'കാസർഗോഡ് ഇത്തവണ തെറ്റ് തിരുത്തും; കോൺഗ്രസ് എംപിമാരെ ബിജെപി മറുകണ്ടം ചാടിച്ചേക്കും'; എം വിജിൻ എംഎൽഎ
കാസർഗോഡ് എന്നത് ഇടതുപക്ഷത്തിന് അനുകൂലമായ എല്ലാ സാഹചര്യവുമുള്ള മണ്ഡലമാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ ഒരു കൈത്തെറ്റ് ഈ തിരഞ്ഞെടുപ്പിൽ ജനം തിരുത്തുമെന്നും കല്ല്യാശേരി എംഎൽഎ എം വിജിൻ. എംപിയെന്ന നിലയിൽ രാജ്മോഹൻ ഉണ്ണിത്താൻ വലിയ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കാസർഗോഡ് ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് എംഎൽഎയുടെ പ്രതികരണം.
ഇത്തവണയും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എന്നാൽ ജയിച്ച കോൺഗ്രസ് എംപിമാരെ അവർ മറുകണ്ടം ചാടിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.

ഇടതുകോട്ടയായാണ് കാസർഗോഡ് അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താനാണ് വിജയം. ഇത്തവണ പ്രതീക്ഷകൾ എങ്ങനെയാണ്?
കാസർഗോഡ് എന്നത് ഇടതുപക്ഷത്തിന് അനുകൂലമായ എല്ലാ സാഹചര്യവുമുള്ള മണ്ഡലമാണ്. ദീർഘകാലമായി ഇടതുപക്ഷത്തിൻറെ എംപിമാർ നിരവധിയായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ ഒരു മണ്ഡലം കൂടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ ഒരു കൈത്തെറ്റ് ഈ തിരഞ്ഞെടുപ്പിൽ ജനം തിരുത്തും എന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംപിയായ രാജ്മോഹൻ ഉണ്ണിത്താൻ ഒരു വികസന പ്രവർത്തനവും ഇവിടെ നടത്തിയിട്ടില്ല. അത് എല്ലാ ജനങ്ങൾക്കും അറിയാം. അദ്ദേഹം പൂർണമായ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കാസർഗോഡ് ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുക തന്നെ ചെയ്യും. വലിയ ഭൂരിപക്ഷത്തിൽ തന്നെ ജയിക്കും.
സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള അതൃപ്തി അവസാന നിമിഷം വരെ ഇടതുക്യാമ്പിലുണ്ടെന്നും കഴിഞ്ഞ വർഷത്തിലും കൂടുതൽ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നുമാണ് കോൺഗ്രസ് ക്യാമ്പിന്റെ പ്രചാരണം ?
സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള പ്രശ്നം ഇടതുപക്ഷത്തല്ല ഉണ്ടായിരുന്നത് അവർക്കിടയിലാണ്. ഞങ്ങളെ സംബന്ധിച്ച് പാർട്ടി ആരെയാണോ നിശ്ചയിച്ചത് അദ്ദേഹത്തെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തി. നമ്മൾ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ നല്ല പ്രതീക്ഷ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ട്.
35 ശതമാനവുമായി മുസ്ലിം വോട്ടർമാർ നിർണ്ണായകമായ മണ്ഡലമാണിത്. ഒരുവശത്ത് കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളും മറുവശത്ത് സിഐഎയെ ഉൾപ്പെടെ ശക്തമായി എതിർക്കാൻ മടിക്കുന്നെന്ന് ആരോപിക്കപ്പെടുന്ന കോൺഗ്രസും. മുസ്ലിം വോട്ടുകൾ ഇത്തവണ ഇടതിന് അനുകൂലമാവുമോ?
ഇടതുപക്ഷത്തിനെ സംബന്ധിച്ചെടുത്തോളം ഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ വോട്ട് എന്നതിനപ്പുറം ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നൊരു നിലപാടുണ്ട്. മതേതരത്വത്തിന് മങ്ങലേൽപ്പിക്കുന്ന സമീപനം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അതിനെതിരായിട്ടുള്ള പോരാട്ടം ഇടതുപക്ഷം ഏറ്റെടുക്കും. അതിന്റെ കൂടി ഭാഗമായിട്ടാണ് സിഎഎ വിഷയത്തിലടക്കം ഇടതുപക്ഷം ശക്തമായ നിലപാടെടുത്തത്. പൗരത്വ ഭേദഗതി നിയമത്തെ ഒരു ഘട്ടത്തിലും ഇടതുപക്ഷത്തിന് അംഗീകരിക്കാനാകില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ പൂർണമായ ലംഘനമാണ് ഇവിടെ കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്. അതിനാൽ വോട്ടിനപ്പുറം മതനിരപേക്ഷത തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായി വ്യക്തമായ നിലപാട് ഞങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.
ഇവിടെ പരിശോധിക്കേണ്ടത് കോൺഗ്രസിന്റെ സമീപനമാണ്. കോൺഗ്രസിന് ഈ വിഷയത്തിൽ വ്യക്തമായ നിലപാട് പറയാൻ സാധിച്ചിട്ടുണ്ടോ? പാർലമെന്റിൽ ഈ വിഷയങ്ങൾ ചർച്ചയാവുന്ന ഘട്ടത്തിൽ രാഹുൽ ഗാന്ധി അവിടെ ഉണ്ടായിട്ടേ ഇല്ല. യുഡിഎഫ് പ്രതികരിച്ചോ? നിയമത്തിന്റെ വിജ്ഞാപനം വന്ന ഘട്ടത്തിൽ മല്ലികാർജ്ജുൻ ഖാർഗെയോട് പ്രതികരണം ചോദിച്ചപ്പോൾ ആലോചിച്ച് പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്.
കാസർഗോഡിന്റെ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥി പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകൻ സിഎഎയെ കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോൾ ബാലിശമായ ചോദ്യമാണെന്നും നിങ്ങൾ വർഗീയവാദിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങൾക്ക് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം ഈ വിഷയത്തിൽ സുവ്യക്തമായ നിലപാടുണ്ട്. മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കാൻ ഏത് ഭരണകുടം ശ്രമിച്ചാലും അതിനെതിരായി ഇന്ത്യയിലെ ഇടതുപക്ഷം പോരാടും, വർഗീയതയ്ക്കെതിരായുള്ള പോരാട്ടങ്ങൾക്ക് ഞങ്ങൾ നേതൃത്വം കൊടുക്കും. എല്ലാ വിഭാഗങ്ങളേയും മനുഷ്യരായി പരിഗണിക്കുന്നത് കൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളുടേയും വോട്ടുകൾ ഞങ്ങൾക്ക് ലഭിക്കും.
കള്ളവോട്ട് ആരോപണം ആദ്യമുയർന്നത് കാസർഗോഡാണ്. മുന്നണികൾ പരസ്പരം പഴിചാരുന്നുണ്ട്. ഇരട്ട വോട്ടുകൾ കൂടുതലുള്ളത് സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളിലാണെന്നാണ് യു.ഡി.എഫിന്റേയും എൻ.ഡി.എയുടേയും ആരോപണം?
കല്യാശേരിയിൽ കള്ളവോട്ട് ഉണ്ടായിട്ടില്ല, അവർ വിളിച്ചപ്പോൾ അദ്ദേഹം പോകുകമാത്രമാണ് ചെയ്തത്. അത് വീഡിയോ നോക്കിയാൽ മനസിലാക്കും. അതുകൊണ്ട് തന്നെ ആ വിഷയമൊന്നും രാഷ്ട്രീയമായി ഏശിയിട്ടില്ല. മറ്റൊന്ന് ഇരട്ട വോട്ടുകളെ സംബന്ധിച്ച് കൃത്യമായി പരിശോധിക്കേണ്ടത് ബന്ധപ്പെട്ട ബിഎൽഒമാരും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ഇരട്ട വോട്ട് ഉണ്ടാക്കാനോ വോട്ടർപട്ടിക തിരുത്താനോ പറ്റില്ലെന്നത് എല്ലാവർക്കും അറിയാം. ഇതെല്ലാം പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. യുഡിഎഫിന് എന്തെങ്കിലും പരാതി ഇക്കാര്യത്തിൽ ഉണ്ടെങ്കിൽ അവർ കൊടുക്കട്ടെ. കമ്മീഷൻ പരിശോധിക്കട്ടെ.
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമോ ഈ തിരഞ്ഞെടുപ്പ് ഫലം?
സ്വാഭാവികമായിട്ടും പിണറായി സർക്കാരിന്റെ വികസനം കൂടി ചർച്ച ചെയ്യപ്പെടുന്നുണ്ട്. കേരള മോഡൽ ലോകത്തിന് മുന്നിൽ വെയ്ക്കുകയാണ്. തീർച്ചയായും സർക്കാരിന്റെ പ്രവർത്തനങ്ങൾ ചർച്ചയാണ്. ആ നിലയിൽ തന്നെയാണ് പ്രവർത്തനങ്ങൾ പോകുന്നത്.
ഇത്തവണ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കരുതുന്നുണ്ടോ?
ബിജെപിയുടെ അക്കൗണ്ട് നിയമസഭയിൽ തന്നെ പൂട്ടിച്ചത് ഇടതുപക്ഷമാണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം. ഒരുഘട്ടത്തിലും ബിജെപിക്ക് ഇവിടെ അക്കൗണ്ട് തുറക്കാനാകില്ല. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്, ചിന്താശേഷിയുള്ളവരാണ്. അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയൊക്കെ ബിജെപിക്ക് ഉണ്ടാകും, പക്ഷേ ഇവിടുത്തെ ജനങ്ങൾക്ക് കൃത്യമായ നിലപാടുണ്ട്.
നേരത്തേ കെ സുധാകരൻ പറഞ്ഞത് ഞങ്ങൾ എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്നാണ്. അങ്ങനെ കോൺഗ്രസ് എംപി ബിജെപിയിലേക്ക് പോകുമോയെന്ന് കാണേണ്ട കാര്യമാണ്. പൊതുവിൽ കോൺഗ്രസ് അങ്ങനെയാണല്ലോ ഇപ്പോൾ. മോദി തിരുവനന്തപുരത്ത് പറഞ്ഞ് ഞങ്ങൾ എംപിമാരെ ഉണ്ടാക്കുമെന്നാണ് ജയിപ്പിക്കുമെന്നല്ല. ആ ഒരു ആശങ്ക കൂടി ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് നല്ലതാണ്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications