'ചരിത്രത്തിലെ തിന്മ നിറഞ്ഞ മനുഷ്യന്‍'; ഖാംനഇ കൊല്ലപ്പെട്ടതായി ട്രംപ്; പശ്ചിമേഷ്യ യുദ്ധക്കളമാകുന്നു
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പുറപ്പെടുവിച്ച പ്രസ്താവനയില്‍, ഖാംനഇയിയെ ലോകചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ഭരണാധികാരികളില്‍ ഒരാളായാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഇന്നലെ പകല്‍ മുഴുവന്‍ നടന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന് പിന്നാലെയാണ് ഈ നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടായത്. ഖാംനഇയുടെ അന്ത്യം ഇറാനിലെ പീഡിപ്പിക്കപ്പെട്ട ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ഇരകള്‍ക്കും ലഭിച്ച വലിയ നീതിയാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. കുറച്ചു നേരത്തിന് മുന്‍പ് ഇസ്രായേല്‍ പ്രഡിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും ഖാംനഇയി കൊല്ലപ്പെട്ടതായി സംശയം പ്രകടിപ്പിച്ചിരുന്നു.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. ഖാംനഇയുടെ മരണം ഇറാന്‍ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ സൈന്യവും പൊലീസ് സേനയും ഇനി യുദ്ധത്തിന് തയ്യാറല്ലെന്നും അവര്‍ അമേരിക്കയില്‍ നിന്ന് സംരക്ഷണം തേടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ ഉടന്‍ തന്നെ രാജ്യസ്‌നേഹികളായ ജനങ്ങളുമായി സമാധാനപരമായി ലയിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കയുടെ അത്യാധുനിക ഇന്റലിജന്‍സ് സംവിധാനങ്ങളില്‍ നിന്നും ട്രാക്കിക്കിങ്ങില്‍ നിന്നും ഖാംനഇക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും ഇസ്രായേലുമായി സഹകരിച്ച് നടത്തിയ ഈ നീക്കം അതീവ കൃത്യതയോടെയാണ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖാംനഇ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടിരുന്നു. ടെഹ്റാനിലെ ഖാംനഇയുടെ വസതിക്ക് നേരെ മുപ്പതോളം ബോംബുകള്‍ വര്‍ഷിച്ചതായാണ് നെതന്യാഹു അറിയിച്ചത്. ഖമേനിയുടെ മൃതദേഹത്തിന്റെ ഫോട്ടോകള്‍ ട്രംപിനെയും നെതന്യാഹുവിനെയും കാണിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളോട് ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാന്റെ ഔദ്യോഗിക നേതൃത്വം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നേരത്തെ അവകാശപ്പെട്ടിരുന്നത്. അദ്ദേഹം വാര്‍ റൂമിന് നേതൃത്വം നല്‍കുന്നുണ്ടെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ പശ്ചിമേഷ്യയില്‍ അതീവ സങ്കീര്‍ണമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഖാംനഇയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ലക്ഷ്യം കാണുന്നത് വരെ, ബോംബാക്രമണം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ യുദ്ധം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായി. സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളെയാകെ പ്രകോപിപ്പിച്ചിട്ടുണ്ട്. മേഖലയിലെ ശത്രുത ഉടന്‍ അവസാനിപ്പിക്കണമെന്ന് വിവിധ അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. വ്യോമപാതകള്‍ അടച്ചതും യുദ്ധസാഹചര്യവും ഇന്ത്യന്‍ പ്രവാസികളെ വലിയ തോതില്‍ ബാധിച്ചിരിക്കുകയാണ്.












Click it and Unblock the Notifications