മോദിക്ക് കീഴില്‍ വികസനക്കുതിപ്പ്: ഈ പ്രതിപക്ഷ സഖ്യം 2024 ല്‍ ഗുണം ചെയ്യുക ബിജെപിക്ക്: ജോർജ് കുര്യന്‍
നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യം വലിയ വികസന കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാർട്ടി വക്താവുമായ ജോർജ് കുര്യന്‍. അഴിമതിയും സ്വജനപക്ഷപാതവുമായിരുന്നു കോണ്‍ഗ്രസ് കാലത്ത് നിറഞ്ഞ് നിന്നിരുന്നതെങ്കിലും വികസനക്കുതിപ്പാണ് നരേന്ദ്ര മോദി സർക്കാറിന്റെ കാലത്തെ മുഖമുദ്രയെന്നും അദ്ദേഹം പറയുന്നു.
സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി വക്താവ്. രാജ്യത്തെ വികസനക്കുതിപ്പ്, മണിപ്പൂർ കലാപം, 2024 ലെ പൊതുതിരഞ്ഞെടുപ്പിലെ ബിജെപി പ്രതീക്ഷകള്‍, പ്രതിപക്ഷ സഖ്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിശദമായി തന്നെ അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് നിലപാട് വ്യക്തമാക്കുന്നു.

നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴില്‍ വികസനക്കുതിപ്പ്
നരേന്ദ്ര മോദിയുടെ ഭരണകാലത്ത് രാജ്യം ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. നേരത്തെ ഇന്ത്യയുടെ സ്ഥാനം പത്താമതായിരുന്നു. മൂന്നാം സ്ഥാനത്ത് എത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ പ്രവർത്തനം. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന വികസനമാണ് എല്ലാത്തിന്റെയും കാരണം. ഇതിലൂടെ ഉത്പാദനം വലിയ തോതില്‍ വർധിക്കും, ഈ അവസരത്തില്‍ തൊഴില്‍ അവസരങ്ങള്‍ കൂടുകയും തല്‍ഫലമായി ആളുകളുടെ ഉപഭോഗ ശേഷി ഉയരുകയും ചെയ്യും.
ഉപഭോഗ ശേഷി കൂടന്നതോടെ ഉയന്ന തോതില്‍ ഉത്പാദനം നടത്തേണ്ടി വരും. ഇതൊരു സൈക്ലിക്ക് മോഡല്‍ പോലെ തുടരും. അങ്ങനെ പടിപടിയായി രാജ്യത്തിന്റെ സാമ്പത്തിക ശേഷി വർധിക്കും. അതാണ് നരേന്ദ്ര മോദി സർക്കാറിന്റെ രാജ്യത്തിന്റെ സാമ്പത്തിക ശേഷി മുന്നോട്ട് പോവാനുള്ള കാരണം. സമസ്ത മേഖലകളിലും ഇന്ന് വികസനം ദൃശ്യമാണ്.
ഉത്പാദം കൂടുക എന്ന് പറയുന്നത് കാർഷിക മേഖലയില്‍ ഗുണം ചെയ്യും. ഈ മേഖലയില്‍ നിന്നുള്ള ഉത്പാദനം ഏകദേശം 300 മില്യണ്‍ ടണിന് മുകളിലേക്ക് വന്നിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുമ്പോള്‍ ഇത് 230 മില്യണ്‍ ടണ്‍ ആയിരുന്നു. വിദ്യാഭ്യാസം, വ്യവസായം ഉള്‍പ്പെടേയുള്ള എല്ലാ മേഖലകളിലും ശക്തമായ മുന്നേറ്റമുണ്ടായി. എവിടെ നോക്കിയാലും രാജ്യത്തിന്റെ പുരോഗതിയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങള്‍ കാണാന്‍ സാധിക്കും.
കോണ്‍ഗ്രസ് ഭരണകാലത്ത് നിറഞ്ഞ് നിന്നത് അഴിമതി
ഒരു രൂപ ഡല്‍ഹിയില്‍ നിന്നും കൊടുത്താല്‍ 15 പൈസ മാത്രമായിരിക്കും അർഹതപ്പെട്ടവന് ലഭിക്കുകയെന്ന് രാജീവ് ഗാന്ധി തന്നെ പണ്ട് പറഞ്ഞിട്ടുണ്ട്. 85 പൈസയും അഴിമതിയായി പോവുകയാണ്. അത്രമാത്രമായിരുന്നു കോണ്‍ഗ്രസ് കാലത്തെ അഴിമതി. അഴിമതി, കെടുകാര്യസ്ഥത, തൊഴിലില്ലായ്മ, സ്വജനപക്ഷപാതം എന്നിവയെല്ലാം കോണ്‍ഗ്രസ് ഭരണ കാലത്ത് കൊടികുത്തി വാണു. അതുകൊണ്ട് തന്നെ രാജ്യത്തിന് അടിസ്ഥാന വികസന കാര്യത്തില്‍ മുന്നോട്ട് പോവാന്‍ സാധിച്ചില്ല. നരേന്ദ്ര മോദി - കോണ്‍ഗ്രസ് ഭരണ കാലത്തിന്റെ പ്രധാന വ്യത്യാസം എന്ന് പറയുന്നത് അഴിമതിയില്ല എന്നുള്ളതാണ്

2024 പൊതു തിരഞ്ഞെടുപ്പും പ്രതിപക്ഷ സഖ്യവും
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസുകാരും സിപിഎമ്മും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നത്. ഈ രണ്ട് പാർട്ടികള്‍ക്ക് പുറമെ അവരുടെ കൂടെ നില്‍ക്കുന്നത് ദേശീയ തലത്തില്‍ അത്ര പ്രസക്തമല്ലാത്ത പാർട്ടികളാണ്. സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് അവർക്ക് നിലനില്‍പ്പിന്റെ പോരാട്ടം നടത്തേണ്ടത് കേരളത്തിലാണ്. ഇവിടെ അല്ലാതെ വേറെ എവിടേയും സിപിഎം ഇല്ല. കേരളത്തില്‍ മാത്രമാണ് അവർക്ക് ഭരണമുള്ളത്. ബംഗാളിലും ത്രിപുരയിലും അവർ നാമാവശേഷമായി.
കോണ്‍ഗ്രസിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ അവർക്ക് 44 സീറ്റ് കിട്ടിയതില്‍ 16 എണ്ണവും കേരളത്തില്‍ നിന്നായിരുന്നു. അങ്ങനേയുള്ള രണ്ട് കക്ഷികള്‍ അഖിലേന്ത്യാ തലത്തില്‍ ഒരു സംഖ്യമായി മാറുമ്പോള്‍ തീർച്ചയായും ചില ചിന്താക്കുഴപ്പം ഉണ്ടാവും. നേരത്തെ 2004 മുതല്‍ 2008 വരെ അവർ ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. അന്ന് രണ്ട് പാർട്ടികളും സഖ്യമായി തന്നെയായിരുന്നു കേരളത്തിലും പുറത്തും മത്സരം.
എന്നാല്‍ ഇത്തവണ ഒരു സഖ്യമായി മത്സരിക്കാനാണ് പോവുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റെയും അനുകൂലികള്‍ ഇത്തരം ഇരട്ടത്താപ്പിനെക്കുറിച്ച് ചിന്തിക്കുകയും അത് ബിജെപിക്ക് അനുകൂലമായി മാറുകയും ചെയ്യും. അഖിലേന്ത്യ തലത്തിലേക്ക് വരികയാണെങ്കില്‍ എവിടെയൊക്കെയാണ് ഇന്ത്യ എന്ന് പറയുന്ന സഖ്യമുള്ളത്. ബംഗാളില്‍ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ടിഎംസിക്ക് എതിരായാണ് മത്സരിച്ചുകൊണ്ടിരിക്കുന്നത്. മമതയുടെ ആധിപത്യമാണ് അവിടെ. ആ സ്ഥിതിഗതി ബംഗാളില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കും.
ബംഗാളിലെ സിപിഎം, കോണ്‍ഗ്രസ് പ്രവർത്തകർ ടിഎംസിയുടെ വലിയ തരത്തിലുള്ള ക്രൂരതയ്ക്ക് ഇരയായവരാണ്. മമതയോടൊപ്പം നില്‍ക്കാന്‍ ആ പ്രവർത്തകർ തയ്യാറാവില്ല. ദില്ലിയിലേക്ക് വരികയാണെങ്കില്‍ അവിടെ ആധിപത്യം അരവിന്ദ് കെജ്രിവാളിനാണ്. അടിസ്ഥാനപരമായി തന്നെ ആപ്പിന് എതിരായി നില്‍ക്കുന്നവരാണ് കോണ്‍ഗ്രസുകാർ. ഈ രണ്ട് പാർട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കുകയാണെങ്കില്‍ അതൃപ്തിയുള്ള പ്രവർത്തകരുടെ വോട്ട് ബിജെപിക്ക് ലഭിക്കും.
കർണാടകയില്‍ ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. എകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചർച്ച ഉയർന്ന് വന്നപ്പോള്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, ഒറീസ്സ തുടങ്ങിയ പല സംസ്ഥാനങ്ങളിലേയും ബിജെപി ഇതര നേതാക്കളും പ്രതിപക്ഷ സഖ്യം മുന്നോട്ട് വെക്കുന്ന നിലപാടിന് എതിരായ സമീപനമാണ് സ്വീകരിച്ചത്. പ്രതിപക്ഷ്യ സഖ്യം എല്ലായിടത്തും അവർക്ക് ദോഷം ചെയ്യും. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എന്‍ഡിഎയുടെ വോട്ട് വർധിച്ചത് കാണുന്നതോടെ ഇത് വ്യക്തമാവും.
മണിപ്പൂർ കലാപം-കാരണം കോണ്‍ഗ്രസ്
മണിപ്പൂർ കാലപത്തിന്റെ ബീജം ഉണ്ടാവുന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. 2013 ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ അയച്ച ഒരു സർക്കുലറാണ് നിലവിലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. മെയ്തികളെ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പതിവിന് വിപരീതമായ രീതിയില്‍ സർക്കുലർ കേന്ദ്രം സംസ്ഥാനത്തേക്ക് അയക്കുകയായിരുന്നു. സംസ്ഥാന നിയമസഭയില്‍ ചർച്ച ചെയ്ത് കേന്ദ്രത്തിലേക്ക് അയക്കേണ്ട നിർദേശം വോട്ട് ബാങ്ക് രാഷ്ട്രീയ ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നേരെ തിരിച്ച് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തേക്ക് അയക്കുകയായിരുന്നു. അന്ന് മുതല്‍ തുടങ്ങിയതാണ് അവിടുത്തെ പ്രശ്നങ്ങള്‍.
കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിർദേശം വന്നെങ്കിലും 2017 വരെ സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഭരണകൂടം ഇക്കാര്യം നടപ്പിലാക്കിയില്ല. ആ നിർദേശം നടപ്പിലാക്കണമെന്ന് ഹൈക്കോടതി തന്നെ വിധിച്ചതാണ് പെട്ടെന്നുള്ള ലഹളയ്ക്ക് കാരണം. ഈ കലാപത്തെയാണ് മതപരമായ വിഷയമാണെന്ന രീതിയില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസും മറ്റ് പാർട്ടികളും പ്രചരിപ്പിക്കുന്നത്.മണിപ്പൂരിലെ വിഷയം ഒരിക്കലും മതപരം അല്ല. ആ സത്യം എല്ലാവർക്കും ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. പാർലമെന്റില്‍ ഉള്‍പ്പെടെ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുണ്ടായിട്ടില്ല.
സ്വാതന്ത്രദിന സന്ദേശം
വളരെയധികം പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു ഭാരതം എന്നതായിരുന്നു നമ്മുടെ സ്വപ്നം. അതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. തീർച്ചയായും ഉടന്‍ തന്നെ മൂന്നാം സ്ഥാനത്തേക്കും അടുത്ത തലമുറയോടെ ഒന്നാം സ്ഥാനം ഇന്ത്യ എത്തുമെന്ന പ്രതീക്ഷയില്‍ എല്ലാവർക്കും സ്വാതന്ത്ര ദിന ആശംസകള്‍ നേരുന്നു.












Click it and Unblock the Notifications