• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അടികിട്ടിയിട്ട് പഠിച്ചില്ലെങ്കിൽ മുടിയട്ടേ; പൂഞ്ഞാർ മാത്രമല്ല, പാലയിലും കാഞ്ഞിരപ്പള്ളിയിലും മത്സരം'

പിസി ജോർജ്ജിന്റെ മകനും കേരള യുജനപക്ഷം നേതാവും ആയ അഡ്വ ഷോൺ ജോർജ്ജ് ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ പിസി ജോർജ്ജ് ജയിച്ചുകയറിയപ്പോൾ, ആ വിജയത്തിന് ചുക്കാൻ പിടിച്ചത് ഷോൺ ജോർജ്ജ് ആയിരുന്നു.

ഷോൺ ജോർജ്ജിനെ കളത്തിലിറക്കി പിസി; പൂഞ്ഞാർ ഡിവിഷനിൽ സ്ഥാനാർത്ഥി... കരുത്ത് തെളിയിക്കാൻ ജനപക്ഷം

ഇത്തവണ കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് ഷോൺ കന്നിയങ്കത്തിനിറങ്ങുന്പോൾ ജനപക്ഷം ലക്ഷ്യമിടുന്നത് വെറുമൊരു ഡിവിഷനിലെ ജയം അല്ല. ഈ തദ്ദേശ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിയ്ക്കാൻ ആകുന്ന വിജയം പാർട്ടിയ്ക്ക് നേടിയെടുക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഷോണിൽ നിക്ഷിപ്തമായിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭ തിരഞ്ഞെടുപ്പ്, ഇടത് വലത് മുന്നണികൾ, എൻഡിഎ, ബിജെപി ഇവയെ കുറിച്ചെല്ലാം സംസാരിക്കുകയാണ് ഷോൺ ജോർജ്ജ്. വൺഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖം വായിക്കാം...

നേരത്തേ ആകേണ്ടതായിരുന്നു

നേരത്തേ ആകേണ്ടതായിരുന്നു

 • ആദ്യമായിട്ടാണല്ലോ മത്സരിക്കുന്നത്. എന്ത് തോന്നുന്നു?

ബാങ്ക് തിരഞ്ഞെടുപ്പില്‍ മുമ്പ് മത്സരിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്ററി തിരഞ്ഞെടുപ്പുകളില്‍ നേരത്തേ തന്നെ രംഗത്തിറങ്ങേണ്ടതായിരുന്നു എന്നാണ് തോന്നുന്നത്. പലപ്പോഴും ആളുകളെ കാണുമ്പോള്‍, പിസി ജോര്‍ജ്ജിന്റെ മകന്‍ എന്ന നിലയില്‍ പരിചയമുള്ളവരോട് സംസാരിക്കും. അല്ലാത്ത ആളുകളോട് എങ്ങനെ സംസാരിക്കും എന്നൊക്കെ ഉള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരോടും ഇടപെടാനും സംസാരിക്കാനും ഒക്കെ ഉള്ള അവസരമായി മാറിയിരിക്കുകയാണ് ഈ സ്ഥാനാര്‍ത്ഥിത്വം.

ജനപ്രതിനിധി ആയിരിക്കുക എന്ന് പറയുന്നത് വലിയ ഭാഗ്യമൊന്നും അല്ല. അതൊരു കടമയാണ്, വലിയ ഉത്തരവാദിത്തവും ചുമതലയും ആണ്. അതിനെ ഏറെ ഗൗരവമുള്ള ഒരു ചുമതലയായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നപ്പോള്‍ തന്നെ അത് നൂറ് ശതമാനം ആസ്വദിക്കുന്നു.

ഒറ്റയ്ക്ക് ജയിക്കാനല്ല

ഒറ്റയ്ക്ക് ജയിക്കാനല്ല

 • എന്തുകൊണ്ടാണ് മത്സരിക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് തിരഞ്ഞെടുത്തത്?

ഒരു മുന്നണിയിലും ഇല്ലാതെ ഒറ്റയ്ക്കാണ് ഞങ്ങള്‍ മത്സരിക്കുന്നത്. ഞങ്ങളുടെ സ്വാധീനമേഖലകളിലെ ഗ്രാമപ്പഞ്ചായത്തുകളില്‍ എല്ലാം എണ്‍പത് ശതമാനത്തോളം സീറ്റുകളില്‍ ഞങ്ങള്‍ മത്സരിക്കുന്നുണ്ട്. ഞാന്‍ ഇത്തവണ മത്സരിക്കാതെ മാറിനിന്നുകഴിഞ്ഞാല്‍ അത് ഗ്രാമപ്പഞ്ചായത്തുകളേയും ബ്ലോക്ക് പഞ്ചായത്തുകളേയും ബാധിക്കും.

എന്നോടൊപ്പം തന്നെ മറ്റ് സ്ഥാനാര്‍ത്ഥികളേയും ജയിപ്പിച്ചുകൊണ്ടുവരാന്‍ കഴിയും എന്ന വിശ്വാസം പാര്‍ട്ടിയ്ക്കുണ്ട്. അങ്ങനെയാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന നിര്‍ദ്ദേശം വരുന്നത്. അതിനിടെ മുന്നണി സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ഒരുപാട് നേതാക്കള്‍ ഒരുമിച്ചുപോകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നമുക്ക് അതില്‍ വിരോധമില്ലെന്ന് അവരോട് പറയുകയും ചെയ്തിരുന്നു. അതിന് നമ്മള്‍ പ്രത്യേകിച്ച് അപേക്ഷയൊന്നും കൊടുത്തിരുന്നില്ല.

സേനാധിപന്റെ ഉത്തരവാദിത്തം

സേനാധിപന്റെ ഉത്തരവാദിത്തം

ഈ ചോദിച്ച ചോദ്യം പലരും എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. ഷോണ്‍ ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണ് പലരും പറഞ്ഞിട്ടുള്ളത്.

മുന്നണി സംവിധാനത്തിലാണെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. കാരണം, മത്സരിക്കാന്‍ ഒരുപാട് ആളുകളുണ്ട്. ഒറ്റയ്ക്കാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.

ഞാനും എന്റെ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള ആത്മബന്ധം ഒരുപാട് വലുതാണ്. അതുകൊണ്ട് തന്നെ ഞാന്‍ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുമ്പോള്‍ അവര്‍ എടുക്കുന്ന ആത്മാര്‍ത്ഥയും മറ്റൊന്നായിരിക്കും.

ഞാന്‍ ജയിക്കുക എന്നത് മാത്രമല്ല, കൂടെയുള്ള പ്രത്യേകിച്ചും ഞാന്‍ മത്സരിക്കുന്ന ഡിവിഷനിലുള്ള മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലും ഉള്ള സ്ഥാനാര്‍ത്ഥികളേയും വിജയിപ്പിച്ചെടുക്കുക എന്ന ഉത്തരവാദിത്തമാണ് പാര്‍ട്ടി എന്നെ ഏല്‍പിച്ചിട്ടുള്ളത്. പാര്‍ട്ടി ഒരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണ്. അപ്പോള്‍ ഈ പോരാട്ടം മുന്നില്‍ നിന്ന് നയിക്കുക എന്നത് കടമയാണ്.

കോട്ടയം ജില്ലയില്‍ മാത്രം

കോട്ടയം ജില്ലയില്‍ മാത്രം

 • എത്ര സ്ഥാനാർത്ഥികളെയാണ് ജനപക്ഷം ഇത്തവണ രംഗത്തിറക്കുന്നത്?

കോട്ടയം ജില്ലയില്‍ മാത്രം തദ്ദേശ തിരഞ്ഞെടുപ്പിനായി 120 ല്‍പരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഘട്ടം സ്ഥാനാര്‍ത്ഥിപട്ടിക ഉടന്‍ തന്നെ പുറത്തിറക്കും.

ഞങ്ങളുടെ കോട്ട പിടിച്ചുനിര്‍ത്തുന്ന രീതിയില്‍, മറ്റ് മുന്നണികള്‍ക്ക് പ്രസക്തിയില്ല എന്ന രീതിയില്‍ വന്‍ വിജയം തന്നെ ഇത്തവണ നേടാന്‍ സാധിക്കും. ഇവിടെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണോ, ഞങ്ങള്‍ ചങ്കൂറ്റത്തോടെ അല്ലേ പറയുന്നത് ഒറ്റയ്ക്ക് മത്സരിക്കും എന്നത്. ജനങ്ങള്‍ക്കിടയില്‍ അംഗീകാരമുണ്ടെങ്കില്‍ ഒരു മുന്നണിയുടേയും പിന്തുണ ആവശ്യമില്ല.

മുന്നണികളെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞ നിര്‍വ്വചനം ആണ് ഏറ്റവും യോജിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ താത്കാലിക അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി ഉണ്ടാക്കുന്ന തട്ടിക്കൂട്ട് സംഭവം ആണ് മുന്നണി. ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാത്തതുകൊണ്ടുള്ള ഒരു രക്ഷപ്പെടലാണത്. ഞങ്ങള്‍ക്ക് ആ തട്ടിക്കൂട്ട് വേണ്ട. അല്ലാതെ തന്നെ ജയിക്കാന്‍ പറ്റുമെന്ന വിശ്വാസമുണ്ട്.

പഞ്ചായത്തുകളില്‍ ഭരണം പിടിക്കും

പഞ്ചായത്തുകളില്‍ ഭരണം പിടിക്കും

 • പഞ്ചായത്തുകളിൽ ഭരണം കൈയ്യാളുന്ന വിജയം നേടാനാകുമോ?

പലപഞ്ചായത്തുകളിലും ഭരണം പിടിക്കാമെന്ന വിശ്വാസവും ഞങ്ങള്‍ക്കുണ്ട്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പകുതി പഞ്ചായത്തുകളിലെങ്കിലും ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയിടങ്ങളില്‍ ഞങ്ങള്‍ നിര്‍ണായക ശക്തിയായിരിക്കുകയും ചെയ്യും.

യുഡിഎഫ് പരിതാപകരം

യുഡിഎഫ് പരിതാപകരം

 • യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും ഒടുവിൽ അവരുടെ നിരാകരണവും. ഇതേ കുറിച്ച് എന്താണ് പറയാനുള്ളത്?

യുഡിഎഫുമായി ഒരു പ്രശ്‌നവും ഇല്ല. ജനാധിപത്യ ചേരിയില്‍ നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഒറ്റയ്ക്ക് നില്‍ക്കാന്‍ താത്പര്യമുള്ളപ്പോള്‍ തന്നേയും, ഞങ്ങളുടെ ആളുകളില്‍ കൂടുതല്‍ പേരും ജനാധിപത്യ ചേരിയില്‍ മത്സരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചതാണ്.

കോട്ടയം ജില്ലയില്‍ യുഡിഎഫിന്റെ നില പരിതാപകരമാണ്. പിസി ജോര്‍ജ്ജിനെ പോലെ ഒരാള്‍ വന്നാല്‍ അതില്‍ മാറ്റമുണ്ടാകുമെന്നതില്‍ ഒരു തര്‍ക്കവും ഇല്ല. എന്നാല്‍ ആങ്ങള മരിച്ചാലും വേണ്ടില്ല, നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി എന്ന നിലപാടുളള ചിലരുണ്ട്. അതാണ് ഇപ്പോള്‍ പ്രകടമായിട്ടുള്ളത്. ആ നിലപാട് മാറുമോ എന്ന് പറയുന്നില്ല. എന്തായാലും അനുഭവം കൊണ്ട് പഠിക്കട്ടേ എന്നേ പറയാനുള്ളു.

അടി കിട്ടിയിട്ടും പഠിച്ചില്ലെങ്കിൽ

അടി കിട്ടിയിട്ടും പഠിച്ചില്ലെങ്കിൽ

ചിലര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അപ്പോള്‍ ചെറിയൊരു അടി കൊടുക്കേണ്ടി വരും. ആ അടി ഇത്തവണ ഞങ്ങള്‍ കൊടുക്കും. എന്നിട്ടും നന്നായില്ലെങ്കില്‍ മുടിയുക എന്നതല്ലാതെ വേറെ വഴിയില്ല. എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. ഒരു മുന്നണിയുടെ പിറകേയും ഞങ്ങള്‍ ഇനി പോവില്ല. ഇങ്ങോട്ട് വരികയാണെങ്കില്‍ പരിഗണിക്കും.

എന്തായാലും അതെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമേ പറയാന്‍ പറ്റൂ. ഈ പോക്കാണെങ്കില്‍, മുങ്ങുന്ന കപ്പലിലേക്ക് ഓടിക്കയറേണ്ട കാര്യമില്ലല്ലോ. ഓടിപ്പോയി എന്തിനാണ് മുങ്ങുന്ന ഒരു കപ്പലിലേക്ക് കയറുന്നത്. ഈ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാഷ്ട്രീയം എന്താണെന്ന് വിലയിരുത്തപ്പെടണം. യുഡിഎഫിന്റെ സ്ഥിതി പരിതാപകരമാണെങ്കില്‍ ഞങ്ങളെന്തിനാണ് അതില്‍ കയറി ആത്മഹത്യ ചെയ്യുന്നത്.

ജോസ് കെ മാണി പോയത് കോട്ടയത്ത് യുഡിഎഫിനെ വലിയ തോതില്‍ ബാധിക്കും. വോട്ടുകള്‍ ചിതറിപ്പോകും. അങ്ങനെ വരുന്ന നഷ്ടം പരിഹരിക്കുന്നതിനെ കുറിച്ച് ഏത് മുന്നണിയും ആലോചിക്കും. വിവരമുള്ളവര്‍ക്ക് അത് മനസ്സിലാകും, പക്ഷേ, വിവരമില്ലാത്ത കുറേ പേര്‍ക്ക് അത് മനസ്സിലായിട്ടില്ല.

ലയനം സാധ്യമല്ല

ലയനം സാധ്യമല്ല

 • പിജെ ജോസഫ് വിഭാഗത്തിൽ ലയിക്കാനുള്ള കോൺഗ്രസ് നിർദ്ദേശത്തെ എങ്ങനെ കാണുന്നു?

പിജെ ജോസഫ് വിഭാഗത്തില്‍ ലയിക്കുക എന്നത് പ്രായോഗികമല്ലെന്ന് ഞങ്ങള്‍ നേരത്തേ പറഞ്ഞിട്ടുള്ള കാര്യമാണ്. പിസി തോമസ് ഇനി ലയിക്കാന്‍ തയ്യാറായിട്ട് എന്ത് കാണിക്കാനാണ്. തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. ഇനി പിസി തോമസ് ജോസഫ് ഗ്രൂപ്പില്‍ ലയിച്ചിട്ട് ഒരു കാര്യവും ഇല്ല. ഇതുവരെ, കേരളത്തില്‍ എവിടെയെങ്കിലും പിസി തോമസിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതായും എനിക്കറിയില്ല. അവര്‍ക്ക് വേറെ നിവൃത്തിയില്ല.

പൂഞ്ഞാറിൽ മാത്രമല്ല, പാലായും കാഞ്ഞിരപ്പള്ളിയും

പൂഞ്ഞാറിൽ മാത്രമല്ല, പാലായും കാഞ്ഞിരപ്പള്ളിയും

 • നിയമസഭ തിരഞ്ഞെടുപ്പ് വരികയല്ലേ... അതേപ്പറ്റിയുള്ള പ്രതീക്ഷകള്‍?

നമ്മളങ്ങ് പോകുവല്ലേ... വരുന്നേടത്ത് വച്ച് കാണാം! എന്തായാലും പൂഞ്ഞാറിന് പുറമേ പാലായിലും കാഞ്ഞിരപ്പള്ളിയിലും ഞങ്ങള്‍ മത്സരിക്കും.

 • ഷോണ്‍ മത്സരിക്കുമോ?

കാര്യം ഞാന്‍ പിസി ജോര്‍ജ്ജിന്റെ മകനാണ്. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും കേള്‍ക്കുന്ന ഒരാളാണ്. എന്റെ അഭിപ്രായം ഞാന്‍ പറയും. എന്നാല്‍ അവസാന തീരുമാനം പാര്‍ട്ടിയുടേതായിരിക്കും. പിസി ജോര്‍ജ്ജ് മാത്രമല്ല ഈ പാര്‍ട്ടിയുടെ നേതാവ്. വേറേയും നേതാക്കളുണ്ട്. അവരെല്ലാം ഈ പാര്‍ട്ടിയ്ക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ്. അവരെല്ലാം പറയുന്നത് എന്താണോ അതായിരിക്കും എന്റെ തീരുമാനം. ഇപ്പോള്‍ അതില്‍ കൃത്യമായി ഒന്നും പറയുന്നില്ല.

ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ ഒരുപാട് രാഷ്ട്രീയ വ്യതിയാനങ്ങളുണ്ടാകും. അതെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കും തീരുമാനം.

ബിജെപി വർഗ്ഗീയത കുറവുളള പാർട്ടി

ബിജെപി വർഗ്ഗീയത കുറവുളള പാർട്ടി

 • എന്‍ഡിഎ മുന്നണിയുമായുണ്ടായിരുന്ന സഹകരണം തെറ്റായിപ്പോയി എന്ന് തോന്നിയിട്ടുണ്ടോ?

എന്‍ഡിഎയുമായുള്ള സഹകരണം തെറ്റായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അന്നത്തെ സാഹചര്യം അതായിരുന്നു. പാര്‍ട്ടിയ്ക്കുള്ളിലെ വലിയൊരു ശതമാനം എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കേണ്ടതില്ല എന്ന് തീരുമാനമെടുത്തു. അതുകൊണ്ടാണ് ആ ബന്ധം അവസാനിപ്പിച്ചത്.

വര്‍ഗ്ഗീയ പാര്‍ട്ടി എന്നാണ് എല്ലാവരും ബിജെപിയെ വിളിക്കുന്നത്. എന്നാല്‍ എനിക്ക് തോന്നിയിട്ടുള്ളത് വര്‍ഗ്ഗീയത കുറവുള്ള പാര്‍ട്ടിയാണ് അത് എന്നാണ്. ബാക്കിയെല്ലാവരും രഹസ്യമായി വര്‍ഗ്ഗീയത പറയുന്നു, അവര്‍ പരസ്യമായി പറയുന്നു എന്നതാണ് വ്യത്യാസം. അവര്‍ക്ക് അങ്ങനെ ഒരു ചീത്തപ്പേര് ഇവിടത്തെ രണ്ട് മുന്നണികളും ചേര്‍ന്ന് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങളുടെ പാര്‍ട്ടിയിലും ആളുകള്‍ക്ക് എതിര്‍പ്പുണ്ടാക്കിയത്.

ഏറ്റവും അധികം ന്യൂനപക്ഷ പ്രീണനം നടത്തുന്നത് സിപിഎം ആണ്. സിപിഎം ആണ് ഇവിടത്തെ ഏറ്റവും വലിയ വര്‍ഗ്ഗീയ പാര്‍ട്ടി. കോണ്‍ഗ്രസ് ആണെങ്കില്‍ അത് മാത്രമേ ചെയ്യുന്നുള്ളു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, പാര്‍ട്ടിയുടെ അഭിപ്രായമല്ല.

cmsvideo
  Assembly election campaign; UDF wanted Rahul Gandhi more time in Kerala
  എപ്പോഴും കെട്ടിവച്ച കാശ് കളയണോ

  എപ്പോഴും കെട്ടിവച്ച കാശ് കളയണോ

  • പൂഞ്ഞാർ സീറ്റിന് മുസ്ലീം ലീഗ് അവകാശവാദം ഉന്നയിക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

  മുസ്ലീം ലീഗ് പൂഞ്ഞാര്‍ ലക്ഷ്യമിടുന്നു എന്ന് പറയുമ്പോള്‍, എല്ലാ പ്രാവശ്യവും കെട്ടിവച്ച കാശ് പോകുന്നത് ശരിയാണോ എന്നാണ് ഞാന്‍ ചോദിക്കുക. പൂഞ്ഞാര്‍ മുസ്ലീം ലീഗിന് കൊടുക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഞങ്ങള്‍ ഒരു മുന്നണിയുടേയും ഭാഗമാവില്ലെന്ന് ഉറപ്പാണ്. ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിച്ച് സുഖമായി ജയിക്കുകയും ചെയ്യും.

  English summary
  UDF will learn lesson from Local Body Election- Adv Shone George interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X