'ഏത് പൊന്നാപുരം കോട്ടയും തകർക്കും,മോദിക്കൊപ്പം പൊന്നാനിയും നിൽക്കും';അഡ്വ നിവേദിത സുബ്രഹ്മണ്യൻ
പല പൊന്നാപുരം കോട്ടകളും തകർത്തുകൊണ്ടാണ് ബിജെപി രാജ്യത്ത് അധികാരത്തിലേറയതെന്നും അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങൾക്കൊപ്പം ഇത്തവണ പൊന്നാനിയിലെ ജനങ്ങളും ഒപ്പം നിൽക്കുമെന്നും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ നിവേദിത സുബ്രഹ്മണ്യൻ. കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ ഇവിടെ നടപ്പിലാക്കാനും വികസനം കൊണ്ടുവരാനും സാധിക്കുന്നൊരു കക്ഷി എൻ ഡി എ ആണെന്ന് ജനം തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മലയാളം വൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നിവേദിത വ്യക്തമാക്കി. അഭിമുഖം പൂർണരൂപത്തിൽ
പൊന്നാനിയെ പൊന്നാപുരം കോട്ടയായാണ് മുസ്ലിം ലീഗ് വിശേഷിപ്പിക്കാറുള്ളത്. 1970 മുതൽ ഇവിടെ തുടർച്ചയായി വിജയം ലീഗിനാണ്. ഇത്തരമൊരു മണ്ഡലത്തിൽ എൻഡിഎയുടെ സാദ്ധ്യതകൾ എത്ര മാത്രമാണ്?
പല പൊന്നാപുരം കോട്ടകളും തകർത്തുകൊണ്ടാണ് ഇന്ന് എൻഡിഎ എന്ന പ്രസ്ഥാനം ഭാരതം ഭരിക്കുന്നത്. അതുകൊണ്ട് വികസന-ക്ഷേമ പ്രവർത്തനങ്ങൾ നിരവധിയായി നടപ്പാക്കിയിട്ടുളള നരേന്ദ്ര മോദിക്കൊപ്പം നിൽക്കാൻ പൊന്നാനിയിലെ ജനങ്ങളും തയ്യാറാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടത് സ്ഥാനാർത്ഥി കെഎസ് ഹംസ മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയാണ്. ഇടതിനും വലതിനും വേണ്ടി മുസ്ലിം ലീഗ് പാരമ്പര്യമുള്ളവരാണ്. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?
മതപരമായ വിഭാഗീയ ചിന്ത വളർത്തിക്കൊണ്ടുവന്ന് ഭരണം പിടിക്കുകയെന്ന ചിന്ത കുറെ കാലമായി രണ്ടുകൂട്ടരും പരീക്ഷിച്ച് വരുന്നതാണ്. മതവും വിശ്വാസവും എല്ലാവർക്കും ഉള്ളതാണ്. അതിലുപരി രാഷ്ട്രത്തിന്‌റെ ഉന്നമനം കാംക്ഷിച്ച് ഒന്നിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ വിഭാഗങ്ങളിലുമുണ്ട്. അത്തരത്തിലുള്ള ആളുകളെ മതത്തിന്‌റെ അടിസ്ഥാനത്തിൽ വേർതിരിച്ചുനിർത്തി മുന്നോട്ട് പോകുന്ന സമ്പ്രദായത്തെ ഇവിടുത്തെ ജനങ്ങൾ തിരിച്ചറിയും. ഒരു വേർതിരിവും ഇല്ലാതെ ജനങ്ങൾക്ക് അർഹമായ അവകാശങ്ങൾ എത്തിക്കുന്ന വികസനക്ഷേമ പദ്ധതികളെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. യാതൊരു വിധ വേർതിരിവുകളും അക്കാര്യത്തിൽ കാണിക്കില്ല.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ പ്രതീക്ഷകൾ എത്രമാത്രം?
ആയുഷ്മാൻ ഭാരത് കാർഡിൽ മാത്രം നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരം ഗുണഭോക്താക്കളെ സമ്മാനിച്ചിട്ടുള്ള ഒരു സർക്കാരിന്റെ മൂന്നാം ഊഴത്തിൽ ഇതിലും കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ ഇവിടെ നടപ്പിലാക്കാനും വികസനം ഇവിടെ കൊണ്ടുവരാനും സാധിക്കുന്നൊരു കക്ഷി എൻഡിഎ ആണെന്ന് ജനം തിരിച്ചറിഞ്ഞുകൊണ്ട് ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നല്ല ശുഭാപ്തി വിശ്വാസമുണ്ട്.
ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലത്തിൽ ഫാസിസവും കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളും നിയമങ്ങളുമാണ് ചർച്ചയാവുന്നത്. ഇതിനെ എങ്ങനെയാണ് പ്രതിരോധിക്കുന്നത്?
അവർക്ക് മറ്റ് വിഷയങ്ങളൊന്നുമില്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ കള്ളപ്രചരണം നടത്തുന്നത്. സി എ എ എന്താണെന്ന് അറിയാഞ്ഞിട്ടല്ല, വിഭാഗീയത വളർത്തിക്കൊണ്ട് അധികാരം നിലനിർത്തുന്ന രാഷ്ട്രീയവുമായി വന്നിരിക്കുകയാണ്. തെളിയിക്കാവുന്ന ഒരു ആരോപണവും നരേന്ദ്രമോദി സർക്കാരിനെതിരെ കൊണ്ടുവരാൻ ഇല്ലാത്തതുകൊണ്ടാണ് ന്യൂനപക്ഷ വിരുദ്ധ നിയമങ്ങൾ എന്ന പേരിൽ പ്രചരണങ്ങൾ നടത്തുന്നത്. ഈ വിഷയങ്ങൾ പ്രതിരോധിക്കേണ്ട കാര്യം എൻഡിഎയ്ക്ക് ഇല്ല. പറയാനുള്ളത് പറഞ്ഞുകൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ശരിയല്ലാത്ത കാര്യം പറയുമ്പോൾ അത് തിരിച്ചറിയാൻ സാധിക്കുന്ന ജനം തന്നെയാണ് പൊന്നാനി മണ്ഡലത്തിൽ ഉള്ളത്. തീവ്ര മതമൗലികവാദികളുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്നവർ ഉണ്ടാകാം. പക്ഷേ എല്ലാവരും അങ്ങനെയാണെന്ന് ഞങ്ങൾ കരുതുന്നില്ല. ഞങ്ങൾ മുന്നോട്ട് വെയ്ക്കുന്നത് ക്ഷേമവും വികസനവുമാണ്. ഭാരതീയരായ എല്ലാവർക്കും അത് എത്തിച്ചിട്ടുണ്ട്. ഇനിയും എത്തിക്കും.
കഴിഞ്ഞ തവണ ഒരുലക്ഷം വോട്ടാണ് എൻഡിഎയ്ക്ക് ലഭിച്ചത്. മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരുലക്ഷം കടക്കുന്നത്?
ഞങ്ങൾ ശുഭാപ്തി വിശ്വാസത്തിൽ തന്നെയാണ്. ജൂൺ നാലിന് ഇതിനുളള മറുപടി കാണാം.












Click it and Unblock the Notifications