എയിംസില്‍ ജോലി നേടാം, മികച്ച ശമ്പളം നേടാം: പരീക്ഷയില്ല; അഭിമുഖം മാത്രം
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായ എയിംസ് ഡൽഹിയിൽ ജോലി നേടാനുള്ള മികച്ച അവസരം ഒരുങ്ങുന്നു. എയിംസിൽ വിവിധ ഫാക്കൽറ്റി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു. മെയിൻ ഡിപ്പാർട്ട്മെന്റ്, സർജിക്കൽ ബ്ലോക്ക്, ഹെമറ്റോളജി, മൈക്രോബയോളജി, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ വിവിധ വകുപ്പുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ്. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ aiimsexams.ac.in അല്ലെങ്കിൽ aiims.edu വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ പ്രക്രിയ 2025 ഒക്ടോബർ 16-ന് ആരംഭിക്കും, അവസാന തീയതി 2025 നവംബർ 14 ആണ്.
റിക്രൂട്ട്മെന്റിലൂടെ ആകെ 63 തസ്തികകൾ നികത്താനാണ് ലക്ഷ്യമിടുന്നത്. പട്ടികജാതി/പട്ടികവർഗ/സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് നിയമാനുസൃതമായ സംവരണ ആനുകൂല്യങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ നോട്ടിഫിക്കേഷൻ പരിശോധിക്കാവുന്നതാണ്.

വിവിധ തസ്തികകൾക്കും വകുപ്പുകൾക്കും അനുസരിച്ച് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത വ്യത്യാസപ്പെടുന്നു. പല തസ്തികകൾക്കും പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും അനുബന്ധ പരിചയവും ആവശ്യമാണ്. പരമാവധി പ്രായപരിധി 50 വയസ്സാണ്. സംവരണ വിഭാഗങ്ങൾക്ക് നിയമപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ജനറൽ, ഒബിസി വിഭാഗക്കാർ 3,000 രൂപയും, ഇഡബ്ല്യുഎസ്, എസ്സി/എസ്ടി വിഭാഗക്കാർ 2,400 രൂപയും അപേക്ഷാ ഫീസായി അടയ്ക്കണം. എന്നിരുന്നാലും, എസ്സി/എസ്ടി വിഭാഗക്കാർ ഇന്റർവ്യൂവിന് ഹാജരാകുന്നപക്ഷം ഫീസ് തിരികെ ലഭിക്കും.
അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ്. ആദ്യം, അപേക്ഷാ ഫോറങ്ങൾ പരിശോധിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഇന്റർവ്യൂവിന് വിളിക്കും, തുടർന്ന് അന്തിമ തിരഞ്ഞെടുപ്പ് നടത്തും. ഈ റിക്രൂട്ട്മെന്റ് എയിംസില്‍ ഉയർന്ന ശമ്പളമുള്ള ജോലി അവസരങ്ങൾ തേടുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വലിയൊരു അവസരമാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണമായി വായിച്ച് മനസ്സിലാക്കുക.
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലെ ഒഴിവിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ വകുപ്പുകളിൽ/ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ശംബള സ്കെയിൽ: 37,400-79,000/ 39,300-83,000. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
സർക്കാർ സ്ഥാപനങ്ങളിലോ ഏതെങ്കിലും സ്വയംഭരണ സ്ഥാപനത്തിലോ മൂന്നുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം ഉണ്ടാകണം. താത്പര്യമുള്ളവർ ബയോഡാറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് 1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ 'ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം വിലാസത്തിൽ ഒക്ടോബർ 13 വൈകിട്ട് 3ന് മുൻപ് ലഭ്യമാക്കണം. ഫോൺ: 0471-2553540.
ഹോസ്റ്റലിൽ വാച്ച്മാൻ
കോളജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം ഹോസ്റ്റൽ ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ വാച്ച്മാന്റെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഏഴാംക്ലാസ് പാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഒക്ടോബർ 8ന് രാവിലെ 9.30ന് ഹോസ്റ്റൽ ഓഫീസിൽ ഹാജരാകണം. ബിരുദധാരികൾ ആയിരിക്കരുത്. പ്രായം 01.10.2025ൽ 25നും 45നും ഇടയിൽ. കൂടുതൽവിവരങ്ങൾക്ക്: 0471-2998302.












Click it and Unblock the Notifications