Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടോത്രത്തിന്റെ നേതൃത്വമല്ല കോണ്‍ഗ്രസിന് വേണ്ടത്; ബിജെപി മുന്നേറ്റം അപകടകരമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ സിപിഎമ്മിനെ ഒരു ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടുത്തിയാണ് ഷാഫി പറമ്പില്‍ ആദ്യമായി ലോക്സഭയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഇതോടെ തുടർച്ചയായ നാലാം തവണയും മണ്ഡലം കോണ്‍ഗ്രസിന്റെ കൈപ്പിടിക്കുള്ളിലായി. ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലമായിരുന്ന വടകര ദീർഘകാലത്തിന് ശേഷം കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നത് 2009 ല്‍ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെയാണ്.

2014 ല്‍ വീണ്ടും മുല്ലപ്പള്ളിയും 19 ല്‍ കെ മുരളീധരനും ഇപ്പോള്‍ ഷാഫിയും വടകരയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. ഷാഫിയുടെ വിജയം കൃത്യമായ രാഷ്ട്രീയ വിജയമാണെന്നും അദ്ദേഹത്തിന് മണ്ഡലത്തിന് വേണ്ടി മികച്ച രീതിയില്‍ പ്രവർത്തിക്കാന്‍ കഴിയുമെന്നുമാണ് മുന്‍ കെപിസിസി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. വടകരയുടെ വികസനം, ബിജെപിയുടെ മുന്നേറ്റം, സിപിഎം പരാജയം, കോണ്‍ഗ്രസിലെ കൂടോത്ര വിവാദം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം വണ്‍ഇന്ത്യയോട് പ്രതികരിക്കുന്നു..

vadakara

ഷാഫി പറമ്പിലിന്റെ വിജയവും പ്രതീക്ഷകളും

മൂന്ന് തവണ നിയമസഭാംഗമായി പ്രവർത്തിച്ചതിന്റെ അനുഭവ പരിചയവുമായിട്ടാണ് ഷാഫി പറമ്പില്‍ ലോക്സഭയിലേക്ക് എത്തുന്നത്. മൂന്നാമത്തെ ടേം അദ്ദേഹത്തിന് പൂർത്തീകരിക്കാന്‍ സാധിച്ചില്ല, അതിനിടയിലാണ് ലോക്സയിലേക്ക് മത്സരിക്കുന്നത്. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴെല്ലാം തന്നെ ഒരു നിയമസഭ സമാജികന്‍ എന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തുന്ന പ്രവർത്തനം കാഴ്ചവെച്ച നേതാവാണ് ഷാഫി പറമ്പില്‍.

നിയമസഭയില്‍ മാത്രമല്ല സ്വന്തം നിയോജക മണ്ഡലമായ പാലക്കാടും അദ്ദേഹം നിറഞ്ഞ് നിന്നു. ജനങ്ങളുമായി ഇഴകി ചേർന്ന്, അവരുടെ വിഷമങ്ങളിലും സന്തോഷങ്ങളിലും പങ്കുചേർന്നു. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുന്നില്‍ നിന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെല്ലാം തന്നെ സുതാര്യമാണ്. അതുകൊണ്ട് തന്നെ ഷാഫി പറമ്പില്‍ വടകരയുടെ ലോക്സഭ പ്രതിനിധിയായി വരുന്നതില്‍ ഞങ്ങള്‍ വടകരക്കാർക്കെല്ലാം വലിയ പ്രതീക്ഷയുണ്ട്.

shafi-parambil

കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങള്‍ എടുത്ത് നോക്കിയാലും ഏറ്റവും പൊളിറ്റിക്കലായ നിയോജക മണ്ഡലം ഏതാണെന്ന് വിലയിരുത്തിയാല്‍ അതില്‍ ഒന്നാമത് വരുന്നത് വടകരയാണ്. കണ്ണൂരില്‍ നിന്നും അഞ്ച് തവണ തുടർച്ചയായി ലോക്സഭയിലേക്ക് പോയ ഒരു അംഗം എന്ന നിലയില്‍ കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. അത്തരമൊരു മണ്ഡലത്തില്‍ ഷാഫി പറമ്പിലിന് വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് എനിക്ക് പറയാനുള്ളത്.

നൂറ് ശതമാനം മതേതരത്വം, തികഞ്ഞ രാഷ്ട്രീയ വിജയം

നൂറ് ശതമാനം മതേതരത്വ സ്വഭാവം പുലർത്തുന്ന മണ്ഡലമാണ് വടകര. ആളുകള്‍ക്കിടയില്‍ ആ ഐക്യവും കൂട്ടായ്മയുമുണ്ട്. നാദാപുരത്ത് പഴയ കാലത്ത് സിപിഎം നേതൃത്വത്തില്‍ ഒറ്റപ്പെട്ട ചില സംഘർഷങ്ങള്‍ ഉണ്ടായത് ഞാന്‍ വിസ്മരിക്കുന്നില്ല. അത് മാറ്റി നിർത്തിക്കൊണ്ടുള്ള കാര്യമാണ് ഞാന്‍ പറയുന്നത്. തികച്ചും രാഷ്ട്രീയമായി കാര്യങ്ങള്‍ വിലയിരുത്തി, അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവർ വോട്ട് രേഖപ്പെടുത്താറുള്ളു.

വികസനമില്ലാതെ കിടന്ന വടകര

കെപി ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വിജയിച്ച ഒരു ചെറിയ കാലയളവ് ഒഴികെ 2009 ന് മുമ്പ് വടകരയുടെ പ്രതിനിധികള്‍ എല്ലാം തന്നെ കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലുള്ളവരായിരുന്നു. ഉണ്ണികൃഷ്ണന്‍ തന്നെ പല തവണ പിന്നീട് മത്സരിച്ച് വിജയിച്ചെങ്കിലും അദ്ദേഹം കോണ്‍ഗ്രസിനെതിരെയായിട്ടായിരുന്നു മത്സരിച്ചത്. അതായത് വടകര മണ്ഡലത്തെ ദീർഘകാലം പ്രതിനിധീകരിച്ചിരുന്നത് ഇടത് മുന്നണി നേതാക്കളായിരുന്നു.

മലബാർ മൊത്തത്തില്‍ വികസന പ്രശ്നം നേരിടുന്നുണ്ട്. അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മണ്ഡലമാണ് വടകര. വടകരയുടെ വികസനത്തിന് ഒരു പ്രധാന്യവും എനിക്ക് മുമ്പ് വന്ന ഇടത് അംഗങ്ങള്‍ കൊടുത്തിരുന്നില്ല. 2009 ല്‍ ഞാന്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഉടനെ ചെയ്തത് വടകരയുടെ സമഗ്ര വികസസനത്തിന് വേണ്ടിയുള്ള പദ്ധതി ആവിഷ്കരിക്കുക എന്നുള്ളതാണ്. അതിന്റെ ഭാഗമായാണ് വിഷന്‍ വടകര 2025 എന്ന പേരില്‍ ഒരു നാഷണല്‍ സെമിനാർ സംഘടിപ്പിച്ചത്.

vadakara-

കോണ്‍ഗ്രസ് വരുന്നു, വടകര മാറുന്നു

ഡോ.ബിഎ പ്രകാശിന്റെ നേതൃത്വത്തില്‍ ഏഴ് നിയോജക മണ്ഡലങ്ങേയും വിദഗ്ധമായി പഠിച്ചുകൊണ്ട് ഒരു മണ്ഡലത്തിന്റേയും വികസനത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. വടകരയ്ക്ക് മുന്നോട്ട് പോകണമെങ്കില്‍ വിദ്യാഭ്യാസ മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്നതായിരുന്നു പ്രധാന കണ്ടെത്തല്‍. ഇതിനെ തുടർന്നാണ് യുജിസി ചെയർമാന്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാർ വടകരയില്‍ നടത്തിയത്.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മലബാർ റീജിയണല്‍ സെന്റർ വടകരയില്‍ സ്ഥാപിക്കാന്‍ സാധിച്ചതാണ് പ്രധാന നേട്ടമായി കാണുന്നത്. ഇന്ത്യാ രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവർത്തിക്കുന്ന ഇഗ്നോ സെന്ററായി വടകര കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെടുകയും രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. അതില്‍ എനിക്ക് അഭിമാനമുണ്ട്. വടകരയിലെ സാധാരണ ജനങ്ങളുടെ മക്കള്‍ക്കെല്ലാം ഇതിന്റെ നേട്ടമുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സെന്ററില്‍ നിന്നും ഏറ്റവും കൂടതലായി ഉന്നത പഠനം പൂർത്തിയാക്കിയത്.

ദേശീയ പാത, റെയില്‍ വേ തുടങ്ങിയ അടിസ്ഥാന വികസ മേഖലകളിലെല്ലാം കുതിപ്പുണ്ടായി. പാലക്കാട് റെയില്‍ വേ സ്റ്റേഷനില്‍ എസ്കലേറ്ററും ലിഫ്റ്റും വരുന്നതിന് മുന്‍പേ ആ സൗകര്യങ്ങള്‍ വന്ന സ്റ്റേഷനാണ് വടകര. തലശ്ശേരിയിലും സമാനമായ വികസനമുണ്ടായി, വടകരയില്‍ റീടെയറിങ് റൂം, കൊയിലാണ്ടി സ്റ്റേഷന് പുതിയ കെട്ടിടം, രാജധാനി ഒഴികേയുള്ള പ്രധാന ട്രെയിനുകള്‍ക്കെല്ലാം മണ്ഡലത്തിലെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ സാധിച്ചതും പ്രത്യേക നേട്ടങ്ങളാണ്. മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ റെയില്‍ വേ സ്റ്റേഷനകളിലും വലിയ രീതിയില്‍ വികസന പ്രവർത്തനങ്ങള്‍ നടന്നു.

പെരുവണ്ണാമൂഴിയില്‍ വലിയ വികസന ലക്ഷ്യത്തോടെയാണ് സിആർപിഎഫ് കേന്ദ്രം സ്ഥാപിക്കുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ ഭരണം മാറിയത് കേന്ദ്രത്തിന്റെ മുന്നോട്ട് പോക്കിന് തിരിച്ചടിയായി. എന്നിട്ടുപോലും വ്യക്തിപരമായ ബന്ധങ്ങള്‍ വെച്ചുകൊണ്ട് മന്ത്രിമാരെക്കണ്ടുകൊണ്ട് അതിന് വേണ്ടി പരിശ്രമിച്ചു. പാസ്പോർട്ട് സേവ കേന്ദ്രം, കേന്ദ്രീയ വിദ്യാലയം, അരീക്കരക്കുന്നിലെ ബിഎസ്എഫ് കേന്ദ്രം, കൊയിലാണ്ടിയും ചോമ്പാലും തലായി അടക്കമുള്ള ഫിഷറീസ് ഹാർബർ, വടകര കോസ്റ്റല്‍, തലശ്ശേരി കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഇവയെല്ലാം ഇക്കാലയളവിലാണ് ഉണ്ടാകുന്നത്. ആ വികസനത്തിന് തുടർച്ചയുണ്ടാക്കാന്‍ കെ മുരളീധരന് സാധിച്ചിട്ടുണ്ട്. ഇനി അത് ഷാഫി പറമ്പിലിനും സാധിക്കുമെന്നാണ് കരുതുന്നത്.

shafi-parambil-

ഷാഫി പറമ്പിലിന് നല്‍കിയ ഉപദേശം

മറ്റ് മണ്ഡലങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള അസാധാരണമായ ജനപങ്കാളിത്വത്തോട് കൂടിയാണ് വടകരയിലെ ജനം ഷാഫി പറമ്പിലിനെ സ്വീകരിച്ചത്. മതേതര വികാരം ഉള്‍ക്കൊള്ളുന്ന സാധാരണ ജനങ്ങളായിരുന്നു അതെല്ലാം. സാധാരണക്കാരായ വടകരക്കാരുടെ വികാരമായിരുന്നു അത്. രാജ്യത്ത് ജനാധിപത്യവും മതേതരത്വവുമൊക്കെ ചവിട്ടി മെതിക്കപ്പെടുന്ന, ഭരണ ഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മോദിയുടെ സർക്കാർ വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നു. അത് അപകടകരമായ ഒരു സൂചനയാണ്.

മതേതര്യ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വലിയ പോരാട്ടമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയാണ് അവരുടെ നേതാവ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ പോരാട്ടത്തില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ ഇടതും വലതുമായി ഉണ്ടാകണമെന്ന ഉപദേശമാണ് ഞാന്‍ ഷാഫി പറമ്പിലിന് നല്‍കിയിരിക്കുന്നത്.

ബിജെപി മുന്നേറ്റം അപകടകരം

ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണ കേരളത്തിലുണ്ടാക്കിയ മുന്നേറ്റം വളരെ അപകടകരമായ ഒരു സൂചനയാണ്. നാലര ശതമാനത്തോളം വോട്ടാണ് അവർക്ക് ഇത്തവണ കൂടിയിരിക്കുന്നത്. പിണറായി വിജയന്റെ സ്വന്തം ബൂത്തില്‍ 151 വോട്ടാണ് ബിജെപിക്ക് കിട്ടിയത്. ഇത് നിസാരമായി കാണാന്‍ സാധിക്കില്ല. സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഇത്.

ബിജെപി കേരളത്തിലുണ്ടാക്കുന്ന ഈ അപകടകരമായ മുന്നേറ്റം തിരിച്ചറിയാതെ പോയാല്‍ നമ്മള്‍ എല്ലാവരും ദുഃഖിക്കേണ്ടി വരും. ഉത്തരേന്ത്യയില്‍, എന്തിനേറെ സാക്ഷാല്‍ രാമക്ഷേത്രം നിലകൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ദളിതനായ ഒരു സ്ഥാനാർത്ഥിക്ക് ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിച്ചു. അതില്‍ നിന്നെല്ലാം വിഭിന്നമായ ഒരു ചിത്രം കേരളത്തില്‍ കാണുന്നു എന്ന് പറയുന്നത് നിസ്സാരമായി കാണാന്‍ സാധിക്കില്ല.

ഫൈസാബാദിലെ അവധേഷ് പ്രസാദിന്റെ വിജയം വലിയൊരു സൂചനയാണ്. ഉത്തരേന്ത്യയിലെ ജനങ്ങള്‍ മതേതരത്വമായി ചിന്തിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ജനവിധിയാണ് ഇത്തവണയുണ്ടായത്. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ യജമാനന്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് കൃത്യമായ ഹിന്ദു വോട്ട് ഏകീകരണത്തിന് ശ്രമിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന് വരാണസിയില്‍ നേരിടേണ്ടി വന്ന അവസ്ഥയെന്താണ്. കഴിഞ്ഞ തവണ നാലര ലക്ഷമുണ്ടായിരുന്ന ഭൂരിപക്ഷം ഇത്തവണ കഷ്ടി ഒന്നര ലക്ഷത്തിലേക്ക് എത്തി. ആദ്യ ഘട്ടത്തില്‍ പുറകിലേക്ക് പോകുന്ന അവസ്ഥയുമുണ്ടായി. എന്തെല്ലാം പറഞ്ഞ് കഴിഞ്ഞാലും ഇന്ത്യയുടെ മനസ്സ് മതേതരമാണ് എന്നതിന്റെ ചുവരെഴുത്താണ് ആ വിധി.

suresh-gopi-minister

സുരേഷ് ഗോപിയുടെ വിജയം, കേരളം എങ്ങോട്ട്?

ഏറ്റവും പ്രബുദ്ധതയും സാക്ഷരതയും ഉണ്ടെന്ന് പറയുന്ന കേരളത്തില്‍ എന്താണ് സംഭവിച്ചത്? ബിജെപി എങ്ങനെ ഇത്രത്തോളം വളർന്നുവെന്ന് നമ്മള്‍ ചിന്തിക്കണം. തൃശൂരില്‍ കെ മുരളീധരന്‍ എങ്ങനെ മൂന്നാം സ്ഥാനത്തേക്ക് പോയി എന്നതിനെക്കുറിച്ച് കോണ്‍ഗ്രസുകാരും മതേതര മുന്നണിയില്‍പ്പെട്ട ആളുകളും വിലയിരുത്തണം.

സുരേഷ് ഗോപി എന്ന പറയുന്ന വ്യക്തിയെ ഞാന്‍ പ്രാധാന്യത്തോടെ കാണുന്നില്ല. അദ്ദേഹം ഉള്‍ക്കൊള്ളുന്ന ബിജെപി കേരളത്തില്‍ വിജയിച്ചു എന്ന് പറയുന്നത് വളരെ ആപത്കരം എന്ന രീതിയിലാണ് ഞാന്‍ കാണുന്നത്.

സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകി

സിപിഎമ്മിനെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം വോട്ടുകള്‍, പ്രത്യേകിച്ച് ഈഴവ വിഭാഗത്തില്‍ നിന്നുള്ള വോട്ടുകള്‍ ഇത്തവണ ബിജെപിയുടെ പെട്ടിയിലേക്ക് പോയി. തൊഴിലാളി പ്രസ്ഥാനത്തിന്റേയും പുന്നപ്രയുടേയും വയലാറിന്റേയും നാടായ ആലപ്പുഴയില്‍ സിപിഎമ്മിന് എന്താണ് സംഭവിച്ചത്. ശോഭ സുരേന്ദ്രന്‍ അവിടെ പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് വലിയ തോതില്‍ നേടി. കേരത്തിലാകെ എടുത്ത് നോക്കിയാല്‍ ഇത്തരത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അത് സിപിഎം പോലൊരു പാർട്ടി തിരിച്ചറിയുന്നില്ല, തിരിച്ചറിഞ്ഞാലും അത് മനസ്സിലാക്കാനും ശ്രമിക്കുന്നില്ല.

cpm-flag

കോണ്‍ഗ്രസുകാർ വിജയത്തില്‍ മതിമറക്കരുത്, ഇത് ഭരണ വിരുദ്ധ വികാരം

ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം ആഹ്ളാദിക്കേണ്ടത് തന്നെയാണ്. എന്നാല്‍ അതില്‍ മതിമറന്നുകൊണ്ട് മുന്നോട്ട് പോകുന്നത് അപകടകരമായിരിക്കും. ഇപ്പോള്‍ ലഭിച്ച ഈ വോട്ടുകള്‍ പരിപൂർണ്ണമായും കേരളത്തിലുണ്ടായിരിക്കുന്ന ഭരണ വിരുദ്ധ വികാരത്തില്‍ നിന്നുമാണ്. പിണറായി വിജയന്‍ എന്ന ഭരണാധികാരിയുടെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്.

സിപിഎം ഇത്തവണ കേരളത്തില്‍ മത്സരിപ്പിച്ച സ്ഥാനാർത്ഥികള്‍ എല്ലാം തന്നെ ഒന്നിനൊന്ന് പിണറായി വിജയന്റ പ്രതിരൂപങ്ങളായിരുന്നു. അവർ മാത്രമല്ല, ആ പാർട്ടിയിലെ എല്ലാവരും അങ്ങനെയാണ്. അത് കോളേജിലെ എസ്എഫ്ഐ ആയാലും, നാട്ടിലെ ഡിവൈഎഫ്ഐ ആയാലും പ്രാദേശിക പാർട്ടി നേതാക്കാളായാലും ശരി. ഇവരുടെയൊക്കെ ധാർഷ്ട്യവും ധിക്കാരവും അഴിമതിയും കണ്ട് മടുത്ത ജനങ്ങളാണ് ഇത്രയും വലിയ ഭൂരിപക്ഷം യുഡിഎഫിന് കൊടുത്തത്.

വിജയത്തിന്റെ ലഹരിയില്‍ നേതാക്കന്മാരും പ്രവർത്തകരും മുന്നോട്ട് പോകരുത്. ബൂത്തുകളെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയാണ് ചെയ്യേണ്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അവിടെ മിടുക്കരായ, ജനങ്ങളുമായി ബന്ധമുള്ള സ്ഥാനാർത്ഥികളെ നിർത്തിക്കൊണ്ട് പരമാവധി സീറ്റുകളില്‍ വിജയിക്കാനുള്ള ശ്രമമുണ്ടാകണം. അത് വരാനിരിക്കുന്ന നിയസമഭ തിരഞ്ഞെടുപ്പില്‍ വിജയം പിടിച്ചെടുക്കുന്നതിന്റെ ആദ്യ പടിയായിരിക്കണം. കഠിനാധ്വാനവും ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ടുള്ള പ്രവർത്തനവുമാണ് വേണ്ടത്.

kpcc

കൂടോത്രത്തിന്റെ നേതൃത്വമല്ല വേണ്ടത്, ശാസ്ത്രാവബോധം വേണം

ജനങ്ങള്‍ക്ക് മുമ്പിലെ നല്ല മാതൃകകളായി കോണ്‍ഗ്രസ് നേതാക്കന്മാരും പ്രവർത്തകരും മാറണം. രാഷ്ട്രീയക്കാരെ വെറുക്കുന്ന ആളുകള്‍ കൂടതലായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്. അതിന് മാറ്റം ഉണ്ടാകണമെങ്കില്‍ ഒന്നാന്തരം ഒരു നേതൃത്വം വേണം. അല്ലാതെ കുടോത്രത്തിന്റെ നേതൃത്വം അല്ല നമുക്ക് വേണ്ടത്.

എനിക്കെതിരെ അങ്ങനെ എന്തെങ്കിലും കൂടോത്രത്തിന്റെ നീക്കമുണ്ടായതായി കരുതുന്നില്ല. ഉണ്ടായാല്‍ തന്നെ അതിന് പുല്ലുവില കൊടുക്കുന്ന വ്യക്തിയാണ്. ഞാന്‍ വേറെ ചിന്താഗതി വെച്ച് പുലർത്തുന്ന ഗണത്തില്‍ നിന്ന് വരുന്നതാണ്. വേറെ ചിന്താഗതി എന്ന് പറയുമ്പോള്‍ അത് നെഹ്റു മുന്നോട്ട് വെച്ച സയന്റിഫിക് ടെംപറിന്റെ ചിന്താഗതിയാണ്. ഇത്തരത്തിലുള്ള വിഡ്ഢിത്തരങ്ങളുടെ ലോകത്ത് ജീവിക്കുന്ന വ്യക്തിയല്ല ഞാന്‍. എല്ലാ കോണ്‍ഗ്രസുകാരും നെഹ്റു മുന്നോട്ട് വെച്ച പാത പിന്തുടരണമെന്നാണ് ആഗ്രഹം.

എനിക്കെതിരെ ആരും കൂടോത്രവും കൊണ്ട് വരില്ല. കൂടോത്രം വെക്കുന്നവനെ പറപ്പിക്കുന്നവനാണ് ഞാനെന്ന് അവർക്ക് അറിയാം. അവരൊന്നും എന്റെ അടുത്ത് വരില്ല. ഇത്തരം കൂടോത്ര വിഷയങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നില്‍ ചർച്ചയായത് കോണ്‍ഗ്രസ് പാർട്ടിക്ക് തന്നെ നാണക്കേടായി. ഷെയിം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ശാസ്ത്രാവബോധം വളർത്തുക എന്നത് ഭരണഘടനയില്‍ എഴുതിവെച്ച മൗലിക കർത്തവ്യങ്ങളിലെ പ്രധാനപ്പെട്ടതാണ്. അത് എല്ലാവരും ഓർക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+