'പെട്ടെന്നൊരു സൈറണ്‍.., മിസൈല്‍ ആക്രമണം'; ഇസ്രായേലില്‍ ഭയപ്പാടിന്റെ 30 മണിക്കൂർ: നാസർ പറയുന്നു
വാർത്തകളില്‍ മാത്രം വായിച്ചും കണ്ടും പരിചയമുള്ള യുദ്ധമുഖത്ത് നിന്നും ജീവനോടെ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് എറണാകുളം കളമശ്വേരി സ്വദേശി നാസർ. ട്രാവല്‍ ഏജന്‍സിയുടെ കീഴില്‍ പത്ത് ദിവസത്തെ ജോർദാന്‍, ഇസ്രായേല്‍ യാത്രയിലായിരുന്നു നാസറും ഭാര്യയും. ജോർദാനിലെ യാത്ര പൂർത്തിയാക്കി ഇസ്രായേലില്‍ എത്തി രണ്ട് ദിവസം കഴിയുമ്പോഴാണ് ഹമാസ് - ഇസ്രായേല്‍ സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുന്നത്. ഈ യുദ്ധമുഖത്ത് നിന്നും 45 പേര് അടങ്ങുന്ന സംഘം ഇസ്രായേല്‍ അതിർത്തി കടന്ന ആ മുപ്പത് മണിക്കൂറുകളെക്കുറിച്ച് വണ്‍ ഇന്ത്യ മലയാളത്തോടെ വിവരിക്കുകയാണ് നാസർ.
ആശങ്കയുടെ 30 മണിക്കൂർ
ഇസ്രായേല്‍ അതിർത്തി കടന്ന് ഈജിപ്തിലേക്ക് എത്തിയപ്പോഴാണ് ശ്വാസം നേരെ വീഴുന്നത്. പത്രത്തിലും മറ്റും കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള ഒരു കാര്യമാണല്ലോ യുദ്ധമുഖം എന്ന് പറയുന്നത്. അത് നമ്മള്‍ നേരിട്ട് അനുഭവിച്ചു. അതിന്റേതായ പേടി എല്ലാവർക്കും ഉണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി.

മലയാളി സംഘം അല്‍ അഖ്സയ്ക്ക് മുമ്പില്‍
മുപ്പത് മണിക്കൂറാണ് ഞങ്ങള്‍ ഭയത്തോടെ ഇസ്രായേല്‍ മണ്ണില്‍ കഴിച്ച് കൂട്ടിയത്. ട്രാവല്‍ ഏജന്റുമാർ വേണ്ട രീതിയില്‍ പ്രവർത്തിച്ചതുകൊണ്ട് ഞങ്ങള്‍ക്ക് അത്രയും വേഗത്തില്‍ അവിടെ നിന്നും പുറത്ത് കടക്കാന്‍ സാധിച്ചു. മിടുക്കനായ ഒരു ഡ്രൈവറും ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. പാലസ്തീന്‍കാരനായ മഹ്മൂദ് എന്ന ആ വ്യക്തിയെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. സുരക്ഷിതമായ വഴികളിലൂടെ അദ്ദേഹം ഞങ്ങളെ അതിർത്തി കടത്തി.
പാലസ്തീന്‍കാരനായ മഹ്മൂദിന്റെ മിടുക്ക്
ഒരു തരത്തില്‍ പറഞ്ഞാല്‍ മഹ്മൂദിന്റെ മിടുക്ക് കൊണ്ടാണ് വഴിയിലൊന്നും കിടക്കാതെയും വലിയ ബുദ്ധിമുട്ടില്ലാതെയാണ് ആദ്യ ദിവസം ഹോട്ടലിലേക്കും രണ്ടാം ദിവസം അതിർത്തി കടക്കാനും സാധിച്ചത്. മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വന്നിരുന്നെങ്കില്‍ പ്രായമായ വ്യക്തികള്‍ക്കൊക്കെ അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയേനെ. എന്നാല്‍ അതിലൊന്നും പെടാതെ സകല ഊടുവഴികളിലൂടെയും ബസ് ഓടിച്ച് അദ്ദേഹം ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.
ബസ്സിലുള്ളവർ ഗൂഗിള്‍ മാപ്പില്‍ നോക്കുമ്പോള്‍ അതിലുള്ള വഴികളിലൂടെയൊന്നും അല്ല അദ്ദേഹം പോകുന്നത്. അത് ചോദിക്കാന്‍ ചിലർ പറഞ്ഞെങ്കിലും ആ സമയത്ത് അവനെ വിശ്വസിക്കുക എന്നുള്ളത് മാത്രമാണ് നമുക്ക് മുന്നിലുള്ള മാർഗ്ഗമെന്ന് അവരെ പറഞ്ഞ് ആശ്വസിപ്പിച്ചു. അതുപോലെ തന്നെ അവന്‍ കൃത്യമായി എത്തേണ്ടിടത്ത്, വളരെ എളുപ്പത്തില്‍ എത്തിച്ചു. അതിർത്തി കടക്കുന്നവരേയും അദ്ദേഹം കൂടെയുണ്ടായിരുന്നു.
ആകാശത്തെ മിസൈല്‍ പോരാട്ടം
അപകടങ്ങളെ ഭയക്കേണ്ടതുണ്ട്. എന്നാല്‍ അപകടത്തിന് നടുവില്‍ ചെന്നുപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ ഭയക്കേണ്ടതില്ലാലോ. കയ്യിലുള്ള ഭക്ഷണ വസ്തുക്കള്‍ ശ്രദ്ധിച്ച് ഉപയോഗിക്കാന്‍ ഞാന്‍ കൂടെയുള്ളവരോട് പറഞ്ഞു. അതോടൊപ്പം തന്നെ നമ്മുടെ ഊർജ്ജവും. നമ്മുടെ എല്ലാ തരത്തിലുള്ള ഊർജ്ജവും ഉപയോഗിക്കേണ്ടി വന്നേക്കാവുന്ന സാഹചര്യം വരാം. ചിലപ്പോള്‍ വരാതിരിക്കാം. എങ്കിലും ചിലർക്ക് സ്വാഭാവികമായും നല്ല ഭയമായിരുന്നു.
ഒരു തരത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഇത്തരമൊരു വലിയ അപകടത്തിന്റെ നടുവില്‍ എത്തിയിട്ടും ആ ഭയപ്പാട് അല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല. പ്രധാന യുദ്ധമുഖത്ത് നിന്നും 70 കിലോമീറ്ററോളം അകലേയുള്ള ബത്ലഹേം എന്ന പ്രദേശത്താണ് ഞങ്ങള്‍ ഉണ്ടായിരുന്നത്. താരതമ്യേന ആക്രമണം കുറഞ്ഞ പ്രദേശമായിരുന്നു അത്. ഒരു മിസൈല്‍ ആക്രമണം മാത്രമാണ് ഞാന്‍ നേരില്‍ കണ്ടത്. ഗാസയില്‍ നിന്നും വന്ന മിസൈല്‍ ഇസ്രായേല്‍ ആകാശത്ത് വെച്ച് തന്നെ പ്രതിരോധിക്കുകയായിരുന്നു.
ഏഴാം തിയതി രാവിലെയാണ് ഇസ്രായേലില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്ത് കടക്കണം എന്ന അറിയിപ്പ് ലഭിക്കുന്നത്. 80 കിലോമീറ്റർ ദൂരത്തോളം സഞ്ചരിച്ചെങ്കിലും തുടർന്നുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ പട്ടാളക്കാർ തിരിച്ചയച്ചു. തിരിച്ച് വന്നപ്പോള്‍ ആദ്യം താമസിച്ച ഹോട്ടലില്‍ റൂം കിട്ടിയില്ല. അങ്ങനെ ഞങ്ങള്‍ കുറച്ച് പേർ ഹോട്ടലിന് പുറത്ത് നില്‍ക്കുകയാണ്. സ്ത്രീകളൊക്കെ ബസിന് അകത്താണ്. ആ സമയത്താണ് ഒരു സൈറണ്‍ മുഴങ്ങുന്നത്. അപ്പോള്‍ തന്നെ ഡ്രൈവർ മഹ്മൂദ് പറഞ്ഞു ഇത് അപായ സൈറണാണ്. അല്‍പസമയത്തിനുള്ളില്‍ തന്നെ ആകാശത്ത് നിന്ന് ശബ്ദം കേട്ടു. നോക്കുമ്പോള്‍ രണ്ട് വശത്ത് നിന്നും മിസൈലുകള്‍ വന്നതിന്റെ അടയാളങ്ങള്‍ ആകാശത്ത് കാണാം. ഞാന്‍ ആകെ ഇസ്രായേലില്‍ നേരിട്ട് കണ്ട സംഘർഷ സാഹചര്യം അത് മാത്രമാണ്.

സംഘം ഈജിപ്തി അതിർത്തിയിലേക്കുള്ള യാത്രയില്‍
രാത്രിയില്‍ ഇടക്കൊക്കെ പുറത്ത് എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് നോക്കുമായിരുന്നു. പക്ഷെ ഞാനായിട്ട് ആ പ്രദേശത്ത് അനിഷ്ട സംഭവങ്ങളൊന്നും കണ്ടില്ല. പിറ്റേന്ന് രാവിലെ വീണ്ടും അതിർത്തിയിലേക്ക് പുറപ്പെടാനുള്ള അറിയിപ്പ് ലഭിച്ചു. അപ്പോഴൊക്കെ ആകാശത്ത് മിസൈലുകള്‍ പോയതിന്റേയും വന്നതിന്റേയും ട്രാക്കുകള്‍ കാണാന്‍ സാധിക്കാം. ഒരു പക്ഷെ ജെറ്റ് വിമാനം പോയതിന്റേയും ആകാം. അല്ലാതെ നേരിട്ട് കണ്ടിട്ടൊന്നുമില്ല.
ജോർദാന്‍ വഴി ഇസ്രായേലിലേക്ക്..
മൂന്നാം തിയതി ദുബായി വഴിയാണ് ജോർദാനിലെ അമാനിലെത്തുന്നത്. അവിടെ രണ്ട് ദിവസം തുടർന്നു. അഞ്ചാം തിയതി ഇസ്രായേലിലേക്ക് എത്തി. വെള്ളിയാഴ്ച് അല്‍ അഖ്സാ പള്ളിയില്‍ (ബൈത്തുല് മുഖദ്ദിസ്) പോയി പ്രാർത്ഥിച്ചു. അതോടൊപ്പം യേശു ജനിച്ചുവെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യന്‍ ദേവാലയം, അതുപോലെ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ സന്ദർശിച്ചു. എല്ലായിടത്തും ആയുധധാരികളായ ഇസ്രായേലി പട്ടാളക്കാരെ നമുക്ക് കാണാന്‍ സാധിക്കും. പലസ്തീന്‍ പതാക പോലും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ എവിടേയും കാണാന്‍ സാധിക്കില്ല.
യേശു ക്രിസ്തു ജനിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ബത്ലഹേമിലെ ക്രിസ്ത്യന്‍ ആരാധനാലയത്തിന് സമീപത്ത് മുസ്ലിം ജൂത ആരാധനാലയങ്ങളുമുണ്ട്. അവിടെ ഞങ്ങള്‍ പോയപ്പോള്‍ ആദ്യമായി ഒരു പാലസ്തീന്‍ പോലീസുകാരനെ കണ്ടു. കാഴ്ചയില്‍ തന്നെ ഒരു പാവം പിടിച്ച പൊലീസുകാരന്‍. മറുവശത്ത് എല്ലാ ആയുധങ്ങളോടും കൂടിയ ഇസ്രായേല്‍ സേനയുമുണ്ട്.
ഗാസ ഏരിയയിലേക്കൊന്നും പുറത്ത് നിന്ന് ചെല്ലുന്നവർ പോകുന്നില്ല. അതിർത്തികളെല്ലാം ഇസ്രായേല്‍ നിയന്ത്രണത്തിലാണ്.
ഇസ്രായേലിലെ കാഴ്ചകള്‍
ഒരു ടൂറിസ്റ്റ് എന്ന നിലയില്‍ നമ്മള്‍ അവിടെ ചെല്ലുന്നു എന്നതിനാല്‍ തന്നെ നമുക്ക് അവിടുത്തെ കൃത്യമായ കാഴ്ചകള്‍ കിട്ടണമെന്നില്ല. കാണുന്ന കാഴ്ചകള്‍ക്ക് തന്നെ നമ്മുടെ കാഴ്ച്ചപ്പാടിനും ബോധ്യത്തിനും അനുസരിച്ച് വ്യത്യാസമുണ്ടാകാം. ബത്ലഹേമില്‍ അടക്കം ജൂത സെറ്റില്‍മെറ്റുകള്‍ എല്ലാം തന്നെ ആറിലേറെ മീറ്റർ ഉയരമുള്ള മതില്‍ കെട്ടിന് അകത്താണ്. പിന്നെയുള്ള പൊതുവായ സ്ഥലത്ത് കൂടെ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാവരും സഞ്ചരിക്കുന്നു.
പാലസ്തീന്‍ വാഹനങ്ങള്‍
ഈ മേഖലയിലൂടെയെല്ലാം പാലസ്തീന്‍ രജിസ്റ്റേഡ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കാണാന്‍ സാധിക്കും. അതായത് പാലസ്തീനികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ദുരെ നിന്ന് നോക്കിയാല്‍ തന്നെ മനസ്സിലാക്കുന്ന തരത്തിലുള്ള പ്രത്യേക കളർ കോഡാണ് വാഹനങ്ങളുടെ നമ്പറിലുള്ളത്. പൊതുവായ സ്ഥലങ്ങളില്‍ പാലസ്തീനികളേയും കാണാന്‍ സാധിക്കും. ഗാസയിലുള്ളവരാണ് ഒരു കൂട്ടില്‍ അടയ്ക്കപ്പെട്ടത് പോലെ കഴിയുന്നത്. അവർക്ക് ജോലിക്ക് പോകാനും, ആശുപത്രിയില്‍ പോകാനുമൊക്കെ ഇസ്രായേല്‍ സൈന്യത്തിന്റെ അനുമതി വേണം. അതിന്റേതായ വിഷയങ്ങള്‍ അവിടെയുണ്ട്. ഞങ്ങള്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളിലും ഇടയ്ക്ക് ചെക്കിങ് ഉണ്ടാവാറുണ്ട്. രേഖകള്‍ കാണിച്ചാല്‍ അപ്പോള്‍ തന്നെ യാത്ര തുടരാന്‍ സാധിക്കും.












Click it and Unblock the Notifications