കീഴാറ്റൂർ സമരം അടുത്ത ഘട്ടത്തിലേക്ക്... അടുത്ത ലോങ് മാർച്ച് കേരളത്തിലെന്ന് സുരേഷ് കീഴാറ്റൂർ!
കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപ്പാസ് വരുന്നതിനെതിരെ വയൽക്കിളി കർഷക കൂട്ടായ്മുടെ സമരം മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കീഴാറ്റൂർ സമര നായിക നമ്പ്രാടത്ത് ജാനകിയെന്ന 72 കാരി കഴിഞ്ഞ ദിവസം സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. 'കേരളം കീഴാറ്റൂരിലേക്ക്' എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പിൽ നിന്നും കീഴാറ്റൂരിലേക്ക് നടന്ന പ്രകടനത്തിൽ കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. വിഎം സുധീരൻ, സുരേഷ് ഗോപി എംപി, എൻ. വേണു, സിആർ നീലകണ്ഠൻ, ഗ്രോ വാസു തുടങ്ങിയവർ കീഴാറ്റൂർ സന്ദർശിച്ചിരുന്നു.
എന്നാൽ ഞായറാഴ്ച നടന്ന സമരം ബിജെപി ഹൈജാക്ക് ചെയ്തെന്ന ആരോപമവുമായി വയൽക്കിളികൾക്കിടയിൽ തന്നെ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. കീഴാറ്റൂര്‍ സമരവേദിയില്‍ മോദി മഹാത്മ്യം വിളമ്പാനുളള അവസരമൊരുക്കി കൊടുത്തവര്‍ കേരളത്തിലെ ജനകീയ സമര പ്രവര്‍ത്തകരെ അപമാനിക്കുകയാണ് ചെയ്തത്. എന്തായാലും ഈ കളിയില്‍ നമ്പ്രാടത്ത് ജാനകിയമ്മയോ , സുരേഷ് കീഴാറ്റൂരോ ഇല്ലെന്ന് ഉറപ്പ്. കളിച്ചവര്‍ മറുപടി പറയേണ്ടി വരും എന്ന് ഫേസ്ബുക്ക് പോസ്റ്റോടെ സമകസമിതി നേതാവ് കെ സഹദേവൻ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ 'വയൽക്കിളി' നേതാവ് സുരേഷ് കീഴാറ്റൂർ വൺഇന്ത്യയോട് സംസാരിക്കുന്നു....

രാഷ്ട്രീയ നേതാക്കളും സർക്കാരും സമരസമിതിയും പറയുന്ന കണക്കുകൾ ഒത്തുപോകുന്നില്ലല്ലോ, യഥാർത്ഥത്തിൽ എത്ര സ്ഥലമാണ് കീഴാറ്റൂരിൽ ബൈപ്പാസിനുവേണ്ടി പോകുന്നത്?
29 ഏക്കറോളം സ്ഥലമാണ് ഇപ്പോൾ ബൈപ്പാസ് വരുന്നതുമായി ബന്ധപ്പെട്ട് പോകുക. ഇതുവരെ എത്രഭൂമിയാണ് പോകുന്നതെന്ന കണക്ക് സർക്കാർ പറഞ്ഞിട്ടില്ല. 6,7,4 തുടങ്ങിയ അക്കങ്ങളെല്ലാം പറയുന്നത് രാഷ്ട്രീയ നേതാക്കളാണ്. അത് കാര്യമാക്കി എടുക്കേണ്ട ആവശ്യവുമില്ല. പരിഷത്തിന്റെ റിപ്പോർട്ട് പ്രകാരം കിഴാറ്റൂരിൽ 29 ഏക്കറോളം സ്ഥലമാണ് റോഡിന് വേണ്ടി പോകുന്നത്. പരിഷത്ത് കൃത്യമായ റിപ്പോർട്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് വച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റി ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അലൈന്‍മെന്റ് നടപ്പായാല്‍ കുപ്പം പുഴയുടെ അഞ്ച് സൂക്ഷ്മ നീര്‍ത്തടങ്ങള്‍ പാടെ നശിക്കുമെന്നും പ്രദേശത്തെ സ്വാഭാവിക ജലസംഭരണികള്‍ ഇല്ലാതാകുമെന്നും പരിഷത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 29.11 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും അതില്‍ 21.09 ഹെക്ടര്‍ വയല്‍പ്രദേശമോ തണ്ണീര്‍ത്തടമോ ആണെന്നാണ് കണ്ടെത്തിിയിട്ടുള്ളത്. കടന്നുപോകുന്ന ഭാഗത്തിലേറെയും തണ്ണീര്‍ത്തടങ്ങളാണ് എന്നതാണ് ഈ അലൈന്‍മെന്റിന്റെ മുഖ്യ സവിശേഷത. കുറ്റിക്കോല്‍ ഒഴിച്ച് ബാക്കി ഭാഗങ്ങളിലെ വയല്‍ വളരെ വീതി കുറഞ്ഞതായതിനാല്‍ കൂവോട്, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണ്ണമായും ഇല്ലാതാകും. തളിപ്പറമ്പ്, പുളിമ്പറമ്പ്, കൂവോട്, പ്ലാത്തോട്ടം പ്രദേശങ്ങളില്‍ നിന്നെല്ലാം വെള്ളം ഒഴുകിയെത്തുകയും സംഭരിക്കുകയും ചെയ്യുന്നതാണ് ഈ വയലുകൾ എന്ന് പരിഷത്തിന്റെ പഠനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.

സമരസമിതി ബദൽ വച്ചിട്ടില്ലെന്ന പ്രസ്താവനയുമായി ജി സുധാകരൻ രംഗത്ത് വന്നിരുന്നു, സമര സമിതി ബദൽ വച്ചിട്ടുണ്ടോ? സമരസമിതി അങ്ങിനൊരു ബദൽവെക്കേണ്ട ആവശ്യമുണ്ടോ?
സമരസമിതി ബദൽ വച്ചിട്ടുണ്ട്.. തളിപ്പറമ്പ് നാഷണൽ ഹൈവേയിലെ വികസനമാണ് ഞങ്ങൾ വെച്ച ബദൽ . വിധഗ്ദ സമിതി ചർച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വികസിപ്പിക്കുക എന്ന ബദൽ ഞങ്ങൾ വെച്ചിട്ടുണ്ട്. സമരക്കാർ ബദൽ നൽകിയിട്ടില്ലെന്ന ജി സുധാകരന്റെ പ്രസ്താവന പച്ചക്കള്ളമാണ്. സമരത്തിന് ബദൽ ആവശ്യമില്ലെങ്കിലു ഞങ്ങൾ കൃത്യായി ബദൽ വച്ചിട്ടുണ്ട്.

ബിജെപി സമരം ഹൈജൈക്ക് ചെയ്തെന്ന് വയൽക്കിളികൾക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. സമരസമിതിയുടെ ഒരു നേതാവ് തന്നെ അത് ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തതു. സമരം ഹൈജാക്ക് ചെയ്യപ്പെട്ടോ?
നമ്മൾ ഒന്നേകാൽ വർഷമായി നടത്തുന്ന സമരമാണ് കീഴാറ്റൂരിലേത്. സുരേഷ് ഗോപിയോ ബിജെപിയുടെ നേതാക്കളോ വന്നാൽ അത് ഹൈജാക്ക് ചെയ്യപ്പെടുന്നില്ല. നമ്മുടെ സമരം നമ്മളാണ് നിശ്ചയിക്കുന്നത്. പക്ഷേ ഈ സംഭവത്തിൽ നമുക്ക് ആറന്മുള സമരം മാത്രം ഉദാഹരണമായി എടുക്കാം. എങ്ങിനെയാണ് അറന്മുള സമരം വിജയത്തിലെത്തിയത്? രാഷ്ട്രീയം മറന്നുകൊണ്ട് എല്ലാവരും ഒറ്റക്കെട്ടായി നിന്നും എന്നത് തന്നെയാണ്. എങ്കിലേ സമരം നിലനിൽക്കുകയുള്ളൂ. സുരേഷ് ഗോപി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുരജന്മാർ ചിലപ്പോൾ വേദിയിൽ കയറി ഇരുന്നിട്ടുണ്ടാകാം അതൊരിക്കലും ഹൈജാക്ക് ചെയ്യപ്പെടലല്ല. പിസി ജോർജ് വന്നപ്പോൽ പിസി ജോർജ് കയറി ഇരുന്നിട്ടുണ്ടാകാം. നമ്മൾ ആരുടെയും ചിട്ടവട്ടങ്ങൾ നോക്കിയല്ല സമരം ചെയ്യുന്നത്. നമ്മൾ ഒരു സമരമാണ് മുന്നോട്ട് വെക്കുന്നത് ആ സമരത്തിന് ഒരു യാഥാർത്ഥ്യമുണ്ട്. ചിലർ ആശങ്കകൾ പങ്കുവെക്കുന്നുണ്ടാകാം. അവർ പങ്കുവെക്കട്ടെ.

സുരേഷ് ഗോപിയെ പോലുള്ള നേതാക്കളെ വയൽക്കിളികൾ കീഴാറ്റൂരിലേക്ക് ക്ഷണിച്ച് തന്നെ വന്നതല്ലേ....?
സുരേഷ് ഗോപിയെപോലുള്ള നോതാക്കളെ നമ്മൾ ക്ഷണിച്ച് തന്നെ വന്നതാണ്. കേരളത്തിൽ രാഷ്ട്രീയ പാർട്ടി ഒരു യാഥാർത്ഥ്യമാണ്. അപ്പോൾ ഇത്തരം ഒരു സമരം നടക്കുമ്പോൾ അവരെ കൂടി ഞങ്ങൾ ബാഗവാക്കാക്കുന്നു. അവരും ഭരണത്തിലേറുമല്ലോ. ഇവിടെ വന്ന് പ്രസംഗിച്ച കാര്യങ്ങൾ അവർ നടപ്പാക്കുകയും ചെയ്യേണ്ടി വരും. കഴിഞ്ഞ ദിവസം സുധാരൻ ഇവിടെ വന്നു. ചിലപ്പോൾ അദ്ദേഹം നാളെ മുഖ്യമന്ത്രിയായേക്കാം. ആസമയത്ത് സമരത്തെ എതിർക്കുകയാണെങ്കിൽ ജനം അദ്ദേഹത്തെ തിരിച്ചറിയും ഈ രാഷ്ട്രീയം തന്നെയാണ് ഞങ്ങൾ ഇവിടെ ഉപയോഗിക്കുന്നത്.

വികസന വിരോധികളാണോ വയൽകിളികൾ
വികസനം എന്ന് പറയുന്നത് റോഡും വാർപ്പിട്ട കെട്ടിടവും മാത്രമല്ലല്ലോ. ഒരു വയലും അവിടുന്ന് ലഭിക്കുന്ന വെള്ളവും അത് ഒരു വികസനം തന്നെയല്ലേ. ആ ഒരു വയല് തരുന്ന കാലാവസസ്ഥ വികസനമല്ലേ? ഒരു വയലിനെ അനുബന്ധിച്ച് ജീവിക്കുന്ന ജനങ്ങളുടെ കുടിവെള്ളം അതൊരു വികസനമല്ലേ? അപ്പോൾ ഇത്തരം ഒരുപാട് സംഭവങ്ങൾ നശിപ്പിച്ച് ഒരു യന്ത്രവേഗത കൂട്ടാൻ വേണ്ടി മാത്രം ഒരു ടാറിട്ട പാത നിർമ്മിക്കുന്നത് വികസനമാണോ? അത് മാറ്റികൊണ്ടുള്ള വികസനമാണ് നമുക്ക് ആവശ്യം. അതുകൊണ്ട് തന്നെ വികസനത്തിന് ഞങ്ങൾ എതിരല്ല.

ഭൂരിപക്ഷം വയലുകളും ഉടമകൾ റോഡ് വികസനത്തിനായി വിട്ടു കൊടുത്തു എന്നാണ് സിപിഎം പറയുന്നത്. അങ്ങിനെയാണെങ്കിൽ ഭൂരിപക്ഷവും സമരത്തിന് എതിരായി വരികയല്ലേ ചെയ്യുന്നത്?
സിപിഎം 58 ആളുകൾ സ്ഥലം വിട്ടുകൊടുത്തുവെന്നാണ് പറയുന്നത്. എന്നാൽ 12 പേരുടെ ലിസ്റ്റ് മാത്രമേ അവർ പറയുന്നുള്ളു. ബാക്കിയുള്ളവരൊക്കെ എവിടെപോയി. ഇതൊക്കെ സിപിഎമ്മിന്റെ പ്രചരണ തന്ത്രങ്ങൾ മാത്രമാണ്. അതുപോലെ ബൈപ്പാസ് വന്നാലും കൃഷി നടത്താം എന്ന പ്രചാരണം നടത്തുന്നത്. കേരളത്തിലെ ബൈപ്പാസുകൾ മുഴുവൻ പരിശോധിക്കണം. എവിടൊണ് ബൈപ്പാസ് വന്നതിന് ശേഷം കൃഷി നടന്നിട്ടുള്ളത്. ഇതൊക്കെ അവരുടെ പ്രചരണ തന്ത്രങ്ങൾ മാത്രമാണ്.

എത്തരത്തിലാണ് അടുത്ത സമര ഘട്ടം?
നമ്മൾ ലോങ് മാർച്ച് നടത്തും എന്ന് പറയുന്നത് ഇന്നോ നാളെയോ നടത്തും എന്നതല്ല. സർക്കാർ എല്ലാ സാധ്യതകളും പരിശോധിക്കാതെ ഒരു നിഷേധാത്മക നിലപാട് എടുക്കുകയാണെങ്കിൽ ഒരു ലോങ് മാർച്ച് നടക്കും. എന്ന് നടത്തുമെന്ന് തീരുമാനിച്ചിട്ടില്ല. ചെങ്ങന്നൂരിലെ ആകാശത്ത് ഏരണ്ടിയും കഴുകന്മാരും പാറി പറന്നെന്നും വരാം. ഇതാണ് സമരത്തിന്റെ അടുത്ത ഘട്ടം.












Click it and Unblock the Notifications