'എല്ലാ കാലത്തും കോൺഗ്രസിന്റെ ശാപം ഗ്രൂപ്പുകൾ തന്നെ'; തുറന്ന് പറഞ്ഞ് പന്തളം സുധാകരൻ
എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. കോൺഗ്രസ് വിട്ട് നിരവധി നേതാക്കൾ എൻസിപിയിലേക്ക് എത്തുമെന്നുള്ളത് ചാക്കോയുടെ സ്വപ്നം മാത്രമാണ്. കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുന്നതോടെ ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പോലും നിരവധി പേർ കോൺഗ്രസിലേക്ക് വരും.
കോൺഗ്രസിന് ക്യാൻസറാകുന്ന രീതിയിൽ ഗ്രൂപ്പുകൾ വളർന്നുവെന്നത് യാഥാർഥ്യമാണെന്നും പന്തളം സുധാകരൻ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായത് ദയനീയ പരാജയം. വീഴ്ചകൾ പരിഹരിച്ച് നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയനുമായി പന്തളം സുധാകരൻ സംസാരിച്ചപ്പോൾ.

സുധാകരൻ അക്രമ രാഷ്ട്രീയത്തിൻ്റെ വക്താവോ?
കണ്ണൂരിൽ സംഘർഷം ഉണ്ടാകുമ്പോൾ പോലും കോൺഗ്രസ്സിൽ ആത്മ സമീപനം പാലിക്കുന്നവരാണ് നേതാക്കളും പ്രവർത്തകരും. അക്രമ രാഷ്ട്രീയത്തിൻ്റെ വക്താക്കൾ യഥാർത്ഥത്തിൽ സിപിഎമ്മുകാരാണ്. അത് കണ്ണൂരിലെന്ന് മാത്രമല്ല കേരളത്തിൽ എല്ലായിടത്തും അതാണ് സ്ഥിതി. കെ സുധാകരൻ വരുന്നതോടെ കോൺഗ്രസിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരാജയമുണ്ടായി. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വോട്ട് ഷെയർ 0.1 ശതമാനമാണ്. കെ സുധാകരനെ അമരത്തേക്ക് കൊണ്ടുവരുന്നതിലൂടെ യുവ നേതാക്കൾക്ക് പോലും പ്രതീക്ഷയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകുന്നത്.

കോൺഗ്രസിൻ്റെ ശാപം ഗ്രൂപ്പുകളോ?
എല്ലാ കാലത്തും കോൺഗ്രസിൻ്റെ ശാപം ഗ്രൂപ്പുകൾ തന്നെയാണ്. സംഘടനയെ തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പിൻ്റെ ഭാഗത്തു നിന്ന് ഉടലെടുക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കെ സുധാകരൻ ഗ്രൂപ്പിൻ്റെ വക്താവായി കോൺഗ്രസിനോട് പൊരുതിയ നേതാവാണ്. കെ കരുണാകരനും എ കെ ആൻറണിക്കും പോലും ഗ്രൂപ്പുണ്ടായിരുന്നു.ആൻറണിയുടെ പേരിലാണ് എ ഗ്രൂപ്പ് നിലനിന്നിരുന്നത്. ഒരു നേതാവിനും ഗ്രൂപ്പില്ല എന്ന് പറയാനാവില്ല. സംഘടനയ്ക്ക് ക്യാൻസറാകുന്ന തരത്തിൽ ഗ്രൂപ്പുകൾ വളർന്നാൽ അത് അപകടം ക്ഷണിച്ചു വരുത്തും. അതാണ് കോൺഗ്രസിലുണ്ടായത്. പുതിയ നേതൃമാറ്റം വരുന്നതോടെ ഇതിന് താത്ക്കാലിക പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ചെന്നിത്തലയെ അപമാനിച്ചത് ശരിയായോ?
രമേശ് ചെന്നിത്തലയും താനുമൊക്കെ ഇരുപത്തിയഞ്ചാം വയസ്സിൽ എംഎൽഎമാരായവരാണ്. ചെന്നിത്തല പിന്നീട് 28 ആം വയസിൽ മന്ത്രിയായി. 35 വർഷത്തോളം കോൺഗ്രസിൻ്റെ സംസ്ഥാനതലത്തിലും തുടർന്ന് ദേശീയതലത്തിലും അദ്ദേഹം പ്രവർത്തിച്ചു.എൻ എസ് യു ഐ ദേശീയ പ്രസിഡൻറ് മുതൽ ഇങ്ങേയറ്റം പ്രതിപക്ഷനേതാവ് വരെയുള്ള പരമപ്രധാനമായ സ്ഥാനങ്ങളാണ് കോൺഗ്രസ്സിൽ അദ്ദേഹം വഹിച്ചത്. ചെന്നിത്തല കോൺഗ്രസിൽ തന്നെ വ്യത്യസ്തത പുലർത്തുന്ന നേതാവായിരുന്നു. അങ്ങനെയുള്ള ഒരു വ്യക്തിയെ അവസാന നിമിഷം വരെയും നിലനിർത്തിക്കൊണ്ട് പാർട്ടിയിൽ നിന്ന് ആക്ഷേപിച്ച് ഇറക്കിവിടുന്നത് ശരിയായ നടപടിയായിരുന്നില്ല. എല്ലാത്തിൻ്റെയും അവസാനവാക്ക് ഹൈക്കമാൻഡ് തന്നെയാണ്.എംഎൽഎമാരുടെ അഭിപ്രായം അടക്കം ആരാഞ്ഞ ശേഷമാണ് ഹൈക്കമാൻഡ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാറുള്ളത്.ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമെന്ന് തന്നെയായിരുന്നു തൻ്റെ വ്യക്തിപരമായ അഭിപ്രായം.

പിണറായിക്ക് കിട്ടിയ ഇമേജിൽ കോൺഗ്രസുകാർ അസ്വസ്ഥരാണോ?
വാസ്തവത്തിൽ കൊവിഡ് മഹാമാരിയുടെ പേരിൽ പിണറായിക്ക് മേൽ വലിയ സഹതാപതരംഗമുണ്ടായി. കൊവിഡ്, ഒരു പരിധിവരെ കാരണമായി എന്ന് വേണമെങ്കിൽ പറയാം.തെരഞ്ഞെടുപ്പിൽ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റും ക്ഷേമപെൻഷനും തന്നെയാണ് ചർച്ചയായത്. അത് സമയബന്ധിതമായി നൽകുന്നതിൽ പിണറായി മിടുക്ക് കാണിച്ചു. അതിനെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയും ചെയ്തു . ഇത് തുടർ ഭരണം ലഭിക്കുവാൻ ഒരുപരിധിവരെ സർക്കാരിന് ആശ്വാസമായി. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങി. അത് തുറന്നു സമ്മതിക്കുന്നു. വീഴ്ചകൾ പരിഹരിച്ച് നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കോൺഗ്രസ് തിരിച്ചു വരും.

പി സി ചാക്കോയുടെ വിമർശനങ്ങളോട് ?
പിസി ചാക്കോ കോൺഗ്രസ് വിട്ടു പോയത് തീരാനഷ്ടമാണ്. അദ്ദേഹം 35 വർഷത്തോളം പാർട്ടിക്കൊപ്പം പ്രവർത്തിച്ച വ്യക്തിയാണ്. കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിൽ പോയ ശേഷം അദ്ദേഹം പ്രവർത്തിച്ച പാർട്ടിയെ നിരന്തരം കരിവാരിതേക്കുന്നത് ശരിയല്ല. ഈ പ്രസ്താവനയോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുന്നതോടെ നിരവധി പ്രവർത്തകർ പാർട്ടിയിലേക്ക് ഇതര പാർട്ടികളിൽ നിന്ന് പോലും മടങ്ങി വരും എന്നാണ് കോൺഗ്രസിൻ്റെ പ്രതീക്ഷ.ചാക്കോയുടെത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണ്.

ജിതിൻ പ്രസാദയുടെ കൂടുമാറ്റം?
കോൺഗ്രസിൻ്റെ ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ വലംകൈയായിരുന്ന ജിതിൻ പ്രസാദ ബിജെപിയിലേക്ക് പോയത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി തന്നെയാണ്.യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജിതിൻ പ്രസാദ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. മുകുൾ റോയി തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാപക നേതാവാണ്. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടു പോയതും അണികളിലും നേതാക്കളിലും ഇന്നും പല പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ആർക്ക്?
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയം അപ്രതീക്ഷിതമായിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്ന് തന്നെയായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. പക്ഷേ മറിച്ചൊന്ന് സംഭവിച്ചു.കോൺഗ്രസിൻ്റെ നിരവധി പ്രവർത്തകരും നേതാക്കളും ഇതോടെ തളർന്നു എന്നുള്ളത് വാസ്തവമാണ്. എന്നാൽ, അവർക്ക് ഊർജ്ജം നൽകി കൊണ്ടാണ് ഹൈക്കമാൻഡ് പുതിയ പ്രതിപക്ഷനേതാവിനെയും കെപിസിസി അധ്യക്ഷനെയുമൊക്കെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. കോൺഗ്രസിൽ പ്രതീക്ഷ വയ്ക്കുന്ന ജനങ്ങൾക്ക് നേതൃത്വം നൽകുന്ന മാറ്റത്തിൻ്റെ സൂചനയായി ഇതിനെ കണക്കാക്കാം. പഴയ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ നല്ല രീതിയിലാണ് നേരിട്ടത്. തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പൂർണ ഉത്തരവാദിത്വം കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും തന്നെയാണ്.

സമിതി റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കപ്പെടുന്നുണ്ടോ?
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട് കഴിഞ്ഞാൽ ഇതിനെ കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുന്നത് പതിവാണ്. പക്ഷേ ഈ പ്രത്യേക സമിതികൾ നൽകുന്ന റിപ്പോർട്ടുകൾ ഒന്നും തന്നെ പിന്നീട് ചർച്ചയ്ക്ക് വരാറില്ല. ഗ്രൂപ്പ് അതിപ്രസരത്തിന് വഴങ്ങി ഇതൊക്കെ പൂഴ്ത്തിവയ്ക്കപ്പെടും. പല സമിതികളുടെയും അധ്യക്ഷൻമാരായി വക്കം പുരുഷോത്തമനും തെന്നല ബാലകൃഷ്ണപിള്ളയുമൊക്കെ തന്നെയാണ് വന്നിരുന്നത്. ഇവർ ഇതേക്കുറിച്ച് അന്വേഷിച്ച് പഠിച്ച് റിപ്പോർട്ട് നൽകി കെപിസിസിക്ക് കൈമാറും. ഈ ചടങ്ങ് ഇതോടെ അവസാനിക്കും. ഇതാണ് റിപ്പോർട്ട് നൽകുന്നതിനുള്ള ആചാരം. പിന്നീട് മാധ്യമങ്ങളും പൊതുജനങ്ങളും ഇത് ചർച്ചയാക്കുമ്പോഴാണ് കോൺഗ്രസ് നേതാക്കൾ പോലും ഇതിനെക്കുറിച്ച് വാചാലരാകുന്നത്. ഇതിന് മാറ്റം വന്നേ തീരൂ. പുതുതായി ചുമതലകളിൽ തിരഞ്ഞെടുക്കപ്പെട്ടവർ വരുന്നതോടെ ഇത്തരം മാറ്റങ്ങൾക്ക് കൂടി കോൺഗ്രസ് പാർട്ടി വേദിയാകും എന്നാണ് മനസ്സിലാക്കുന്നത് - പന്തളം സുധാകരൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications