തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് വിജയ സാധ്യതയില്ല: പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചുരുക്കം മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. മണ്ഡലത്തില്‍ ആദ്യമായി വിജയക്കൊടി പാറിക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുമ്പോള്‍ കോണ്‍ഗ്രസാവട്ടെ നാലാംതവണയും ശശി തരൂരില്‍ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ ക്ഷീണം മറികടക്കാനായി എല്‍ ഡി എഫിന് വേണ്ടി പോരിന് ഇറങ്ങുന്നത് ഏറ്റവും കരുത്തനും ലളിത രാഷ്ട്രീയത്തിന്റെ പ്രതീകവുമായ പന്ന്യന്‍ രവീന്ദ്രനാണ്. 2005 ലെ ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഇടതുമുന്നണിക്ക് വേണ്ടി മണ്ഡലം നിലനിർത്തിയ വ്യക്തി കൂടിയാണ് പന്ന്യന്‍ രവീന്ദ്രന്‍. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മണ്ഡലത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും തിരുവനന്തപുരത്തെ ഇത്തവണത്തെ സാഹചര്യങ്ങള്‍ ഇടതുമുന്നണി അനുകൂലമാണെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.

സാഹചര്യം എല്‍ഡിഎഫിന് അനുകൂലം
തിരുവനന്തപുരത്ത് പാർട്ടിയും മുന്നണിയും വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എന്റെ ഉത്തരവാദിത്തം എന്നല്ല, ഈ കാലഘട്ടത്തില്‍ ഒരു വോട്ടറും കാത്തുസൂക്ഷിക്കേണ്ട ഒരു ഉത്തരവാദിത്തമുണ്ട്. അത് മതേതര ഇന്ത്യയെ സംരക്ഷിക്കുക എന്നുള്ളതാണ്. അതിനായി ഒരോ വോട്ടറും ഇടതുമുന്നണിക്ക് ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇത്തവണ ഇടതുമുന്നണി വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്.
സാധാരണ തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ പാർട്ടികളും പറയാറുള്ളത് പോലെയുള്ള ആത്മവിശ്വാസമല്ല. നിലവിലെ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണ്. രാജ്യത്തെ സാഹചര്യം ജനങ്ങള്‍ കാണുന്നുണ്ട്. രാജ്യത്തെ പൊതു സ്ഥിതിയില്‍ നിന്നും വ്യത്യസ്തമായ ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. ഇവിടെ ഭയപ്പാടില്ലാതെ ആളുകള്‍ക്ക് സാഹോദര്യത്തോടെ ജീവിക്കാന്‍ സാധിക്കും. അതിന് അപ്പുറത്ത് രാജ്യത്തിന് തന്നെ എല്ലാതരത്തിലും മാതൃകയായ സംസ്ഥാനമാണ് കേരളം.
മികച്ച രീതിയില്‍ പ്രവർത്തിക്കുന്ന സർക്കാർ
മികച്ച രീതിയില്‍ പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത്. പ്രതിസന്ധികളെ പ്രായോഗികമായി നേരിടാന്‍ നമുക്ക് സാധിക്കുന്നു. ഇതെല്ലാം ജനങ്ങള്‍ നോക്കിക്കാണുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥയും അവർക്ക് അറിയും. അതുകൊണ്ട് തന്നെ ഇവിടെ നിന്നും അയക്കുന്ന പ്രതിനിധി രാജ്യത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരായിരിക്കണമെന്ന ബോധ്യം അവർക്കുണ്ട്. അതുകൊണ്ട് തന്നെ അവർ ഇടതുമുന്നണിക്ക് വോട്ടുചെയ്യുമെന്നാണ് വിശ്വാസം.

ബിജെപിക്ക് സാധ്യതയില്ല
തിരുവനന്തപുരത്ത് എന്നല്ല കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് സാധ്യതയില്ല. അവർ ഒരോ അവകാശവാദം നടത്തുക മാത്രമാണ് ചെയ്യുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പ്. ഞങ്ങള്‍ കേരളം ഭരിക്കാന്‍ പോകുകയാണെന്നായിരുന്നു അവരുടെ അവകാശവാദം. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉള്ള ഏക സീറ്റും പോയില്ലേ. അതുകൊണ്ട് തന്നെ അവരുടെ അവകാശവാദത്തെ അത്തരത്തിലേ കാണുന്നുള്ളു.
കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍
കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചർച്ചായി വന്നിട്ടുണ്ട്. ഇന്ത്യാ സംസ്ഥാനത്തെ ഒരു രാജ്യം എന്ന നിലയില്‍ കേരളത്തിന് ലഭിക്കേണ്ട നിരവധി അവകാശങ്ങളുണ്ട്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ കേരളത്തോട് രാഷ്ട്രീയത്തിന്റെ പേരില്‍ ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. പ്രളയസമയത്ത് തന്ന അരിക്ക് പോലും പിന്നീട് പണം ചോദിച്ച് വാങ്ങിയവരാണ് കേന്ദ്രം. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണ്.












Click it and Unblock the Notifications