"പ്രവാസികളുടെ പ്രശ്നങ്ങൾ ഇനിയും അവഗണിക്കാനാവില്ല": മൻസൂർ പള്ളൂർ
കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസി സമൂഹത്തിന്റെ അടിയന്തര പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന ഏഴിന നിവേദനം കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് കൺവീനറും വിദേശകാര്യ നിരീക്ഷകനും എഴുത്തുകാരനുമായ മൻസൂർ പള്ളൂരുമായി നടത്തിയ അഭിമുഖം.
മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ കാരണമായ സാഹചര്യം എന്താണ്? ഈ സമയത്ത് ഇങ്ങനെ ഒരു നിവേദനം നൽകേണ്ടി വന്നതിന്റെ പശ്ചാത്തലം വിശദീകരിക്കാമോ?
കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക പുരോഗതിയിൽ ചരിത്രപരമായ പങ്ക് വഹിച്ച സമൂഹമാണ് പ്രവാസികൾ. പതിറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ധനം കേരളത്തിന്റെ വികസനത്തിന്റെ അടിത്തറയാണ്. പക്ഷേ, ഈ സമൂഹത്തിന്റെ പ്രശ്നങ്ങൾ പലപ്പോഴും ഭരണതലത്തിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. പുതിയ സർക്കാർ അധികാരമേറ്റ സന്ദർഭത്തിൽ, ആഗോള മലയാളി സമൂഹത്തിന്റെ പ്രതീക്ഷകൾ സർക്കാരിന്റെ മുന്നിൽ വെക്കേണ്ടത് അനിവാര്യമാണ്.
സുതാര്യത, കരുതൽ , പുരോഗമന ഭരണം ഇവ ഉറപ്പാക്കണമെന്ന അഭ്യർഥനയോടെയാണ് ഈ ഏഴിന നിവേദനം സമർപ്പിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മിഡിൽ ഈസ്റ്റ് കൺവീനർ എന്ന നിലക്കും , ഗൾഫ് മലയാളികൾ ദൈനംദിന ജീവിതത്തിൽ നേരിട്ടനുഭവിക്കുന്ന പ്രശ്നങ്ങൾ എനിക്കറിയാം. അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നത് ഒരു ഉത്തരവാദിത്തമാണ്.
നിവേദനത്തിലെ ഒന്നാമത്തെ ആവശ്യം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണങ്ങൾ നീക്കണം എന്നതാണ്. എന്താണ് ഈ നിയന്ത്രണം? എന്തുകൊണ്ടാണ് ഇത് ഇത്രയും പ്രാധാന്യത്തോടെ ഉന്നയിച്ചത്?
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വടക്കൻ കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ ആശ്രയമാണ്. 2018 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ഈ വിമാനത്താവളം ആധുനിക സൗകര്യങ്ങളുള്ള രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നാണ്. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ 2024-ൽ "രണ്ട് ദശലക്ഷത്തിൽ താഴെ യാത്രക്കാരുള്ള വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം" എന്ന അവാർഡ് കണ്ണൂരിന് നൽകി. പക്ഷേ, ഇത്രയും മികവുണ്ടായിട്ടും ഈ വിമാനത്താവളം കടുത്ത നിയന്ത്രണത്തിന്റെ ചങ്ങലയിലാണ്.
കണ്ണൂർ എയർപോർട്ടിന് ഡി.ജി.സി.എയുടെ "പോയിന്റ് ഓഫ് കോൾ" പദവി ഇല്ല എന്നതാണ് പ്രധാന തടസ്സം . ഈ പദവി ഇല്ലാതെ വിദേശ വിമാനക്കമ്പനികൾക്ക് ഷെഡ്യൂൾഡ് അന്താരാഷ്ട്ര സർവീസ് നടത്താൻ കഴിയില്ല. ആദ്യ വർഷങ്ങളിൽ സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ നിന്ന് സർവീസുകൾ ഉണ്ടായിരുന്നു. പക്ഷേ, പലതും പിന്നീട് നിർത്തലാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കിയത്, നോൺ-മെട്രോ വിമാനത്താവളങ്ങൾക്ക് പുതിയ പോയിന്റ് ഓഫ് കോൾ അനുവദിക്കില്ല എന്നാണ്. "ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നടത്താൻ അവസരം നൽകുകയാണ് ലക്ഷ്യം" എന്നാണ് കേന്ദ്രത്തിന്റെ ന്യായം.
ഈ നിയന്ത്രണത്തിന്റെ സാമ്പത്തിക പ്രത്യാഘാതം വിലയിരുത്തുമ്പോൾ, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന് ആറ് വർഷത്തിനുള്ളിൽ 742 കോടി രൂപയുടെ ആകെ നഷ്ടമുണ്ടായതായി കണക്കുകൾ പറയുന്നത് . 2024-25-ൽ 13 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത, അന്താരാഷ്ട്ര യാത്രക്കാരിൽ 14 ശതമാനം വളർച്ച കൈവരിച്ച ഒരു വിമാനത്താവളമാണ് ഈ നിയന്ത്രണം മൂലം നഷ്ടത്തിൽ പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാർ കേന്ദ്രവുമായി അടിയന്തരമായി ഇടപെട്ട് ഈ തടസ്സം നീക്കണം .ഇതാണ് ഞങ്ങളുടെ പ്രഥമ ആവശ്യം.

മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ഒരു സ്കിൽ രജിസ്ട്രേഷൻ പോർട്ടൽ എന്ന ആശയം മുന്നോട്ടുവെക്കുന്നുണ്ട്. ഇത്തരം ഒരു പോർട്ടലിന്റെ ആവശ്യകത എന്താണ്? നിലവിലുള്ള പദ്ധതികൾ പര്യാപ്തമല്ലേ?
ഗൾഫിൽ നിന്ന് ജോലി നഷ്ടപ്പെട്ടോ വിരമിച്ചോ മടങ്ങുന്ന ആയിരക്കണക്കിന് മലയാളികൾക്ക് നിർമ്മാണം, ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിംഗ്, മെക്കാനിക്കൽ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ വർഷങ്ങളുടെ പ്രായോഗിക പരിചയമുണ്ട്. അന്താരാഷ്ട്ര സ്റ്റാൻഡേർഡിൽ ജോലി ചെയ്ത ഈ അമൂല്യമായ വൈദഗ്ധ്യം ഒരു ചിട്ടയായ സംവിധാനത്തിലൂടെ രേഖപ്പെടുത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നില്ല. അവർ നാട്ടിൽ വന്ന് പലപ്പോഴും ഒന്നും ചെയ്യാനില്ലാതെ നിൽക്കുന്ന അവസ്ഥയുണ്ട്.
നിലവിൽ നോർക്ക റൂട്ട്സിന്റെ NDPREM (NORKA Department Project for Returned Emigrants) പദ്ധതി 15 ശതമാനം വരെ മൂലധന സബ്സിഡിയും 3 ശതമാനം പലിശ സബ്സിഡിയും നൽകുന്നുണ്ട്. "പ്രവാസി ഭദ്രത" പദ്ധതി കോവിഡിനുശേഷമുള്ള സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാൻ പേൾ, മൈക്രോ, മെഗാ എന്നിങ്ങനെ മൂന്ന് തട്ടുകളിൽ വായ്പയും സബ്സിഡിയും നൽകുന്നുണ്ട്.
പക്ഷേ, ഇവയെല്ലാം ഒറ്റപ്പെട്ട ശ്രമങ്ങളാണ്. നമ്മുടെ നിർദേശം ഒരു കേന്ദ്രീകൃത ഡിജിറ്റൽ പോർട്ടൽ രൂപീകരിക്കണം എന്നതാണ്. മടങ്ങിവരുന്ന ഓരോ പ്രവാസിയുടെയും പ്രൊഫഷണൽ പരിചയം, സാങ്കേതിക വൈദഗ്ധ്യം, യോഗ്യത എന്നിവ ഡിജിറ്റലായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം. ഈ ഡാറ്റാബേസ് ഉപയോഗിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ ജില്ലാതല സർവീസ് സംരംഭങ്ങൾ - പ്ലംബിംഗ്, ഇലക്ട്രിക്കൽ, പെയിന്റിംഗ്, എച്ച്‌വിഎസി, ഫസിലിറ്റി മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി സപ്പോർട്ട് - തുടങ്ങാം. വ്യവസായ വിദഗ്ധർ, മടങ്ങിയെത്തിയ പ്രവാസികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ കൂടിയാലോചനയോടെ ഈ സംരംഭം വികസിപ്പിക്കണം.
ലോക കേരള സഭയെ പുനഃസംഘടിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്താണ് ഇപ്പോഴത്തെ ലോക കേരള സഭയുടെ പ്രശ്നം? എങ്ങനെയാണ് ഇത് പരിഷ്കരിക്കേണ്ടത്?
ലോക കേരള സഭ 2018-ൽ ആരംഭിച്ചപ്പോൾ അത് വലിയ പ്രതീക്ഷ ജനിപ്പിച്ചു. "പ്രവാസി സമൂഹത്തിന്റെ പാർലമെന്റ്" എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ അഞ്ച് സമ്മേളനങ്ങൾ പിന്നിട്ടപ്പോൾ ഗൗരവമേറിയ വിമർശനങ്ങളാണ് ഇതിനെതിരെ ഉയർന്നത് . ആദ്യം, ചെലവുകളുടെയും പ്രവർത്തനത്തിന്റെയും സുതാര്യത സംബന്ധിച്ച ചോദ്യങ്ങൾ. ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിൽ നടത്തിയ വിദേശ സമ്മേളനങ്ങൾക്കായി ലോക കേരള സഭ അംഗങ്ങൾ പണം പിരിച്ചത് വിവാദമായി. പ്രതിനിധി തിരഞ്ഞെടുപ്പിൽ സുതാര്യതക്കുറവ്, ചില വിവാദ വ്യക്തികളുടെ ഉൾപ്പെടുത്തൽ എന്നിവ ചോദ്യം ചെയ്യപ്പെട്ടു.
ഇത് "ധൂർത്ത് ചെലവ്" ആണെന്നും രാഷ്ട്രീയ നേതാക്കന്മാർക്ക് വിദേശ സന്ദർശന വേളയിൽ ലഭിക്കുന്ന ആതിഥ്യം തിരിച്ചുനൽകാനുള്ള വേദിയാക്കിയെന്നും പരക്കെ വിമർശനമുണ്ട് . ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് പോലുള്ള ചില സംരംഭങ്ങൾ ആരംഭിച്ചെങ്കിലും, എൻ.ആർ.ഐ നിർമ്മാണ കമ്പനി, പ്രവാസി ബാങ്ക് തുടങ്ങിയ പ്രധാന നിർദേശങ്ങൾ ആസൂത്രണ ഘട്ടത്തിൽ തന്നെ കുടുങ്ങിക്കിടക്കുന്നു.
നമ്മൾ ഉന്നയിക്കുന്ന ആവശ്യം വ്യക്തമാണ്. ലോക കേരള സഭ രാഷ്ട്രീയ നെറ്റ്‌വർക്കിംഗ് വേദിയിൽ നിന്ന് പ്രൊഫഷണൽ, നയരൂപീകരണ വേദിയായി മാറണം. ബിസിനസ്, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യം, അക്കാദമിയ, ഗവേഷണം, കല, സംസ്കാരം, സംരംഭകത്വം, മാധ്യമം, നയതന്ത്രം ; ഈ മേഖലകളിലെ പ്രതിഭകളെ മെറിറ്റ് അടിസ്ഥാനത്തിൽ ഉൾപ്പെടുത്തണം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഈ വേദിയുടെ വിശ്വാസ്യത വർധിപ്പിക്കും.
ജി.സി.സി രാജ്യങ്ങളിൽ പ്രവാസി സഹായ സെല്ലുകൾ എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിലവിൽ നോർക്ക ഈ ദിശയിൽ പ്രവർത്തിക്കുന്നില്ലേ? എന്താണ് കൂടുതലായി വേണ്ടത്?
നോർക്ക ഈ ദിശയിൽ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന കാര്യം അംഗീകരിക്കുന്നു. പക്ഷേ, ഇത് പര്യാപ്തമല്ല. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ നിയമ തർക്കങ്ങൾ മാത്രമല്ല. തൊഴിൽ തർക്കങ്ങൾ, അടിയന്തര യാത്ര, ഇൻഷുറൻസ്, നഷ്ടപരിഹാരം, ഡോക്യുമെന്റേഷൻ, മരണം, മെഡിക്കൽ എമർജൻസി, പുനരധിവാസം, ഇവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ സഹായ സെല്ലുകൾ ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിലും വേണം. ഏറ്റവും പ്രധാനമായി, നോർക്ക കൺസൾട്ടന്റുമാരുടെ നിയമനം കർശനമായി മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണം. യോഗ്യരായ, കാര്യക്ഷമരായ ആളുകളെ നിയമിക്കുമ്പോൾ മാത്രമേ പ്രവാസികൾക്ക് സർക്കാർ സ്ഥാപനങ്ങളിലുള്ള വിശ്വാസം ശക്തമാകൂ. ഈ വികേന്ദ്രീകൃത സഹായ സംവിധാനങ്ങൾ പ്രവാസികളുടെ ആത്മവിശ്വാസം വർധിപ്പിക്കും.
പ്രവാസി നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനുള്ള ഫാസ്റ്റ്-ട്രാക്ക് സംവിധാനം എന്ന ആശയം വിശദീകരിക്കാമോ? ഏതൊക്കെ മേഖലകളിലാണ് പ്രവാസികൾ നിക്ഷേപിക്കാൻ തയ്യാറുള്ളത്?
കേരളത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികൾ ഗൾഫിലുണ്ട്.അറബ് നിക്ഷേപകർ പോലും താല്പര്യം കാണിക്കുന്നുണ്ട് ടൂറിസം, ആരോഗ്യം, ഫുഡ് പ്രോസസിംഗ്, സ്റ്റാർട്ടപ്പ്, ഇന്നൊവേഷൻ, പുനരുപയോഗ ഊർജം, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ - ഇവയിലൊക്കെ നിക്ഷേപമിറക്കാൻ പലരും സന്നദ്ധത കാണിക്കുന്നുണ്ട് . എന്നാൽ , ബ്യൂറോക്രസിയുടെ കാലതാമസം, നടപടിക്രമങ്ങളുടെ സങ്കീർണത, ഓഫീസുകൾ തോറും അലയേണ്ട അവസ്ഥ ഇവ പലരെയും പിന്തിരിപ്പിക്കുന്നു. വ്യവസായ-സംരംഭ നിക്ഷേപങ്ങൾക്ക് ഫാസ്റ്റ്-ട്രാക്ക് സംവിധാനം നടപ്പിലാക്കണം.
സമയബന്ധിത അനുമതികളോടെ ഒരു ഏകജാലക പ്രവാസി നിക്ഷേപ സെൽ രൂപീകരിക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം. ഏക ജാലക സംവിധാനത്തിലൂടെ എല്ലാ അനുമതികളും ലൈസൻസുകളും നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമാക്കണം ഇത് ആഗോള മലയാളി നിക്ഷേപങ്ങളെയും വിദേശ നിക്ഷേപകരെയും കേരളത്തിലേക്ക് ആകർഷിക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കും, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനമാകും.

ദുരിതത്തിലായ പ്രവാസികൾക്ക് പുനരധിവാസം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ മേഖലയിൽ നിലവിലുള്ള പദ്ധതികൾ എന്തൊക്കെയാണ്? എന്തുകൊണ്ട് ഇവ അപര്യാപ്തമാകുന്നു?
ഇത് പ്രത്യേക ശ്രദ്ധ കാണിക്കേണ്ട വിഷയമാണ്. പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിനു ശേഷം, സാമ്പത്തിക സുരക്ഷയില്ലാതെ, ആരോഗ്യ പ്രശ്നങ്ങളുമായി, മാനസിക സംഘർഷത്തോടെ മടങ്ങിവരുന്ന ആയിരങ്ങളുണ്ട്. വിദേശത്ത് ജീവിതം ഹോമിച്ച്, നാട്ടിലെ കുടുംബത്തിന് വേണ്ടി അയച്ച പണം കൊണ്ട് കേരളം വളർന്നു. പക്ഷേ, ആ മനുഷ്യർ മടങ്ങിവരുമ്പോൾ അവരെ സ്വീകരിക്കാൻ ആരുമില്ല.
2025 സെപ്റ്റംബറിൽ ആരംഭിച്ച "നോർക്ക കെയർ" ഇൻഷുറൻസ് പദ്ധതി 5 ലക്ഷം രൂപ വരെ ചികിത്സാ ഇൻഷുറൻസും 10 ലക്ഷം രൂപ അപകട ഇൻഷുറൻസും നൽകുന്നു. കേരളത്തിലെ 500-ഓളം ആശുപത്രികളിലും ഇന്ത്യയിലാകെ 16,000 ആശുപത്രികളിലും ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാണ്.
പക്ഷേ, ഒരു ഗൗരവമേറിയ പ്രശ്നമുണ്ട് . "നോർക്ക കെയർ" പദ്ധതി നിലവിൽ വിദേശത്ത് താമസിക്കുന്നവർക്ക് മാത്രമാണ് അംഗത്വം അനുവദിക്കുന്നത്. ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള, ജോലി നഷ്ടപ്പെട്ടോ ആരോഗ്യ പ്രശ്നങ്ങളോടെയോ മടങ്ങിയെത്തിയ ഏകദേശം 14 ലക്ഷം പ്രവാസികളെ ഈ പദ്ധതി ഉൾക്കൊള്ളുന്നില്ല. പ്രവാസികളുടെ മാതാപിതാക്കളെയും ഒഴിവാക്കിയിരിക്കുന്നു. ക്ഷേമ പെൻഷൻ, കുറഞ്ഞ ചെലവിലുള്ള ആരോഗ്യ ഇൻഷുറൻസ്, മാനസിക കൗൺസലിംഗ്, ഉപജീവന സഹായ പദ്ധതികൾ ഇവ കൂടുതൽ വ്യാപകവും സമഗ്രവുമാക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം.
അവസാനത്തെ നിർദേശം "ഗ്ലോബൽ കേരള നോളജ് ആൻഡ് ഇന്നൊവേഷൻ നെറ്റ്‌വർക്ക്" രൂപീകരണമാണ്. ഈ ആശയം ലോക കേരള സഭയിൽ നിന്ന് എങ്ങനെ വ്യത്യസ്തമാണ്?
ലോക കേരള സഭ ഒരു പൊളിറ്റിക്കൽ-ഗവേണൻസ് പ്ലാറ്റ്ഫോമാണ്. ഞങ്ങൾ നിർദേശിക്കുന്ന "ഗ്ലോബൽ കേരള നോളജ് ആൻഡ് ഇന്നൊവേഷൻ നെറ്റ്‌വർക്ക്" തികച്ചും വ്യത്യസ്തമാണ്. ഇത് രാഷ്ട്രീയത്തിന് അതീതമായ, സാങ്കേതിക-ശാസ്ത്ര-സംരംഭക നെറ്റ്‌വർക്കാണ്.
ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളി പ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ, സംരംഭകർ, നവീനാശയക്കാർ എന്നിവരെ ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന ഒരു തിങ്ക് ടാങ്ക് അഥവാ ജ്ഞാന ശൃംഖല. കൃത്രിമ ബുദ്ധി, ഐ.ടി, ഡിജിറ്റൽ ഗവേണൻസ്, സ്റ്റാർട്ടപ്പ്, ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, ആഗോള വ്യാപാരവും നിക്ഷേപവും, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ഈ നെറ്റ്‌വർക്കിന് കേരളത്തെ സഹായിക്കാൻ കഴിയും.
സിലിക്കൺ വാലിയിലെ ഒരു മലയാളി ടെക് ലീഡർക്ക് കൊച്ചിയിലെ ഒരു സ്റ്റാർട്ടപ്പിനെ മെന്റർ ചെയ്യാൻ, ലണ്ടനിലെ ഒരു ഗവേഷകന് തിരുവനന്തപുരത്തെ ഒരു സർവകലാശാലയുമായി സഹകരിക്കാൻ, ദുബായിലെ ഒരു ബിസിനസ് ലീഡർക്ക് കേരളത്തിലെ ഒരു വ്യവസായ ക്ലസ്റ്ററുമായി ബന്ധപ്പെടാൻ ഈ നെറ്റ്‌വർക്ക് വഴിയൊരുക്കും. ആഗോള മലയാളി സമൂഹം കേരളത്തിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. അവരുടെ വൈദഗ്ധ്യം ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയും.
ഈ നിവേദനത്തിൽ പറഞ്ഞ കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? മുഖ്യമന്ത്രിയുടെ പ്രതികരണം എങ്ങനെയായിരുന്നു?
തീർച്ചയായും പ്രതീക്ഷയുണ്ട്. കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക പുരോഗതിയിൽ ചരിത്രപരമായ പങ്ക് വഹിച്ച സമൂഹമാണ് പ്രവാസികൾ. മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, കേരളം നിക്ഷേപസൗഹൃദവും സാങ്കേതികമായി പുരോഗമനമുള്ളതും ജനകേന്ദ്രീകൃതവുമായ സംസ്ഥാനമായി മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ നിയന്ത്രണ നീക്കം മുതൽ ഗ്ലോബൽ നോളജ് നെറ്റ്‌വർക്ക് വരെ ഈ ഏഴ് നിർദേശങ്ങളും കേരളത്തിന്റെയും ആഗോള മലയാളി സമൂഹത്തിന്റെയും താൽപ്പര്യം മുൻനിർത്തിയാണ് സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications