അമേരിക്കയിലെ 1 കോടി രൂപ ശമ്പളമുളള ജോലി വേണ്ട, നാട്ടിലേക്ക് മടങ്ങുന്നെന്ന് ടെക്കി യുവാവ്, കാരണമിത്
ലക്ഷങ്ങൾ ശമ്പളവും മികച്ച ജീവിതനിലവാരവും വാഗ്ദാനം ചെയ്യുന്ന വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരാണ് നമ്മുടെ നാട്ടിലെ യുവാക്കളിൽ പലരും. എന്നാൽ പണം മാത്രമല്ല ജീവിക്കാൻ വേണ്ടത് എന്ന യാഥാർത്ഥ്യം ഓർമ്മിപ്പിക്കുകയാണ് അമേരിക്കയിൽ ജോലി ചെയ്യുന്ന ടെക്കിയായ യുവാവ് പങ്കുവെച്ച അനുഭവം.
അമേരിക്കയിൽ പ്രതിവർഷം 120,000 ഡോളർ (ഏകദേശം ഒരു കോടിയിലധികം രൂപ) ശമ്പളമുള്ള ജോലി നേടിയിട്ടും യുഎസ് വിട്ട് നാട്ടിലേക്ക് മടങ്ങാൻ ആലോചിക്കുന്നതായുളള ഒരു ഇന്ത്യൻ ടെക്കീയുടെ റെഡ്ഡിറ്റ് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.
''ഓസ്റ്റിനിൽ 120,000 ഡോളറിന്റെ ജോലി ലഭിച്ചെങ്കിലും ഡിപ്രഷൻ കാരണം എത്രയും പെട്ടെന്ന് യുഎസ് വിടാൻ ആഗ്രഹിക്കുന്നു," എന്ന തലക്കെട്ടോടെയാണ് യുവാവ് കുറിപ്പ് പങ്കുവെച്ചത്. ഇൻഡ്യാനയിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കാൻ ഒരുങ്ങുന്ന ഈ ടെക്കീക്ക് ടെക്സാസിലെ ഓസ്റ്റിനിൽ ഉയർന്ന ശമ്പളമുള്ള ജോലി ലഭിച്ചിരുന്നു. പലരുടെയും സ്വപ്നമായ ഈ അവസരം ലഭിച്ചിട്ടും, വിഷാദരോഗത്തെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ ആലോചിക്കുന്നതായി യുവാവ് വെളിപ്പെടുത്തുന്നത്.

തനിക്ക് 40,000 ഡോളറിന്റെ (ഏകദേശം 33 ലക്ഷം രൂപ) വിദ്യാഭ്യാസ ലോൺ തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്ന് പോസ്റ്റിൽ എടുത്തുപറയുന്നു. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുൻപ് ഒരു വലിയ തുക സമ്പാദിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും, മൂന്നോ നാലോ വർഷം കൊണ്ട് 1-1.5 കോടി രൂപ സമ്പാദിക്കാൻ സാധിക്കുമോയെന്നും യുവാവ് ചോദിക്കുന്നു.
ഇതോടെ നിരവധി പേർ നിർദേശങ്ങളും ഉപദേശങ്ങളുമായെത്തി.
"സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് ഈ കണക്ക് ശരിയാകുന്നില്ല. താങ്കളുടെ ലോണും സേവിങ്‌സ് ലക്ഷ്യവും വെച്ച് ഏകദേശം 200,000 ഡോളർ (ഏകദേശം 1.6 കോടി രൂപ) ആവശ്യമാണ്. മൂന്ന് വർഷം കൊണ്ട് ഇത് നേടണമെങ്കിൽ പ്രതിവർഷം 60,000 ഡോളർ നിക്ഷേപിക്കണം, ഇത് മിക്കവാറും അസാധ്യമാണ്. ആറ് വർഷം കൊണ്ട് ഇത് സാധ്യമായേക്കാം എന്നാണ് എന്റെ അഭിപ്രായം" എന്നാണ് ഒരു പ്രതികരണം.
മറ്റൊരു പ്രതികരണം ഇങ്ങനെ: "ഫ്ലോറിഡയിൽ 72,000 ഡോളർ വാർഷിക വരുമാനത്തിൽ ഞാൻ നാല് വർഷം കൊണ്ട് 150,000 ഡോളർ (ഏകദേശം 1.25 കോടി രൂപ) സമ്പാദിച്ചു. ഒരു വിദ്യാർത്ഥിയെപ്പോലെ ലളിതമായി, ഷെയർ ചെയ്യുന്ന താമസസ്ഥലത്ത്, കാറില്ലാതെ, ആഡംബര യാത്രകളും റെസ്റ്റോറൻ്റുകളും ഒഴിവാക്കി ജീവിച്ചാണ് ഇത് സാധ്യമാക്കിയത്. എന്റെ പ്രതിമാസ ചെലവ് 1,000-ഡോളറിൽ താഴെയാക്കി നിർത്താനും എനിക്ക് കഴിഞ്ഞു."
40,000 ഡോളർ ലോൺ ഒരു വർഷത്തിനുള്ളിൽ തിരിച്ചടച്ചു. പിന്നീട് മാതാപിതാക്കൾക്ക് പണം അയച്ചു, വിവാഹത്തിന് മുൻപ് കാറും ശേഷം വീടും വാങ്ങി. ഇത് തീർച്ചയായും സാധ്യമാണ്. 2017-നും 2021-നും ഇടയിലായിരുന്നിത്. അന്ന് ജീവിതച്ചെലവ് കുറവായിരുന്നെങ്കിലും താങ്കളുടെ ഇപ്പോഴത്തെ ശമ്പളം എന്റേതിനേക്കാൾ കൂടുതലാണ്."












Click it and Unblock the Notifications