2022 ആകുമ്പോള്‍ എല്ലാ ചാനലുകളെയും ദൂരദര്ശന് മാതൃകയിലേക്ക് കൊണ്ടുവരുമെന്ന് പ്രസാര്‍ ഭാരതി സിഇഒ
ശശി ശേഖര്‍ വെമ്പതി- പ്രസാര്‍ ഭാരതിയുടെ പുതിയ സിഇഒ. ഐടി, മാധ്യമ മേഖതകളില് വിദഗ്ദ്ധനായ ശശി ശേഖര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആണ് പ്രസാര്‍ ഭാരതിയുടെ പുതിയ സിഇഒ ആയി നിയമിക്കപ്പെട്ടത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി. ശശി ശേഖര്‍ വെമ്പതിയുമായി വണ്‍ ഇന്ത്യ പ്രതിനിധി വിക്കി നഞ്ചപ്പ നടത്തിയ അഭിമുഖത്തിന്റെ വിവര്‍ത്തനം
* പ്രസാര്‍ ഭാരതിയെ പിന്നോട്ടടിച്ച ഒരു വിശ്വാസക്കുറവിനെപ്പറ്റി താങ്കള്‍ സംസാരിച്ചിരുന്നു. അതെപ്പറ്റി വിശദീകരിക്കാമോ..?
പ്രസാര്‍ ഭാരതിയുമായി ആഭ്യന്തരവും ബാഹ്യവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരിലും ഓഹരി ഉടമകളിലും വിശ്വാസ്യത വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പ്രസാര്‍ ഭാരതിയെക്കുറിച്ചു പറയുമ്പോള്‍ ദൂരദര്‍ശനും ഓള് ഇന്ത്യ റേഡിയോയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇവയെല്ലാം ഒരു കുടുംബത്തിന്റെ ഭാഗമാണ്. പ്രസാര്‍ ഭാരതിക്കുള്ളില് തന്നെ പരസ്പര വിശ്വാസ്യത ഇല്ലാതാക്കുന്ന നിരവധി വിഷയങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഞങ്ങളുടെ പോളിസികളിലും ഇടപാടുകളിലും വിശ്വാസ്യത ഉറപ്പാക്കാന്‍ ഇനി മുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ്.
*മാല്‍ഗുഡി ഡേയ്സ് പോലുള്ള സീരിയലുകള്‍ വീണ്ടും സംപ്രേക്ഷണം ചെയ്യപ്പെടുന്നു. ഗൃഹാതുരതക്കു മാത്രം പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ അതോ കാണികളെ ആകര്‍ഷിക്കാന്‍ പുതിയ രീതിയിലുള്ള പ്രോഗ്രാമുകളാണോ ആവശ്യം?
ദൂരദര്‍ശനെ സംബന്ധിച്ചിടത്തോളം ഈ ഗൃഹാതുരത ഒരു ശക്തിയാണ്. ഒരു ബ്രാന്‍ഡിന്റെ വിശ്വാസ്യതയുടെ തുടക്കം അവിടെനിന്നാണ്. യുവാക്കളുടെ ഭാവനയെ കൂടുതലായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
*ബിബിസിയെയും അല്‍ ജസീറയെയും പോലെ ഒരു ആഗോള ശബ്ദമാകാന്‍ ഓള് ഇന്ത്യാ റേഡിയോക്ക് കഴിഞ്ഞിട്ടുണ്ടോ?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലക്ക് നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും മൂല്യങ്ങളെയും മറ്റു ജനങ്ങളിലേക്ക് എത്തിക്കാനുള്ള ദൗത്യം നമുക്കുണ്ട്. ഇന്ത്യയുടെ കഥകളും അനുഭവങ്ങളും ലോകം അറിയേണ്ടതുണ്ട്. ആഗോള വിഷയങ്ങളിലും നമ്മുടെ രാജ്യത്തെ സംബന്ധിക്കുന്ന വിഷയങ്ങളിലും ഇന്ത്യയുടെ നിലപാടുകള്‍ ലോകം അറിയേണ്ടതുണ്ട്. അതു കൊണ്ടുതന്നെ ഒരു ആഗോള പ്ലാറ്റ്ഫോം നിര്‍മ്മിക്കാനാണ് പ്രസാര്‍ ഭാരതി ശ്രമിക്കുന്നത്.
*നവമാധ്യമങ്ങളില്‍ ദൂരദര്ശന് വേണ്ടതു പോലെ സാന്നിധ്യമറിയിച്ചിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ?
സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. എന്നാല്‍ അത് ഇനിയും വളര്‍ത്തേണ്ടതുണ്ട്. നമ്മുടെ വളര്‍ച്ചക്ക് അത് അത്യാവശ്യവുമാണ്. സോഷ്യല്‍ മീഡിയ കൂടുതല്‍ ക്രിയാത്മകതയോടെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എങ്കിലേ നമ്മുടെ പങ്കാളിത്തം കൂടുതല്‍ ഉപകാരപ്രദമാകൂ.
*ഡിജിറ്റല്‍ യുഗത്തില്‍ ദൂരദര്‍ശനും ഓള് ഇന്ത്യ റേഡിയോയും മത്സരബുദ്ധിയോടെ മുന്നേറാന്‍ എന്തൊക്കെ ചെയ്യാനാകും?
2022 ഓടു കൂടി എവിടെയെത്തണമെന്നതു സംബന്ധിച്ച ഒരു ഡിജിറ്റല്‍ റോഡ് മാപ്പ് ഞങ്ങള്‍ വേഗം തന്നെ നിര്‍മ്മിക്കുന്നതാണ്.
*സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുവാന്‍ ദൂരദര്‍ശനും ഓള് ഇന്ത്യ റേഡിയോയ്ക്കും കഴിയുമോ?
ക്യാംപെയ്നുകളിലൂടെയും പ്രത്യേക പരിപാടികളിലൂടെയും ഇപ്പോള്‍ തന്നെ രണ്ട് ഘടകങ്ങളും അത് ചെയ്യുന്നുണ്ട്. സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നീ സര്‍ക്കാര്‍ പദ്ധതികളിലുള്ള പങ്കാളിത്തം തുടരുക തന്നെ ചെയ്യും.
*പ്രസാര്‍ ഭാരതിയുടെ തലപ്പത്ത് ഒരു ഗ്ലാമര്‍ മുഖത്തിന്റെ ആവശ്യമുണ്ടോ? ഉണ്ടെങ്കില്‍ അത് എപ്രകാരമാണ് പ്രസാര്‍ ഭാരതിക്ക് സഹായകരമാകുക?
ഒരു വ്യക്തിയുടെ പേര് പ്രത്യേകമായി പരാമര്‍ശിച്ചു സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഉപരാഷ്ട്രപതി നേതൃത്വം നല്കുന്ന കമ്മിറ്റിയാണ് പ്ര സാര്‍ ഭാരതിയിലെ നിയമനങ്ങള്‍ നടത്തുന്നത്. കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ നമ്മള് ബാധ്യസ്ഥരാണ്. പ്രസാര്‍ ഭാരതിയിലെ ഓരോ അംഗത്തിന്റെയും വ്യത്യസ്ത അനുഭവങ്ങളും അഭിപ്രായങ്ങളും മാനിക്കപ്പെടേണ്ടതുണ്ട്. മാറ്റത്തിലേക്കുള്ള യാത്രയില്‍ ഓരോരുത്തരുടെയും സംഭാവന ആവശ്യമാണ്.
*സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ ദൂരദര്‍ശനെ മറികടന്നിരിക്കുന്നു. ദൂരദര്‍ശന്റെ വളര്‍ച്ചക്ക് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
ദൂരദര്ശന് നെറ്റ്വര്‍ക്ക് ഒരുപാട് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഈ വ്യാപനമാണ് നമ്മുടെ ശക്തി. സാങ്കേതിക വിദ്യയുടെയും ക്രിയാത്മകതയുടെയും സഹായത്തോടെ അത് വീണ്ടും വളര്‍ത്തിയെടുക്കണം.
*2022 ആകുമ്പോഴേക്കും ദൂരദര്‍ശനും ഓള് ഇന്ത്യാ റേഡിയോയും എപ്രകാരമായിരിക്കും കാണപ്പെടുക?
ദൂരദര്‍ശനെയും ഓള് ഇന്ത്യാ റേഡിയോയെയും കുറിച്ച് പ്രശംസാപരമായ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ നമ്മള് കേള്‍ക്കുന്നത്. 2022 ഓടു കൂടി ആ പ്രതാപം വീണ്ടെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 2022 ആകുമ്പോള്‍ എല്ലാ ചാനലുകളെയും ദൂരദര്ശന് മാതൃകയിലേക്ക് കൊണ്ടുവരും. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്