരുന്നു. സ്കിറ്റ് എന്ന് പറയുന്നതല്ല സിനിമ. ഇക്കാര്യം എന്റെ ഉള്ളില്‍ നന്നായി പതിഞ്ഞിരുന്നു. സുഡാനിയിലേക്ക് സക്കരിയ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് കോമഡി സ്കിറ്റ് ചെയ്യുന്നുണ്ട് എന്നല്ലാതെ അഭിനയം എന്താണെന്ന് എനിക്കറിയില്ല എന്നായിരുന്നു.
അപ്പോള്‍ നവാസ് ഇങ്ങോട്ട് വന്നാല്‍ മതി ബാക്കി ഞാന്‍ നോക്കിക്കോളാം എന്നായിരുന്നു സക്കരിയ എന്നോട് പറഞ്ഞത്. എങ്കിലും ആ ഒരു ആശങ്ക എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു.
അത്തരമൊരു ആശങ്ക ഇപ്പോഴുമുണ്ടോ?
ഇല്ല. യഥാര്‍ത്ഥത്തില്‍ പുറത്തേക്ക് ഞാന്‍ അതൊക്കെ പറഞ്ഞിരുന്നെങ്കിലും ഉള്ളില്‍ എനിക്കെന്തെങ്കിലും ഒക്കെ ആയി തീരണം എന്നുള്ള ആഗ്രഹവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. കുരുതി ചെയ്യുമ്പോള്‍ മുരളി ഗോപി സാര്‍ എന്നോട് ചോദിച്ചിട്ടുണ്ട് നവാസ് മിമിക്രിയാണോ നാടകമാണോ എന്ന്. മിമിക്രിയുടെ അംശം അഭിനയത്തിലേക്ക് വരുന്നില്ല എന്നൊക്കെ അവര്‍ പറയുന്നത് എനിക്ക് കിട്ടുന്ന വലിയ അവാര്‍ഡ് തന്നെയാണ്.
പലരും പറയും നവാസ് സ്കിറ്റ് ചെയ്ത് വന്ന ആളാണ് എന്ന് ഒരിക്കലും പറയില്ല എന്ന്. ആ സ്കിറ്റൊന്നും സിനിമയില്‍ കാണാന്‍ പറ്റുന്നില്ല എന്ന് പറയുമ്പോള്‍ സന്തോഷമുണ്ട്. ആ കോണ്‍ഫിഡന്‍സ് ഉള്ളിലുള്ളത് കൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്.
കോമഡി സ്കിറ്റുകളില് നിന്ന് സിനിമയിലേക്കെത്തുന്ന പലര്‍ക്കും കോമഡി വേഷങ്ങളായിരിക്കും ലഭിക്കുക. പക്ഷെ താങ്കള്‍ക്ക് ലഭിക്കുന്ന മിക്കതും ക്യാരക്ടര്‍ വേഷങ്ങളാണല്ലോ?
അത് വലിയ ഭാഗ്യമായി കരുതുന്നു. ഞാനും സിനിമയിലെത്തിയപ്പോള്‍ ആദ്യം വിചാരിച്ചത് ചെറിയ റോളുകളായിരിക്കും നമ്മളെ തേടിയെത്തുക എന്നായിരുന്നു. എന്നാല്‍ ഭൂരിഭാഗം സിനിമകളിലും ക്യാരക്ടര്‍ റോള്‍ ലഭിക്കുന്നുണ്ട്. വിളിക്കുന്ന എല്ലാ പടത്തിലും നല്ല വേഷമാണ്. ഇപ്പോള്‍ ചെയ്യുന്നത് 'അപ്പന്' ചെയ്ത സംവിധായകന് മജുവിന്റെ സിനിമയാണ്. സണ്ണി വെയ്ന്‍, ലുക്ക്മാന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ക്കൊപ്പമുള്ള മുഴുനീള വേഷമാണ് ചെയ്യുന്നത്.
ഇറങ്ങാനിരിക്കുന്ന നദികളില്‍ സുന്ദരി യമുന, ആപ് കൈസേ ഹോ സിനിമകളിലും നല്ല വേഷമാണ്. അത് വലിയൊരു ഭാഗ്യമായിട്ടാണ് കാണുന്നത്. ഇത്രയും ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം നിലനില്ക്കുന്നുണ്ടല്ലോ. അത് മഹാഭാഗ്യമായി കരുതുന്നു.
നായകവേഷങ്ങളിലേക്ക് എപ്പോഴെങ്കിലും ക്ഷണം ലഭിച്ചിരുന്നോ?
തമാശ കഴിഞ്ഞപ്പോള്‍ തന്നെ നായകനായിട്ടുള്ള വേഷങ്ങള്‍ വന്നിരുന്നു. പക്ഷെ അവരോട് ഞാന്‍ പറഞ്ഞത് എനിക്കിപ്പോള്‍ നായകനാകാന്‍ ധൈര്യം പോര എന്നായിരുന്നു. കുരുതി കഴിഞ്ഞപ്പോള്‍ തമിഴില്‍ നിന്ന് വില്ലനായിട്ട് വിളിച്ചു. പക്ഷെ എന്തോ അന്നെനിക്ക് അതൊന്നും ചെയ്യാന്‍ ധൈര്യമില്ലായിരുന്നു. പക്ഷെ ഇനി വന്നാല്‍ ഞാന്‍ ചെയ്യും. തമിഴില്‍ നിന്ന് ഓഫര്‍ വന്ന സമയത്ത് ഞാന്‍ ഫോണ്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു.
ജയിലര്‍ ഷൂട്ട് നടക്കുന്ന സമയത്ത് ധ്യാന്‍ ഒരിക്കല്‍ എന്നെ കാരവാനിലേക്ക് വിളിച്ചു. അവിടയെത്തിയപ്പോള്‍ തമിഴില്‍ എനിക്ക് വേഷം ഓഫര്‍ ചെയ്തവരാണ് ധ്യാനിന് ചുറ്റും. നീയെന്താ ഫോണ്‍ സ്വിച്ച് ഓഫാക്കിയത് എന്ന് ധ്യാന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് ഇവര്‍ പറയുന്നതൊന്നും മനസിലാകുന്നില്ല, ഭയങ്കര ടെന്‍ഷനായിരുന്നു, വേറൊന്നും കരുതരുത് എന്നൊക്കെ.
അപ്പോള്‍ അവര്‍ തന്നെ പറഞ്ഞു അവസരങ്ങള്‍ വരുമ്പോള്‍ പേടിച്ച് പിറകോട്ട് പോകരുത് എന്ന്. ഇനി അത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യാനുള്ള ആത്മവിശ്വാസമുണ്ട്.
മലയാളത്തില്‍ ഏതെങ്കിലും സിനിമ അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ടോ?
കിംഗ് ഓഫ് കൊത്തയില്‍ നെഗറ്റീവ് ക്യാരക്ടര്‍ ഉണ്ടായിരുന്നു. പക്ഷെ ഡേറ്റ് ക്ലാഷ് കാരണം ചെയ്യാന്‍ പറ്റിയില്ല. കഠിനകഠോരമീ അണ്ഡകടാഹം, മദനോത്സവം ഇതൊക്കെ ആ കൂട്ടത്തില്‍ നഷ്ടപ്പെട്ടതാണ്.
ഇത്തരം സിനിമകളൊക്കെ നഷ്ടപ്പെടുമ്പോള്‍ എന്താണ് തോന്നുന്നത്?
നമുക്ക് വിധിച്ചതേ വരൂ. അതെല്ലാം ഇതിന്റെ ഭാഗമാണ്. സിനിമയില്‍ അതൊക്കെ സാധാരണമാണ്. എനിക്ക് കുറെ പടങ്ങള്‍ വേണമെന്നില്ല. ഒരു സിനിമ കഴിയുമ്പോള്‍ മറ്റൊന്ന് വേണം എന്നേ ഉള്ളൂ. അല്ലെങ്കില്‍ ടെന്‍ഷനാണ്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് എന്തായിരുന്നു ജോലി?
കല്പ്പണിക്ക് പോയിട്ടുണ്ടായിരുന്നു. പെയന്റിംഗായിരുന്നു കൂടുതലും. അതിനിടയില്‍ ലഭിക്കുന്ന സമയങ്ങളിലാണ് പ്രോഗ്രാമിന് പോകുന്നത്.
കുടുംബത്തെക്കുറിച്ച്?
ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്തയാള്‍ മോനാണ്. താഴെ രണ്ട് പെണ്മക്കള്. ഇപ്പോള്‍ ചെറിയൊരു വീട് വെച്ചു. ഉമ്മ, അനിയന്, സഹോദിമാര്‍ ഒക്കെയുണ്ട്. എല്ലാവരും തൊട്ടടുത്ത് തന്നെയാണ് താമസം.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ








Click it and Unblock the Notifications