കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ദൂരം കുറഞ്ഞ് വരുന്നു; ഇടതുപക്ഷം കരുത്താര്‍ജ്ജിക്കും: ജിസ്മോന്
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുകയാണ് കേരളം. രാജ്യത്തിന്റെ ഭാഗധേയം തന്നെ നിര്‍ണയിക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളാണ് ഏപ്രില്‍ 26 ന് വിധിയെഴുതാന്‍ പോകുന്നത്. ഈ അവസരത്തില്‍ രാജ്യത്ത് മതേതരകക്ഷികളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരും എന്ന പ്രതീക്ഷകള്‍ പങ്ക് വെക്കുകയാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോന്. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജിസ്മോന് വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലേക്ക്...
വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുകയാണ്. ഒരു യുവജനസംഘടനയുടെ സെക്രട്ടറി എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്? യുവാക്കള്‍ എങ്ങനെയായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ ചിന്തിക്കുക?

ഈ തിരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയുമെല്ലാം മുമ്പെങ്ങുമില്ലാത്ത വിധം വലിയ തരത്തിലുള്ള വെല്ലുവിളിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. അതിനെതിരായി രാജ്യത്തെ യുവജനങ്ങളും മതേതരവിശ്വാസികളുമെല്ലാം ഒറ്റക്കെട്ടായി അണിനിരക്കുന്ന തിരഞ്ഞെടുപ്പായി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മാറാന്‍ പോകുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപാട് ഗ്യാരണ്ടികളെ കുറിച്ചെല്ലാം നമ്മുടെ രാജ്യത്ത് സംസാരിക്കുന്നുണ്ട്. പക്ഷെ മോദിയുടെ ഗാരണ്ടികള്‍ ഒന്നുംതന്നെ ഈ രാജ്യത്ത് നടപ്പിലാക്കാത്തവയാണ്. ഒരു വാറണ്ടിയുമില്ലാത്ത ഗാരണ്ടികളാണ് മോദി നല്കിക്കൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രണ്ട് കോടി പേര്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് കൊണ്ടുള്ള ഗാരണ്ടി. ഇന്ത്യ 40 വയസില്‍ താഴെയുള്ള 60 ശതമാനത്തോളം ജനങ്ങളുള്ള രാജ്യമാണ്.
യുവാക്കള്‍ ഏറ്റവും കൂടുതലുള്ള രാജ്യം എന്ന നിലയിലാണ് ഇന്ത്യ അറിയപ്പെടുന്നത്. അങ്ങനെയൊരു രാജ്യത്ത് അവിടെയുള്ള യുവതീയുവാക്കള്‍ക്ക് മോദി നല്കിയ ഒരു ഗാരണ്ടിയായിരുന്നു പ്രതിവര്‍ഷം രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നുള്ളത്. പക്ഷെ രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്കാന് കഴിഞ്ഞില്ല എന്ന് മാത്രമല്ല 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മിലേക്ക് രാജ്യം മാറ്റപ്പെട്ടു എന്നതാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്.
2014 ന് ശേഷം തൊഴില്‍ ലഭ്യതയുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗികമായ ഒരു കണക്ക് പോലും പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പാര്‍ലമെന്റില്‍ പോലും അത്തരത്തിലുള്ള ചര്‍ച്ചയുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ യുവത്വം മോദിക്കെതിരായി ചിന്തിക്കും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. തീര്‍ച്ചയായും ഫാസിസത്തിനും തൊഴിലില്ലായ്മക്കും എതിരായി രാജ്യത്തെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതും.
രാജ്യത്ത് തന്നെ ശ്രദ്ധയാകര്‍ഷിച്ച കേരളത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ (വയനാട്, തൃശൂര്‍, തിരുവനന്തപുരം) എല്‍ഡിഎഫില്‍ നിന്ന് സിപിഐ ആണ് മത്സരിക്കുന്നത്. ഒരിടത്ത് രാഹുല്‍ ഗാന്ധിക്കെതിരെയാണ്. മറ്റ് രണ്ട് മണ്ഡലങ്ങള്‍ തങ്ങളുടെ എ ക്ലാസ് മണ്ഡലം എന്ന് ബിജെപി അവകാശപ്പെടുന്നവയുമാണ്. എങ്ങനെയാണ് ഈ മത്സരങ്ങളെ വിലയിരുത്തുന്നത്?
ആദ്യം വയനാട്ടിലെ കാര്യമെടുക്കാം. ബിജെപിക്കും സംഘപരിവാറിനും അവരുടെ ഫാസിസത്തിനുമെതിരായി ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ മുഖമായി അറിയപ്പെടുന്നത് രാഹുല്‍ ഗാന്ധിയാണ്. മാത്രമല്ല അദ്ദേഹം ഇന്ത്യാ മുന്നണിയുടെ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട നേതാവാണ്. അദ്ദേഹം സ്വാഭാവികമായിട്ടും മത്സരിക്കേണ്ടത് ബിജെപിക്കെതിരെ തന്നെയാണ് എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. പലവട്ടം ഞങ്ങളത് ആവര്‍ത്തിക്കുകയും ചെയ്തതാണ്.

ബിജെപിക്ക് സ്വാധീനമുള്ള നിരവധി സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട് എന്നിരിക്കെ തീര്‍ച്ചയായിട്ടും അവര്‍ക്കെതിരായിട്ടാണ് അദ്ദേഹം മത്സരിക്കേണ്ടത്. പക്ഷെ അതിന് പകരം അദ്ദേഹം കേരളത്തില്‍ വന്ന് ഇടതുപക്ഷത്തിനെതിരായി മത്സരിക്കുന്നതോടെ രാജ്യത്തിന് നല്കുന്ന സന്ദേശമെന്താണ്? കഴിഞ്ഞ തവണ ഉണ്ടായ സാഹചര്യമല്ല നിലവില്‍ ഉള്ളത്. ഇന്ത്യാ സഖ്യം എന്ന പേരില്‍ ബിജെപിക്കെതിരായി രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ വിശാലമതേതര ജനാധിപത്യ മുന്നണി രൂപപ്പെട്ടിരിക്കുന്നു.
ആ സാഹചര്യത്തില്‍ അതിന്റെ പ്രമുഖനായ നേതാവ് വന്ന് കേരളത്തില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനായി പരിശ്രമിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത് എന്നുള്ളത് വളരെ പ്രസക്തമായ ചോദ്യമാണ്. തൃശൂരും തിരുവനന്തപുരത്തും ബിജെപിയുടെ സാന്നിധ്യമുണ്ടെങ്കിലും യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്.
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം വളരെ പരിചയസമ്പന്നരായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവര്‍ക്കിടയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന സ്ഥാനാര്‍ത്ഥികളാണ് വിഎസ് സുനില്‍ കുമാറും (തൃശൂര്‍) പന്ന്യന്‍ രവീന്ദ്രനും (തിരുവനന്തപുരം). അവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകാര്യത ഇടതുപക്ഷത്തിന് ഈ മണ്ഡലങ്ങളില്‍ അനുകൂലമാകും എന്ന് തന്നെയാണ് വിശ്വാസം.
തിരുവനന്തപുരത്ത് കഴിഞ്ഞ തവണ സി ദിവാകരന് എന്ന കരുത്തനെ തന്നെയാണ് എല്‍ഡിഎഫ് മത്സരിപ്പിച്ചത്. എന്നാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവിടെ നിന്ന് ജയത്തിലേക്ക് എത്താന്‍ കഴിയും എന്ന പ്രതീക്ഷ അല്പം അതിരുകടന്നതല്ലേ?
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. 50 ശതമാനത്തോളം ന്യൂനപക്ഷങ്ങളുള്ള സംസ്ഥാനമാണ് കേരളം. സ്വാഭാവികമായി ബിജെപിക്കെതിരായി ഇടതുപക്ഷവും കോണ്‍ഗ്രസുമെല്ലാം പ്രചരണം നടത്തിയിരുന്നു. രാജ്യത്ത് ബിജെപി അധികാരത്തില്‍ വന്നത് മൂലം ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളും ന്യൂനപക്ഷത്തെ വേട്ടയാടുന്നതുമെല്ലാം വലിയ പ്രചരണായുധമായിരുന്നു. സ്വാഭാവികമായിട്ടും ബിജെപിക്കെതിരായിട്ടുള്ള ഒരു വലിയ വികാരം ഉണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്.
രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം പ്രധാനമന്ത്രിയായി വരും എന്നുള്ള പ്രതീക്ഷ പോലും ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടായിരുന്നു. സ്വാഭാവികമായിട്ടും കോണ്‍ഗ്രസിന് അനുകൂലമായ വിധിയെഴുത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ ഉണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കാരണം കഴിഞ്ഞ തവണ വിജയിച്ച് മന്ത്രിസഭ രൂപീകരിക്കും എന്ന് പറഞ്ഞ കോണ്‍ഗ്രസിന് ഒരു പ്രതിപക്ഷ നേതാവിനെ പോലും തിരഞ്ഞെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് പോയി.
ഇത് ജനങ്ങളില്‍ ഒരു വിശ്വാസചോര്ച്ചയുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തിലേക്ക് വന്നാല്‍ ശശി തരൂര്‍ മത്സരിക്കുന്ന സമയത്ത് അദ്ദേഹത്തിന് അനുകൂലമായി രാഹുല്‍ ഗാന്ധി തരംഗവും ബിജെപിക്കെതിരായ പ്രചരണവുമെല്ലാം അദ്ദേഹത്തിന് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ടാകാം. പക്ഷെ ഇത്തവണ തിരുവനന്തപുരത്ത് വ്യത്യസ്തമായ സാഹചര്യമാണ് ഉള്ളത്. രാജീവ് ചന്ദ്രശേഖര്‍ എന്ന ബിജെപി സ്ഥാനാര്‍ത്ഥി ഒരു തരംഗവും ആ മണ്ഡലത്തില്‍ ഉണ്ടാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അവിടെ പന്ന്യന്‍ രവീന്ദ്രനും യുഡിഎഫും തമ്മിലാണ് മത്സരം. ബിജെപി അവിടെ അപ്രസക്തമായി നില്ക്കുന്ന സാഹചര്യമാണ് ഉള്ളത്. ഒരുഘട്ടത്തില്‍ പോലും അവിടെ ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കും എന്ന ഘട്ടത്തിലേക്ക് വരില്ല. അത്തരമൊരു സ്വാധീനം വോട്ടര്‍മാര്‍ക്കിടയില്‍ ചെലുത്താന്‍ രാജീവ് ചന്ദ്രശേഖറിന് സാധിച്ചിട്ടില്ല. ഗൂഗിള്‍ മാപ്പിട്ട് മണ്ഡലത്തില്‍ സഞ്ചരിക്കേണ്ടി വരുന്ന സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. പന്ന്യന്‍ രവീന്ദ്രന് ആ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് വന്നയാളാണ്.
ഓരോ മുക്കിലും മൂലയിലുമുള്ള ആള്‍ക്കാരെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു സാധാരണക്കാരനായ എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി വരെയായി തിളങ്ങി നിന്ന വ്യക്തിയാണ് പന്ന്യന്‍. അദ്ദേഹത്തെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട സാഹചര്യമില്ല. അതുകൊണ്ടാണ് വിശ്വപൗരനല്ല, വിശ്വസിക്കാന്‍ പറ്റുന്ന പൗരനെയാണ് ജനങ്ങള്‍ക്ക് വേണ്ടത് എന്ന പ്രചരണം പോലും തരംഗമായി ജനങ്ങള്‍ ഏറ്റെടുത്തത്.
സിഎഎ, ഇലക്ടറല്‍ ബോണ്ട്, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം എന്നീ ദേശീയ വിഷയങ്ങളായിരിക്കുമോ കേരളത്തിലും വോട്ടെടുപ്പില്‍ സ്വാധീനിക്കുക?
കേരളത്തിലെ ജനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ വിശാലമായി രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഉയര്‍ന്ന ജനാധിപത്യബോധമുള്ള മതേതരമൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നവരാണ്. ഈ രാജ്യത്തെ ഓരോ സംഭവവികാസങ്ങളെ കുറിച്ചും വളരെ സസൂക്ഷ്മമായി നിരീക്ഷിച്ച് അത് ജനങ്ങള്‍ക്കും പൊതുസമൂഹത്തിനുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായി വിലയിരുത്തിക്കൊണ്ട് വോട്ട് ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ദേശീയ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് ചര്‍ച്ചയാകുന്നത്.
മുന്‍പ് സൂചിപ്പിച്ചത് പോലെ രാജ്യത്തിന്റെ ഭരണഘടന ആക്രമിക്കപ്പെടുകയാണ്. ജനാധിപത്യവും മതേതരത്വവും അപകടത്തിലാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം പരിമിതപ്പെടുത്തുന്ന തരത്തിലേക്ക് അങ്ങേയറ്റം അപകടകരമായ രീതിയിലേക്ക് രാജ്യം പോകുന്നു എന്നുള്ളത് ബോധ്യപ്പെടുകയാണ്. മാത്രമല്ല ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം എന്തുകൊണ്ടാണ് ഇത്രയധികം എംപിമാരേയും എംഎല്‍എമാരേയും അവര്‍ക്ക് വിലക്കെടുക്കാന്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം എഎപിയുടെ ഒരു എംഎല്‍എ പറയുകയുണ്ടായി ബിജെപിയില്‍ ചേര്‍ന്നാല്‍ 25 കോടി രൂപ വെച്ച് ഒരു എംഎല്‍എക്ക് കൊടുക്കാം എന്ന് പറഞ്ഞു ബന്ധപ്പെട്ടുവെന്ന്. എന്തുകൊണ്ടാണ് ബിജെപി ഇതുവരെയായി അതിനെതിരായി ഒരു നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തത്. ആ നിലക്ക് ജനാധിപത്യത്തെ വിലക്കെടുക്കുന്ന സാഹചര്യം. പ്രതിപക്ഷ പാര്‍ട്ടികളെ, ബിജെപി ഇതര സര്‍ക്കാരുകളെ എല്ലാം ഫെഡറല്‍ സംവിധാനത്തിന്റെ മൂല്യങ്ങള്‍ തകര്‍ത്തുകൊണ്ട് വേട്ടയാടുന്ന സമീപനം.
പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കന്മാരേയെല്ലാം കേന്ദ്ര ഏജന്‍സികളെ വെച്ച് വേട്ടയാടുന്ന സാഹചര്യം. പ്രതിപക്ഷ ബഹുമാനം പോലുമില്ലാതെ ഫാസിസ്റ്റ് വാഴ്ചയിലേക്ക് രാജ്യം പോകുന്നു എന്ന തിരിച്ചറിവ് വോട്ടര്‍മാര്‍ക്കുണ്ട്. അതിനാല്‍ തന്നെ സ്വാഭാവികമായി ദേശീയതലത്തില്‍ നില്ക്കുന്ന വിഷയങ്ങള്‍ എല്ലാം തന്നെ ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ ഈ തിരഞ്ഞെടുപ്പ്?
മുകളില്‍ പറഞ്ഞ സാഹചര്യങ്ങളൊക്കെ നിലനില്‍ക്കെ തന്നെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഈ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ജനങ്ങള്‍ വിലയിരുത്തും എന്നത് യാഥാര്‍ത്ഥ്യമാണ്. 2016 മുതല്‍ 2021 വരെ അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയതിന് ശേഷമാണ് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി എല്‍ഡിഎഫ് അധികാര തുടര്‍ച്ച കൈവരിച്ചത്.
കേരളത്തിലെ സര്‍ക്കാര്‍ ഇത്രയധികം സാമ്പത്തിക-രാഷ്ട്രീയ ഉപരോധം നേരിടുന്നതിനിടയിലും പരിമിതികള്‍ക്കിടയിലും നടപ്പാക്കുന്ന സമാനതകളില്ലാത്ത വികസന-ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിലയിരുത്തലായി ഈ തിരഞ്ഞെടുപ്പ് മാറും. എങ്കിലും ദേശീയതലത്തിലുള്ള വിഷയങ്ങളായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ കൂടുതലായി പ്രതിഫലിക്കുക.
നിലവില്‍ കേരളത്തില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ഒറ്റക്ക് അധികാരമുള്ളത്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് അല്ലെങ്കില്‍ എന്തിന് ഇടതുപക്ഷം എന്ന ചോദ്യം ഉയരില്ലേ?
ഒരു ബിജെപി വിരുദ്ധ വികാരം രാജ്യത്ത് ഉയര്‍ന്ന് വരുന്ന സാഹചര്യമുണ്ട്. പക്ഷെ അത് ഏറ്റവും ശക്തമായി ഉപയോഗിക്കാന്‍ കഴിയുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ല എന്ന വിമര്‍ശനമുണ്ട്. കാരണം കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്കെതിരായി വലിയ ശക്തമായ ഇടപെടല്‍ നടത്തേണ്ട സാഹചര്യത്തില്‍ ബി ജെ പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളും മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പിസിസി പ്രസിഡന്റുമാരായിട്ടുള്ളവരും ബിജെപിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായി. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസമില്ല എന്നൊരു സന്ദേശം കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്കുന്നു എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇടതുപക്ഷം തീര്‍ച്ചയായും ശക്തമായ സാന്നിധ്യമായി തന്നെ പാര്‍ലമെന്റില്‍ ഉണ്ടാകും എന്നുള്ളതാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന വലിയ സ്വീകാര്യത നമ്മെ ബോധ്യപ്പെടുത്തുന്നത്.
ബിജെപിയെ നേരിടുന്നതില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ല എന്നാണ് ഇടതുപക്ഷം പറയുന്നത്. അതേ കോണ്‍ഗ്രസ് ആണ് ഇടതുപക്ഷം അടക്കമുള്ള ഇന്ത്യാ മുന്നണിയിലെ പ്രധാനകക്ഷിയും. അതിലൊരു വിരോധാഭാസമില്ലേ? എങ്ങനെയാണ് ഈ സാഹചര്യത്തെ ഇടതുപക്ഷം വോട്ടര്‍മാരോട് വിശദീകരിക്കുന്നത്?
ഇന്ത്യാ മുന്നണി എന്ന പേരില്‍ ആദ്യം യോഗം വിളിച്ച് ചേര്‍ത്തത് കോണ്‍ഗ്രസായിരുന്നു. പക്ഷെ ആ യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളൊന്നും പങ്കെടുത്തില്ല. രണ്ടാമത് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്നത്. ആദ്യത്തെ സംഭവത്തോട് കൂടി തന്നെ ഇതിന്റെ നേതൃപദവിയിലേക്ക് കോണ്‍ഗ്രസ് വരുന്നതിന്റെ വിശ്വാസക്കുറവിനെ കുറിച്ച് അന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി.
കാരണം കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ബിജെപിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായിരുന്നു. സമീപകാലത്തുണ്ടായ പൗരത്വ ഭേദഗതി, രാമക്ഷേത്ര നിര്‍മാണം അടക്കമുള്ള വിഷയങ്ങളിലൊന്നും കോണ്‍ഗ്രസിന് നിലപാടുണ്ടായിരുന്നില്ല. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് അഭിപ്രായ സമന്വയത്തിന് രണ്ട് മാസക്കാലം വേണ്ടി വന്നു. ബിജെപിക്കും അവരുടെ വര്‍ഗീയ നിലപാടുകള്‍ക്കും അനുകൂലമായി ചിന്തിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് പലപ്പോഴും ഉണ്ടാകുന്നത്.
മതേതരമൂല്യം ഉയര്‍ത്തി പിടിക്കുന്ന കേരളത്തില്‍ പോലും കോണ്‍ഗ്രസിന്റെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ദൂരം കുറഞ്ഞ് വരുന്നു എന്നുള്ള ചര്‍ച്ചകള്‍ രാജ്യത്ത് ഉയര്‍ന്ന് വരികയാണ്. അത്തരമൊരു സാഹചര്യത്തില്‍ മതേതരകക്ഷികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇടതുപക്ഷം ആഗ്രഹിക്കുന്നത് രാജ്യത്ത് മതേതര കക്ഷികള്‍ കൂടുതല്‍ മുന്നോട്ട് വരണം എന്ന് തന്നെയാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യാ മുന്നണി ഇല്ല. ഇവിടെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. തമിഴ്നാട്ടില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഡിഎംകെക്കൊപ്പമാണ് മത്സരിക്കുന്നത്. അതായത് ഇടതുപക്ഷത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നത് തന്നെയാണ് എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. ബിജെപിയാണ് രാജ്യത്തിന്റെ മുഖ്യശത്രു എന്ന തിരിച്ചറിവ് ഇടതുപക്ഷത്തിനുണ്ട്.
ബിജെപിക്കെതിരായി രാജ്യത്തെ മറ്റ് പ്രതിപക്ഷ കക്ഷികളെ യോജിപ്പിച്ച് മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്തമാണ് ഇടതുപക്ഷം ഏറ്റെടുത്തിരിക്കുന്നത്. ബിജെപിക്കെതിരായിട്ടുള്ള പോരാട്ടങ്ങളില്‍ എത്രത്തോളം ശക്തമായി മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ട് എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications