ഓസ്ട്രേലിയയിൽ പഠനം, അത് കഴിഞ്ഞ് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി; ആദ്യം ചെയ്യേണ്ടത് ഇതാണ്, വിദഗ്ധർ പറയുന്നു
കാനഡ പോലെ തന്നെ വിദേശ പഠനത്തിനായി ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പോകുന്ന ലക്ഷ്യസ്ഥാനമാണ് ഓസ്ട്രേലിയ. എന്നാൽ കാനഡ പോലെ ഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസ ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. അതിന് കടമ്പകൾ ഏറെയുണ്ട്. എന്നാൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നിങ്ങൾക്ക് സാധ്യത ഏറെയാണ് താനും. വിസ അപേക്ഷിക്കേണ്ട സമയത്ത് ഇക്കാര്യങ്ങൾ ഉറപ്പാക്കാം
ഓസ്‌ട്രേലിയയിൽ ഉപരിപഠനമാണ് പ്രഥമ ലക്ഷ്യമെന്ന കൃത്യമായ ധാരണ വിദ്യാർത്ഥികൾക്ക് വേണം. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രധാനമായും ഇക്കാര്യങ്ങളിൽ കൃത്യമായ ഉത്തരം നൽകേണ്ടതുണ്ട്.

കുടുംബം, ജോലി, സാമ്പത്തിക സാഹചര്യം എന്നിവയെ കുറിച്ച് വ്യക്തമാക്കണം. എന്തുകൊണ്ട് നിങ്ങൾ തിരഞ്ഞെടുക്കുന്ന യൂനിവേഴ്സിറ്റി തന്നെ പഠനത്തിനായി തിരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കണം. കോഴ്സിന്റെ ആവശ്യകത, ഓസ്ട്രേലിയയിൽ താമസിക്കുന്നതും പഠിക്കുന്നതും സംബന്ധിച്ച് പൂർണമായ അറിവ് എന്നിവ വ്യക്തമാക്കുകയും വേണം. കൂടാതെ നിങ്ങൾ കോഴ്സ് പഠിക്കുന്നത് അവർക്ക് എങ്ങനെ ഗുണകരമാകുമെന്നും വിശദീകരിക്കണം.
മതിയായ ഫണ്ട് ഉണ്ടെന്ന് ഉറപ്പാക്കണം
2023 ഒക്ടോബർ 1 മുതൽ, സ്റ്റുഡൻ്റ് വിസ ഫീസിൽ വലിയ വർധനവാണ് ഓസ്ട്രേലിയ വരുത്തിയത്. വാർഷിക ജീവിതച്ചെലവുകൾക്കായി കുറഞ്ഞത് 24,505 ഡോളർ ഉണ്ടെന്ന് അപേക്ഷകർ വ്യക്തമാക്കേണ്ടതുണ്ട്. മുൻ വർഷത്തേക്കാൾ 17 ശതമാനം വർധനവാണിത്. ഇതുകൂടാതെ, അവരുടെ മാതാപിതാക്കളുടെ വരുമാനം 12 ലക്ഷവും അതിൽ കൂടുതലും ആയിരിക്കണം കുടുംബത്തിൻ്റെ വാർഷിക വരുമാനം 14 ലക്ഷത്തിന് മുകളിലും. സർക്കാർ ഔദ്യോഗിക രേഖകൾ ഇതിനായി സമർപ്പിക്കാം. ഒരുവർഷത്തിലധികം പഴക്കമില്ലാത്ത നികുതി മൂല്യ നിർണയ രേഖകൾ ഇതിനായി സമർപ്പിക്കാം.
അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സാധൂകരിക്കുന്ന നിയമാനുസൃതമായ തെളിവുകൾ നൽകണം. വിവരങ്ങൾ അപര്യാപ്തമെങ്കിൽ അവർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടേക്കും. രേഖകളും നൽകിയ വിവരങ്ങളും പൊരുത്തപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും വിസയ്ക്ക് അംഗീകാരം ലഭിക്കും.
ഇംഗ്ലീഷ് പ്രാവീണ്യം
ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉയർന്ന സ്കോർ കരസ്ഥമാക്കണമെന്നതാണ് ഓസ്ട്രേലിയ മുന്നോട്ട് വെച്ചിരിക്കുന്ന പുതിയ നിർദ്ദേശം. ഐ ഇ എൽ ടി എസ് പരീക്ഷയിൽ എല്ലാ വിഭാഗത്തിലും 6 വീതം സ്കോർ നേടിയിരിക്കണം. സ്കോർ കുറഞ്ഞാൽ വിസ നിരസിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.
ഓവർസീസ് സ്റ്റുഡൻറ് ഹെൽത്ത് കവറേജ്
പഠനകാലയളവിലേക്ക് ആവശ്യമായ ആരോഗ്യ ഇൻഷുറൻസ് കവറേജ് വിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കണം.വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഇത് സംബന്ധിച്ച് വിവരങ്ങൾ വിദ്യാർത്ഥികൾ കൈമാറണം.അല്ലാത്തപക്ഷം, അവരുടെ അപേക്ഷ നിരസിക്കപ്പെട്ടേക്കാം.












Click it and Unblock the Notifications