മാവേലിക്കരയില്‍ വിജയം ഉറപ്പ്: പാർട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ല, ഒറ്റക്കെട്ട്: അരുണ്‍ കുമാർ
മാവേലിക്കര മണ്ഡലത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇടതുപക്ഷത്തിന് അത്ര ആശ്വസിക്കാനുളള കണക്കുകള്‍ അല്ല ലഭിക്കുക. എക്കാലത്തും കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായി കണക്കാക്കുന്ന മാവേലിക്കരയില്‍ അടുത്ത കാലത്ത് മണ്ഡലത്തില്‍ എല്‍ ഡി എഫിന് വിജയം നേടാന്‍ സാധിച്ചത് 2004 ല്‍ മാത്രമാണ്.
മാവേലിക്കര ലോക്സഭ മണ്ഡലത്തിന് പൊതുവില്‍ ഒരു കോണ്‍ഗ്രസ് അനുകൂല മനോഭാവമാണെങ്കില്‍ ഇത്തവണ ആ ചരിത്രം തിരുത്തുമെന്ന് ഉറപ്പിച്ചാണ് എല്‍ ഡി എഫ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം മണ്ഡലം തിരികെ പിടിക്കാനുള്ള ചുമതല മുന്നണി ഏല്‍പ്പിച്ചതാകട്ടെ യുവനേതാവായ സിഎ അരുണ്‍ കുമാറിനെയാണ്. ഇത്തവണ മാവേലിക്കരയിലെ ജനങ്ങള്‍ മാറി ചിന്തിക്കുമെന്നും എല്‍ ഡി എഫ് വിജയം ഉറപ്പാണെന്നുമാണ് വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അരുണ്‍ കുമാർ പറയുന്നത്. അരുണ്‍കുമാർ വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുന്നു...

മാവേലിക്കരയില്‍ പ്രതീക്ഷയല്ല, ഉറപ്പാണ്
മാവേലിക്കര പാർലമെന്റ് മണ്ഡലത്തില്‍ വളരെ വിശ്വാസ പൂർവ്വമായിട്ടാണ് പാർട്ടി എന്നെ ഒരു ചുമതല എല്‍പ്പിച്ചിരിക്കുന്നത്. മണ്ഡലം തിരികെ പിടിക്കുകയെന്ന വലിയൊരു ഉത്തരവാദിത്തമാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ആ പ്രാധാന്യത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പാർട്ടിയും ഏല്‍പ്പിച്ച ചുമതല അങ്ങേയറ്റം ആത്മാർത്ഥമായി നിറവേറ്റി ഒരു വലിയ വിജയം സമ്മാനിക്കാനുള്ള പ്രവർത്തനവുമായിട്ടാണ് മുന്നോട്ട് പോകുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങള്‍ വലിയ ആവേശത്തോട് കൂടിയാണ് മുന്നോട്ട് പോകുന്നത്. നൂറ് ശതമാനം വിജയം ഉറപ്പാണ്, പ്രതീക്ഷ എന്നത് അല്ല, വിജയം ഉറപ്പാണ്. വളരെ വലിയ പ്രതികരണമാണ് മാവേലിക്കരയിലെ ജനങ്ങള്‍ നമ്മളോട് കാണിക്കുന്നത്. അവരുടെ സ്നേഹം, ആത്മാർത്ഥമായ സമീപനം അതൊക്കെ ഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ബോധ്യമായിട്ടുണ്ട്. അതൊക്കെ ആത്മവിശ്വാസവും കരുത്തും കൂടുതല്‍ വർധിപ്പിക്കുന്നു.

എതിർ സ്ഥാനാർത്ഥിയല്ല വിഷയം
എതിർ സ്ഥാനാർത്ഥി ആരാണ്, അവരുടെ പ്രവർത്തനങ്ങള്‍ എന്താണ് എന്നതൊന്നും വ്യക്തിപരമായ ഞങ്ങള്‍ നോക്കിക്കാണുന്നില്ല. നാടിന്റെ പൊതു വികസനത്തേയാണ് ഞങ്ങള്‍ നോക്കികാണുന്നത്. അല്ലാതെ ഞങ്ങള്‍ വേറെയൊന്നും നോക്കികാണുന്നില്ല. ഈ നാട് വികസനം ആവശ്യപ്പെടുന്നുണ്ട്, ഈ നാട് വികസനം ആഗ്രഹിക്കുന്നുണ്ട്. ഈ നാട് ആഗ്രഹിക്കുന്ന ആ വികസനം നേടിയെടുത്ത് കൊടുക്കാന്‍ വേണ്ടിയിട്ടാണ് ഞങ്ങള്‍ മുന്നോട്ട് വന്നിരിക്കുന്നത്. അവിടെ ജനങ്ങള്‍ മണ്ഡലത്തില്‍ ഇതുവരെ നടന്ന പ്രവർത്തനങ്ങളൊക്കെ വിലയിരുത്തും.
കേരളം നേരിടുന്ന വിഷയങ്ങള്‍
കേരളം നേരിടുന്ന പൊതുവായ വിഷയങ്ങള്‍ നിരവധിയുണ്ട്. ഇന്ത്യാ രാജ്യത്തെ ഒരു സംസ്ഥാനം എന്ന നിലയില്‍ നമുക്ക് നേടിയെടുക്കേണ്ട ഒരുപാട് അവകാശങ്ങളുണ്ട്. അതെല്ലാം നേടിയെടുക്കാന്‍ വേണ്ടിയുള്ള ഒരു പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമാണ്. അതോടൊപ്പം തന്നെ മാവേലിക്കര മണ്ഡലം നേരിടുന്ന ഒരുപാട് വിഷയങ്ങള്‍ അക്കമിട്ട് നിരത്താനുണ്ട്. അതെല്ലാം നമ്മുടെ മുന്‍പില്‍ ചോദ്യ ചിഹ്നങ്ങളായി നില്‍ക്കുകയാണ്. ആ ചോദ്യങ്ങളിലൂടെയാണ് നമ്മുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. അതിന് ഒടുവില്‍ വിജയത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന് തന്നെയാണ് ഉറപ്പ്.

പാർട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല
സ്ഥാനാർത്ഥി നിർണ്ണയത്തില്‍ പാർട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി എന്ന് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. അത്തരത്തില്‍ ഒരു കാര്യങ്ങളും ഞങ്ങളുടെ പാർട്ടിയില്‍ നിന്നോ മറ്റ് ഘടകങ്ങളില്‍ നിന്നോ ഉയർന്ന് വന്നിട്ടില്ല. അതൊക്കെ മാധ്യമങ്ങളില്‍ വന്ന യാഥാർത്ഥമില്ലാത്ത വാർത്തകളാണ്. പാർട്ടി ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. അതുപോലെ ഒറ്റക്കെട്ടായി തന്നെ എല്‍ ഡി എഫ് മുന്നണിയും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും.












Click it and Unblock the Notifications