'കെ സുധാകരൻ വട്ടപൂജ്യം, പാതി കോൺഗ്രസും പാതി ആർഎസ്എസും, കണ്ണൂർ തിരിച്ചുപിടിക്കും'; ടിവി രാജേഷ്
കണ്ണൂർ ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സിപിഎം ജില്ലാ ആക്ടിങ്ങ് സെക്രട്ടറിയും മുൻ എംഎൽഎയുമായ ടിവി രാജേഷ്. എംപിയെന്ന നിലയിൽ കെ സുധാകരൻ വട്ടപൂജ്യമായിരുന്നു. വികസന വിഷയങ്ങളിലൊന്നും അദ്ദേഹം ഇടപെട്ടിട്ടില്ല. എംപി ഫണ്ട് വിനിയോഗത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്നതും സുധാകരനാണ്. ഇതിനെല്ലാം ജനം തിരിച്ചടി നൽകും', രാജേഷ് പറഞ്ഞു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഭിമുഖം പൂർണരൂപത്തിൽ

കേരളം ശ്രദ്ധിക്കുന്ന ശക്തമായ പോരാട്ടമാണ് കണ്ണൂരിൽ നടക്കുന്നത്. എൽഡിഎഫിന്റെ പ്രതീക്ഷകൾ എത്രത്തോളം?
തിളക്കമാർന്നൊരു വിജയം നേടുമെന്നാണ് പ്രതീക്ഷ. അതിന് പ്രധാന കാരണം ഈ തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയമാണ് ജനങ്ങൾ നോക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം സജീവമായി ഉണ്ടാകണമെന്ന് അഞ്ച് വർഷത്തെ പാർലമെന്റിന്റെ അനുഭവത്തിൽ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഭരണഘടനയെ ദുർബലമാക്കുന്ന നിയമനിർമ്മാണങ്ങൾ പാർലമെന്റിൽ തുടർച്ചയായി കൊണ്ടുവന്ന ഘട്ടത്തിൽ കോൺഗ്രസ് പാർട്ടി പലപ്പോഴും ബിജെപി സർക്കാരുമായി സഹകരിക്കുകയോ അല്ലെങ്കിൽ വളരെ നിസംഗമായ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്. കാശ്മീർ, എൻഐഎ ,യുപിഎ ഭേദഗതി, പൗരത്വ നിയമം എന്നീ വിഷയങ്ങളിൽ ഒന്നും കോൺഗ്രസിൽ നിന്ന് പ്രതീക്ഷിച്ചൊരു പ്രതികരണം ഉണ്ടായിട്ടില്ല. അവരുടെ പ്രതികരണങ്ങൾ മതേതര ജനതയെ നിരാശപ്പെടുത്തുന്നതായിരുന്നു. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നത് ഞങ്ങൾക്ക് നേട്ടമാകും.
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയാണ് മറ്റൊരു കാര്യം. വിഷയത്തിൽ സർക്കാരിനൊപ്പം പോരാടേണ്ട യുഡിഎഫ് എൽഡിഎഫ് സർക്കാരിനെ ഒറ്റുകൊടുക്കുന്ന നടപടിയാണ് സ്വീകരിച്ചത്. കേന്ദ്രത്തെ അവർ പരോക്ഷമായി ന്യായീകരിക്കുകയാണ് ചെയ്തത്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ വിളിച്ചപ്പോൾ പോലും യുഡിഎഫ് ഞങ്ങളെ പരിഹസിച്ചു. ഞങ്ങൾ ഉയർത്തിയ ഫെഡറലിസത്തിന്റെ വിഷയം നന്നായി ഉയർത്തിക്കാട്ടാൻ സാധിച്ചിട്ടുണ്ട്. ഈ അവഗണന തിരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഫലിക്കും. അതിന് കൂട്ടുനിന്ന കോൺഗ്രസിനെതിരെയും രോഷം അലയടിക്കും.
എംപിയെന്ന നിലയിൽ കെ സുധാകരൻ വട്ട പൂജ്യമായിരുന്നു. പാർലമെന്റിലെ പ്രകടനം വളരെ പരിതാപകരമായിരുന്നു. മാത്രമല്ല കണ്ണൂരിനെ സംബന്ധിക്കുന്ന വിഷയങ്ങൾ പ്രത്യേകിച്ച് കണ്ണൂർ എയർപോർട്ട്, റെയിൽവേസ്റ്റേഷൻ വികസനം, വന്യജീവി അക്രമണം തുടങ്ങിയ വിഷയങ്ങളിലൊന്നും അദ്ദേഹം ഇടപെട്ടിട്ടില്ല. എംപി ഫണ്ട് വിനിയോഗത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്നതും കെ സുധാകരനാണ്. ഇതെല്ലാം തിരിച്ചടിക്കും.
ഞങ്ങളെ സംബന്ധിച്ച് ജനകീയനായ സുസമ്മതനായ നേതാവാണ് എംവി ജയരാജൻ. എംഎൽഎയായിരിക്കുമ്പോൾ ആദ്യമായി ജനസമ്പർക്കപരിപാടിയ്ക്ക് തുടക്കം കുറച്ചയാളാണ്. ജനങ്ങളെ കണ്ട് അവരുടെ ആവശ്യങ്ങൾ മനസിലാക്കുന്ന പ്രവർത്തന രീതിയാണ് അദ്ദേഹത്തിന്റേത്. ഇതെല്ലാം കണ്ണൂർ മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ ജയസാധ്യത ഉറപ്പിക്കുന്നതാണ്.
അരനൂറ്റാണ്ട് കാലം കോൺഗ്രസിൽ പ്രവർത്തിച്ച സി രഘുനാഥാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി. കോൺഗ്രസ് വോട്ടുകൾ ചോരുമെന്നാണ് രഘുനാഥിന്റെ അവകാശവാദം. ഫലത്തിൽ ഇത് എൽഡിഎഫിനെ തുണയ്ക്കുന്നതല്ലേ?
കണ്ണൂർ എംപി തന്നെ പാതി കോൺഗ്രസും പാതി ആർഎസ്എസുമാണ്. എല്ലാ ഘട്ടങ്ങളിലും ആർഎസ്എസിനെ ന്യായീകരിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അവസരം ലഭിച്ചാൽ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു രഘുനാഥ്. ഇന്ന് അദ്ദേഹത്തിന്റെ പിഎ ബിജെപിയിൽ ചേർന്നിരിക്കുകയാണ്.കോൺഗ്രസിൽ തുടരുമ്പോഴും ഇവരെയൊക്കെ സ്വാധീനിക്കുന്നത് ബിജെപിയുടെ ആശയങ്ങൾ ആണെന്നത് വ്യക്തമാണ്. എല്ലാ തിരഞ്ഞെടുപ്പിൽ സുധാകരന് ബിജെപിയുടെ വോട്ട് ലഭിക്കാറുണ്ട്. നിയമസഭയിൽ കിട്ടുന്ന വോട്ട് എൽഡിഎഫിന് ലോക്സഭയിൽ കിട്ടാത്ത കേരളത്തിലെ ഏക മണ്ഡലമാണ് കണ്ണൂർ. ഇരുവരും തമ്മിലുള്ള ധാരണയാണ് ഇതിന് പിന്നിൽ. ഇത്തവണയും ധാരണയുണ്ടെങ്കിലും അതിനെ മറികടന്നൊരു വിജയം നേടാൻ എൽഡിഎഫിന് സാധിക്കും.
മറ്റ് മണ്ഡലങ്ങളിലൊന്നും ഉയർന്നിട്ടില്ലാത്ത കള്ളവോട്ട് ആരോപണം കണ്ണൂരിൽ ശക്തമാണ്. കല്യാശേരിയിൽ പോസ്റ്റൽ ബാലറ്റിൽ പോലും കള്ളവോട്ടിന് സി.പി.എം ശ്രമിക്കുന്നെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥിന്റെ ആരോപണം. എൽ.ഡി.എഫിന് ഇരട്ട വോട്ടുകൾ ഏറെയുണ്ടെന്നാണ് യു.ഡി.എഫിന്റേയും ആരോപണം?
വിവിപാറ്റ് ചെയ്തപ്പോൾ ഒരുവോട്ടിന് പകരം രണ്ട് വോട്ടല്ലേ വന്നത്? അതിന് ബിജെപിക്കാർ ആദ്യം മറുപടി പറയട്ടെ. പാമ്പുരുത്തിയിലും പഴയങ്ങാടിയിലും കള്ളവോട്ട് ചെയ്ത് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് യുഡിഎഫ്. അവർ ബിഎൽഒയെ ഉപയോഗിച്ച് കള്ളവോട്ട് ചെയ്തില്ലേ? ഇതെല്ലാം ജനങ്ങൾ തിരിച്ചറിയും.
ബി.എൽ.ഒമാരെ വച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടത്തിയെന്ന് ആരോപണമുന്നയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പരാതികൾ നൽകിയിട്ടുണ്ടോ. മുന്നോട്ടുള്ള നടപടികൾ എങ്ങനെയാണ്?
പരാതി കൊടുത്തിട്ടുണ്ട്. ഗൗരവമായ വിഷയമല്ലേ ഇത്. ബിഎൽഎമാരെ വെച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ന്യായമായി സംശയിക്കേണ്ട സംഭവമാണ് ഉണ്ടായത്.
അഭിപ്രായ സർവ്വേകൾ യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്നുണ്ട്?
നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് അഭിപ്രായ സർവ്വേകൾ തോൽപ്പിച്ച പലരും ഇന്ന് മന്ത്രിമാരാണ്, എംഎൽഎമാരാണ്. സർവ്വേകളെല്ലാം പെയ്ഡ് സർവ്വേയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഒരു സർവ്വേയും കേരളത്തെ സംബന്ധിച്ച് ശരിയായിരുന്നില്ല. സർവ്വേകൾക്ക് ജൂൺ നാലിന് ഉച്ചവരെ മാത്രമേ ആയുസ് ഉണ്ടാകൂ. സർവ്വേയിൽ ജയിച്ചവർ പത്രം ഓഫീസുകളിൽ പോയി സത്യപ്രതിജ്ഞ ചെയ്യട്ടെ,ബാക്കിയുള്ളവർ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യും.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications