Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍-ഇസ്രായേല്‍; യുദ്ധം അവസാനിച്ചപ്പോള്‍ 'വിജയം' ആർക്ക്? വെടിനിർത്തല്‍ താല്‍ക്കാലികം: നിർമ്മല്‍ അബ്രഹാം

അമേരിക്കന്‍ ഇടപെടല്‍ കൂടിയുണ്ടായതോടെ വലിയ തോതില്‍ വ്യാപിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഇറാന്‍-ഇസ്രായേല്‍ യുദ്ധം വളരെ പെട്ടെന്ന് തന്നെ ഒരു വെടിനിർത്തല്‍ കരാറിലേക്ക് എത്തിയിരിക്കുകയാണ്. ഖത്തറിലേക്ക് ഇറാന്‍ നടത്തിയ ആക്രമണം ഒരു മുന്നറിയിപ്പ് മാത്രമായിരുന്നെങ്കില്‍ മലയാളികള്‍ക്കിടയിലടക്കം അത് സൃഷ്ടിച്ച ഭീതി ചെറുതല്ല. ഈ സാഹചര്യത്തില്‍ വെടിനിർത്തല്‍ വലിയ ആശ്വാസമാണ് ലോകത്തിന് തന്നെ നല്‍കുന്നത്.

വെടിനിർത്തല്‍ നിലവില്‍ വന്നെങ്കിലും അത് താല്‍ക്കാലികം മാത്രമാണെന്നാണ് വിദേശകാര്യ വിദഗ്ധനും അധ്യാപകനുമായ നിർമ്മല്‍ അബ്രഹാം വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നത്. ഏതൊക്കെ സാഹചര്യത്തില്‍ വെടിനിർത്തല്‍ ലംഘിക്കപ്പെടാം, യുദ്ധത്തില്‍ ഒരോരുത്തരുടേയും അവകാശം വാദം എന്ത്, ഇറാന്‍ - ഇസ്രായേല്‍ ബന്ധത്തിന്റെ ചരിത്രം തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം വിശദമായി സംസാരിക്കുന്നു.

iran

ഒരു യുദ്ധം, അവകാശവാദങ്ങള്‍ പലത്

യുദ്ധത്തിൽ വിജയം ആർക്കെന്ന ചോദ്യത്തിന് വീക്ഷണകോണുകൾക്കനുസരിച്ച് വ്യത്യസ്ത ഉത്തരങ്ങളുണ്ടാകും നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, ഇസ്രായേലിന് വിജയം അവകാശപ്പെടാം. എന്നാൽ, യുറേനിയം എൻറിച്ച്മെന്റിന്റെ കാര്യത്തിൽ ഇറാന് മറ്റൊരു വാദം ഉന്നയിക്കാം. 'ഞങ്ങൾ ഇറാന്റെ പ്രധാന സ്ട്രാറ്റജിസ്റ്റുകള്‍, നെഗോഷിയേറ്റേഴ്സ്, മുതിർന്ന സൈനിക കമാൻഡർമാർ, ആണവ ശാസ്ത്രജ്ഞർ എന്നിവരെ ഇല്ലാതാക്കി. ഫോർഡോ, നതാൻസ്, എസ്ഫഹാൻ തുടങ്ങിയ പ്രധാന ആണവ കേന്ദ്രങ്ങൾ ഞങ്ങൾ തകർത്തു.' എന്ന് ഇറാന് പറയാം. ഇസ്രായേലിന്റെ ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതികൾക്ക് കനത്ത തിരിച്ചടി നൽകിയെന്നാണ് അവരുടെ പ്രധാന അവകാശവാദം.

എന്നാൽ, ഇറാൻ വാദിക്കുന്നത് ഇസ്രായേൽ അവർ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ പൂർണമായി നേടിയിട്ടില്ലെന്നാണ്. ഫോർഡോ എന്ന ശക്തമായി സംരക്ഷിതമായ യുറേനിയം എൻറിച്ച്മെന്റ് കേന്ദ്രം തകർക്കപ്പെട്ടെങ്കിലും, പിക്കാക്‌സ് മൗണ്ടൻ എന്ന മറ്റൊരു കേന്ദ്രം ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഈ കേന്ദ്രം ഫോർഡോയെക്കാൾ 50 അടി താഴ്ചയിൽ, വലിയ സുരക്ഷയില്‍ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, 60% എൻറിച്ച്മെന്റ് നേടിയ യുറേനിയം ഇവിടേക്ക് മാറ്റിയിട്ടുണ്ട്. അമേരിക്കയുടെ B-2 ബോംബർ ആക്രമണത്തെക്കുറിച്ച് ഇറാന് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

iran-israel-

ഈ സാഹചര്യങ്ങളിൽ, ഇറാന്റെ യുറേനിയം എൻറിച്ച്മെന്റ് പദ്ധതി പൂർണമായി തകർന്നിട്ടില്ലെന്ന് വ്യക്തമാണ്. ഇസ്രായേൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും, ഇറാൻ തങ്ങളുടെ ആണവ പദ്ധതിയുടെ ചില നിർണായക ഭാഗങ്ങൾ നിലനിർത്താൻ കഴിഞ്ഞു. അതിനാൽ, വിജയം ആർക്കെന്ന ചോദ്യത്തിന് ഇരുപക്ഷത്തിനും ഭാഗികമായ വാദങ്ങൾ ഉന്നയിക്കാം.

രണ്ടാമത്തെ ഒരു കാര്യം ഭരണമാറ്റമാണ്.ഇറാനിൽ ഭരണമാറ്റം കൊണ്ടുവരിക എന്നത് എളുപ്പമല്ലെന്ന് ഞാനും മറ്റ് വിദഗ്ധരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇറാൻ, ഇന്ത്യയുടെ പകുതിയോളം വലുപ്പമുള്ള വലിയ രാജ്യമാണ്, അതേസമയം ഇസ്രായേൽ കേരളത്തിന്റെ പകുതി വലുപ്പം മാത്രമാണുള്ളത്. ഇസ്രായേലിന്റെ 75 മടങ്ങ് വലിപ്പവും ഏകദേശം 10 മടങ്ങ് ജനസംഖ്യയുമുള്ള ഇറാനിൽ ഭരണമാറ്റം നടപ്പിലാക്കുക ഇസ്രായേലിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല.

ഇറാന്റെ ഭരണകൂടം ഒരു സങ്കീർണ സംവിധാനമാണ്. ഇത് ഒരു പ്രധാനമന്ത്രിയും മന്ത്രിസഭയും മാത്രം ഉൾക്കൊള്ളുന്ന ഒരു സാധാരണ ഭരണസംവിധാനമല്ല. പരമോന്നത നേതാവ്, 88 അംഗങ്ങളുള്ള എക്സ്പെർട്ട് കൗൺസിൽ, 12 അംഗങ്ങളുള്ള ഗാർഡിയൻ കൗൺസിൽ, ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC), സൈന്യം തുടങ്ങിയവ ഉൾപ്പെടുന്ന വിശാലമായ ഘടനയാണ് ഇറാന്റേത്. ഈ സംവിധാനത്തെ ഒറ്റയടിക്ക് മാറ്റി പുതിയൊരു ഭരണക്രമം കൊണ്ടുവരിക അസാധ്യമാണ്. അതിനാൽ, ഇസ്രായേൽ ഈ ലക്ഷ്യം പൂർണമായി കൈവരിച്ചിട്ടില്ലെന്നാണ് പലരുടെയും വിലയിരുത്തൽ.

പറഞ്ഞുവന്നത് ഇസ്രായേലിന് ഇറാനിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയതും ഉന്നത നേതാക്കളേയും ആണവ ശാസ്ത്രജ്ഞരേയും വധിച്ചതും വിജയമായി അവകാശപ്പെടാം. എന്നാൽ, പിക്കാക്‌സ് മൗണ്ടൻ എന്ന യുറേനിയം എൻറിച്ച്മെന്റ് കേന്ദ്രത്തിന്റെ കാര്യം പലരും ചർച്ച ചെയ്യുന്നില്ല. ഈ കേന്ദ്രം ഫോർഡോയെക്കാൾ സുരക്ഷിതമായി നിർമ്മാണത്തിലാണ്, 50 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം, 60% എൻറിച്ച്മെന്റ് നേടിയ യുറേനിയം ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ഇതിനെക്കുറിച്ച് വ്യക്തമായ സ്ഥിരീകരണം ഇല്ലാത്തതിനാൽ, ഈ സംഘർഷത്തിൽ ആര് വിജയിച്ചുവെന്ന് കൃത്യമായി പറയാനാവില്ല.

trump-nethanyahu

വെടിനിർത്തല്‍ കരാറിന്റെ കാരണങ്ങള്‍

പെട്ടെന്നുണ്ടായ വെടി നിർത്തല്‍ കരാറിന് പിന്നിൽ രണ്ടോ മൂന്നോ ഘടകങ്ങൾ പ്രധാനമാണ്. ഒന്ന് ഖത്തർ വഹിച്ച പ്രധാന പങ്കാണ്. രണ്ടാമത്തേട് ട്രംപിന്റെ തെറ്റായ നീക്കമാണ്. 1990-കളുടെ തുടക്കത്തിൽ ജോർജ് ബുഷ് സീനിയറും 2001-ൽ ജോർജ് ബുഷ് ജൂനിയറും യുദ്ധം പ്രഖ്യാപിക്കുമ്പോൾ യു എസ് കോൺഗ്രസിന്റെ അനുമതി വാങ്ങിയിരുന്നു. യു എസ് ഭരണഘടന പ്രകാരം ഇത് നിർബന്ധമാണ്. എന്നാൽ, ഈ തവണ ട്രംപ് ആക്രമണം ആരംഭിച്ചപ്പോൾ കോൺഗ്രസിന്റെ അനുമതി വാങ്ങിയില്ല. ഇതിനാൽ, പ്രതിപക്ഷം, മാധ്യമങ്ങൾ, ഒരു വിഭാഗം ജനങ്ങൾ, ഒപ്പം ട്രംപിന്റെ സ്വന്തം പാർട്ടിയിൽ നിന്നുള്ളവർ പോലും അദ്ദേഹത്തിനെതിരെ വലിയ രീതിയില്‍ തന്നെ പ്രതിഷേധം ആരംഭിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ "ഒരു യുദ്ധവും തുടങ്ങില്ല" എന്ന വാഗ്ദാനത്തിന്റെ ട്രംപ് വോട്ട് തേടിയത്. പലസ്തീൻ-ഇസ്രായേൽ, റഷ്യ-യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, മിഡിൽ ഈസ്റ്റിൽ പുതിയ യുദ്ധത്തിന് വഴിയൊരുക്കുന്നതിനായി മറ്റൊരു രാജ്യത്തെ (ഇസ്രായേൽ) സഹായിക്കാൻ അമേരിക്ക ഇപ്പോൾ മുന്നോട്ടുപോകുന്നു. "ഇതെന്തിനാണ്?" എന്ന് പ്രതിഷേധക്കാർ നിരന്തരം ചോദിക്കുന്നു.

അമേരിക്കയുടെ ഇടപെടൽ ഇറാന്റെ ശക്തമായ തിരിച്ചടിക്ക് കാരണമാകുമെന്ന് വ്യക്തമാണ്. ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, യു എ ഇ എന്നിവിടങ്ങളിൽ അമേരിക്കയുടെ നിരവധി വ്യോമതാവളങ്ങൾ ഉണ്ട്. ഈ താവളങ്ങളിലൊന്നിൽ ആക്രമണം നടക്കുകയും അമേരിക്കൻ പൗരന്മാർ മരിക്കുകയും ചെയ്താൽ, അതിന്റെ ഉത്തരവാദിത്തം ട്രംപിന് ഏറ്റെടുക്കേണ്ടിവരും.

iran

അടുത്തിടെ പുറത്തുവന്ന ഒരു ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം, ബൈഡൻ ഭരണകാലത്ത് ഏകദേശം ഒരു കോടി അനധികൃത കുടിയേറ്റക്കാർ അമേരിക്കയിലേക്ക് വന്നുവെന്ന് ബോർഡർ പെട്രോൾ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ പിടിക്കപ്പെട്ടവരിൽ 1500 ഇറാനിയൻ പൗരന്മാരുണ്ടായിരുന്നു, അതിൽ 750 പേരെ വിട്ടയച്ചു. ഇറാൻ യു എസിനുള്ളിൽ ആക്രമണം നടത്താൻ ശേഷിയുള്ളതിനെക്കുറിച്ചുള്ള ഭയവും യുദ്ധവിരാമ ചർച്ചകളിലേക്ക് നയിച്ചുവെന്ന വിലയിരുത്തലുമുണ്ട്.

ഇറാൻ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഇസ്രായേലിന്റെ കാര്യത്തിൽ, അമേരിക്കയുടെ പിന്തുണയുള്ള ശക്തമായ രാജ്യമാണെങ്കിലും, യുദ്ധം ഇരുപക്ഷത്തിനും സാമ്പത്തിക നാശനഷ്ടങ്ങൾ വരുത്തും. ഇസ്രായേൽ ഒന്നര വർഷമായി ഗാസയുമായി യുദ്ധത്തിലാണ്. അവരുടെ ബജറ്റിന്റെ വലിയൊരു പങ്ക് പ്രതിരോധ, സൈനിക ചെലവുകൾക്കാണ് പോകുന്നത്. ഡേവിഡ്‌സ് സ്ലിംഗ്, അയേണ്‍ ഡോം തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ നിലനിർത്തുന്നത് വലിയ ചെലവേറിയ കാര്യമാണ്.

കേരളത്തിൽ നിന്നടക്കം നിരവധി പേർ ഇസ്രായേലിലേക്ക് ടൂറിസം യാത്രകൾ നടത്തിയിരുന്നു. എന്നാൽ, യുദ്ധം മൂലം ടൂറിസം പൂർണമായി നിലച്ചു, ഇത് വലിയ വരുമാന നഷ്ടത്തിന് കാരണമായി. കമ്പനികൾ പുതിയ പദ്ധതികൾ ആരംഭിക്കാൻ മടിക്കുന്ന സാഹചര്യവുമുണ്ട്. നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയ രാജ്യം കൂടിയാണ് ഇസ്രായേല്‍. സൈനിക സേവനത്തിന് പോകുന്നവർക്ക് ശമ്പളം നൽകുന്നുണ്ടെങ്കിലും, കമ്പനികൾക്ക് ഇത് വലിയ തിരിച്ചടിയാണ്. പരിചയസമ്പന്നരായ ജീവനക്കാർ പോയാൽ പകരം ആളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇതെല്ലാം ഇസ്രായേലിന്റെ ആഭ്യന്തര സാഹചര്യങ്ങളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇറാന്റെ തിരിച്ചടി ഇസ്രായേല്‍ പ്രതീക്ഷിച്ചു

ഇറാന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ തിരിച്ചടി ഇസ്രായേൽ ഒരുപരിധി വരെ പ്രതീക്ഷിച്ചിരുന്നതായി പറയാം. യുദ്ധത്തിൽ "നമ്പർ ഗെയിം" എടുക്കുന്നത് ശരിയല്ലെങ്കിലും, "ഞങ്ങളുടെ 25 പേർ മാത്രമേ മരിച്ചുള്ളൂ, ഇറാനിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു" എന്ന വാദങ്ങൾ ഇസ്രായേൽ ഉന്നയിക്കുന്നുണ്ട്. എന്നാൽ, മുൻകാല ആക്രമണങ്ങൾ ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ പ്രോക്സി സംഘടനകളാണ് നടത്തിയിരുന്നതെങ്കിൽ, ഇറാൻ ഒരു ശക്തമായ രാഷ്ട്രമാണ്. അവർക്ക് കൃത്യമായ തന്ത്രങ്ങളുണ്ട്.

ഉദാഹരണത്തിന്, ഇസ്രായേലിന്റെ അയേണ്‍ ഡോം പ്രതിരോധ സംവിധാനത്തെ ഭേദിക്കാൻ വിവിധ കോണുകളിൽ നിന്ന് വ്യത്യസ്ത തരം മിസൈലുകൾ ഒരേസമയം പ്രയോഗിച്ചു. ചില മിസൈലുകൾ ഡമ്മിയായിരുന്നു, ചിലത് വേഗം കുറഞ്ഞവയും മറ്റുചിലത് അതിവേഗമുള്ളവയുമായിരുന്നു. ഇതുവഴി അയേണ്‍ ഡോമിനെ "കൺഫ്യൂസ്" ചെയ്യാൻ ഇറാന് സാധിച്ചു. ഇത് ഇറാന്റെ നേട്ടമായി ചിലർ കാണുമെങ്കിലും, ഇസ്രായേലിനെ സംബന്ധിച്ച് ഇത്തരമൊരു ആക്രമണം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് പറയാനാവില്ല. അവർക്ക് തങ്ങളുടെ ജനങ്ങളെ വലിയ തോതിൽ സംരക്ഷിക്കാൻ കഴിഞ്ഞു.

iran-blast

ഇറാന്‍-ഇസ്രായേല്‍ ബന്ധം, തുടക്കം സൗഹൃദം പിന്നെ ശത്രുത

1948-ൽ ഇസ്രായേൽ ഔദ്യോഗിക രാഷ്ട്രമായത് മുതൽ 1979 വരെ ഇറാനും ഇസ്രായേലും തമ്മിൽ വളരെ സൗഹൃദപരമായ ബന്ധമായിരുന്നു. മറ്റ് മിഡിൽ ഈസ്റ്റ് യുദ്ധങ്ങളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് നിന്നു. എന്നാൽ, 1979-ലെ ഇറാനിയൻ വിപ്ലവത്തിന് ശേഷം ഈ ബന്ധം മാറി. ഇറാൻ ഇസ്രായേലിനെ ശത്രുവായി കാണാൻ തുടങ്ങി, ഇസ്രായേലും തങ്ങളുടെ നിലപാട് പുനർനിർണയിച്ചു. അതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ സൗഹൃദപരമായ ബന്ധം നിലനിന്നിട്ടില്ല.

ഇസ്രായേൽ ആരോപിക്കുന്നത്, ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രോക്സി സംഘടനകളെ പിന്തുണച്ച് ഇറാൻ തങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ്. ഈ ഭയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ യുദ്ധം ആരംഭിച്ചത്. ഇറാൻ രഹസ്യമായി ആണവായുധം നിർമിക്കാൻ ശ്രമിക്കുന്നു, അതുവഴി ഇസ്രായേലിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രായേൽ വാദിക്കുന്നു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) റിപ്പോർട്ട് അനുസരിച്ച്, ഇറാൻ 60% ത്തിന് മുകളിൽ യുറേനിയം എൻറിച്ച്മെന്റ് നടത്തിയതായി കണ്ടെത്തിയപ്പോൾ ഇസ്രായേൽ ആശങ്കാകുലരായി. ഉടൻ തന്നെ അമേരിക്കയുടെ സഹായം തേടുകയും അവരുടെ കൂടെ അറിവോടെ യുദ്ധം ആരംഭിക്കുകയുമാണ് ഉണ്ടായത്.

ഈ ആക്രമണം ഇല്ലായിരുന്നെങ്കിൽ, ഒരു മാസത്തിനുള്ളിൽ ഇറാൻ 90% ത്തിന് മുകളിൽ യുറേനിയം എൻറിച്ച്മെന്റ് നേടിയേനെ. എന്നാൽ, നിലവിലെ ആക്രമണങ്ങൾ ഇതിന് കാലതാമസം വരുത്തി. ഈ അർത്ഥത്തിൽ, പൂർണമല്ലെങ്കിലും, ഇസ്രായേൽ ഒരു ഭാഗിക വിജയം നേടിയെന്ന് പറയാം.

ഖത്തറില്‍ നടന്ന ആക്രമണം നാടകമോ?

ഖത്തറില്‍ ആക്രണം നടന്നു. എന്നാല്‍ അപ്പോഴേക്കും അവിടം ഒഴിപ്പിക്കപ്പെട്ടിരുന്നു. അതായത് നേരത്തെ വിവരം ലഭിച്ചു. കൃത്യമായി എന്ത് നടന്നു എന്നുള്ള കാര്യം അറിയില്ലെങ്കിലും ഇത് മുന്‍കൂട്ടി അറിയിച്ചുകൊണ്ട്, അതായത് ഇറാനും ഖത്തറും യുഎസും അറിഞ്ഞുകൊണ്ടുള്ള ഒരു 'നാടകം' ആയിരുന്നു എന്നുള്ള ഒരു സിദ്ധാന്തവും ഇപ്പോള്‍ രൂപപ്പെട്ട് വരുന്നുണ്ട്. ആ വാദത്തിന് ശക്തിപകരുന്ന കാര്യങ്ങളും ഈ രാജ്യങ്ങളുമായി ചുറ്റിപ്പറ്റി കിടക്കുന്നുമുണ്ട്. എന്നാല്‍ മറുവശത്ത് അതിന് വിരുദ്ധമായ റിപ്പോർട്ടുകളും നമുക്ക് കാണാന്‍ സാധിക്കും.

qatar-trump

വെടിനിർത്തല്‍ താല്‍ക്കാലികം, ഏത് സമയവും ലംഘിക്കപ്പെടാം

സത്യത്തിൽ, ഈ വെടിനിർത്തൽ താൽക്കാലികം മാത്രമാണ്, കൂടാതെ പല രീതികളിൽ ഇത് ലംഘിക്കപ്പെടാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് ഹൂതികളോ ഹിസ്ബുള്ളയോ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയാൽ, ഇറാൻ അതിന് പിന്നിലാണെന്ന് ആരോപിച്ച് ഇസ്രായേൽ പുതിയ ആക്രമണം ആരംഭിച്ചേക്കാം.

ഇറാൻ ഹോർമൂസ് കടലിടുക്കില്‍ എന്തെങ്കിലും തടസ്സം സൃഷ്ടിച്ചാൽ, അത് ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കും. ഇതിന്റെ പേര് പറഞ്ഞ് അമേരിക്ക തന്നെ വെടിനിർത്തൽ കരാർ ലംഘിക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടാം. മറ്റൊന്ന് ഇറാൻ ഉപയോഗിച്ച ക്ലസ്റ്റർ ബോംബുകളാണ്. യുദ്ധത്തിൽ നിരോധിക്കപ്പെട്ട ആയുധങ്ങളാണ് ക്ലസ്റ്റർ ബോംബുകള്‍ . ഇവയിൽ ചിലത് ഉടനടി പൊട്ടുമെങ്കിലും, മറ്റുചിലത് ഒരാഴ്ച, ഒരു മാസം, അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞും പൊട്ടാം. ഇത്തരം ഒരു ബോംബ് പൊട്ടി മനുഷ്യനാശം ഉണ്ടായാൽ, അത് വെടിനിർത്തൽ ലംഘിക്കാൻ ഇസ്രായേലിന് കാരണമാകാം. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ലഭിച്ചാൽ, ഇസ്രായേൽ അത് ഒരു കാരണമാക്കി വീണ്ടും ആക്രമണം തുടങ്ങിയേക്കാം.

ചുരുക്കത്തില്‍ വളരെ പെട്ടെന്ന് വെടിനിർത്തൽ ലംഘനം ഉണ്ടാകാൻ സാധ്യത കുറവാണെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+