യുനെസ്‌കോയില്‍ ജോലി, അതും ഇറ്റലിയില്‍; ഒരു കോടി രൂപയിലേറെ ശമ്പളം, ആര്‍ക്കൊക്കെ അപേക്ഷിക്കാം
ന്യൂദല്‍ഹി: വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസില്‍ ( ടി ഡബ്ല്യു എ എസ് ) ആവശ്യമായ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ഇറ്റലിയിലെ ട്രീസ്റ്റെയിലാണ് യുനെസ്‌കോ പോസ്റ്റ് ചെയ്ത തസ്തികയിലെ ഒഴിവുള്ളത്. നാച്വറല്‍ സയന്‍സസ് സെക്ടറില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്കാണ് നിയമനം. രണ്ട് വര്‍ഷമാണ് കരാറിന്റെ കാലാവധി.
ഈ തസ്തികയിലേക്ക് പരിഗണിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുനെസ്‌കോ വെബ്സൈറ്റ് കരിയര്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജനുവരി 3 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികയിലേക്ക് യോഗ്യത നേടുന്നതിന് നാച്ചുറല്‍ സയന്‍സസിലെ ഏതെങ്കിലും മേഖലകളില്‍ പിഎച്ച്ഡി ഉണ്ടായിരിക്കണം.

അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്ര ഗവേഷണത്തിലും ഭരണനിര്‍വ്വഹണത്തിലും കുറഞ്ഞത് 15 വര്‍ഷത്തെ പ്രൊഫഷണല്‍ അനുഭവം ജോലിക്ക് നിര്‍ബന്ധമാണ്. ഹ്യൂമന്‍ റിസോഴ്സിലും ഫിനാന്‍സ് മാനേജ്മെന്റിലും നേതൃത്വ അനുഭവവും ഉണ്ടായിരിക്കണം. ഗവണ്‍മെന്റുകളില്‍ നിന്നും സ്വകാര്യമേഖലയില്‍ നിന്നും അന്താരാഷ്ട്ര ഫണ്ടിംഗില്‍ നിന്നും സാങ്കേതിക സഹായ സംഘടനകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നുമുള്ള ധനസമാഹരണത്തില്‍ വിജയകരമായ അനുഭവവും ആവശ്യമാണ്.
അപേക്ഷകന് ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള മികച്ച പരിജ്ഞാനവും ഉണ്ടായിരിക്കണം. ഈ തസ്തികയുടെ ഏകദേശ വാര്‍ഷിക പ്രാരംഭ ശമ്പളം 138,996 യു എസ് ഡോളര്‍ ആണ്. ഇത് ഏകദേശം 1.15 കോടി രൂപ വരും. യുനെസ്‌കോയുടെ ശമ്പളത്തില്‍ അടിസ്ഥാന ശമ്പളവും 30 ദിവസത്തെ വാര്‍ഷിക അവധി, കുടുംബ അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പ്ലാന്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു.
ഈ ഒഴിവിലേക്ക് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദമായ വിജ്ഞാപനം പരിശോധിക്കാം. യുനെസ്‌കോയുടെ നാച്ചുറല്‍ സയന്‍സസ് സെക്ടറിനുള്ളില്‍, വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസ് സമാധാനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കായി ശാസ്ത്രത്തില്‍ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രഗവേഷണത്തിലെ മികവിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യങ്ങള്‍.












Click it and Unblock the Notifications