അദാനി ഗ്രൂപ്പ് ഈ സംസ്ഥാനത്ത് വമ്പന്‍ നിക്ഷേപത്തിനൊരുങ്ങുന്നു; കാത്തിരിക്കുന്നത് വലിയ തൊഴിലവസരങ്ങള്‍
ന്യൂദല്‍ഹി: ബീഹാറില്‍ ഒന്നിലധികം മേഖലകളിലായി 8700 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. ഇത് ഏകദേശം 10,000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദാനി എന്റര്‍പ്രൈസസ് ഡയറക്ടര്‍ പ്രണവ് അദാനി പറഞ്ഞു.
സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നിറവേറ്റുന്നതിനുമായി വ്യവസായ പ്രമുഖരോടൊപ്പം ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടത്തുന്ന ബിഹാര്‍ ബിസിനസ് കണക്ട് 2023 ന്റെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു പ്രണവ് അദാനി. ബീഹാറിനെ ഇപ്പോള്‍ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായാണ് കാണുന്നതെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത് പ്രണവ് പറഞ്ഞു.

''മാറ്റം ദൃശ്യമാണ്, പ്രത്യേകിച്ച് സാമൂഹിക പരിഷ്‌കരണങ്ങള്‍, ക്രമസമാധാന നില, സാക്ഷരത, സ്ത്രീ ശാക്തീകരണം എന്നീ നിലകളില്‍'' അദ്ദേഹം പറഞ്ഞു. ബിഹാറിലെ വികസനം എന്ന നിതീഷ് കുമാറിന്റെ കാഴ്ചപ്പാടിനൊപ്പമാണ് അദാനി ഗ്രൂപ്പെന്നും അദ്ദേഹം പറഞ്ഞു. ലോജിസ്റ്റിക്സ്, ഗ്യാസ് വിതരണ മേഖലകളില്‍ ബിഹാറില്‍ ഇതിനകം 850 കോടി രൂപ നിക്ഷേപം നടത്തിയ കമ്പനി 3000 ത്തോളം നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ നിക്ഷേപം പതിന്മടങ്ങ് ആക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 8700 കോടി രൂപയുടെ ഈ നിക്ഷേപ പദ്ധതി സംസ്ഥാനത്ത് പുതിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങളെ സഹായിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഫുഡ് ആന്‍ഡ് ബിവറേജസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംയുക്ത സംരംഭമായ അദാനി വില്‍മര്‍ ഗ്രൂപ്പിനെ ബിഹാറിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയും അദാനി ഗ്രൂപ്പ് തേടുന്നുണ്ട്.
കൂടാതെ, ബീഹാറില്‍ സിമന്റ് നിര്‍മ്മാണം ആരംഭിക്കാനും ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുണ്ട്. സിമന്റ് നിര്‍മ്മാണ പദ്ധതികള്‍ 10 ദശലക്ഷം മെട്രിക് ടണ്‍ ലക്ഷ്യമിടുന്നു. ഇത് ഏകദേശം 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ നിര്‍മാണമാണ് ഗ്രൂപ്പ് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്ന മറ്റൊരു മേഖല. ഈ സംരംഭത്തിന് കീഴില്‍ അഞ്ച് നഗരങ്ങളിലായി 28 ലക്ഷം മീറ്റര്‍ സ്ഥാപിക്കുമെന്ന് അദാനി പറഞ്ഞു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയെ പ്രശംസിച്ച അദാനി, അദ്ദേഹത്തിന്റെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞു. ബിഹാറില്‍ ജോലി ചെയ്യാനുള്ള അവസരത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ നടത്തിയ എല്ലാ നിക്ഷേപങ്ങളുടെയും ത്രൈമാസ അപ്ഡേറ്റുകള്‍ നല്‍കുമെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും പ്രണവ് അദാനി പറഞ്ഞു.












Click it and Unblock the Notifications