കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 15 മുതല്‍; ഈ ജില്ലക്കാര്‍ക്ക് പങ്കെടുക്കാം
കണ്ണൂർ: മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം.
കരസേനയിലേക്ക് ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍, ട്രേഡ്സ്മാന്‍ (പത്താം ക്ലാസ് വിജയിച്ചവര്‍), ട്രേഡ്സ്മാന്‍ (എട്ടാം ക്ലാസ് വിജയിച്ചവര്‍), ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ വിഭാഗങ്ങളിലേക്ക് അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായാണ് റാലി.

പൊതു പ്രവേശന പരീക്ഷയുടെ ഫലം www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഡ്മിറ്റ് കാര്‍ഡ് ഇ.മെയിലില്‍ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.joinindianarmy.nic.in വെബ്സൈറ്റില്‍ തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസില്‍ നിന്നും അറിയിച്ചു.
കേരളത്തിലെ മറ്റ് തൊഴില്‍ അവസരങ്ങള്‍ അറിയാം
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പില്‍ അഴുത ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയുള്ള ഒന്നാമത്തെ ഷിഫ്റ്റിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്എസ്എല്‍ സി വിജയവും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സുമാണ് മിനിമം യോഗ്യത.
താല്‍പര്യമുള്ളവര്‍ ജൂണ്‍ 16 വെള്ളിയാഴ്ച രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പ്രസ്തുത തസ്തികയിലേക്ക് നിയമനം നടത്തുന്നത് വരെയോ 90 ദിവസം വരെയോ ആയിരിക്കും നിയമനം. അഴുത ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കും മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
ഫിനാൻസ് ഓഫീസർ നിയമനം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഓഡിറ്റ് സംബന്ധിച്ച ജോലികൾ പൂർത്തീകരിക്കാൻ കരാർ അടിസ്ഥാനത്തിൽ ഫിനാൻസ് ഓഫീസറെ നിയമിക്കുന്നതിനായി ജൂൺ 19 നു രാവിലെ 11ന് തിരുവനന്തപുരം പി.എം.ജി യിലുള്ള മ്യൂസിയം ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kstmuseum.com.
ബാർട്ടൺ ഹിൽ കോളജിൽ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജിലെ പി.ടി.എ, സി.സി.ഇ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ കം സാനിട്ടറി വർക്കർ, വാച്ച്മാൻ താത്കാലിക തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 19ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് കോളജിലെത്തണം. ഫോൺ: 0471 2300484.












Click it and Unblock the Notifications