ഹേമ കമ്മിറ്റി: 'ചരിത്രപ്രധാനമായ റിപ്പോർട്ട്, പോരാട്ടം തുടരും'; സജിത മഠത്തിൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ തുടർ നിയമ നടപടികൾ സ്വീകരിക്കണമോയെന്നത് സംബന്ധിച്ച് സർക്കാരും നിയമവിദഗ്ദരുമാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ സജിത മഠത്തിൽ. സ്വകാര്യത സംബന്ധിച്ച കാരണത്താൽ പുറത്തുവിടാതിരുന്ന പേജുകളിൽ സർക്കാരിനൊരു തീരുമാനമെടുക്കാൻ സാധിക്കും. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് ഡബ്ലിസിസിയുടെ പ്രതീക്ഷയെന്നും വൺ ഇന്ത്യ മലയാളത്തോട് സജിത മഠത്തിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവിധ കണ്ടത്തലുകളോട് തന്റെ നിലപാട് വ്യക്തമാക്കുകയാണ് സജിത മഠത്തിൽ.

ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുസമൂഹത്തിൽ ഏറെ ചർച്ചയായിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിന്മേലുള്ള തുടർനടപടി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. എന്തെല്ലാം നടപടികൾ വേണമെന്നാണ് താങ്കളുടെ അഭിപ്രായം?
ഈ സാഹചര്യം പരിഹരിക്കാൻ വേണ്ടി എന്തൊക്കെ ചെയ്യാമോ അതൊക്കെ സർക്കാരിന്റേയും സിനിമ മേഖലയുടേയും ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ആരോപണം ഉന്നയിക്കപ്പെട്ടവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകണമെന്നാണോ?
അതൊക്കെ നിയമപരമായ കാര്യങ്ങളാണല്ലോ. ഈ റിപ്പോർട്ട് വെച്ച് കേസെടുക്കാൻ പറ്റുമോ?,കേസെടുക്കാനാണോ ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്നൊക്കെ വേറെ ചോദ്യമാണ്. ഡബ്ല്യുസിസിയെ സംബന്ധിച്ച് ഞങ്ങൾ എന്തിനാണ് ഇത്തരം ഒരു പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത് എന്നത് മാത്രമേ എനിക്ക് പറയാൻ സാധിക്കൂ. ഈ റിപ്പോർട്ട് വെച്ച് നിയമപരമായി പോകാൻ സാധിക്കുന്നതാണെന്ന് നിയമ ഉപദേശകർ പറയുകയാണെങ്കിൽ തീർച്ചയായും അത് നിയമവഴിക്ക് തന്നെ നീങ്ങണം. അതിനെ കുറിച്ചൊന്നും കമന്റ് പറയാൻ ഇല്ല. ആ രീതിക്ക് ഞങ്ങൾ ഇതൊന്നും ആലോചിച്ചിട്ടും ഇല്ല. റിപ്പോർട്ട് വായിച്ചു പഠിക്കുന്നതേ ഉള്ളൂ.
സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ചും കാസ്റ്റിങ് കൗച്ചിനെ കുറിച്ചും അടിസ്ഥാന സൗകര്യമില്ലായ്മയെ കുറിച്ചും പ്രതിഫലം ലഭിക്കാത്തതിനെ കുറിച്ചുമെല്ലാം പലരും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം വ്യക്തിപരമായി ഞങ്ങൾക്ക് അറിയുന്ന കാര്യമാണ്. എന്നാൽ ഇതൊക്കെ സർക്കാർ രേഖയിൽ വന്നാൽ മാത്രമാണ് പിന്നീട് വരുന്ന സർക്കാരുകളുടെ നയ രൂപീകരണത്തിൽ ഈ വിഷയങ്ങളെല്ലാം പരിഹരിക്കാനുള്ള മാർഗങ്ങൾ ഉണ്ടാകുന്നുള്ളൂ. അതിന് വേണ്ടിയാണ് ഡബ്ല്യുസിസി ഇങ്ങനെയൊരു കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ടത്.
റിപ്പോർട്ടിൻമേൽ നിയമനടപടികൾക്കുള്ള സാധ്യതകൾ ഉണ്ടെന്ന് നിയമ ഉപദേശകൾ കരുതുന്നുണ്ടെങ്കിൽ സർക്കാർ അത് ചെയ്തേ മതിയാകൂവെന്ന അവസ്ഥയുണ്ടെങ്കിൽ അത് ആ വഴിക്ക് മുന്നോട്ട് പോകും.
ഹേമ കമ്മിറ്റി പോലൊരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സർക്കാർ വലിയൊരു ചുവടുവെപ്പാണ് നടത്തിയത്. ലോകത്തെവിടെയും ഇത് സംഭവിച്ചിട്ടില്ല. പക്ഷെ റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞപ്പോൾ അത് ഒരു കോൾഡ് സ്റ്റോറേജിൽ അടക്കപ്പെട്ടു. പല പല കാരണങ്ങളാണ് ഇതിന് കാരണമായി പറഞ്ഞത്. അതിലൊരു കാരണം സ്വകാര്യത പുലർത്തണം എന്നുള്ളതായിരുന്നു. ഞങ്ങൾ പല അവസരത്തിൽ ചോദിച്ചപ്പോഴും ഇതേ കാര്യം തന്നെയായിരുന്നു സർക്കാർ പറഞ്ഞത്. പക്ഷെ സർക്കാർ ഈ റിപ്പോർട്ട് വായിക്കുകയും ഇതിലെ ഗൗരവപ്പെട്ട കാര്യങ്ങൾ മനസിലാക്കുകയും ചെയ്തിട്ടുണ്ടാകുമല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് ഒരു നയരൂപീകരണവും ഉണ്ടാകാതിരുന്നതെന്നും നാല് വർഷമായി ഒന്നും ചെയ്യാതിരുന്നതെന്നുമാണ്. സർക്കാരിനെ സംബന്ധിച്ച് ഇതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. എന്തായാലും വലിയ നിയമ പോരാട്ടത്തിനൊടുവിൽ ഈ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഞങ്ങൾ പോരാടി നേടിയതാണ്. ഈ നിമിഷം സന്തോഷിക്കാനുള്ളതാണ്. ഡബ്ല്യുസിസിയെ സംബന്ധിച്ചെടുത്തോളം ഇത് ആദ്യ ചുവടുവെപ്പാണ്.
ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നത് എല്ലാവരും കൂടി തീരുമാനിക്കേണ്ട കാര്യമാണ്. നയങ്ങൾ രൂപീകരിക്കുമോ സർക്കാർ എന്തെങ്കിലും മുൻകൈയെടുക്കുമോ, സിനിമ മേഖല മുൻകൈയെടുക്കുമോ എന്ന് ഉറ്റുനോക്കുന്നുണ്ട്. ഡബ്ല്യുസിസി എല്ലാകാലത്തും ഇതിന് വേണ്ടി പോരാടിക്കൊണ്ടിരിക്കും. ഞങ്ങൾ ഞങ്ങളുടെ ജോലി കളഞ്ഞും എല്ലാവിധത്തിലുള്ള സംഘർഷങ്ങളിലൂടെയും ഇൻസട്ടിലൂടെയും കടന്ന് പോയിക്കൊണ്ട് തന്നെയാണ് ഇതിന്റെ ഭാഗമായി നിലനിൽക്കുന്നത്, അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും മാറ്റം വരണമെന്ന് ആഗ്രഹിച്ചുകൊണ്ട്.
പുറത്തുവിട്ട പ്രധാന റിപ്പോർട്ട് തന്നെ അപൂർണ്ണമാണ്. പുറമെ മൊഴികൾ അടങ്ങിയ 400 പേജ് വരുന്ന ഭാഗവും പുറത്തുവിട്ടിട്ടില്ല. ഇരകൾ അനുഭവിച്ചതിനേക്കാൾ വലുതാണോ വേട്ടക്കാരുടെ സ്വകാര്യതയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഇരയുടെ സ്വകാര്യത മാത്രം സംരക്ഷിച്ച് റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടേണ്ടതല്ലേ?
വിവരാവകാശ കമ്മീഷന്റെ തീരുമാനപ്രകാരമാണ് റിപ്പോർട്ട് പുറത്തുവിടാതിരുന്നത്. റിപ്പോർട്ട് സർക്കാർ വായിക്കരുതെന്നോ സർക്കാർ അതിലൊരു തീരുമാനം എടുക്കരുതെന്നോ വിവരാവകാശ കമ്മീഷൻ പറഞ്ഞിട്ടില്ല. സർക്കാരിന്റെ കൈയ്യിലുള്ള ഔദ്യോഗിക രേഖയാണ് അത്. അത് വായിച്ച് സർക്കാരിനൊരു തീരുമാനം എടുക്കാൻ സാധിക്കും. അത് സർക്കാർ ചെയ്യണമെന്നാണ് ആഗ്രഹം. ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
സിനിമാ മേഖലയെ ഒന്നാകെ സംശയ നിഴലിൽ നിർത്താനല്ലേ അപൂർണ്ണമായ റിപ്പോർട്ട് ഉപകരിക്കൂ എന്ന അഭിപ്രായം ഉണ്ട് ?
എന്ന് ഞാൻ കരുതുന്നില്ല. നിശബ്ദത പുലർത്തുമ്പോഴാണ് ഇത്തരം ചോദ്യങ്ങളൊക്കെ വരുന്നത്. ഇത്തരം നിശബ്ദതയുടെ ആവശ്യമില്ല. മേഖലയിൽ ഇത്തരം കുറച്ചുമനുഷ്യരുണ്ട്, ഞങ്ങൾ അത് പരിഹരിക്കും എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമാണത്.
അമ്മ ഉൾപ്പെടെ സിനിമാസംഘടനകളും നടന്മാരും റിപ്പോർട്ടിൽ പ്രതികരിക്കാൻ വൈമനസ്യം കാണിക്കുന്നുണ്ട്. ഹേമ റിപ്പോർട്ടിൽ ഗതാഗത മന്ത്രിക്ക് റോളില്ലെന്നാണ് നടൻ ഗണേഷ് കുമാർ പറഞ്ഞത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിട്ടുമില്ല. ഇനിയെങ്കിലും നീതിക്കൊപ്പം നിൽക്കാൻ തയ്യാറാവേണ്ടതല്ലേ?
ഈ കാര്യം എന്നോട് അല്ല ചോദിക്കേണ്ടത്, അവരാണ് മറുപടി പറയേണ്ടത്. അവരെങ്ങനെ മറുപടി പറയും എന്നതിന്റെ ഉത്തരവാദിത്തം കൂടി ഡബ്ല്യുസിസിക്ക് ഇല്ലല്ലോ.
പ്രധാനമായും അവരുടെ ഭാഗത്ത് നിന്ന് വരുന്നൊരു ആരോപണം ഇത് ഒരു ഊരും പേരും ഇല്ലാത്ത കമ്മിറ്റിയാണെന്നാണ്. മാത്രമല്ല സിനിമയിൽ നേരത്തേ ദീർഘകാലം പ്രവർത്തിച്ചിരുന്ന നടിമാർ കോംപ്രമൈസ് ചെയ്തിട്ടാണോ ജോലി ചെയ്തത് എന്നാണോ പറയുന്നത്? ഈ റിപ്പോർട്ട് പുറത്തുവന്നത് വളരെ മോശമായി . അവരൊക്കെ എന്തൊക്കൊയോ വിട്ടുവീഴ്ച ചെയ്തെന്നല്ലേ അതിനർത്ഥം എന്നൊക്കെ യാണ് ഇവർ കരുതുന്നത്. സ്ത്രീകളുടെ അവസ്ഥയെ തന്നെ മോശമാക്കിയൊരു റിപ്പോർട്ടാണ് ഇത് എന്ന് വിചാരിക്കുന്ന ആൾക്കാരാണ് സിനിമാ സംഘടനകളിൽ ചിലർ.
പീഡനത്തിന് ശേഷമാണല്ലോ പരാതിയുമായി രംഗത്തുവരുന്നതെന്നും അപ്പോൾ തന്നെ ചോദ്യം ചെയ്താൽ തീരാവുന്ന പ്രശ്നമോ ഉള്ളൂ എന്നാണ് ഒരുനടന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ഇത്തരം അധിക്ഷേപങ്ങൾ ഉണ്ടാവുന്നുണ്ട്. എന്താണ് താങ്കൾക്ക് ഇതിനോട് പറയാനുള്ളത്?
പ്രിവിലേജ് എന്ന് പറയുന്നൊരു സംഗതിയുണ്ട്. നമ്മുടെ തൊഴിൽ പോകില്ലെന്ന ഉറപ്പോട് കൂടി പ്രതികരിക്കാനുള്ള സാഹചര്യം വേണം. ജീവിതം മുന്നോട്ട് കൊണ്ടുപോകണം, അഭിനയത്തോട് അടങ്ങാത്ത അഭിനിവേശവും ഉണ്ടാകും, പക്ഷേ മുന്നോട്ട് പോകണമെങ്കിൽ ഉന്നതൻമാരുമായി പോരാട്ടമാണ്. ചിലർക്ക് പറ്റിയെന്ന് വരും. ചിലർ അതിനകത്ത് പെട്ടുപോയെന്ന് വരും. അതിന് ആ സ്ത്രീകളെ കുറ്റം പറയാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഈ പവർ പൊസിഷൻസ് തന്നെയാണ് അവരെ അങ്ങനെയാക്കുന്നത്. നമ്മൾ തന്നെ എല്ലാം പരിഹരിച്ചാൽ മതിയെങ്കിൽ ലോകത്ത് ഒരു സംവിധാനങ്ങളും ആവശ്യമില്ലല്ലോ.
ഹേമ കമ്മിറ്റി റിപ്പോർട്ടോടെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവും എന്ന് കരുതുന്നുണ്ടോ?
കാര്യങ്ങൾ പോസിറ്റീവായി കാണുന്ന ആളാണ് ഞാൻ. ഇത്രയും ആയില്ലേ, ഇനിയും മുന്നോട്ട് പോകുക തന്നെ ചെയ്യും, പോരാടുക തന്നെ ചെയ്യും.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില് നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications