എയർപോർട്ടില്‍ ജോലി വേണോ? കോഴിക്കോടും കൊച്ചിയിലും അവസരം, പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം
കോഴിക്കോട്: വിമാനത്താവളങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. എ ഐ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജോലിയില്‍ കമ്പനി തൃപ്തി രേഖപ്പെടുത്തുകയും സേവനം ആവശ്യമായി വരികയും ചെയ്താല്‍ വീണ്ടും കരാർ പുതുക്കും.
വാക്ക് ഇന്‍ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ആകെ 323 ഒഴിവുകളാണ് ഉള്ളത്. കൊച്ചിയില്‍ ജൂനിയർ ഓഫീസർ-ടെക്നിക്കൽ വിഭാഗത്തില്‍ അഞ്ചും, റാന്പ് സർവീസ് എക്സിക്യുട്ടീവ്/യൂട്ടിലിറ്റി ഏജന്റ്-കം-റാന്പ് ഡ്രൈവർ വിഭാഗത്തില്‍ 23 ഒഴിവുണ്ട്. ഇതേ വിഭാഗത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ 16 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹാൻഡിമാൻ/ഹാൻഡിവുമൻ വിഭാഗത്തില്‍ ആകെ 279 ഒഴിവുകളാണുള്ളത്. ഇതില്‍ കൊച്ചിയില്‍ 224 ഉം കോഴിക്കോട് 55 ഉം ഒഴിവുകളാണുള്ളത്. ജൂനിയർ ഓഫീസർ-ടെക്നിക്കൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ മെക്കാനിക്കൽ, ഓട്ടോമൊബൈൽ, പ്രൊഡക്‌ഷൻ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ഫുൾ ടൈം ബിരുദവും എം എല്‍ വി ലൈസന്‍സും വേണം.
തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉദ്യോഗാർത്ഥികള്‍ ഒരുവർഷത്തിനകം ഹെവി വെഹിക്കിള്‍ ലൈസൻസും നേടണം. പ്രവർത്തിപരിചയമുള്ളവർക്ക് മുന്‍തൂക്കം ലഭിക്കും. 28200 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. പ്രായപരധി-28 വയസ്സ്. റാന്പ് സർവീസ് എക്സിക്യുട്ടീവ്/യൂട്ടിലിറ്റി ഏജന്റ്-കം-റാന്പ് ഡ്രൈവർ: മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, പ്രൊഡക്‌ഷൻ, ഇലക്‌ട്രോണിക്സ്, ഓട്ടോമൊബൈൽ എന്നിവയിലൊന്നില്‍ ത്രിവത്സര ഡിപ്ലോമയാണ് ആവശ്യം.
മോട്ടോർവെഹിക്കിൾ ഓട്ടോ ഇലക്‌ട്രിക്കൽ, എയർകണ്ടീഷനിങ്, ഡീസൽ മെക്കാനിക്, ബെഞ്ച് ഫിറ്റർ, വെൽഡർ എന്നിവയിലൊന്നിൽ ഐ ടി ഐ വിത്ത് എൻ സി വി ടി (ആകെ മൂന്നുവർഷം) ഉള്ളവർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. വെൽഡർ ട്രേഡിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും എച്ച് എം വി ലൈസൻസും വേണം. അടിസ്ഥാന ശമ്പളം 23,640 രൂപ. 28 വയസ്സ്.
യൂട്ടിലിറ്റി ഏജന്റ്-കം-റാന്പ് ഡ്രൈവർ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ പത്താംക്ലാസ് വിജയവും എച്ച് എം വി ലൈസൻസും മതി. 20130 രൂപയാണ് അടിസ്ഥാന ശമ്പളം. പ്രായപരിധി 28 വയസ്സ്. ഹാൻഡിമാൻ/ഹാൻഡിവുമൻ വിഭാഗത്തില്‍ പത്താംക്ലാസ് വിജയവും ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനുമുള്ള കഴിവുമാണ് യോഗ്യതയായി ചോദിക്കുന്നത്. ഹിന്ദിയും പ്രാദേശികഭാഷകളുമറിയുന്നവർക്ക് മുൻഗണന ലഭിക്കും. 17,850 രൂപ. 28 വയസ്സ്.
ഒക്ടോബർ മാസം ഒന്നാം തിയതി അടിസ്ഥാനമാക്കിയായിരിക്കും യോഗ്യത കണക്കാക്കുക. www.aiasl.in എന്ന വെബ്സൈറ്റില്‍ വിശദവിവരങ്ങളും അപേക്ഷാഫോമും ലഭിക്കും. ഒക്ടോബർ 17, 18, 19 തീയതികളിൽ അങ്കമാലിയിലാണ് അഭിമുഖങ്ങള്‍ നടക്കുക. അപേക്ഷ പൂരിപ്പിച്ച്, ബന്ധപ്പെട്ട രേഖകളുടെ പകർപ്പുസഹിതം വേണം അഭിമുഖത്തിനെത്താന്‍.












Click it and Unblock the Notifications