Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയ് ഭീമിലെ സഖാക്കള്‍': 93 ല്‍ കമ്മാപുരത്ത് നടന്നതെന്ത്? ഗോവിന്ദനും രാജ്മോഹനും സംസാരിക്കുന്നു

മുഥിനൈ, കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും നാട്. വടലൂരില്‍ നിന്നും മുഥിനൈ എന്ന ഗ്രമത്തിലേക്ക് എത്തുമ്പോള്‍ മനസ്സ് നിറയെ രാജാക്കണ്ണും പാര്‍വതിയും ഗോവിന്ദനുമൊക്കെയായിരുന്നു. ഗ്രാമത്തില്‍ ഞാന്‍ രാജാക്കണ്ണിന്റെ വീട് തിരഞ്ഞു. പക്ഷെ അവര്‍ താമസിച്ച ആ കൂര ഇന്ന് അവിടെയില്ല, പകരം അതിനടുത്തായി പാര്‍വതിക്ക് കോടതി അനുവദിച്ച് നല്‍കിയ മൂന്ന് സെന്റ് സ്ഥലമുണ്ട്. രാജാക്കണ്ണിന്റെ ചേച്ചിയും കുടുംബവുമാണ് ഇപ്പോള്‍ അവിടെയുള്ളത്. പാര്‍വതി മകള്‍ക്കൊപ്പം ചെന്നൈയിലേക്ക് താമസം മാറിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അവിടെ നിന്നും ഞാന്‍ നേരെ മടങ്ങിയത് സഖാവ് ഗോവിന്ദനെ കാണാനാണ്.

നീതിക്ക് വേണ്ടിയുള്ള പാര്‍വതിയുടെ പോരാട്ടത്തില്‍ അടിയുറച്ച് കൂടെ നിന്ന അന്നത്തെ മുഥിനൈ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ഗോവിന്ദന്‍. വീട്ടിലേക്ക് ഞാന്‍ എത്തുമ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. മകളുടെ ക്ഷണപ്രകാരം അകത്തേക്ക് കയറി ഇരിക്കുമ്പോള്‍ ഒര്‍ത്തു പോയത് 28 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ദിവസം ഇതേ വാതില്‍പ്പടി കടന്ന് തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി എത്തിയ പാര്‍വതിയെയാണ്. അധികം വൈകാതെ തന്നെ ഗോവിന്ദനും വീട്ടിലേക്ക് എത്തി. ജയ് ഭീം സിനിമയില്‍ കാണിക്കുന്നത് പോലെ അത്രയും പ്രായമുള്ള ആളായിരുന്നില്ല അന്ന് ഗോവിന്ദന്‍. അദ്ദേഹത്തിന് 24 വയസ്സുള്ളപ്പോഴാണ് രാജാക്കണ്ണ് കേസ് നടക്കുന്നത്. ഗോവിന്ദന്‍ ആദ്യം സിനിമയെ കുറിച്ച് പറഞ്ഞു. പിന്നെ ആ കാലത്തെ, അന്നത്തെ അനുഭവങ്ങളിലേക്ക് കടന്നു.

ഗ്രാമത്തിലേക്ക് പൊലീസ് വാന്‍ ഇരച്ചെത്തിയ ആ ദിനം

ഗ്രാമത്തിലേക്ക് പൊലീസ് വാന്‍ ഇരച്ചെത്തിയ ആ ദിനം

(മുഥിനൈ ഗ്രാമം ഇന്ന്)

1993 ലെ മാര്‍ച്ച് മാസത്തിലെ ഒരു ദിവസം കമ്മാരപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ അന്തോണി സ്വാമിയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ മുഥിനൈ ഗ്രാമത്തിലേക്ക് ഇരച്ചെത്തി നാടൊട്ടുക്ക് തിരച്ചില്‍ ആരംഭിച്ചതാണ് ആ സംഭവവുമായി ബന്ധപ്പെട്ട ആദ്യ ഓര്‍മ്മ. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഥിനൈ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഞാന്‍ തിരച്ചിലിന് പിന്നിലെ കാരണം പൊലീസിനോട് അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് രാജാക്കണ്ണിന്റെ പേരില്‍ ഒരു മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറയുന്നത്.

പൊലീസ് ആരോപിച്ച മോഷണക്കേസ്

പൊലീസ് ആരോപിച്ച മോഷണക്കേസ്

(ഗോവിന്ദന്‍)

രാജാക്കണ്ണ് ഉള്‍പ്പടേയുള്ളവര്‍ അയല്‍ഗ്രാമമായ കുടപ്പാക്കം, കുമാരപുരം, കമ്മാപുരം, ഗോപലപുരം എന്നിവിടങ്ങളിലെ വലിയ നിലങ്ങള്‍ ഉള്ളവരുടെ വീടുകളില്‍ പോയി നെല്‍ കൃഷിയുമായി ബന്ധപ്പെട്ട കൂലിവേല ചെയ്യാറുണ്ടായിരുന്നു. കൃഷിയിടത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് തന്നെ താമസിച്ചാവും അവരുടെ പണി. ആ വര്‍ഷം ഗോപാലപുരം എന്ന ഗ്രാമത്തില്‍ നെല്‍ കൃഷിക്ക് പോയ രാജക്കണ്ണ് വിളവെടുപ്പിന് ശേഷം നാട്ടിലേക്ക് തിരിച്ച് മടങ്ങുമ്പോള്‍ ഉടമസ്ഥന്റെ വീട്ടിലെ 40 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞത്.

രാജാക്കണ്ണാണ് മോഷണം നടത്തിയതെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന ഒരു തെളിവും പൊലീസിന്റെ കൈവശം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഗ്രാമത്തെ മൊത്തം ഇങ്ങനെ ഭയത്തില്‍ നിര്‍ത്തി തിരച്ചിലുമായി മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്ന് ഞങ്ങള്‍ നാട്ടുകാരെല്ലാം കൂടി ചേര്‍ന്ന് പൊലീസ് നടപടിക്ക് നേതൃത്വം നല്‍കിയ എസ് ഐ അന്തോണി സ്വാമിയോട് പറഞ്ഞു. അങ്ങനെയാണ് അന്ന് രാത്രി പൊലീസ് ഗ്രാമത്തില്‍ നിന്നും തിരിച്ച് പോവുന്നത്.

പിറ്റേ ദിവസം രാജക്കണ്ണ് ഗ്രാമത്തില്‍

പിറ്റേ ദിവസം രാജക്കണ്ണ് ഗ്രാമത്തില്‍ എത്തിയപ്പോള്‍ പഞ്ചായത്ത് ചേര്‍ന്ന് അദ്ദേഹത്തോട് കാര്യങ്ങള്‍ അന്വേഷിച്ചു. മോഷണം നടത്തിയിട്ടില്ലെന്നും പൊലീസ് കള്ളക്കഥ ഉണ്ടാക്കുകയാണെന്നും രജാക്കണ്ണ് പഞ്ചായത്തിന് മുമ്പാകെ ആണയിട്ട് പറഞ്ഞു. എല്ലാവര്‍ക്കും വിശ്വാസം വരുത്തുന്നതിനായി രാജാക്കണ്ണ് അവരുടെ കുലദൈവം മുന്‍പാകെ കര്‍പ്പൂരം കയ്യില്‍ വെച്ച് കത്തിച്ച് സത്യം ചെയ്യുകയും ചെയ്തു. അതിന് ശേഷമാണ് പൊലീസ് രാജാക്കണ്ണിനെ കസ്റ്റഡിയിലെടുത്ത് കമ്മാപുരം സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത്. ഭാര്യ പാര്‍വതി, അവരുടെ ജേഷ്ഠ്യന്‍ രത്തനം, ഇളയമ്മ സുന്ദരം എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പാര്‍വതി സ്റ്റേഷനില്‍ കണ്ട നടുക്കുന്ന കാഴ്ചകള്‍

പാര്‍വതി സ്റ്റേഷനില്‍ കണ്ട നടുക്കുന്ന കാഴ്ചകള്‍

(അന്നത്തെ സിപിഎം ഏരിയ സെക്രട്ടറി രാജ്മോഹന്‍)

സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം പാര്‍വതിയെ മാത്രം തിരിച്ച് വീട്ടിലേക്ക് പറഞ്ഞ് വിടുകയായിരുന്നു. പിറ്റേ ദിവസം ഭക്ഷണവുമായി സ്റ്റേഷനിലെത്തിയ പാര്‍വതി കാണുന്നത് സെല്ലിനുള്ളിലെ കമ്പിയില്‍ നഗ്നനാക്കി കെട്ടിത്തൂക്കിയിരിക്കുന്ന രാജാക്കണ്ണിനെയാണ്. ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റിരുന്നു. അതുകണ്ട പാര്‍വതി ബഹളം വെച്ചു. അതോടെ പൊലീസ് അവരേയും മര്‍ദ്ദിച്ചു. കുറ്റം സമ്മതിക്കണം, അല്ലെങ്കില്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പറയുന്ന സ്വര്‍ണ്ണം തിരികെ കൊടുക്കണം. ഇത് രണ്ടും ചെയ്തില്ലെങ്കില്‍ രാജക്കണ്ണിനെ വെറുതെ വിടില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. മര്‍ദ്ദനത്തിന് ശേഷവും അവിടെ തുടര്‍ന്ന പാര്‍വതി രാജാക്കണ്ണിന് ഭക്ഷണം വാരി നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ മര്‍ദ്ദനത്തിന്റെ അവശതകളില്‍ വലഞ്ഞിരുന്ന രാജക്കണ്ണിന് ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. ഇതെല്ലാം രാജക്കണ്ണിന്റെ അഭിനയമാണെന്ന് പറഞ്ഞ പൊലീസ് ഉടന്‍ തന്നെ പാര്‍വതിയെ പൊലീസ് അവിടുന്ന പറഞ്ഞ് വിടുകയും ചെയ്തു. സുന്ദരം, രത്തനം എന്നിവരേയും അന്നേദിവസം പൊലീസ് പുറത്ത് വിട്ടിരുന്നു.

പാര്‍വതി തിരികെ ഗ്രാമത്തില്‍ എത്തുന്നതിന് മുമ്പ് ഒരു വണ്ടി പൊലീസുകാര്‍ മുഥിനൈ ഗ്രാമത്തിലെത്തി. രാജാക്കണ്ണ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയെന്നായിരുന്നു അവര്‍ ഗ്രാമവാസികളോട് പറഞ്ഞത്. രാജക്കണ്ണിന്റെ അപ്പോഴത്തെ ആരോഗ്യ അവസ്ഥയെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു പാര്‍വതി രാജാക്കണ്ണ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയെന്ന പൊലീസിന്റെ നുണ വിശ്വസിക്കാന്‍ തയ്യാറായില്ല. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ രാജക്കണ്ണിനെ സ്റ്റേഷനില്‍ വെച്ച് കണ്ട കാര്യം പാര്‍വതി എന്നോട് വന്ന് പറയുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഞാന്‍ സഖാവ് രാജേന്ദ്രന്‍, അന്നത്തെ കമ്മാരപുരം ഏരിയ സെക്രട്ടറി രാജ്മോഹന്‍ എന്നിവരെ വിവരം അറിയിച്ചു.

പാര്‍ട്ടി ഇടപെടുന്നു

പാര്‍ട്ടി ഇടപെടുന്നു

(സര്‍വ്വകക്ഷി പ്രതിഷേധത്തിലേക്ക് മറ്റ് കക്ഷികളെ ക്ഷണിച്ചുകൊണ്ട് സിപിഎം നല്‍കിയ കത്ത്)

പിറ്റേ ദിവസം തന്നെ രാജക്കണ്ണിന്റെ കുടുംബം ഉള്‍പ്പടെ ഗ്രാമത്തിലെ ആളുകളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും കൂട്ടി കമ്മാപുരം സ്റ്റേഷനില്‍ എത്താനായിരുന്നു ഏരിയ സെക്രട്ടറി രാജ്മോഹന്‍ നിര്‍ദ്ദേശിച്ചത്. പാര്‍ട്ടിയിലെ മറ്റ് നേതാക്കളേയും കൂട്ടി രാജ്മോഹനും രാവിലെ സ്റ്റേഷനില്‍ എത്താമെന്നേറ്റു. അതിരാവിലെയോടെ ഞങ്ങള്‍ സ്റ്റേഷനില്‍ ചെന്ന് നോക്കുമ്പോള്‍ സെല്ലിനുള്ളില്‍ രാജക്കണ്ണിനെ കാണാനില്ലെന്ന് മാത്രമല്ല അവിടം ആകെ കഴുകി വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. സാധാരണ സെല്ലിനുള്ളിലെ തറ വല്ലപ്പോഴും കഴുകാറുണ്ട്. എന്നാല്‍ അന്ന് ഭിത്തിയുള്‍പ്പടെ കഴുകിയിരുന്നു. പൊലീസ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന TAF 1269 നമ്പര്‍ വാനും വൃത്തിയാക്കിയിട്ടുണ്ട്. ഇതെല്ലാം കണ്ടതോടെ ഞങ്ങള്‍ക്ക് സംശയങ്ങള്‍ ബലപ്പെട്ടു. അപ്പോള്‍ തന്നെ എസ് ഐ അന്തോണി സ്വാമി ഉള്‍പ്പടേയുള്ളവരെ കണ്ട് കാര്യം അന്വേഷിക്കുകയും ഞങ്ങളുടെ സംശയങ്ങള്‍ തുറന്ന് പറയുകയും ചെയ്തു. എന്നാല്‍ രാജക്കണ്ണ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയെന്നായിരുന്നു അപ്പോഴും പൊലീസ് ആവര്‍ത്തിച്ചത്.

പൊലീസിന്റെ മറുപടി

(പാര്‍ട്ടി മുഖപത്രമായ തീക്കതിറില്‍ 1993 ല്‍ രാജാക്കണ്ണ് വിഷയത്തില്‍ വന്ന വാര്‍ത്ത)

പൊലീസിന്റെ മറുപടി വിശ്വസിക്കാന്‍ തയ്യാറാവാതിരുന്ന ഞങ്ങള്‍ ഉടന്‍ താലൂക്ക് ഓഫീസില്‍ എത്തിയ തഹസില്‍ദാരെ കണ്ട് പരാതി നല്‍കി. അതിന് ശേഷം അന്ന് സിപിഎം കടലൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന (ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി) ജി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. രാജാക്കണ്ണിനെ ലോക്കപ്പില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് തന്നെയായിരുന്നു അപ്പോഴത്തെ ഞങ്ങളുടെ ബലമായ സംശയം. അദ്ദേഹം നിര്‍ദേശിച്ച പ്രകാരമാണ് പാര്‍വതി ഉള്‍പ്പടേയുള്ളവരെ കൂട്ടി ജില്ലാ കേന്ദ്രമായ കടലൂരില്‍ എത്തി എസ്പിക്ക് മുന്‍പാകെ പരാതി നല്‍കുന്നത്. അതോടൊപ്പം തന്നെ രാജാക്കണ്ണിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കമ്മാപുരം പൊലീസ് സ്റ്റേഷന്‍, വിരുതാചലം തുടങ്ങിയ വിവിധ ഇടങ്ങളില്‍ സമര പരിപാടികള്‍ സംഘടിപ്പിച്ചു. കമ്മാപുരത്ത് ഡിഎംകെ, പിഎംകെ, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ അണിനിരന്ന ബഹുജന ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. മൂന്ന് മാസം ഈ സമരപരിപാടികള്‍ തുടര്‍ന്നിട്ടും അന്വേഷണത്തില്‍ പുരോഗമനം ഇല്ലാതിരുന്നതോടെ കടലൂര്‍ ജില്ലാ കേന്ദ്രത്തിന് മുന്നിലും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരം ചെയ്തു.

കേസ് ചന്ദ്രു വക്കീലിലേക്ക്

കേസ് ചന്ദ്രു വക്കീലിലേക്ക്

മാസങ്ങള്‍ നീണ്ട് പോയതോടെ നിലവിലെ പൊലീസ് അന്വേഷണത്തിലെ വിശ്വാസം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. അതോടെയാണ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന അഭിഭാഷകനായ ചന്ദ്രുവുമായി ജി ബാലകൃഷ്ണന്‍ രാജക്കണ്ണ് വിഷയം സംസാരിക്കുന്നത്. തുര്‍ന്ന് അദ്ദേഹം നല്‍കിയ കത്തും വാങ്ങി ഞാനും പാര്‍ട്ടി ഏരിയ സെക്രട്ടറി രാജ്മോഹനും പാര്‍വതിയുമായി ചെന്നൈക്ക് ചെല്ലുകയായിരുന്നു. കേസ് ഏറ്റെടുത്ത ചന്ദ്രു വക്കീല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. പിന്നീടാണ് സിനിമയില്‍ കാണുന്നത് പോലുള്ള കോടതിയിലെ വാദങ്ങള്‍ നടക്കുന്നത്. അന്ന് കോടതിയില്‍ എന്തൊക്കെ നടന്നോ അത് അതുപോലെ തന്നെ എടുക്കാന്‍ സിനിമയ്ക്ക് സാധിച്ചിണ്ട്.

കേസില്‍ നിര്‍ണ്ണായകമായത് അന്നേ ദിവസം തന്നെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്ന രജാക്കണ്ണിന്റെ സഹോദരി ആഴ്ച്ചി, അവരുടെ മകന്‍ കുള്ളന്‍, ഗോവിന്ദരാജ് എന്നിവരെ കോടതിയില്‍ എത്തിക്കാന്‍ സാധിച്ചതാണ്. രജാക്കണ്ണിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് മറ്റൊരു കേസില്‍ ഉള്‍പ്പെട്ട് അവരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. രാജാക്കണ്ണ് കൊല്ലപ്പെട്ടുവെന്ന് ബോധ്യപ്പെട്ട പൊലീസ് അവരെ സ്റ്റേഷനില്‍ നിന്ന് മാത്രമല്ല, ആ നാട്ടില്‍ നിന്ന് തന്നെ വിരട്ടി ഓടിക്കുകയാണുണ്ടായത്. ഭയപ്പെട്ട് ഓടിപ്പോയ അവരെ പിന്നീട് ഞാനും മറ്റ് പാര്‍ട്ടി സഖാക്കളും പന്തനെല്ലൂര്‍ എന്ന ഗ്രാമത്തില്‍ ചെന്ന് തിരികെ കൊണ്ടുവരികയായിരുന്നു. പൊലീസ് മര്‍ദ്ദനം ഭയപ്പെട്ട അവര്‍ ആദ്യം വരാന്‍ തയ്യാറായിരുന്നില്ലെന്നതാണ് സത്യം.

പ്രാദേശിക പ്രമുഖനായ ഒരു കോണ്‍ഗ്രസ്

പ്രാദേശിക പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ അരിമില്ലിലായിരുന്നു അവര്‍ അവിടെ ജോലി ചെയ്തിരുന്നത്. അദ്ദേഹത്തെ ചെന്ന് കണ്ട പൊലീസ് ഇവരെ എങ്ങോട്ടും വിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് അദ്ദേഹവും അവരെ ഞങ്ങളോടൊപ്പം വിടാന്‍ തയ്യാറായില്ല. അന്ന് അവിടെ നിന്നും മടങ്ങിയ ഞങ്ങള്‍ ഇരുപത് ദിവസത്തിന് ശേഷം വീണ്ടും ചെന്ന് അവരോട് കാര്യങ്ങള്‍ വിശദീകരിച്ചു. അതൊടെ അവര്‍ വരാമെന്നായി. എന്നാല്‍ പൊലീസുകാര്‍ കാണുമെന്ന ഭയത്താല്‍ പകല്‍ വരാന്‍ തയ്യാറാവാതിരുന്ന അവര്‍, രാത്രിയോടെയായിരുന്നു അവിടെ നിന്നും ഇറങ്ങിയത്. റോഡിലൂടെ സഞ്ചരിക്കാതെ നാല് കിലോമീറ്ററോളം വയലില്‍ കൂടെ നടന്നതിന് ശേഷമാണ് അവരേയും കൂട്ടി ബസ് കയറി വടലൂര്‍ ബസ്റ്റാന്‍ഡില്‍ എത്തുന്നത്. അപ്പോഴേക്കും പാര്‍വതി, സുന്ദരം, രത്തിനം എന്നിവരേയും പാര്‍ട്ടി സഖാക്കള്‍ അവിടെ എത്തിച്ചിരുന്നു. എല്ലാവരുമായി ഞങ്ങള്‍ നേരെ ചന്ദ്രു വക്കീലിന്റെ അടുത്ത് എത്തി. അദ്ദേഹം എടുത്ത് തന്ന മുറിയിലായിരുന്നു കോടതിയില്‍ വിചാരണ നടന്ന മൂന്ന് ദിവസവും ഞങ്ങള്‍ താമസിച്ചത്.

ഹൈക്കോടതിയുടെ ഇടക്കാല വിധി

ഹൈക്കോടതിയുടെ ഇടക്കാല വിധി

രാജാക്കണ്ണിന്റെ സഹോദരിയെ വിസ്തരിച്ചപ്പോഴാണ് തന്റെ മകന്റെ മുന്നില്‍ വെച്ച് പൊലീസ് നഗ്നയാക്കി മര്‍ദ്ദിച്ചത് ഉള്‍പ്പടേയുള്ള കാര്യം പറയുന്നത്. അതുകേണ്ട് ജഡ്ജിയുള്‍പ്പടെ കോടതിയില്‍ അന്ന് ഉണ്ടായിരുന്ന എല്ലാവരും വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. തുടര്‍ന്ന് ഏതാനും വാദങ്ങള്‍ക്ക് ശേഷമാണ് രാജാക്കണ്ണിനെ കാണാതായതല്ലെന്നും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണന്നുമുള്ള ഹൈക്കോടതിയുടെ ഇടക്കാല വിധിയുണ്ടാവുന്നത്. പാര്‍വതി ഉള്‍പ്പടേയുള്ളവര്‍ക്ക് നഷ്ടപരിഹാരവും വീട് വെക്കാന്‍ സ്ഥലവും കോടതി അനുവദിച്ചിരുന്നു. അതോടൊപ്പം കേസില്‍ സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അങ്ങനെയാണ് പെരുമാള്‍ സ്വാമി അന്വേഷണത്തിന് എത്തുന്നത്.

പെരുമാള്‍ സ്വാമിയുടെ അന്വേഷണത്തിലാണ് രാജക്കണ്ണിന്റെ മൃതദേഹം മീന്‍ചുരുട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് തള്ളിയതെന്ന കാര്യം കണ്ടെത്തുന്നത്. അജ്ഞാത മൃതദേഹം എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി രാജക്കണ്ണിന്റെ മൃതദേഹം മീന്‍ചുരുട്ടി പൊലീസ് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അടക്കം ചെയ്തിരുന്നു. ശരീരത്തിലേറ്റ മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിന് മുമ്പ് എടുത്ത ഫോട്ടോയിലെ വ്യക്തി രാജക്കണ്ണ് തന്നെയാണെന്ന് പാര്‍വതി ഉള്‍പ്പടേയുള്ളവര്‍ തിരിച്ചറിഞ്ഞതും കേസിലെ പ്രധാന വഴിത്തിരിവായി. മരിച്ച് രണ്ടോ മുന്നോ ദിവസങ്ങള്‍ക്ക് ശേഷമുള്ള ഫോട്ടാ ആയതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.

കരുണാനിധിയെ കണ്ട് പാര്‍ട്ടി നേതൃത്വം

കരുണാനിധിയെ കണ്ട് പാര്‍ട്ടി നേതൃത്വം

(സിപിഎം നേതാവ് ജി ബാലകൃഷ്ണന്‍)

കടലൂര്‍ സെഷന്‍ കോടതിയിലായിരുന്നു രാജാക്കണ്ണ് കൊലപാതക കേസ് വിചാരണയ്ക്ക് വന്നത്. നീതി ലഭിക്കുന്നതിനായി ഏറ്റവും മികച്ച അഭിഭാഷകന്‍ തന്നെ വേണമെന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. അങ്ങനെയാണ് ചിദംബരം വെങ്കിട്ടരാമനെ പബ്ലിക്ക് പ്രോസിക്യൂട്ടറായി വെക്കുന്നത്. അതിനായി പാര്‍ട്ടി സംസ്ഥാന നേതൃത്വം അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പടെയുള്ളവരെ കണ്ടിരുന്നു. വിചാരണ നടക്കുമ്പോള്‍ പ്രതികളായ പൊലീസുകാരും കള്ള സാക്ഷി പറഞ്ഞ ഡോക്ടറും മൂന്ന് തവണ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡര്‍ വാങ്ങിച്ചു. ഇതിനെയെല്ലാം മറികടന്നാണ് കോടതിയില്‍ നിന്നും നീതി ഉറപ്പ് വരുത്താന്‍ സാധിച്ചത്. എസ് ഐ അന്തോണി സ്വാമിക്കും ഹെഡ് കോണ്‍സ്റ്റബിള്‍ വീരസ്വാമിക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ കോണ്‍സ്റ്റബിള്‍ രാമസ്വാമിക്ക് മൂന്ന് വര്‍ഷം തടവായിരുന്നു ശിക്ഷ വിധിച്ചത്. ഡോ. കെ രാമചന്ദ്രന്റെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് കോടതി റദ്ദാക്കുകയും ചെയ്തു. തടവില്‍ കഴിയവെ അന്തോണി സ്വാമി പിന്നീട് മരണപ്പെട്ടു.

10 വര്‍ഷം നീണ്ടു പോയ വിവാഹം

10 വര്‍ഷം നീണ്ടു പോയ വിവാഹം

കേസ് ആവ്യശ്യങ്ങള്‍ക്ക് വേണ്ടി പാര്‍വതിക്ക് ഒപ്പം നിന്നു എന്നതിനാല്‍ തന്നെ പൊലീസിന്റെ വലിയ ഭീഷണികളായിരുന്നു ഞാനുള്‍പ്പടേയുള്ള പാര്‍ട്ടി സഖാക്കള്‍ക്ക് നേരിടേണ്ടി വന്നത്. അടിച്ചുകൊല്ലും ലോറി കയറ്റി കൊല്ലും എന്നൊക്കെയായിരുന്നു ഭീഷണി. വീട്ടിലൊക്കെ എത്തി നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. അതിനായി ഗുണ്ടകളെ വരെ അവര്‍ ഉപയോഗിച്ചു. ഭീഷണിക്ക് വഴങ്ങില്ലെന്ന് പണം വാഗ്ദാനം ചെയ്യുന്നത്. പത്ത് ലക്ഷ രൂപയ്ക്ക് മുകളിലൊക്കെയായിരുന്നു വാഗ്ദാനം. പാര്‍ട്ടിയുടെ മറ്റ് നേതാക്കളേയും അവര്‍ കണ്ടിരുന്നു. എന്നാല്‍ ഒരാള്‍ പോലും തങ്ങളുടെ നിലപാടില്‍ നിന്നും ഒരടി പിന്നോട്ട് പോവാന്‍ തയ്യാറായില്ല. അന്ന് എനിക്ക് കല്യാണം നോക്കിക്കൊണ്ടിരിക്കുന്ന സമയാണ്. എന്നാല്‍ ആ സമയത്ത് കല്യാണം കഴിച്ചാല്‍ പൊലീസ് ഭാര്യയേയും ഭീഷണിപ്പെടുത്തും. അപ്പോഴാണ് ഈ കേസ് എന്ന് തീരുന്നോ അന്ന് കല്യാണം എന്ന തീരുമാനം ഞാന്‍ എടുത്തത്. അത് പ്രകാരം കേസില്‍ വിധി വന്നതിന് ശേഷം 2004 ലായിരുന്നു കല്യാണം കഴിഞ്ഞത്.

രാജ് മോഹനും പറയാനുള്ളത്

രാജ് മോഹനും പറയാനുള്ളത്

ഏരിയാ സെക്രട്ടറിയായ രാജ് മോഹനും പറയാനുള്ളത് പൊലീസിന്റെ ഭീഷണിയുടേയും അതൊന്നും വകവെയ്ക്കാതെ പാര്‍വതിക്കൊപ്പം നിന്നുകൊണ്ട് പാര്‍ട്ടി നടത്തിയ പോരാട്ടത്തിന്റെ കഥയാണ്. അഡ്വ. ചന്ദ്രുവിന് 5000 രൂപ കോടതി ചിലവുകള്‍ക്കായി നല്‍കിയെങ്കിലും അത് വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ലെന്നും രാജ് മോഹന്‍ ഓര്‍ക്കുന്നു. ടൈപ്പിങ് ചിലവിനായിട്ടെങ്കിലും കുറച്ച് പൈസ വാങ്ങിക്കണം എന്ന് പറഞ്ഞെങ്കിലും ചന്ദ്രു അതും നിരസിച്ചു നിങ്ങള്‍ നടത്താന്‍ പോവുന്നത് വലിയൊരു പോരാട്ടമാണ്. കേസുമായി മുന്നോട്ട് പോവുമ്പോള്‍ വളരെ അധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാവും എന്തൊക്കെ നേരിടേണ്ടി വന്നാലും അവസാന നിമിഷം വരെ പിന്മാറരുതെന്ന ഒരേയൊരു കാര്യമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടതെന്നും രാജ് മോഹന്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+